Current Date

Search
Close this search box.
Search
Close this search box.

നാം സജ്ജരായിരിക്കേണ്ടതുണ്ട്

train.jpg

ഇസ്‌ലാമിനെ ശരിയായി ഉള്‍ക്കൊണ്ട് അത് സ്വീകരിക്കുന്നതോടെ ഒരു മുസ്‌ലിം എന്ന നിലക്കുള്ള നമ്മുടെ ഉത്തരവാദിത്വം പൂര്‍ത്തിയാവുമോ? ഇസ്‌ലാമിനെ മറ്റുള്ളവര്‍ക്ക് എത്തിച്ചു കൊടുക്കല്‍ കടമയും സാമൂഹ്യബാധ്യതയുമാണെന്ന് മനസ്സിലാക്കിയിട്ടും നമ്മില്‍ എത്ര പേര്‍ ഇതിന്ന് സജ്ജരാണ്? അപരിചിതമായ ഒരു സമൂഹത്തെ നേരിടുമ്പോഴും ദീര്‍ഘദൂര യാത്രകളിലുമൊക്കെയാണിന്ന് ഗൗരവതരമായ ഇത്തരം ഘട്ടങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്നത്. സാങ്കേതികമായ സര്‍വ്വ സംവിധാനങ്ങളും വികസിച്ച ഈ കാലത്ത് പ്രബോധനത്തിന്റ രീതിയെ കുറിച്ചുംകാര്യക്ഷമതയെകുറിച്ചും പരിമിതികളെ കുറിച്ചുമൊക്കെ  വിവിധ അഭിപ്രായങ്ങളുണ്ടാവാം. അല്ലാഹു ഉദ്ദേശിക്കുന്നവന്‍ മാത്രമാണല്ലോ സന്മാര്‍ഗകണ്ടെത്തുക.

ജമാഅത്തെ ഇസ്‌ലാമി അംഗങ്ങളുടെ സമ്മേളനം കഴിഞ്ഞ് ഹൈദരാബാദില്‍ നിന്ന് മടങ്ങുമ്പോള്‍ യാത്രയിലുണ്ടായ ഒരനുഭവമാണ് ഈ കുറിപ്പിന് പ്രേരകം. സമ്മേളനം കഴിഞ്ഞ ഡിസംബര്‍ 15-ന് ചൊവ്വാഴ്ച്ച കാലത്ത് ആറു മണിക്ക് കാച്ചെഗുഡ – മംഗലാപുരം എക്‌സ്പ്രസില്‍ ഞങ്ങള്‍ ഒമ്പത് പേര്‍ കയറി. നേരത്തെ റിസര്‍വ് ചെയ്തിരുന്ന സീറ്റുകളില്‍ ഇരുന്ന് കമ്പാര്‍ട്ടുമെന്റില്‍ വെച്ചു തന്നെ നമസ്‌കാരവും മറ്റും നിര്‍വഹിച്ചു. ഞങ്ങള്‍ കരുതിയ ഭക്ഷണപദാര്‍ഥങ്ങള്‍ പങ്കുവെക്കുന്നതിനിടെയാണ് തൊട്ടടുത്ത ബര്‍ത്തില്‍ ഇരുന്ന രണ്ട് യുവാക്കള പരിചയപ്പെട്ടത്. അവര്‍ കാച്ചെഗുഡ നിവാസികളാണെങ്കിലും സമ്മേളനത്തെപ്പറ്റി ഒന്നും അറിഞ്ഞിരുന്നില്ല. മാതൃഭാഷയായ തെലുങ്ക് കൂടാതെ ഇംഗ്ലീഷ് മാത്രമേ വശമുള്ളു. കോഴിക്കോട് ചാത്തമംഗലം എഞ്ചിനിയറിംഗ് കോളേജ് വിദ്യാര്‍ഥികളായ ഇവരുടെ മാതാപിതാക്കളും എഞ്ചിനീയര്‍മാരാണ്. ഒരാള്‍ ക്രൈസ്തവ മതവിശ്വാസിയും അപരന്‍ ഗൗഡ സമുദായക്കാരനുമാണ്. കയ്യിലുണ്ടായിരുന്ന  മോബൈല്‍ ഫോണില്‍ സൗഹൃദം പങ്കുവെച്ചുകൊണ്ടിരുന്ന അവര്‍ ഞങ്ങളെ തീരെ ശ്രദ്ധിച്ചിരുന്നില്ല. രാത്രി ഭക്ഷണവും മറ്റും കഴിഞ്ഞ് കിടക്കാന്‍ ഒരുങ്ങുമ്പോള്‍ അവരില്‍ ഒരാള്‍ നിങ്ങളെല്ലാവരും എവിടെപോയതായിരുന്നു എന്ന് തിരക്കിയപ്പോള്‍, ഞങ്ങള്‍ ജമാഅത്തെ ഇസ്‌ലാമി സമ്മേളനം കഴിഞ്ഞ് തിരിച്ചു പോകുന്നവരാണെന്നറിയിച്ചു. അപ്പോള്‍ ”എന്താണ് ജമാഅത്തെ ഇസ്‌ലാമി?” എന്നായി.

ഇന്നേവരെ അവര്‍ മതം, വിശ്വാസം എന്നീ വിഷയങ്ങളെക്കുറിച്ചൊന്നും കേട്ടിട്ടില്ലെന്നും വീട്ടില്‍ അത്തരം ചടങ്ങുകളൊന്നും തന്നെ ഉണ്ടാവാറില്ലെന്നും പറഞ്ഞതോടെ ഞങ്ങള്‍ അല്‍പം അങ്കലാപ്പിലായി. ഒരു തീവണ്ടിയാത്രയില്‍ അവര്‍ക്ക് ഇംഗ്ലീഷില്‍ ക്ലാസെടുക്കാനുള്ള കോപ്പൊന്നും ആരും കരുതിയിരുന്നില്ല. ബേഗിനകത്ത് വായിക്കാന്‍ സൂക്ഷിച്ച പഴയ റേഡിയന്‍സ് പോലത്തേത് വല്ലതുമുണ്ടോ എന്ന് എല്ലാവരും പരതാന്‍ തുടങ്ങി. ഇന്റര്‍നെറ്റില്‍ പരതാന്‍ നോക്കിയപ്പോള്‍ സ്പീഡ് തീരെ കുറവായിരുന്നു. വിഷയം ഗൗരവമായെടുത്ത്  അടുത്ത കേബിനില്‍ അന്വേഷിച്ചപ്പോള്‍ ഓമശ്ശേരി സ്വദേശി സി.ടി. സുബൈര്‍ മാസ്റ്റര്‍ എന്ന റിട്ടഴേഡ് അധ്യാപകന്‍ സമ്മേളന നഗരിയിലെ സ്റ്റാളില്‍നിന്ന് വാങ്ങിയ ഡോ. സാക്കിര്‍ നായിക്കിന്റ രണ്ട് പുസ്തകങ്ങളുമായി എത്തി അവരുമായി ബന്ധപ്പെട്ടതോടെ ഞങ്ങള്‍ക്കാശ്വാസമായി. അദ്ദേഹം അവര്‍ക്ക് പുസ്തകങ്ങള്‍ നല്‍കി തുടര്‍ന്ന് ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറും മറ്റും വാങ്ങിയാണ് പിരിഞ്ഞത്. ഇത് വളരെ ഗൗരവതരമായ ഒരു പ്രശ്‌നമായാണ് കാണേണ്ടത്. ദീര്‍ഘദൂര യാത്രയില്‍ നമുക്ക് വായിക്കാനുള്ള പുസ്തക പ്രസിദ്ധീകരണങ്ങള്‍ സ്വാഭാവികമായും നാം കരുതാറുണ്ടെങ്കിലും ഇത്തരം ഒരു സഹയാത്രികനെ അഭിമുഖീകരിക്കേണ്ടി വരുന്ന സന്ദര്‍ഭവും അതിനുള്ള മുന്‍കരുതലും പലപ്പോഴും നമുക്കുണ്ടാവാറില്ല. ഇസ്‌ലാമിനെ മറ്റുള്ളവര്‍ക്ക് എത്തിച്ചു കൊടുക്കല്‍ ഒരോ മുസ്‌ലിമിന്റെയും ബാധ്യതയായിരിക്കെ ഇങ്ങോട്ട് അന്വേഷിക്കുന്നവര്‍ക്ക് പോലും അതിനുള്ള സംവിധാനം ഒരുക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ നാം രക്ഷിതാവിനോട് സമാധാനം ബോധിപ്പിക്കേണ്ടിവരില്ലെ എന്ന ചിന്ത നമ്മെ അസ്വസ്ഥപ്പെടുത്തേണ്ടതുണ്ട്.

Related Articles