Current Date

Search
Close this search box.
Search
Close this search box.

നാവ് നമ്മെ ഒറ്റിക്കൊടുക്കുകയാണ്

നാവിന്റെ രുചി എന്ന ദേഹേഛക്ക് വിധേയനായി ഭക്ഷണപാനീയങ്ങളുടെ മേന്മ വിലയിരുത്തുമ്പോഴാണ് മനുഷ്യന്‍ ഇന്നത്തെ ഉപഭോഗസംസ്‌കാരത്തിന്റെ ചുഴിയില്‍ പെടുന്നത്. ആഹാര പദാര്‍ഥങ്ങള്‍ക്ക് രുചി വേണം. പക്ഷേ അതുമാത്രം മുഖ്യഘടകമായി കരുതുന്നവരെ കമ്പോളം ചുഷണം ചെയ്തു തുടങ്ങുന്നു. അങ്ങനെ രുചി ഒരു ആസക്തിയായി മാറുന്നതോടെ ആധുനിക രസതന്ത്രസൂത്രങ്ങള്‍ പ്രയോജനപ്പെടുത്തി സാമ്പത്തിക നേട്ടം മാത്രം ലക്ഷ്യമാക്കിയവര്‍ ആകര്‍ഷകമായ രുചിയോടെ ആഹാരപദാര്‍ഥങ്ങള്‍ വിപണിയില്‍ എത്തിക്കുന്നു. ഉപഭോക്താക്കള്‍ക്ക് എന്ത് സംഭവിക്കുന്നു എന്നത് അവര്‍ക്ക് ഒട്ടും പ്രശ്‌നമല്ല.

കേരളത്തിലെ എറ്റവും പ്രചാരമുള്ള ഒരു അരോഗ്യമാസികയില്‍ വായനക്കാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി എഴുതിയിരുന്ന പ്രശസ്തനായ ഒരു വൈദ്യഭൂഷണം രോഗികള്‍ക്കുള്ള മറുപടിയില്‍ ‘പാല്‍ കുടിക്കരുത്, മോര് കഴിക്കാം’ എന്ന് എപ്പോഴും എഴുതാറുണ്ടായിരുന്നു. ഒരു അഭിമുഖത്തില്‍ ഇതേകുറിച്ച് അദ്ദേഹത്തോട്  ചോദിച്ചപ്പോള്‍, പാല്‍ കുടിക്കാന്‍ ഉപദേശിച്ചാല്‍ തൊണ്ണൂര്‍ ശതമാനം പേരും പാക്കറ്റ് പാലാണ് വാങ്ങുക. നമ്മുടെ നാട്ടില്‍ കിട്ടുന്ന പാക്കറ്റ്പാല്‍ ശുദ്ധ പാല്‍ അല്ലെന്നും രോഗികള്‍ക്ക് പ്രയോജനപ്പെട്ടതല്ലെന്നും കോടതിവരെ അഭിപ്രായപ്പെട്ടകാര്യമാണ് അദ്ദേഹം വെളിപ്പെടുത്തിയത്.

ഇന്ന് കുട്ടികള്‍ കഴിക്കുന്ന കോല്‍ ഐസ് മുതല്‍ ബ്രോസ്റ്റഡ് കോഴിവരെ ഹാനികരമായ രാസപദാര്‍ഥങ്ങളുടെ കൂട്ടാണ്. സാക്കരിന്‍, അസെറ്റിക് ആസിഡ് (എല്ലാ സോസുകളിലും അച്ചാറുകളിലും ചേര്‍ക്കുന്ന വിനാഗിരി-സുര്‍ക്ക), സോഡിയം ബൈകാര്‍ബണേറ്റ് (സോഡകാരം), ബേക്കറികളില്‍ ബ്രഡ്, കേക്ക്, ബിസ്‌കറ്റ് എന്നിവ തയാറാക്കുമ്പോള്‍ ചേര്‍ക്കുന്ന ഈസ്റ്റ്, പഴങ്ങളും പച്ചക്കറികളും വാടാതെ പുറംതൊലി പാകമായതുപോലുള്ള നിറം കാണിക്കാന്‍ വ്യാപകമായി ഉപയോഗിച്ചുവരുന്ന കാഡ്മിയം സള്‍ഫൈഡ് പൊടി, മല്‍സ്യങ്ങളും മാംസവും ദിവസങ്ങള്‍ കഴിഞ്ഞാലും ചീഞ്ഞുപോകാതെ നിര്‍ത്തുന്ന ഫോര്‍മല്‍ ഡിഹൈഡ്- ഫോര്‍മാലിന്‍ ദ്രാവകം. ഇത് തോല്‍ വ്യവസായ ശാലകളില്‍ മൃഗങ്ങളുടെ തോല്‍ ഊറക്കിടാനും ആസ്പത്രികളില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ കാത്തുകിടക്കുന്ന മൃതശരീരങ്ങള്‍ അളിയാതിരിക്കാനും ഉപയോഗിച്ചുവരുന്ന ഒരു കെമിക്കല്‍ ആണ്. എല്ലാ പഴങ്ങളുടേയും (മുന്തിരി, മാങ്ങ, കൈതച്ചക്ക, ഓറഞ്ച്, ചെറുനാരങ്ങ, നേന്ത്രപ്പഴം) ചുവയും മണവും നല്‍കുന്ന എസ്സന്‍സുകള്‍ മാര്‍ക്കറ്റില്‍ സുലഭമാണ്. ജ്യൂസ്‌കടകളുടെ നിലില്‍പ്തന്നെ ഇവയെ ആശ്രയിച്ചാണ്. ജിലേബി മുതല്‍ ഹലുവകളിലും ബിസ്‌കറ്റുകളിലും ഉപയോഗിച്ചുവരുന്ന കളര്‍ പല കമ്പനികളും ആദായവിലക്ക് വിതരണം ചെയ്തുവരുന്നു. ഇവയെല്ലാം ആരോഗ്യത്തിന് ഹാനികരമായ രാസപദാര്‍ഥങ്ങളുടെ മിശ്രിതങ്ങളാണ്. വളരെ സൂക്ഷ്മതയോടെ കൃത്യമായ അളവിലും പാകത്തിലും ആവശ്യത്തിനുമാത്രം ഉപയോഗിക്കുകയാണെങ്കില്‍ ഇവയുടെ ദൂഷ്യഫലങ്ങള്‍ ഒഴിവാക്കാം. പക്ഷേ, ഇതിനുള്ള ഉപകരണങ്ങളും സാമഗ്രികളും സംഘടിപ്പിച്ച് ഇവയില്‍ പരിശീലനം നേടിയവരെ ഉത്തരവാദപ്പെടുത്താത്ത കാലത്തോളം സമൂഹം ഇന്നത്തെ ഉപഭോഗസംസ്‌കാരത്തിന്റെയും വളര്‍ന്നുകൊണ്ടിരിക്കുന്ന അത്യാര്‍ത്തിയുടേയും ഇരകളായി വളരും.

നമുക്ക് നല്‍കപ്പെട്ടിട്ടുള്ള വിഭവങ്ങളില്‍ ഉത്തമമായത് മാത്രം ഭക്ഷിക്കാനാണ് വിശുദ്ധ ഖുര്‍ആന്‍ സത്യവിശ്വാസികളെ അഭിസംബോധന ചെയ്ത് ഉണര്‍ത്തിയിട്ടുള്ളതെന്ന് ശ്രദ്ധേയമാണ്. (അല്‍ബഖറ: 172) അതുകൊണ്ടു തന്നെ നാം കഴിക്കുന്ന ഭക്ഷണം ഉത്തമമാണോ എന്ന് ഉറപ്പുവരുത്താന്‍ സത്യവിശ്വാസികളെന്ന നിലയില്‍ കൂടി ബാധ്യതപ്പെട്ടവരാണ് നാമെന്ന് പ്രത്യേകം ഓര്‍ക്കുക.

Related Articles