Current Date

Search
Close this search box.
Search
Close this search box.

നാം മനുഷ്യര്‍ നാം ഒന്ന്

hands-together.jpg

കുട്ടികള്‍ കൂടുകയും വലുതാവുകയും ചെയ്തപ്പോള്‍ വീട്ടില്‍ സ്ഥലപരിമിതി വലിയൊരു പ്രശ്‌നമായി. അങ്ങിനെയാണ് കൂട്ടുകുടുംബമായി കഴിഞ്ഞിരുന്ന തറവാട്ടില്‍ നിന്നും ഓരോ കുടുംബവും വേറെ വേറെ വീടുണ്ടാക്കി മാറിത്താമസിച്ചത്. എല്ലാ മാസവും തറവാട്ടില്‍ കുടുംബങ്ങളെല്ലാം ഒരുമിക്കും എന്ന തീരുമാനത്തോടെയാണ് സ്‌നേഹത്തോടെ കഴിഞ്ഞിരുന്ന അവര്‍ പിരിഞ്ഞു പോയത്.

ഒരു ദിവസം ഇങ്ങിനെയുള്ള ഒരു കുടുംബ സംഗമത്തിനായി ഒരുമിച്ചു കൂടിയതാണവര്‍. കുട്ടികള്‍, സ്ത്രീകള്‍, വൃദ്ധന്മാര്‍… ഓരോ വിഭാഗവും അവരുടേതായ രീതിയില്‍ സന്തോഷ വര്‍ത്തമാനങ്ങളിലും വിനോദങ്ങളിലും ഏര്‍പ്പെട്ടു. അറിയാതെ നേരം ഇരുട്ടിത്തുടങ്ങി. തിരിച്ച് ഓരോരുത്തരും അവരവരുടെ വീടുകളിലേക്ക് പോകാന്‍ സമയമായി. കാരണവന്‍മാര്‍ ധൃതി കൂട്ടി. കുട്ടികള്‍ മനമില്ലാ മനസ്സോടെ കളിയും കഥ പറച്ചിലും നിര്‍ത്തി പോകാനൊരുങ്ങി.

അടുത്ത മാസം വീണ്ടും സംഗമിക്കാമെന്ന പ്രതീക്ഷയോടെ ഓരോരുത്തരും അവരവരുടെ വഴികളിലൂടെ മുന്നോട്ട് നീങ്ങി. നിലാവൊട്ടുമില്ലാത്ത രാത്രി. കൂരിരുട്ട് യാത്ര ദുഷ്‌കരമാക്കി. സാധാരണ ഇത്ര വൈകാറില്ല. ഓരോരുത്തരുടേയും ഉള്ളില്‍ ഭയം കൂടി വന്നു. മുത്തശ്ശി കഥകളിലെ യക്ഷിയും പ്രേതവും മനസ്സില്‍ തെളിഞ്ഞു വന്നു. വെളിച്ചമില്ലാത്ത നടത്തത്തിനിടക്ക് എപ്പോഴോ വഴി തെറ്റി. ഭയം കൂടി വരികയാണ്. എല്ലാ കുടുംബങ്ങളും കൊയ്‌ത്തൊഴിഞ്ഞൊരു പാടത്ത് എത്തിപ്പെട്ടു. പക്ഷെ ആരും പരസ്പരം തിരിച്ചറിഞ്ഞില്ല. എതിര്‍ വശത്ത് നിന്നും വരുന്നത് തന്റെ ശത്രുക്കളാണെന്ന് ഓരോരുത്തരും കരുതി. ചിലര്‍ പ്രാണഭയം കൊണ്ട് ആയുധമെടുത്തു. കല്ലേറ് തുടങ്ങി പിന്നെ കനത്ത പോരാട്ടം പലര്‍ക്കും പരിക്കേറ്റു. രക്തം ഒഴുകാന്‍ തുടങ്ങി. ചിലര്‍ വീണു. അട്ടഹാസവും കൊലവിളിയും ഒരു ഭീകര യുദ്ധത്തിന്റെ പ്രതീതി.

