Current Date

Search
Close this search box.
Search
Close this search box.

ദൈവം ഒരു യാഥാര്‍ഥ്യം

flower-nature.jpg

വേദങ്ങള്‍ സാക്ഷ്യപ്പെടുത്തുന്ന സ്രഷ്ടാവായ ദൈവം ഒരു യാഥാര്‍ഥ്യമോ? അതറിയാന്‍ എന്തുണ്ട് വഴി? മറ്റു സൃഷ്ടികളില്‍ നിന്ന് വ്യത്യസ്തമായി മനുഷ്യനുള്ള സവിശേഷമായൊരു കഴിവാണത്രെ ‘യുക്തി’ സ്രഷ്ടാവിനെ അറിയാന്‍ സൃഷ്ടികളെ നോക്കി യുക്തിപരമായി ചിന്തിക്കാനാണ് വിശുദ്ധ ഖുര്‍ആന്‍ പറയുന്നത്. ദൈവത്തെ അറിയാന്‍ യുക്തി ഉപയോഗിക്കണം എന്ന് പറഞ്ഞാല്‍ ദൈവ നിഷേധികളായ യുക്തിവാദികള്‍ യുക്തി ഉപയോഗിക്കുന്നില്ല എന്നു വരില്ലേ? എന്താണ് യുക്തി എന്നതിന്റെ മറുപടിയാണതിനുത്തരം പറയേണ്ടത്. കണ്ട ഒന്നില്‍ നിന്ന് കാണാത്ത ഒന്നിനെ അനുമാനിക്കാനുള്ള കഴിവാണത്രെ യുക്തി. കാര്യത്തില്‍ നിന്ന് കാരണം കണ്ടെത്താനുള്ള കഴിവ്. പുക കണ്ടാല്‍ എവിടെയോ തീ ഉണ്ട് എന്ന് മനസ്സിലാക്കല്‍.

ഒരു മേശ കാണാന്‍ ഈച്ചക്കും പൂച്ചക്കും കോഴിക്കും കഴുതക്കും കഴിയും. എന്നാല്‍ മേശയുടെ പിന്നിലെ ആശാരിയുടെ കരവിരുതിനെ കണാന്‍ അവക്ക് കഴിയില്ല. മേശയാകുന്ന കാര്യത്തില്‍ നിന്ന് ആശാരിയാകുന്ന കാരണത്തെ കാണാന്‍ മനുഷ്യന് കഴിയും. ഇതാണത്രെ യുക്തി.

ചുരുക്കത്തില്‍, കവിത വായിച്ച് കവിയെ അറിയാമെങ്കില്‍ ശില്‍പം കണ്ടുകൊണ്ട് ശില്‍പിയെ അറിയുമെങ്കില്‍ സൃഷ്ടികളെ കണ്ടുകൊണ്ട് സ്രഷ്ടാവിനെയുമറിയാം. ‘If there is a design there must be designer’ (സൃഷ്ടിയുണ്ടെങ്കില്‍ സ്രഷ്ടാവുമുണ്ട്.) എന്ന പൊതുതത്വം ഇതിനാണ് അടിവരയിടുന്നത്. ഈ ലളിതമായ യുക്തിയെ യുക്തിവാദികള്‍ ഉപയോഗിക്കുന്നില്ലെന്ന് വ്യക്തം. മേശക്കുള്ളില്‍ ആശാരിയെ തിരയുന്നത് യുക്തിയല്ല; യുക്തിവിരുദ്ധമാണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ‘ആകാശ ഭൂമികളുടെ സൃഷ്ടിപ്പിലും രാപ്പകലുകള്‍ മാറിമാറി വരുന്നതിലും ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട്’ എന്നുപറഞ്ഞാല്‍ ഈ പ്രപഞ്ച സംവിധാനത്തിന്റെ വ്യവസ്ഥാപിതത്വത്തിന്റെ പിന്നില്‍ വ്യക്തമായ ആസൂത്രണങ്ങളുണ്ട് എന്നാണ്. ബുദ്ധി ശൂന്യതയില്‍ നിന്ന് ആസൂത്രണങ്ങളോ യുക്തി ശൂന്യതയില്‍ നിന്ന് വ്യവസ്ഥാപിത തത്വമോ ഉണ്ടാവുകയില്ല. പ്രപഞ്ചം പക്ഷേ യുക്തി പൂര്‍ണമായ ആസൂത്രണങ്ങള്‍ക്ക് വിധേയമാണ്. അതിനര്‍ത്ഥം ഈ പ്രപഞ്ചം അനാഥമല്ല; ഇതിന്റെ പിന്നിലൊരു ശക്തിയുടെ യുക്തിപരമായ ഇടപെടലുണ്ട് എന്നാണ്. ഇങ്ങനെ ആകാശഭൂമികളെ സംബന്ധിച്ച് മാത്രമല്ല, മറ്റ് ചരാചരങ്ങളെ സംബന്ധിച്ചും ചിന്തിക്കാനാവശ്യപ്പെടുന്ന ധാരാളം ഖുര്‍ആന്‍ വാക്യങ്ങളുണ്ട്.

