Current Date

Search
Close this search box.
Search
Close this search box.

ദൈവത്തെ ആരാധിക്കുന്നതെന്തിന്?

prayer3.jpg

മനുഷ്യന്‍ ദൈവത്തെ ആരാധിക്കുന്നത് മനുഷ്യന് വേണ്ടിയോ, ദൈവത്തിന് വേണ്ടിയോ? അധ്യാപകന്‍ ക്ലാസ്‌റൂമിലേക്ക് വരുമ്പോള്‍ കുട്ടികള്‍ എഴുന്നേറ്റ് നില്‍ക്കുന്നത് കുട്ടികള്‍ക്ക് വേണ്ടിയോ അധ്യാപകന് വേണ്ടിയോ എന്ന ചോദ്യം പോലെയാണിത്. അന്തിമ വിശകലനത്തില്‍, കുട്ടികളില്‍ ഗുരുവിനെ ആദരിക്കുക എന്ന മൂല്യം പഠിപ്പിക്കാനുള്ള സമ്പ്രദായം എന്ന നിലക്ക് അത് കുട്ടികള്‍ക്ക് വേണ്ടിയാണ്. ഇതുപോലെ ദൈവാരാധനയും മനുഷ്യനു വേണ്ടിയാണ്; ദൈവത്തിന് വേണ്ടിയല്ല.

ശരീരവും ബുദ്ധിയും ആത്മാവും ചേര്‍ന്നതാണ് മനുഷ്യന്‍. ശരീര പുഷ്ടിക്ക് ആഹാരവും വ്യായാമവും പോലെ ബുദ്ധി വികാസത്തിന് പഠനവും ചിന്തയും പോലെ ആത്മീയ വളര്‍ച്ചക്ക് ദൈവാരാധനയും അനുഷ്ഠാനങ്ങളും ആവശ്യമാണ്.

ആരാധനാ വികാരം മനുഷ്യനിലെ അങ്ങേയറ്റത്തെ വിധേയത്വ വികാരമാണ്. അതിനു താഴെ ആദരവ്, ബഹുമാനം പോലെയുള്ള വിധേയത്വ വികാരങ്ങളുണ്ട്. അത് തന്നേക്കാള്‍ ഉയര്‍ന്നവരോട് കാണിക്കല്‍ മനുഷ്യന്റെ ബാധ്യതയാണ്. അതിനാല്‍ നേതാവിനെ ആദരിക്കുകയും ഗുരുവിനെ ബഹുമാനിക്കുകയും മാനവിക മൂല്യങ്ങളാണ്. എങ്കില്‍ അങ്ങേയറ്റത്തെ വിധേയത്വ വികാരം തന്നെ സൃഷ്ടിച്ച ദൈവത്തോട് കാണിക്കല്‍ മനുഷ്യന്റെ ബാധ്യതയാവാതിരിക്കുന്നതെങ്ങനെ?
‘എന്നെ സൃഷ്ടിച്ചവനെ ആരാധിക്കാതിരിക്കാന്‍ എനിക്കെന്ത് ന്യായമാണുള്ളത്?’ എന്ന് ഒരു വിശ്വാസി നിഷേധികളോട് പറയുന്നതായി ഖുര്‍ആന്‍ ഉദ്ധരിക്കുന്നുണ്ട്. (36: 22)

സ്തുതി, കീര്‍ത്തനം, വിധേയത്വം, നന്ദി പ്രകടനം തുടങ്ങിയ പല ഘടകങ്ങളും ആരാധനക്ക് നിമിത്തമാകും.

