Current Date

Search
Close this search box.
Search
Close this search box.

തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കല്ലേ…

Odonata.jpg

ഇസ്‌ലാമിലേക്ക് പുതുതായി കടന്നു വരുന്നവര്‍ പൊതുവെ ഹൃദയത്തില്‍ കുടിയിരുത്തിയ ഒരുപാടു ദൈവങ്ങളെ (പണം, പ്രസിദ്ധി, ദേഹേച്ഛ) ഒഴിവാക്കിയിട്ടാവും തൗഹീദിന്റെ തെളിനീര്‍ ആസ്വദിക്കുന്നുണ്ടാവുക. അതുകൊണ്ട് തന്നെ തുടക്കത്തില്‍ വല്ലാത്തൊരു ആവേശത്തിലായിരിക്കും ഇവര്‍. പല കാര്യങ്ങളും അനുകരിക്കാനും നടപ്പില്‍ വരുത്താനും ശ്രമിച്ചേക്കും, കിട്ടുന്ന ഉപദേശങ്ങള്‍ക്കും, നിര്‍ദേശങ്ങള്‍ക്കുമനുസരിച്ചു വളയാന്‍ തയ്യാറായി നില്‍ക്കുന്ന ഒരു മാനസികാവസ്ഥ ആയതിനാല്‍ ആ സമയത്തു കിട്ടുന്ന/കൊടുക്കുന്ന അഭിപ്രായങ്ങള്‍ക്കു വലിയ പ്രസക്തി ഉണ്ട്.
‘ഇസ്‌ലാം സ്വീകരിച്ചു അല്ലെ ‘
‘വീട്ടിലൊക്കെ പോവാറുണ്ടോ ‘
‘മാതാപിതാക്കള്‍ക്ക് ഹിദായത് കിട്ടിയോ?’
‘അവര്‍ക്കു എത്തിക്കേണ്ടത് നിങ്ങളുടെ ബാധ്യത ആണ് കേട്ടോ’

ഒരു എമണ്ടന്‍ സമുദായം ഇക്കാലമത്രയും വേണ്ട രീതിയില്‍ നടത്താതിരുന്ന ബാധ്യത പിച്ചവെച്ച് നടക്കുന്ന ഒരാളുടെ തലയിലേക്ക് വച്ച് കൊടുക്കാന്‍ എളുപ്പമാണ്. ആ പാവം അത് കൈമാറാനുള്ള തിടുക്കത്തില്‍ നടത്തുന്ന പല തീരുമാനങ്ങളും അബദ്ധത്തില്‍ ചാടാനും, ബന്ധങ്ങളുടെ ഊഷ്മളത നഷ്ടപ്പെടാനും ശത്രുത വളരാനും ഒക്കെ കാരണമായേക്കാം. അത് കൊണ്ട് തന്നെ അവധാനതയുള്ള സമീപനങ്ങള്‍ ഓര്‍മിപ്പിക്കേണ്ടതുണ്ട്. പരിശീലിപ്പിക്കെണ്ടതുണ്ട്. നമ്മുടെ ചില മൗനങ്ങള്‍ പോലും വായിച്ചെടുത്തു പ്രയോഗവത്കരിക്കാന്‍ കാത്തിരിക്കുന്നവര്‍ പോലും ഇക്കൂട്ടത്തിലുണ്ട് താനും. ചില പുത്തനച്ചിമാര്‍ പുരപ്പുറം പോലും തൂക്കാന്‍ ശ്രമിക്കും എന്നും കണക്കിലെടുക്കേണ്ടതാണ്. സ്വന്തം ഈമാന്‍ തെളിയിക്കാന്‍ ശ്രമിക്കുന്ന പുതുവിശ്വാസിയെന്ന തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കാന്‍ ആവേശത്താല്‍ വിജ്രംഭിച്ച പരമ്പരാഗത ദീനിസഹോദരങ്ങളുണ്ടെങ്കില്‍ കാര്യം പറയുകയും വേണ്ട.

ഇസ്‌ലാം ആശ്ലേഷത്തിനു ശേഷം ഒരു സാമൂഹിക ജീവിതം കരുപ്പിടിക്കുമ്പോള്‍ സംഭവിക്കുന്ന ഒരു കാര്യമാണ് വിവാഹം. അതിനു ശേഷവും മാതാപിതാക്കളോടുള്ള ബന്ധം ശക്തമായി തുടരുന്ന എന്നിലേക്ക് എത്തിക്കപ്പെട്ട ഒരുപദേശം ആയിരുന്നു. ‘ബന്ധം നന്നായി പോകുന്നുണ്ടല്ലേ? ഇപ്പൊ കുഴപ്പമില്ല, പക്ഷെ മരണാന്തര ചടങ്ങുകള്‍ക്കെല്ലാം പങ്കെടുക്കേണ്ടതില്ല, കേട്ടോ, ‘

എന്റെ പിതാവിന്റെ മരണാന്തര ചടങ്ങുകളില്‍ മൂത്ത സഹോദരന് വരാന്‍ സാധിച്ചിരുന്നില്ല, മകന്‍ എന്ന നിലയില്‍ ഞാനായിരുന്നു മാതാവിനും, പെങ്ങളോടും കൂടി ഉണ്ടായിരുന്നത്. ഹിന്ദു മതാചാര പ്രകാരം മൃതദേഹത്തെ അമ്മ നമസ്‌കരിച്ചു, കാര്‍മ്മികന്‍ മകനെ വിളിച്ചു. പെങ്ങള്‍ തന്ത്രപൂര്‍വം എന്നെ ഒഴിവാക്കി തന്നു. എന്റെ നന്മയെക്കാള്‍ ഏറെ എന്റെ വിശ്വാസത്തോടുള്ള അവരുടെ കരുതലായിട്ടേ എനിക്കു ഇന്നും എന്നും അതനുഭവപ്പെട്ടിട്ടുള്ളൂ. ഒരുപക്ഷെ മുസ്‌ലിംകളുടെ മയ്യിത്ത് നമസ്‌കാരത്തില്‍ അവര്‍ സുജൂദ് ഒഴിവാക്കുന്നതിന്റെ മര്‍മ്മം എന്നെ പോലെ അവളും മനസ്സിലാക്കിട്ടുണ്ടാവാം. പക്ഷെ ബലിയറുക്കാന്‍ കൊണ്ടുപോകുന്ന മൃഗത്തിന്റെ ദൈന്യത്തോടെ ഞാന്‍ അനുഭവിച്ച നിമിഷങ്ങള്‍ (ചെയ്താല്‍ ശിര്‍കാവും എന്ന വിദ്യാഭ്യാസത്താല്‍ സംഭവിച്ചത്) മറ്റൊരാളിലേക്ക് പകരാന്‍ ഞാന്‍ ശ്രമിക്കാറില്ല. നിയ്യത്താണ് കര്‍മങ്ങളുടെ അടിസ്ഥാനം എന്ന ബോധ്യം ഇന്നെനിക്കുണ്ട്, മുമ്പ് അത് ആടി കളിക്കുമായിരുന്നു. കൊടും കുറ്റവാളികളും, പലിശ തിന്നുന്നവരും, മദ്യപാനികളും സമുദായത്തിനകത്തു അനുഭവിക്കുന്ന ചില മര്യാദകള്‍ ഉണ്ട്. പ്രത്യേകിച്ചും മരണ സമയത്, അതിലേക്കാളേറെ പാതകമൊന്നും സാഹചര്യത്തിനനുസരിച്ചു പെരുമാറിയാല്‍ സംഭവിക്കില്ല എന്നാണിപ്പോഴെന്റെ തോന്നല്‍. എന്നെ എല്ലാവരേക്കാളും മനസ്സിലാവുന്ന റബ്ബിലാണെന്റെ സുരക്ഷിതത്വവും. ഇത്തരം രീതി ശാസ്ത്രങ്ങള്‍ ഒരുപാട് അനുവര്‍ത്തിക്കേണ്ടി വരുന്ന ഒരു കൂട്ടരാണ് നവ മുസ്‌ലിംകള്‍. അവരോടുള്ള ഉപദേശങ്ങള്‍, നിര്‍ദേശങ്ങള്‍ ഒക്കെ അത്തരം കാഴ്ചപ്പാടില്‍ നിന്നും ഉരുവം കൊള്ളേണ്ടതാണെന്നാണ് പറഞ്ഞു വരുന്നത്. മുസ്‌ലിമായ സ്വന്തം മകളെ പ്രവാചകന്‍ അമുസ്‌ലിം ഭര്‍ത്താവിന്റെ കൂടെ കഴിയാന്‍ അനുവദിക്കുക, അതെ മരുമകന്‍ എതിര്‍ പക്ഷത്തു യുദ്ധത്തിനായി വരിക, തടവിലാക്കപ്പെട്ട അയാളെ മോചിപ്പിക്കാന്‍ മകള്‍, പ്രാണ പ്രേയസിയുടെ വള കൊടുത്തയക്കുക. പ്രവാചകന്‍ ഓര്‍മയില്‍ കണ്ണീര്‍ വാര്‍ക്കുക, ഇത്തരം ചരിത്രങ്ങളിലേ എന്റെ ദൃഷ്ടാന്തങ്ങള്‍ രൂപപ്പെട്ടിട്ടുള്ളൂ. എന്തിനേറെ ഈ അടുത്ത കാലത്തു വികടസരസ്വതി എന്ന മലയാള പ്രയോഗം ഒരു സംഭാഷണത്തില്‍ ഉപയോഗിച്ചപ്പോള്‍ ഇപ്പോഴും സരസ്വതി ഒക്കെ ഉണ്ടോ എന്നന്വേഷിക്കുന്ന ദീനി സഹോദരങ്ങളുള്ള ഒരു സമുദായം കൂടിയാണിത്. വിശദീകരിച്ചപ്പോള്‍ അത്തരം പ്രയോഗങ്ങള്‍ അല്ലാഹു ഇഷ്ടപ്പെടില്ല എന്നാണെന്റെ വിശ്വാസം, ലകും ദീനുകും വലിയദീന്‍ എന്ന മറുപടിയും. മതത്തെ വാട്ടര്‍ ടൈറ്റ് കംപാര്‍ട്ടുമെന്റുകളായി മനസ്സിലാക്കിയ ഒരു കൂട്ടം ആളുകള്‍ സമുദായത്തിനകത്തുണ്ടെന്നും അവരുടെ ഉപദേശങ്ങളാല്‍ വളര്‍ത്തപ്പെടുന്ന നവ മുസ്‌ലിംകള്‍ അപകടകാരികളായി മാറിയേക്കും എന്ന ആശങ്ക കൂടി ആണ് ഞാന്‍ പങ്കുവെക്കാന്‍ ശ്രമിക്കുന്നത്. ഇത്തരം എല്ലാ സമീപനങ്ങളാലും കൂടിയാണ് സമൂഹത്തിനും കോടതികള്‍ക്ക് പോലും മുന്‍വിധികള്‍ രൂപപ്പെടുന്നതെന്നുള്ള ആത്മവിമര്‍ശനങ്ങള്‍ക്കും ശ്രമിക്കാവുന്നതാണ്. സ്വയം നവീകരിക്കപ്പെടുന്ന ഒരു പ്രത്യയശാസ്ത്രത്തിനു മാത്രമേ പ്രതിസന്ധികള്‍ തരണം ചെയ്യാനും, സര്‍ഗാത്മകമായി തിരിച്ചു വരാനും സാധിക്കൂ.

നവ മുസ്‌ലിംകളെ പറിച്ചു നട്ടാല്‍ മാത്രമേ അവര്‍ക്കു അവരുടെ ഇസ്‌ലാമിനെ നന്നായി അനുവര്‍ത്തിക്കാന്‍ പറ്റൂ എന്നും അതിനായി സൗകര്യങ്ങള്‍ ഒരുക്കുന്നതുമൊക്കെ നന്ന്. അതിനായി ഹിജ്‌റയുടെ പുണ്യം ഉണര്‍ത്തുകയും ആവാം. പക്ഷെ അപ്പോഴും ഒരു ഒളിച്ചോട്ടം എന്നതിനേക്കാള്‍ പരസ്പരം ഉള്ള ഒരു കരുതലായി അനുഭവപ്പെടുത്താന്‍ സാധിക്കേണ്ടതുണ്ട്. ഒരു സുഹൃത്തും ഭാര്യയും ഇസ്‌ലാം സ്വീകരിച്ചു. സുഹൃത്തു ഗള്‍ഫ് ജീവിതത്തിലാണ് ഇസ്‌ലാം അനുവര്‍ത്തിക്കാന്‍ തുടങ്ങിയത്. നാട്ടില്‍ വന്നു ഇണയോടും അവരുടെ വീട്ടുകാരോടും കാര്യം പറഞ്ഞു. നിന്റെ ഇഷ്ടം എന്ന മതേതര മറുപടി. ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഇണക്കും സംഭവം കൊള്ളാം എന്നായി. ഒരു യാത്ര. ശഹാദത് കലിമ. വീട്ടിലേക്കു വിളിച്ചു കാര്യം പറയുന്നു. ഒരൊറ്റ ചോദ്യം ‘ചുരിദാറിട്ടു പോയ നീ ഇനി പര്‍ദ്ദ ഇട്ടാവും വരിക അല്ലേ? ഇങ്ങോട്ടാണെങ്കില്‍ അത് വേണ്ട. നിങ്ങള്‍ക്കു സൗകര്യമുള്ള സ്ഥലത്തു എന്താന്ന് വെച്ചാ ആയിക്കോളൂ.’ തിരിച്ചവര്‍ ചുരിദാറിട്ടു തന്നെ വീട്ടില്‍ പോയി, ഇപ്പോഴും അവിടെ തന്നെ. അതെ സമയവും നമസ്‌കാരം, നോമ്പ്, മറ്റു പഠനങ്ങള്‍ ഒക്കെ വീട്ടില്‍ വച്ച്. ഹിജാബെന്ന സംസ്‌കാരം ഉള്‍കൊള്ളുന്നു. അതിലെ വസ്ത്രത്തിന്റെ ചില മാനദണ്ഡങ്ങള്‍ അവര്‍ ഒഴിവാക്കിയിട്ടുണ്ട്. അതില്‍ മാത്രം മതത്തിന്റെ ആഴവും പരപ്പും അളക്കുന്ന ആളുകള്‍ അവരെ സംശയദൃഷ്ടിയോടെ നോക്കാറുണ്ട്, വിമര്‍ശിക്കാറുണ്ട്. പക്ഷെ അവര്‍ ആ കുടുംബത്തിന്റെ മൊത്തം കാഴ്ചപ്പാട് മാറ്റിയെടുത്തിരിക്കുന്നു. അവരൊക്കെ ഇസ്‌ലാം സ്വീകരിച്ചു എന്നല്ല, പക്ഷെ ഇവരൊന്നും ആട് മേയ്ക്കുന്നതിനേക്കാള്‍ മാതാപിതാക്കളെ പരിചരിക്കാനാണ് ഇഷ്ടപ്പെടുന്നതെന്നു അവര്‍ മനസ്സിലാക്കി. ഒരു കുടുംബത്തിനെങ്കിലും ബോധ്യം തിരുത്തപ്പെട്ടു എന്ന് മാത്രം. ഇത് എല്ലാ കുടുംബത്തിലും പ്രാവര്‍ത്തികം അകണം എന്നൊന്നും ഇല്ല. പക്ഷെ സാധ്യതകള്‍ പരിശോധിക്കേണ്ടത് വിശ്വാസം സ്വീകരിച്ചവരുടെ കര്‍ത്തവ്യവും ഉത്തരവാദിത്വവും ആയി മാറേണ്ടതുണ്ട്. ചിലപ്പോള്‍ വെറുപ്പോടെ ഇറക്കി വിടുക/അകല്‍ച്ച പാലിക്കുക എന്നൊക്കെ സംഭവിക്കാം. കാരണം മിക്കവാറും കുടുംബങ്ങള്‍ അവരേക്കാളേറെ സമൂഹത്തിനു വേണ്ടി ജീവിക്കുന്ന സമയം ആയിരിക്കുമത്. എങ്ങിനെയാണെങ്കില്‍ പോലും കേസും പൊല്ലാപ്പും ഇല്ലാതിരിക്കുക എങ്കിലും സംഭവിക്കും. വല്ലാതെ ബുദ്ധിമുട്ടിച്ചാല്‍ ഹിമാലയത്തില്‍ പോയി സന്യസിക്കുന്നത് ഒക്കെ മഹാകാര്യമായി കൊണ്ടാടുന്നവര്‍ ആടുമേയ്ക്കലിലും ചില വിപ്ലവങ്ങള്‍ ഒക്കെ വായിച്ചെടുക്കേണ്ടതുണ്ട് എന്നാണെന്റെ പക്ഷം. പക്ഷെ ഇതൊക്കെയും വീട്ടുകാരുടെ സമ്മതമില്ലാതെ രാഷ്ട്രീയ മാറ്റം, ജോലി മാറല്‍, കോഴ്‌സ് പഠിക്കാന്‍ തെരഞ്ഞെടുക്കല്‍, പ്രണയ വിവാഹങ്ങള്‍ എന്നിവയിലൊക്കെ സംഭവിക്കാറുണ്ട്. അതെ വിശ്വാസ മാറ്റത്തിലും സംഭവിക്കേണ്ടതുള്ളൂ, അതിനപ്പുറത്തുള്ള മഹാകാര്യമായി ആരും കൊട്ടിഘോഷിക്കേണ്ടതില്ലല്ലോ? പ്രശ്‌നവത്കരിക്കാന്‍ അതിനായി ജീവിതം ഒഴിഞ്ഞിട്ടവര്‍ എമ്പാടും ഉണ്ട്. അവരുടെ കുതന്ത്രങ്ങളെ മറികടക്കാനുള്ള നിലപാടുകള്‍ ഇസ്‌ലാമികമായി വികസിപ്പിക്കേണ്ടതുണ്ട് എന്നാണ് ആവര്‍ത്തിക്കുന്നത്. പൊതു സമൂഹവും എന്തിനേറെ കോടതിപോലും എതിര്‍ പക്ഷത്തു നില്‍ക്കുന്ന വര്‍ത്തമാന കാല സാഹചര്യത്തില്‍ കാര്യങ്ങള്‍ വെടിപ്പോടെ ചെയ്യുന്നതും ദീനിന്റെ താല്‍പര്യം ആണല്ലോ ?

ഇപ്പോഴും ചിലര്‍ക്കുള്ള ന്യായീകരണം, മാതാപിതാക്കളോടുള്ള ഇസ്‌ലാമിന്റെ മഹത്തായ നിര്‍ദേശങ്ങളെ ചൂണ്ടി കാണിച്ചു കൊണ്ടായിരിക്കും, അതിന്റെ പ്രായോഗിക നിദര്‍ശനങ്ങള്‍ നമുക്ക് സമൂഹത്തില്‍ അനുഭവിക്കാന്‍ സാധിക്കേണ്ടതുണ്ട്. എന്റെ മകള്‍ എങ്ങിനെ വേണമെങ്കിലും ജീവിച്ചോട്ടെ, അവളുടെ പ്രസവം ഞാന്‍ നടത്തും, എന്നെ അതിനെങ്കിലും അനുവദിക്കണം എന്ന ഒരമ്മയുടെ യാചനയെ പുറങ്കാലിട്ടടിച്ചു ഒരു പ്രാഥമിക വിവരം പോലും നല്‍കാതെ ജിഹാദിനോ, ആട് മേയ്ക്കാനോ അപ്രത്യക്ഷമായവര്‍/അവരെ നയിച്ചവര്‍ ഇസ്‌ലാമിനോട് ചെയ്യുന്ന പാതകം എത്രയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടോ? ഇതൊരൊറ്റപ്പെട്ട സംഭവം ആയേക്കാം. പക്ഷെ അതിലൂടെയാണ് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന പൊതു ബോധം രൂപപ്പെടുന്നതെന്നു തിരിച്ചറിഞ്, വേണ്ടുന്ന ഉപദേശ നിര്‍ദേശങ്ങള്‍ക്കു പ്രാപ്തരായവരെ തയ്യാറാക്കേണ്ടതുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളിലൊക്കെ അവര്‍ നഷ്ടപ്പെട്ടു എന്ന് കരുതിയ കുഞ്ഞിനെ തിരിച്ചെടുക്കാനും, വീട്ടിലേക്കു കൂട്ടാനുമാണ് ഏതു വീട്ടുകാരും/ഏതു മതക്കാരായാലും ശ്രമിക്കുന്നത്. ചിലപ്പോളൊക്കെ അത് കോടതിയുടെ സഹായത്തോടെ. അവര്‍ വലിച്ചെറിയാന്‍ മനസ്സ് കാണിച്ചിട്ടില്ല എന്ന് സാരം. മതം മാറിയവര്‍ ഈ സന്ദര്‍ഭം ഉപയോഗപ്പെടുത്തുകയല്ലേ വേണ്ടത്. വിശ്വാസം എന്നതൊരു ഇരുമ്പുലക്കയാവരുത്. അല്‍പസ്വല്‍പം വിദ്ധ്യാഭ്യാസം ഒക്കെയുള്ള ഒരാള്‍ക്ക് എന്തൊക്കെ പറഞ്ഞാലും അത്യാവശ്യം കമ്മ്യൂണിക്കേഷന്‍ ഒക്കെ നടത്തി സ്വന്തം മാതാപിതാക്കളോട്, സഹോദരങ്ങളോട് താന്‍ കടന്നു പോവുന്ന അവസ്ഥകള്‍ വിശദീകരിക്കാനും അനുകൂലിച്ചില്ലെങ്കില്‍ പോലും എവിടെങ്കിലും പോയി ജീവിച്ചോ എന്നെങ്കിലും പറയുന്ന ഒരു അഭിപ്രായത്തിലേക്കെങ്കിലും എത്തിക്കാന്‍ ശ്രമിക്കേണ്ടതുണ്ട്. അതിനു പോലും പറ്റാത്ത ഒരു കടും പിടുത്തം വിശ്വാസത്തോടൊപ്പം