Current Date

Search
Close this search box.
Search
Close this search box.

ഡിസംബര്‍ ആറിനെക്കുറിച്ച നിരീക്ഷണങ്ങള്‍

ബാബരി മസ്ജിദ് തകര്‍ത്തതിന്റെ 20-ാം വാര്‍ഷികത്തോടനുബന്ധിച്ച് ചാനലുകളിലും പത്രങ്ങളിലും നിരവധി ചര്‍ച്ചകളും സംവാദങ്ങളും നടക്കുകയുണ്ടായി. അത്തരമൊരു വിശകലനമാണ് ഹിന്ദു ദിനപത്രത്തില്‍ (2012 ഡിസംബര്‍ 16) മസ്ഹര്‍ ഹുസൈന്‍ നടത്തിയത്. ‘ഒരു സമൂഹത്തെ പുതുക്കിപ്പണിത തകര്‍ക്കല്‍’ എന്നാണ് ലേഖനത്തിന്റെ തലക്കെട്ട്. അതിന്റെ രത്‌നച്ചുരുക്കം ഇതാണ്: മസ്ജിദ് തകര്‍ത്തതിലൂടെ ഹിന്ദുത്വശക്തികള്‍ക്ക് രാഷ്ട്രീയമായി വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. അതേസമയം ഈ സംഭവം രാജ്യത്തെ മുസ്‌ലിം സമുഹത്തെ ഒന്നിപ്പിക്കുകയും ചെയ്തു. സ്വന്തം സ്വത്വത്തെക്കുറിച്ച് അവര്‍ ബോധവാന്‍മാരും അഭിമാനിതരുമാണ്. ഇസ്‌ലാമികാനുഷ്ഠാനങ്ങള്‍ പുലര്‍ത്താതിരുന്ന പലരും ആ സംഭവത്തിന് ശേഷം അവ പുലര്‍ത്തുന്നവരായി. നേരത്തെ വിദ്യാസമ്പന്നരും ധനികരുമായ മുസ്‌ലിംകള്‍ സാധാരണ മുസ്‌ലിംകളില്‍ നിന്ന് അകന്നാണ് കഴിഞ്ഞിരുന്നത്. മുസ്‌ലിം സമുഹത്തിലെ സാധാരണക്കാരുടെ അജ്ഞതയെക്കുറിച്ചും വിദ്യാഭ്യാസമില്ലായ്മയെക്കുറിച്ചും അവജ്ഞയോടെ സംസാരിക്കുന്നത് തങ്ങളുടെ അമുസ്‌ലിംകളായ സുഹൃത്തുക്കളുടെ പ്രീതി നേടിത്തരുമെന്നതിനാല്‍ അവരതില്‍ സംതൃപ്തരുമായിരുന്നു. ഈ വരേണ്യ വിഭാഗം മുസ്ലിം പൊതുധാരയില്‍ അണിചേരുകയും തങ്ങളുടെ സ്വത്വം പ്രകാശിപ്പിക്കാന്‍ തുടങ്ങുകയും ചെയ്തു. ദൈവത്തിലോ പരലോകത്തിലോ വിശ്വസിക്കാത്തവര്‍ വരെ സാമുഹിക പ്രശ്‌നങ്ങളിലും മറ്റും മുസ്‌ലിം മുഖ്യധാരയുടെ ഭാഗമായി. മുസ്‌ലിം സമൂഹത്തിലെ വിഭാഗീയ വിടവുകള്‍ കുറഞ്ഞ് വന്നു. രാഷ്ട്രീയ അവബോധം ശക്തമായി. വിദ്യാഭ്യാസം, തൊഴില്‍, പൊതുസമൂഹത്തിലെ പങ്കാളിത്തം തുടങ്ങിയ വിഷയങ്ങളില്‍ മുസ്‌ലിംകള്‍ സജീവമായി. മുസ്‌ലിം സ്ത്രീകളിലും ഈ ