Current Date

Search
Close this search box.
Search
Close this search box.

നബി(സ) ഇതാ നമ്മുടെ കണ്‍മുന്നില്‍!

muhammad.jpg

അന്ത്യപ്രവാചകന്‍ മുഹമ്മദ് (സ) മിത്തുകളിലെയും ഐതിഹ്യങ്ങളിലെയും കഥാപാത്രമല്ല. AD 571 മുതല്‍ 632 വരെ ജീവിച്ചു മരിച്ച ചരിത്ര പുരുഷനാണ്. മഹാപ്രവാചകന്മാരും പുണ്യപുരുഷന്മാരും പൊതുവേ വ്യക്തിപ്രഭാവം എന്നതുപോലെ തന്നെ അസാധാരണമായ ആകാരസൗഷ്ഠവം കൊണ്ടും അനുഗൃഹീതരാണ്. നബിയുടെ ചിത്രം ലോകത്തെ വിടെയുമില്ല. എന്നാല്‍ തിരു രൂപത്തെ, സത്യസന്ധതയ്ക്ക് കേളികേട്ട അനുചരന്മാര്‍ പരിചയപ്പെടുത്തിയിട്ടുണ്ട്.

അവയിലൂടെ ഒരല്‍പം: ‘നബി(സ) തീരേ ചെറുതോ അമിതമായ ഉയരമോ അല്ലാത്ത ആളായിരുന്നു. അഴകാര്‍ന്ന ഇളംചുവപ്പു ശരീരമായിരുന്നു ‘ (അനസ്  റ) ‘വിശാലമായ തോളുകള്‍. മധ്യമവും ഉയര്‍ന്നതും സുന്ദരവുമായ കഴുത്ത്. സ്വര്‍ണം പൂശപ്പെട്ട വെള്ളി പോലെ അവിടം തിളങ്ങും. മൃദുലമായ കവിള്‍ത്തടങ്ങള്‍ സന്തോഷവേളകളില്‍  പ്രകാശിച്ചിരുന്നു. കോപിക്കുമ്പോള്‍ നയനങ്ങള്‍ ചുവക്കുകയും നിറവ്യത്യാസമുണ്ടാവുകയും ചെയ്യും. മീശ വളരെ ചെറുതാക്കുമായിരുന്നു ‘ (ബുഖാരി) ‘ശരീരം വെള്ളി കൊണ്ട് വാര്‍ക്കപ്പെട്ടതു പോലെ ‘ (അബൂഹുറയ്‌റ റ) ‘ചുണ്ണാമ്പ് പോലുള്ള വെളുപ്പല്ല, വെളുപ്പ് കൂടുതലുള്ള ഗോതമ്പ് നിറം’ (അനസ് ) ‘കരുത്തും ബലമുള്ളതുമായ ശരീരം ‘ (അല്‍മവാഹിബ്) ‘ഞങ്ങള്‍ അത്രത്തോളം സുമുഖനായ മറ്റൊരാളെ കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ മുഖത്തു നിന്ന് പ്രകാശം ഒലിച്ചിറങ്ങുന്നതു പോലെ ‘ (അബൂഖുര്‍ സഫയുടെ മാതാവ്) ‘സൂര്യന്‍ ജ്വലിച്ചു നില്‍ക്കുന്നപോലെ ‘ (അനസ് )

