Current Date

Search
Close this search box.
Search
Close this search box.

നല്ല ആമുഖത്തോടെ ആരംഭിക്കാം

വലിയ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനു മുമ്പ് ന്യായമായി പരിഗണിക്കാന്‍ സമര്‍പ്പിക്കപ്പെടുന്നയാളെ പ്രീതിപ്പെടുത്തുന്ന പതിവ് എല്ലാതരം അപേക്ഷകള്‍ക്കും സഹായങ്ങള്‍ക്കും മുമ്പേതന്നെ നിലവിലുണ്ട്. ഒരു മേധാവിക്ക് എന്തെങ്കിലും അപേക്ഷ സമര്‍പ്പിക്കുകയാണെങ്കില്‍ നമ്മുടെ ആവശ്യം അവതരിപ്പിക്കുന്നതിനുമുമ്പായി അദ്ദേഹത്തിന്റെ ഔദാര്യവും സല്‍സ്വഭാവവുമൊക്കെ എടുത്തുപറയുന്നത് കാര്യസാധ്യത്തിന് എളുപ്പമാണ്. പിന്നീട് നമ്മുടെ ആവശ്യം ഉന്നയിക്കാം. മാതാപിതാക്കളോടായാലും, സഹോദരങ്ങളോടായാലും കാര്യം നേടാന്‍ ഈ രീതി അവലംഭിക്കുന്നത് സാധാരണയാണ്. ഭാര്യയോടാണെങ്കില്‍ പോലും ചില നല്ല ആമുഖങ്ങള്‍ കാര്യം എളുപ്പമാക്കും.

‘ഞാന്‍ പല മുന്തിയ റസ്റ്റോറന്റുകളില്‍നിന്ന് ഭക്ഷണം കഴിച്ചിട്ടുണ്ടെങ്കിലും നിന്റെ കൈകൊണ്ടുള്ള ആഹാരത്തിന്റെ രുചി അതിനൊന്നും ലഭിച്ചിട്ടില്ല. ഇന്നലെ ഒരു പഴയ സുഹൃത്തിനെ കണ്ടപ്പോള്‍ നാളെ ഊണിന് വീട്ടില്‍ വരണമെന്ന് വെറുതെ ഒന്ന് പറഞ്ഞപ്പോഴേക്കും അയാള്‍ ഉടനെ സമ്മതിച്ചു. നീ ഞങ്ങള്‍ക്കുള്ള ശാപ്പാട് ഉഷാറാക്കുമല്ലോ.” ഈ ശൈലിയാണ് നാളെ ഭക്ഷണത്തിന് ഒരു സുഹൃത്തിനെ ക്ഷണിച്ചിട്ടുണ്ട്. സമയത്തുതന്നെ തയാറാക്കണം. മോശമാകരുത്. എന്നൊക്കെ ഭാര്യയോട് ഉച്ചത്തില്‍ കല്‍പിക്കുന്നതിലും ഭേദം.