കയറി വരുന്നുണ്ടെങ്കില്‍ അതും ചികില്‍സിക്കപ്പെടേണ്ടതാണ്. സ്‌നേഹം ആണ് പല കുടുംബങ്ങളെയും ഇത്തരം കോടതി കയറ്റത്തിന് പ്രേരിപ്പിക്കുന്നത്. ഭാവിയിലുള്ള ഉത്കണ്ഠ. അത് സര്‍ഗാത്മകമായി ഉപയോഗപ്പെടുത്താനും ഇത്തരം നടപടികളിലേക്ക് നീങ്ങാതെയുള്ള ആശയകൈമാറ്റത്തിനും ഇത്തരം ആളുകള്‍ക്ക് സാധ്യമാവേണ്ടതുണ്ട്. അതിനു പ്രാപ്യമാക്കാന്‍ വേണ്ടുന്ന പഠന നിര്‍ദേശങ്ങള്‍ ആണ് അഭ്യുദയ കാംക്ഷികള്‍ നടത്തേണ്ടത്. ഇതിനെ ഒക്കെ മറി കടന്നുള്ള ശത്രുത/സ്വാഭിമാനം ഒക്കെ കേരളീയ സമൂഹത്തില്‍ നടപ്പില്‍ വരുത്താന്‍ ശ്രമിക്കുന്ന ഇസ്‌ലാം വിരുദ്ധ ശക്തികള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുള്ളപ്പോള്‍, വിഷം കലക്കി സ്വാര്‍ത്ഥ താല്‍പര്യക്കാര്‍ എമ്പാടും വല വരിച്ചിരിക്കെ ഇത്തരം ആദര്‍ശം സ്വീകരിക്കുന്നവര്‍ കൃത്യമായ മുന്നൊരുക്കങ്ങളോട് കൂടി, സുതാര്യമായി സ്വന്തം ആദര്‍ശം പ്രകാശിപ്പിക്കാന്‍ ശ്രമിക്കേണ്ടതുണ്ട്, അതിനായ് ഏതറ്റവും പോകാന്‍ തയ്യാറാവേണ്ടതുണ്ട് സ്വന്തം വിശ്വാസം ദൃഢമാണെങ്കില്‍ അതേതു കൊടുങ്കാറ്റിലും പിടിച്ചു നില്‍കും. പക്ഷെ കൊടുങ്കാറ്റുകള്‍ രൂപപ്പെടുന്ന സാഹചര്യം ഒഴിവാക്കാന്‍ അവധാനതയോടെ ശ്രമിക്കേണ്ടതുണ്ട് എന്ന് മാത്രമാണ് സൂചിപ്പിക്കുന്നത്. എത്രെയൊക്കെ ശ്രമിച്ചാലും ചിലപ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം താനും. അതിനെ മറികടക്കാനുള്ള വിശ്വാസദാര്‍ഡ്യം നേടിയെടുത്തിട്ടുണ്ടെങ്കില്‍ പിന്നെ എന്തിനെ ഭയക്കാന്‍?

ഒടുക്കം: ഒരാള്‍ പ്രവാചകന്‍(സ)യുടെ അടുക്കല്‍ ചെന്ന് പറഞ്ഞു: ‘ഹിജ്‌റ പോവാന്‍ പ്രതിജ്ഞയെടുത്താണ് ഞാന്‍ താങ്കളുടെ അടുത്ത് വന്നിരിക്കുന്നത്, എന്റെ മാതാപിതാക്കളെ കരയുന്നവരായി ഞാന്‍ വിട്ടേച്ചു പോന്നിരിക്കുകയാണ്.’ നബി(സ) പറഞ്ഞു: നീ അവരുടെ അടുത്തേക്ക് മടങ്ങിചെന്ന് അവരെ ചിരിപ്പിക്കണം, നീ അവരെ കരയിപ്പിച്ചത് പോലെ.’ (അബൂദാവൂദ്)

Related Articles