 ‘മുടി തീര്‍ത്തും കുത്തനെ വളര്‍ന്നതോ, പൂര്‍ണമായും ചുരുണ്ടതോ അല്ല ‘ (ഖതാദ) ‘മുടി എണ്ണയിട്ട് നന്നായി ചീകിയിരുന്നു ‘ (അബൂദാവൂദ്) ‘താടിരോമം മുറ്റിത്തഴച്ചത് ‘ (ഹിന്ദ് ബിന്‍ അബൂഹാല) ‘ശരീരത്തില്‍ രോമങ്ങള്‍ അധികമില്ല. നെഞ്ചില്‍ നിന്ന് നാഭിവരെ രോമങ്ങളുടെ ഒരു നേര്‍ത്തവര’ ( അലി) ‘ഉറച്ച ശരീരം. വലിയതും ബലമുള്ളതുമായ എല്ലുകള്‍. വീതിയുള്ള നെഞ്ച്. നെഞ്ചും വയറും സമനിരപ്പ് ‘ ( ഹിന്ദ് ) ‘കണ്ണുകള്‍ കറുപ്പ് .വിസ്തൃതമായ കണ്‍പോളകള്‍’  (അലി) ‘കറുത്ത കൃഷ്ണമണികള്‍. പതിഞ്ഞ നോട്ടം.ലജ്ജാഭാവം. ഉയര്‍ന്ന നാസിക. അതിന് പ്രകാശത്തിളക്കം. ഒറ്റക്കാഴ്ചയില്‍ പ്രകടമായ ഔന്നത്യം'(ഹിന്ദ് ) ‘പ്രവാചകനെ കണ്ടപ്പോള്‍ എനിക്ക് മനസ്സിലായി, അദ്ദേഹത്തിന്റെ മുഖം ഒരിക്കലും വ്യാജന്റെ മുഖമാകുകയില്ലെന്ന് ‘ (അബ്ദുല്ല ബിന്‍ സലാം ) ‘കാണുന്നവന്‍ ഒറ്റനോട്ടത്തില്‍  ഭ്രമിച്ചു പോവും’  (അലി) ‘അനുഗൃഹീത പല്ലുകള്‍ അത്യന്തം സുന്ദരവും ചെറുതും പ്രകാശിതവും ആയിരുന്നു. പുഞ്ചിരിക്കുമ്പോള്‍ അവ തിളങ്ങിയിരുന്നു ‘ (ദലാഇല്‍ ) ‘സംസാരിക്കുമ്പോള്‍ പല്ലുകളില്‍ നിന്ന് പ്രകാശം പൊഴിയുന്നതായി തോന്നും ‘ (അനസ് )

 ‘അവിടുത്തെ ചുമലുകള്‍ക്കിടയിലെ പ്രവാചക മുദ്ര ഞാന്‍ നോക്കിക്കണ്ടു ‘  (സാഇബ്) ‘കരുത്തുറ്റ മുഷ്ടിയും പാദങ്ങളുമായിരുന്നു. നടക്കുമ്പോള്‍ ഉയരങ്ങളില്‍ നിന്നിറങ്ങിവരുന്നതു പോലെ മുന്നോട്ട് ചായുമായിരുന്നു’ (അലി) ‘ഇളം ചുവപ്പ് വസ്ത്രമണിഞ്ഞ റസൂലിനേക്കാള്‍ സൗന്ദര്യവാനായി ഞാനാരെയും കണ്ടിട്ടില്ല (ബര്‍റാഉ ബ്‌നു ആസിബ്) ‘പൂര്‍ണനിലാവ് പ്രകാശിച്ചിരുന്ന രാവില്‍ ഞാന്‍ നബിയെ കണ്ടു.അദ്ദേഹത്തെയും നിലാവിനെയും മാറി മാറി നോക്കി. അവിടുന്നാണ് എനിക്ക് പൂര്‍ണ നിലാവിനേക്കാള്‍ സൗന്ദര്യമുള്ളതായി തോന്നിയത് ‘  (ജാബിര്‍ ) ‘സന്തോഷിക്കുമ്പോള്‍ തിരുദൂതരുടെ മുഖം വെട്ടിത്തിളങ്ങുന്നത് കണ്ടാല്‍ നിലാവിന്റെ കഷണമാണെന്ന് തോന്നും ‘ (കഅബ്) ‘നബിയെ കണ്ടാല്‍ സൂര്യന്‍ ഉദിക്കുന്നതായി അനുഭവപ്പെട്ടിരുന്നു. ദൂരെ നിന്നു നോക്കിയാല്‍ അത്യന്തം സുന്ദരം. അടുത്തു നിന്നു കണ്ടാല്‍ അത്യാകര്‍ഷകം’ (ദലാഇല്‍ ) ‘റസൂലിന്റെ തിരു കരം പിടിച്ച് വിശ്വാസികള്‍ ഐശ്വര്യത്തിനായി അവരുടെ മുഖങ്ങളില്‍ തടവുകയായിരുന്നു. ഞാനും അങ്ങനെ ചെയ്തു.തദവസരം ആലിപ്പഴത്തേക്കാള്‍ തണുപ്പും കസ്തൂരിയേക്കാള്‍ സുഗന്ധവും എനിക്കനുഭവപ്പെട്ടു’ (അബൂ ജുഹൈഫ )

വിവരങ്ങള്‍ക്ക് മുഖ്യ അവലംബം: മുഹമ്മദ് (സ): മനുഷ്യ സ്‌നേഹത്തിന്റെ പ്രവാചകന്‍ / നഈം സിദ്ധീഖി

 

Related Articles