ഒരു നിലാവുദിച്ചിരുന്നെങ്കില്‍… ഒരു തിരി വെട്ടം ലഭിച്ചിരുന്നെങ്കില്‍… ഇവര്‍ പരസ്പരം തിരിച്ചറിയുമായിരുന്നു. ഈയുദ്ധം അവസാനിക്കുമായിരുന്നു. സ്‌നേഹത്തോടെ ഉണ്ടും ഉറങ്ങിയും കഴിഞ്ഞ സഹോദരങ്ങള്‍ തമ്മില്‍ ആക്രമണം നടത്തേണ്ടി വന്നതില്‍ ഖേദിച്ച് തല താഴ്ത്തി കരയുമായിരുന്നു. ആ കണ്ണീര്‍ അവരുടെ ഹൃദയത്തെ നിര്‍മ്മലമാക്കുമായിരുന്നു.

പക്ഷെ ആരു കൊളുത്തും ആ വെളിച്ചം? ഇത് നാം നമ്മോട് തന്നെ ചോദിക്കുക. ആര് കൊളുത്തിയാലും അതെത്ര ചെറുതായാലും മഹത്തരമാണ്.

ഇവിടെ തറവാട് മനുഷ്യകുലമാണ്. ഒരേ മാതാപിതാക്കളുടെ മക്കള്‍. ചോരയുടെ നിറമൊന്നായത്, വിശപ്പിന്റെ വിലയൊന്നായത്, അടിസ്ഥാന ആവശ്യങ്ങള്‍ ഒന്നായത് യാദൃശ്ചികമല്ല. ‘സഹോദരന്മാരേ’ എന്നത് പ്രഭാഷണത്തിന് തുടക്കം കുറിക്കാനുള്ള കേവല ഉപചാര വാക്കോ, ദേശീയ പ്രതിജ്ഞയുടെ വരികള്‍ക്കിടയില്‍ യാന്ത്രികമായി ഉരുവിട്ട് തീര്‍ക്കാനുള്ള പദമോ അല്ല. ഒരേ ഉദരത്തില്‍ സഹവസിച്ചവര്‍ എന്ന ബോധത്താല്‍ ശരിക്കും ഒന്നായിത്തീരാനുള്ള ആഹ്വാനമാകണം.

ഒന്ന് എന്നത് ചെറിയൊരു വരയല്ല, സകല ഉച്ചനീചത്വങ്ങളെയും വിഭാഗീയതകളെയും ഇല്ലായ്മ ചെയ്തിട്ട് ജാതി, മത, വര്‍ഗ്ഗ, വര്‍ണ്ണ, ദേശ പരിഗണനകള്‍ക്കതീതമായി മനുഷ്യനെ മനുഷ്യനാക്കുന്ന നേര്‍രേഖയാണ്.

ഒന്ന് എന്നത്, ആരുടെ മുമ്പിലും തല കുനിക്കാത്ത, ആരുടെയും അടിമയാകാത്ത, ആരെയും അടിമയാക്കാത്ത ഉയരങ്ങളിലേക്ക് ഉന്നം വെക്കുന്ന മനുഷ്യന്റെ ചിഹ്നമാണ്. മനുഷ്യനെ ‘ആള്‍’ എന്ന് വിളിക്കാറുണ്ട്. ആളുന്നവന്‍ അഥവാ ഉയര്‍ന്ന് പൊങ്ങുന്നവന്‍ എന്നാണര്‍ത്ഥം. എല്ലാ അധമ ബോധത്തിന്റെയും ജാതി വ്യവസ്ഥയുടെയും തോട് പൊട്ടിച്ച് അവര്‍ ഉയര്‍ന്ന് പൊങ്ങണം.