മഹാനായ ചിത്രകാരന്റെ മനോഹരമായ ഒരു കലാരൂപം കാണുമ്പോള്‍ അദ്ദേഹത്തെ പുകഴ്ത്തല്‍ അര്‍ഹതക്കുള്ള അംഗീകാരം നല്‍കലാണ്. അത് മാനവിക ബാധ്യതയുമാണ്. എങ്കില്‍, ഇത്തരം ലക്ഷക്കണക്കിന് കലാകാരന്‍മാരെയും പ്രപഞ്ചത്തെ തന്നെയും സൃഷ്ടിച്ച ദൈവത്തെ പുകഴ്ത്താതിരിക്കാന്‍, സ്തുതിക്കാതിരിക്കാന്‍ എന്തുണ്ട് ന്യായം? സ്രഷ്ടാവിന്റെ അര്‍ഹത പരിഗണിക്കപ്പെടുകയും സൃഷ്ടികളുടെ ബാധ്യത നിര്‍വഹിക്കപ്പെടുകയും ചെയ്യുമ്പോഴാണ് സ്രഷ്ടാവും സൃഷ്ടികളും തമ്മിലുള്ള ബന്ധം അര്‍ഥവത്താവുന്നത്. അതിനാല്‍ ഖുര്‍ആന്‍ പറയുന്നു: ‘അത്യുന്നതനായ നിന്റെ നാഥന്റെ നാമം പ്രകീര്‍ത്തിക്കുക. എല്ലാം സൃഷ്ടിച്ച് ക്രമപ്പെടുത്തിയവനാണവന്‍.’ (87: 1,2)

ഹൃദയത്തിന്റെ വാല്‍വ് ശരിപ്പെടുത്തിയ ഡോക്ടറെ കാണുമ്പോള്‍ ആദരപൂര്‍വം നന്ദി കാണിക്കുന്ന മനുഷ്യന്‍ ഹൃദയം തന്നെ സൃഷ്ടിച്ച, അല്ല അവനെ തന്നെ സൃഷ്ടിച്ച ദൈവത്തോട് നന്ദി കാണിക്കാതിരിക്കാനെന്തുണ്ട് ന്യായം? അതിനാല്‍ പടക്കളത്തില്‍ തന്റെ യജമാനനോട് നന്ദി കാണിക്കുന്ന കുതിരയെ ചൂണ്ടിക്കൊണ്ട് വിശുദ്ധ ഖുര്‍ആന്‍ മനുഷ്യനോട് പറയുന്നു: ‘തീര്‍ച്ചയായും മനുഷ്യന്‍ തന്റെ രക്ഷിതാവിനോട് നന്ദി കെട്ടവന്‍ തന്നെ.’ (100: 6)

നിര്‍ണായകമായ ചില പ്രതിസന്ധി ഘട്ടങ്ങളില്‍ സഹായിച്ച വ്യക്തിയോടുള്ള വിധേയത്വ മനോഭാവം മനുഷ്യപ്രകൃതിയുടെ തേട്ടമാണ്. എന്നിരിക്കെ സൃഷ്ടിക്കയും വായുവും വെള്ളവും വെളിച്ചവും മറ്റനേകം അനുഗ്രഹങ്ങളും നല്‍കിയ ദൈവത്തോട് വിധേയപ്പെടാതിരിക്കാനെന്തുണ്ട് ന്യായം?

ജീവിതത്തിന്റെ നിഖില മേഖലകളിലും താങ്ങും തണലുമായി വര്‍ത്തിക്കുന്നവരെ അവരുടെ അസാന്നിധ്യത്തിലും സ്മരിക്കുക എന്നത് ഒരു മാനവിക ഗുണമാണ്. എന്നിരിക്കെ സൃഷ്ടിക്കുകയും പരിപാലിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന ദൈവത്തെ നിരന്തരം സ്മരിക്കാതിരിക്കാന്‍ മനുഷ്യന്റെ പക്കല്‍ എന്തുണ്ട് ന്യായം? അതിനാല്‍ വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ‘നില്‍ക്കുമ്പോഴും ഇരിക്കുമ്പോഴും കിടക്കുമ്പോഴും ദൈവത്തെ സ്മരിക്കുക.’ (4: 103)

