Current Date

Search
Close this search box.
Search
Close this search box.

ധാക്ക : ഒരു നിരീക്ഷകന്റെ ഉത്കണ്ഠകള്‍

പ്രമുഖ പത്രപ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ കുല്‍ദീപ് നയാര്‍ ബംഗ്ലാദേശിലെ സ്ഥിതിയോര്‍ത്ത് വളരെ ഉത്കണ്ഠാകുലനാണ്. അതിന്റെ ഭാവിയെക്കുറിച്ച് വളരെ നിരാശനും. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ നിരീക്ഷണത്തില്‍ അതാണ് കാണാനാകുന്നത് (‘വഴി നഷ്ടപ്പെട്ട ബംഗ്ലാദേശ്’, ഏഷ്യന്‍ ഏജ് ജൂണ്‍ 6) ബംഗ്ലാദേശിന്റെ ചരിത്രവും വര്‍ത്തമാനവും ചര്‍ച്ച ചെയ്യുന്ന കമാല്‍ ഹുസൈന്റെ ഒരു പുസ്തകമാണ് ഉത്കണ്ഠയുടെ പുതിയ ഹേതു. ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവായ ശൈഖ് മുജീബുര്‍റഹ്മാന്റെ അടുത്ത സുഹൃത്തുക്കളിലൊരാളും അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ വിദേശകാര്യമന്ത്രിയും ആയിരുന്നു കമാല്‍ ഹുസൈന്‍. കമാലിന്റെ പുസ്തകം വായിക്കാന്‍ കഴിഞ്ഞിട്ടില്ല. ആ പുസ്തകം വായിച്ചപ്പോള്‍ നയാറിനുണ്ടായ നിരാശയും മറ്റും വെച്ചു നോക്കുമ്പോള്‍ ഗ്രന്ഥകര്‍ത്താവ് വളരെ യാഥാര്‍ഥ്യബോധത്തോടെയാണ് നിലവിലെ ബംഗ്ലാ സ്ഥിതികള്‍ വിലയിരുത്തിയിട്ടുള്ളത് എന്നാണ് മനസ്സിലാവുന്നത്. താന്‍ മനസ്സില്‍ വിചാരിച്ച കാര്യങ്ങളൊന്നും നയാര്‍ ആ പുസ്തകത്തില്‍ കണ്ടിട്ടുണ്ടാവില്ല. മുജീബുര്‍റഹ്മാന്റെ ചില അതിരുവിട്ട നീക്കങ്ങളെയും അദ്ദേഹത്തിന്റെ മകള്‍ ഹസീന ഇപ്പോള്‍ നടപ്പാക്കുന്ന അതിന്റെ തുടര്‍ച്ചകളെയും ഗ്രന്ഥകര്‍ത്താവ് വിമര്‍ശിച്ചിട്ടുണ്ടാവണം. മതവും സെക്യുലറിസവും പരസ്പരം പൊരുത്തപ്പെടാതെ നീങ്ങുന്നതിലും വിദേശനയം സന്തുലിതമല്ലാതിരിക്കുന്നതിലും ഗ്രന്ഥകര്‍ത്താവ് അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ടാവാം. ഗ്രന്ഥകര്‍ത്താവ് വിമോചനകാലത്തെ അതേ സ്പിരിറ്റ് ഉയര്‍ത്തിപ്പിടിക്കുമെന്നും ബംഗ്ലാദേശികളുടെ മതകീയ ഉയര്‍ത്തെഴുന്നേല്‍പിനെ വിമര്‍ശിക്കുമെന്നുമായിരിക്കാം നയാര്‍ കരുതിയിട്ടുണ്ടാവുക.

ബംഗ്ലാദേശ് ഭരണകൂടം നേരിട്ട് ഷാബാഗ് മൈതാനത്ത് സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിനെതിരെ ഹിഫാസെ ഇസ്‌ലാം എന്ന കൂട്ടായ്മ കൂറ്റന്‍ പ്രതിഷേധ റാലികള്‍ സംഘടിപ്പിച്ചതും, ഗവണ്‍മെന്റും അതിന്റെ പിണിയാളുകളും ക്രൂരമായ അടിച്ചമര്‍ത്തല്‍ ഉള്‍പ്പെടെ അടവ് പതിനെട്ട് പയറ്റിയിട്ടും റാലികള്‍ തടയാന്‍ കഴിയാതിരുന്നതുമാണ് നയാറുടെ നിരാശക്ക് കാരണമെന്നാണ് മനസ്സിലാവുന്നത്. പക്ഷേ, പിന്നീട് അവിടത്തെ ‘ജനാധിപത്യ’ ഭരണകൂടം ഏതൊരു സ്വേഛാധിപത്യ ഭരണകൂടത്തെയും പോലെ പ്രതിഷേധക്കാരെ ഉരുക്ക് മുഷ്ടി കൊണ്ട് നേരിടുകയും ഹിഫാസത്തിനനുകൂലമായി സംസാരിച്ച മാധ്യമങ്ങളെ നിരോധിക്കുകയും ചെയ്തു. ഇതുകൊണ്ടൊക്കെ ഭരണകൂടത്തിനെതിരെ ജനവികാരം ശക്തിപ്പെടുകയാണുണ്ടായത്. ഇതിനൊപ്പം നയാറുടെ നിരാശയും വര്‍ധിച്ചുകൊണ്ടിരുന്നു. ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിന്റെ സ്പിരിറ്റിനും എതിരായി ‘മതഭ്രാന്ത്’ നേടിയ വിജയമായിട്ടേ അദ്ദേഹത്തിന് ഇതെല്ലാം കാണാന്‍ കഴിയുന്നുള്ളൂ. ഈ സമയത്താണ് കമാല്‍ ഹുസൈന്റെ പുസ്തകം പുറത്തിറങ്ങുന്നത്. അത് അദ്ദേഹത്തിന്റെ നിരാശ ഇരട്ടിപ്പിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ. യഥാര്‍ഥത്തില്‍ ശ്രീമാന്‍ നയാര്‍ക്ക് ബംഗ്ലാദേശിനോട് ആത്മാര്‍ഥമായ സ്‌നേഹം തന്നെയാണുള്ളത്. ആ ഉത്കണ്ഠകളും ആത്മാര്‍ഥമാണ്. ബംഗ്ലാദേശ് രൂപീകരിക്കപ്പെടുന്ന കാലത്തുള്ള ആ വൈകാരികാന്തരീക്ഷം പുനഃസ്ഥാപിക്കപ്പെടണമെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. അതായത് ബംഗ്ലാദേശീയത, പ്രാദേശികവാദം, ഭാഷാപരമായ വിവേചനം തുടങ്ങിയവയൊക്കെ ഉള്ളടക്കമായ ആ ‘സ്വാതന്ത്ര്യത്തിന്റെ ആത്മവത്ത’ പുനര്‍ജീവിക്കപ്പെടണം. ഒരിക്കലും ‘മതഭ്രാന്തി’ന് അടിപ്പെട്ടുകൂടാ. നയാറുടെ ലേഖനം വായിച്ചാല്‍ മനസ്സിലാകുന്ന കാര്യങ്ങള്‍ ഇത്രയുമാണ്.

കുല്‍ദീപ് നയാറെയും അദ്ദേഹത്തെപ്പോലെയുള്ള രാഷ്ട്രീയ നിരീക്ഷകരെയും നയിക്കുന്നത് യഥാര്‍ഥ ഇസ്‌ലാമിനെക്കുറിച്ച അറിവില്ലായ്മയാണെന്ന് വളരെ വ്യക്തമാണ്. തീവ്രദേശീയതയുടെ വിനാശകരമായ പ്രത്യാഘാതങ്ങള്‍ അദ്ദേഹം കാണാതെ പോവുകയും ചെയ്യുന്നു. മനുഷ്യസമത്വവും ഐക്യവും ഉയര്‍ത്തിപ്പിടിക്കുന്ന ദര്‍ശനമാണ് ഇസ്‌ലാം. ഒരേ മാതാവിന്റെയും പിതാവിന്റെയും മക്കള്‍ എന്ന നിലക്ക് എല്ലാ മനുഷ്യരെയും അത് ചേര്‍ത്തു നിര്‍ത്തുന്നു. ജാതിയോ പ്രാദേശികതയോ വംശമോ ഒന്നും തന്നെ വിവേചനത്തിനുള്ള ഉപകരണങ്ങളാവരുതെന്ന് അതിന് നിര്‍ബന്ധമുണ്ട്. അവയൊക്കെയും തിരിച്ചറിയാനുള്ള കേവലം അടയാളങ്ങള്‍ മാത്രം. എന്നാല്‍ തീവ്രദേശീയതയും ദേശപൂജയുമൊക്കെ വിവിധ ജനവിഭാഗങ്ങളെ പരസ്പരം തമ്മിലടിപ്പിക്കുകയാണ് ചെയ്യുന്നത്. അതിന് വേണ്ടത്ര തെളിവുകള്‍ നാം ലോകമെമ്പാടും കാണുകയും ചെയ്യുന്നുണ്ട്. ഇക്കാര്യങ്ങള്‍ വസ്തുനിഷ്ഠമായി വിശകലനം ചെയ്താല്‍ നയാര്‍ക്കും അദ്ദേഹത്തെപ്പോലെ ചിന്തിക്കുന്ന മറ്റുള്ളവര്‍ക്കും ഇസ്‌ലാമിനെ സ്‌നേഹിക്കുന്നവരെയോര്‍ത്ത് ഉത്കണ്ഠപ്പെടേണ്ടിവരില്ല. അവര്‍ ശക്തിപ്പെടുന്നുണ്ടെങ്കില്‍ അവരെക്കുറിച്ച് ബേജാറാവേണ്ടതുമില്ല. എല്ലാ വിഭാഗീയതകളെയും മറികടക്കുന്ന സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമാണ് അവര്‍ ഉയര്‍ത്തിപ്പിടിക്കുന്നത് എന്നതിനാല്‍ അത് ബംഗ്ലാദേശിനെ ശക്തിപ്പെടുത്തുകയും പുരോഗതിയിലേക്ക് നയിക്കുകയുമേ ചെയ്യൂ. നമ്മുടെ രാജ്യവുമായുള്ള അയല്‍പക്ക ബന്ധം മെച്ചപ്പെടാനും അത് ഉപകരിക്കും. അത്തരം ഒരു പരീക്ഷണമെങ്കിലും തന്റെ ജീവിതകാലത്ത് തന്നെ അനുഭവിച്ചറിയാന്‍ കുല്‍ദീപ് നയാറിന് ഭാഗ്യമുണ്ടാവട്ടെ.
(ദഅ്‌വത്ത് ത്രൈദിനം 26-6-2013)

വിവ : അശ്‌റഫ് കീഴുപറമ്പ്‌

Related Articles