മറ്റൊരു ഭാഗത്ത് ഖുര്‍ആന്‍ പറയുന്നു: ‘നിങ്ങള്‍ ചിന്തിക്കുന്നില്ലേ; നിങ്ങളില്‍ തന്നെയുണ്ട് ദൃഷ്ടാന്തങ്ങള്‍’

ഇവിടെ സ്വന്തത്തിലേക്ക് നോക്കി തന്റെ ദൈവത്തെ കണ്ടെത്താനാണ് ഖുര്‍ആന്‍ പറയുന്നത്. മാതാവിന്റെ ഗര്‍ഭാശയമാകുന്ന ഒരു ഇരുട്ടറയില്‍ നിന്നാണല്ലോ മനുഷ്യന്റെ ജീവിതം ആരംഭിക്കുന്നത്. വെളിച്ചം കടക്കാത്ത പ്രസ്തുത ഇരുട്ടറയില്‍ വളരുമ്പോഴാണ് വെളിച്ചത്തില്‍ കാണാനുപകരിക്കുന്ന കണ്ണുകളുണ്ടാവുന്നത്. ഇന്നല്ലെങ്കില്‍ നാളെ പുറത്തുപോകേണ്ടിവരുമെന്നും പുറത്തുപോയാല്‍ കാണാന്‍ കണ്ണുകള്‍ വേണ്ടിവരുമെന്നും ഗര്‍ഭസ്ഥ ശിശുവിനറിയില്ല. മാതാപിതാക്കള്‍ കുട്ടിക്ക് കാണാന്‍ കണ്ണുകള്‍ ‘ഫിറ്റ്’ ചെയ്യാന്‍ ഇടപെടുന്നില്ല. പക്ഷേ ജനിച്ചുവീഴുമ്പോള്‍ ‘കാണാന്‍ വേണ്ടി’ മുഖത്ത് രണ്ട് കണ്ണുകളുണ്ട്. കണ്ണുകളുണ്ടാവുന്നത് യാദൃശ്ചികമാണെന്ന് പറയാനാവില്ല. കാരണം യാദൃശ്ചികതയില്‍ ഉദ്ദേശ്യമില്ല; കണ്ണുകളുണ്ടാവുന്നത് ‘കാണാന്‍ വേണ്ടി’ എന്ന ഉദ്ദേശ്യത്തോടെയാണ്. അതിനര്‍ത്ഥം കണ്ണുകളുണ്ടായതിന്റെ പിന്നില്‍ ഉദ്ദേശ്യപൂര്‍വ്വമുള്ള ഇടപെടലുണ്ട് എന്നാണ്. ഇത് സംബന്ധമായി ഒരു ഉപനിഷത്ത് വാക്യം ഇങ്ങനെയാണ്: ‘കണ്ണിനു കാഴ്ച നല്‍കിയതും എന്നാല്‍ കണ്ണുകൊണ്ട് കാണാന്‍ കഴിയാത്തതുമായ ശക്തിയേതോ അത് ബ്രഹ്മ(ദൈവം)മെന്ന് നീ അറിയുക. എന്നാല്‍, നീ ബ്രഹ്മമെന്ന് വിചാരിച്ച് ഉപാസന ചെയ്യുന്നതൊന്നും ബ്രഹ്മമല്ല.’ (കേനോപനിഷത്ത് 1:7)

കണ്ണിന് കാഴ്ച നല്‍കിയതും എന്നാല്‍ കണ്ണുകൊണ്ട് കാണാന്‍ കഴിയാത്തതുമായ ശക്തിയാണ് ദൈവം എന്നതിന്റെ മറ്റൊരര്‍ത്ഥം ഹിന്ദുവിന്റെയും ക്രിസ്ത്യാനിയുടെയും മുസ്‌ലിമിന്റെയുമടക്കം എല്ലാ മനുഷ്യരുടെയും ദൈവം ഒന്നാണ് എന്നുകൂടിയാണ്.

പിന്‍കുറി:
മനുഷ്യനെ സൃഷ്ടിച്ച സ്രഷ്ടാവില്‍ വിശ്വസിക്കാന്‍ മനുഷ്യന്‍ അവന്റെ യുക്തി ഉപയോഗപ്പെടുത്തണം. മനുഷ്യന്‍ സൃഷ്ടിച്ച ദൈവങ്ങളില്‍ വിശ്വസിക്കാന്‍ യുക്തി ഉപയോഗിക്കാന്‍ പാടില്ല. സത്യവിശ്വാസവും അന്ധവിശ്വാസവും വേര്‍തിരിയുന്നത് ഇവിടെയാണ്.

ദൈവം
ദൈവത്തെപ്പറ്റി ശാസ്ത്രം

Related Articles