നിരന്തരമായ ദൈവസ്മരണ മനുഷ്യാത്മാവിനെ സംസ്‌കരിക്കും. ആത്മാവിന്റെ പ്രകൃതത്തെ കുറിച്ച് ഖുര്‍ആന്‍ പറഞ്ഞത്: ‘അതിന് ധര്‍മത്തെയും അധര്‍മത്തെയും സംബന്ധിച്ച ബോധം നല്‍കിയിരിക്കുന്നു’ (91: 8) എന്നാണ്. ദൈവികബോധവും പൈശാചികബോധവും അതില്‍ കുടികൊള്ളുന്നു. നിരന്തരമായ ദൈവസ്മരണയിലൂടെ ദൈവികബോധത്തെ ശക്തിപ്പെടുത്തുമ്പോള്‍ പൈശാചികബോധം ദുര്‍ബലപ്പെടും. അത് മനുഷ്യനെ ദുര്‍വൃത്തികളില്‍ നിന്ന് തടയുകയും നന്മയിലേക്ക് നയിക്കുകയും ചെയ്യും. അതിനാല്‍ ഖുര്‍ആന്‍ മനുഷ്യനോട് ആവശ്യപ്പെടുന്നു: ‘നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുക. നിശ്ചയമായും നമസ്‌കാരം മ്ലേഛകൃത്യങ്ങളില്‍ നിന്നും ദുര്‍വൃത്തികളില്‍ നിന്നും തടയുന്നതാകുന്നു. ദൈവസ്മരണ ഇതിലേറെ മഹത്തരമത്രെ.’ (29: 45)

ആത്മശുദ്ധിയാണ് കര്‍മശുദ്ധിക്ക് നിദാനം. കര്‍മശുദ്ധിയാണ് മനുഷ്യ വിജയത്തിന്റെ അടിസ്ഥാനം. അതിനാല്‍ ഖുര്‍ആന്‍ പറയുന്നു: ‘ദൈവത്തെ കൂടുതല്‍ കൂടുതലായി സ്മരിക്കുക; അതുവഴി നിങ്ങള്‍ വിജയികളായേക്കാം.’ (8: 45)

അല്ലാത്തപക്ഷം സ്വന്തം താല്‍പര്യങ്ങള്‍ നേടാനായി പരിധിവിട്ട് പ്രവര്‍ത്തിക്കുന്ന മനുഷ്യന്‍ നാശത്തിലകപ്പെടുകയാണ് ചെയ്യുക. അതുകൊണ്ടു തന്നെ വിശുദ്ധ ഖുര്‍ആനിലൂടെ സ്രഷ്ടാവായ ദൈവം താക്കീതു നല്‍കുന്നു: ‘നമ്മെ സ്മരിക്കുന്നതില്‍ അശ്രദ്ധ കാണിക്കുകയും സ്വച്ഛകളെ പിന്തുടരുകയും പരിധിവിട്ട് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന് നീ കീഴ്‌പ്പെട്ട് പോകരുത്.’  (18: 28)

അന്തിമ വിശകലനത്തില്‍, ദൈവാരാധന മനുഷ്യനെ മനുഷ്യനാക്കാനുള്ളതാണെന്ന് വരുന്നു. അതിനാല്‍ ദൈവാരാധന ഒരു പാഴ്‌വേലയല്ല; മാനവിക മൂല്യങ്ങളുടെ അടിസ്ഥാനമാണ്.

പിന്‍കുറി: ഭൗതികതയില്‍ പുരോഗതിയും മാനവികതയില്‍ അധോഗതിയും എന്നതാണ് ആധുനിക മനുഷ്യനാഗരികതയുടെ പ്രത്യേകതകളിലൊന്ന്. അതിനാല്‍ മൂന്ന് ‘H’കളുടെ സന്തുലിത വികാസമാണ് യഥാര്‍ഥ മാനവിക നാഗരികതയുടെ വളര്‍ച്ചക്കാവശ്യം എന്ന പുതിയ പഠനം വളരെ പ്രസക്തമാണ്. അതിലൊന്ന് Head അഥവാ ബുദ്ധിപരമായ വികാസമാണ്. രണ്ട്, Hand അഥവാ നിര്‍മാണ രംഗത്തെ പുരോഗതിയാണ്. മൂന്ന്, Heart അഥവാ ആത്മീയ, ധാര്‍മിക രംഗത്തെ വികാസമാണ്. ആദ്യത്തെ രണ്ടും ഭൗതിക വളര്‍ച്ചക്കാണെങ്കില്‍ മൂന്നാമത്തേത് മാനവിക വളര്‍ച്ചക്കുള്ളതാണ്.

ഇസ്‌ലാം ഭാരതീയ പ്രമാണങ്ങളില്‍

സ്രഷ്ടാവായ ദൈവത്തെ മാത്രമേ ആരാധിക്കാവൂ?

Related Articles