ചെറുപ്പത്തില്‍ പ്രവാചകന്‍, ഹവാസിന്‍ ഗോത്രക്കാരുടെ അടുത്തായിരുന്നു വളര്‍ന്നത്. പിന്നീട് അവര്‍ ഇസ്‌ലാമിലേക്ക് കടന്നു വരുണമെന്ന തിരുമേനി ആഗ്രഹിച്ചിരുന്നു. അവര്‍ തനിക്കെതിരില്‍ സംഘടിച്ച് യുദ്ധത്തിന് വരുന്നെന്നറിഞ്ഞപ്പോള്‍ അവരെ നേരിടാന്‍ തിരുമേനി പുറപ്പെട്ടു. യുദ്ധത്തില്‍ മുസ്‌ലിംകള്‍ വിജയിച്ചു. യുദ്ധത്തില്‍നിന്ന് ലഭിച്ച സമ്പത്തും ബന്ദികളേയും പ്രവാചകന്റെ മുമ്പിലെത്തിച്ചു. ഇരുഭാഗത്തും ആള്‍ നാശമുണ്ടായിരുന്നു. ബന്ദികളായിപ്പിടിച്ച സ്ത്രീകളേയും കുട്ടികളേയും തിരുമേനി ഒരു സ്ഥലത്ത് പാര്‍പ്പിച്ചു. തങ്ങളുടെ കൂട്ടത്തില്‍നിന്ന് ബന്ദികളാക്കിയ കുട്ടികളേയും സ്ത്രീകളേയും മോചിപ്പിക്കാന്‍ അരില്‍പെട്ട ചില പ്രമാണിമാര്‍ പ്രവാചകനോട് സംസാരിക്കാന്‍ തീരുമാനിച്ചു. സുന്ദരശൈലിയില്‍ സംസാരിക്കാന്‍ അറിയുന്ന ഒരാളെ അന്വേഷിച്ച് അവര്‍ കാര്യം അവതരിപ്പിക്കാന്‍ സുഹൈര്‍ എന്ന ഒരാളെ തിരഞ്ഞെടുത്തു. അദ്ദേഹം മുന്നോട്ടുവന്നു പറഞ്ഞു. ”പ്രവാചകരേ, ബന്ദികളായി പിടിക്കപ്പെട്ടവരില്‍ നിങ്ങളുടെ മാതൃസഹോദരികളും വളര്‍ത്തുമ്മമാരുമെല്ലാം ഉണ്ട്. അവരുടെ കരവലയങ്ങളിലാണ് താങ്കള്‍ വളര്‍ന്നത്. അബൂശംറും, നുഅ്മാനു ബിന്‍ മുന്‍ദിറുമെല്ലാം അവര്‍ വളര്‍ത്തിയവരായിരുന്നു. താങ്കളില്‍ നിന്നേറ്റതുപോലെ അവര്‍ രണ്ടുപേരില്‍ നിന്നും ദുരിതങ്ങളേല്‍ക്കേണ്ടി വരികയാണെങ്കില്‍ അവര്‍ ക്ഷമാപണം സ്വീകരിച്ച് ഞങ്ങളോട് കരുണചെയ്യുമായിരുന്നു. അതിനാല്‍ ബന്ദികളാക്കിയവരോട് ദാക്ഷിണ്യം കാണിച്ച് മടക്കി അയക്കണമെന്നാണ് ഞങ്ങളുടെ അപേക്ഷ. താങ്കള്‍ താങ്കളുടെ ബാധ്യത നന്നായി നിര്‍വ്വഹിക്കുന്ന ദൈവദൂതനാണല്ലോ.” പിന്നീടദ്ദേഹം അവരോടൊപ്പം കഴിഞ്ഞ ബാല്യകാലം അനുസ്മരിച്ച് ഹൃദയസ്പര്‍ശിയായ ഒരു കവിത ആലപിച്ചു. പ്രവാചകന്‍ അവരുടെ കുട്ടികളേയും സ്ത്രീകളേയും നിരുപാധികം വിട്ടയച്ചു.

അറബികള്‍ ആരോടെങ്കിലും സഹായം തേടുകയോ രക്ഷപ്പെടുത്താന്‍ അഭ്യര്‍ത്ഥിക്കുകയോ ചെയ്യുമ്പോള്‍, സുന്ദരശൈലിയിലുള്ള കവിതകളോ, സ്തുതിഗീതങ്ങളോ ആലപിച്ചുകൊണ്ടാണ് ആരംഭിക്കുക. ഒരാളോട് ഏറ്റുമുട്ടാനോ അപമാനിക്കാനോ ഒരുങ്ങുമ്പോഴും മൂര്‍ച്ചയുള്ള വാക്കുകളുപയോഗിച്ചാണ് വെല്ലുവിളിക്കുക. ഖുര്‍ആന്‍ പറയുന്നു: ”ഹേ, സത്യവിശ്വാസികളേ, നിങ്ങള്‍ റസൂലുമായി രഹസ്യഭാഷണത്തിന് മുതിരുമ്പോള്‍ അതിനുമുമ്പായി നിങ്ങള്‍ എന്തെങ്കിലും സമ്മാനം അര്‍പ്പിക്കുക.” (അല്‍മുജാദില : 12)

Related Articles