ഒന്ന് എന്നത്, ഏറ്റവും വലിയ അക്കമാണ്. തുടര്‍ന്ന് വരുന്ന അക്കങ്ങളെല്ലാം ഈ ഒന്നിന്റെ പെരുക്കങ്ങളാണ്. ആയിരം എന്നത്, ഒന്ന് ആയിരം തവണ ആവര്‍ത്തിക്കുന്നതിനാല്‍ സംഭവിക്കുന്നതാണ്. മലയാള സാഹിത്യത്തിന്റെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബശീര്‍ പറഞ്ഞതാണ് ശരി. ഒന്നും ഒന്നും ഇമ്മിണി ബല്യ ഒന്നാണ്.

ഒന്ന് എന്നത്, എല്ലാ വൈവിധ്യങ്ങളെയും നശിപ്പിക്കലല്ല. എല്ലാ വൈവിധ്യങ്ങളും ഉണ്ടായിരിക്കെ ഒരുമയോടെ നിലകൊള്ളലാണ്. വൈവിധ്യങ്ങള്‍ സഹിക്കാതിരിക്കുന്നത് ആ വൈവിധ്യങ്ങള്‍ സൃഷ്ടിച്ച ദൈവത്തോടുള്ള നന്ദി കേടാണ്. നാനാത്വത്തില്‍ ഏകത്വം എന്നത് നമ്മുടെ വേദഗ്രന്ഥങ്ങള്‍ അവതരിപ്പിച്ച ആശയമാണ്.

മുന്‍കഴിഞ്ഞ ദൈവിക ഗ്രന്ഥങ്ങളെയെല്ലാം സത്യപ്പെടുത്തി അവതരിപ്പിച്ച അവസാന ഗ്രന്ഥമായ ഖുര്‍ആന്‍ ഈ സത്യം ആവര്‍ത്തിച്ച് വിളംബരം ചെയ്യുന്നുണ്ട്.

ജനങ്ങളേ, നിങ്ങളുടെ നാഥനെ സൂക്ഷിക്കുക. ഒരൊറ്റ സത്തയില്‍നിന്ന് നിങ്ങളെ സൃഷ്ടിച്ചവനാണവന്‍. അതില്‍നിന്നുതന്നെ അതിന്റെ ഇണയെ സൃഷ്ടിച്ചു. അവ രണ്ടില്‍ നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും അവന്‍ വ്യാപിപ്പിച്ചു. ഏതൊരു അല്ലാഹുവിന്റെ പേരിലാണോ നിങ്ങള്‍ അന്യോന്യം അവകാശങ്ങള്‍ ചോദിക്കുന്നത് അവനെ സൂക്ഷിക്കുക; കുടുംബബന്ധങ്ങളെയും. തീര്‍ച്ചയായും അല്ലാഹു നിങ്ങളെ സദാ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നവനാണ്.     (ഖുര്‍ആന്‍- 4: 1)
മനുഷ്യരേ, നിങ്ങളെ നാം ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമാണ് സൃഷ്ടിച്ചത്. നിങ്ങളെ വിവിധ വിഭാഗങ്ങളും ഗോത്രങ്ങളുമാക്കിയത് നിങ്ങളന്യോന്യം തിരിച്ചറിയാനാണ്. അല്ലാഹുവിന്റെ അടുത്ത് നിങ്ങളിലേറ്റം ആദരണീയന്‍ നിങ്ങളില്‍ കൂടുതല്‍ ഭയഭക്തിയുള്ളവനാണ്; തീര്‍ച്ച. അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു. (ഖുര്‍ആന്‍ – 49: 13)

കട്ട പിടിച്ച ഇരുട്ട് വ്യാപിക്കുന്ന ഈ കാലത്ത്, തിരിച്ചറിവിന്റെ വെട്ടം പരത്താന്‍ നമുക്ക് പ്രയത്‌നിക്കാം. നമുക്ക് ഉറക്കെ പറയാം നാം മനുഷ്യര്‍, നാമൊന്ന്.

Related Articles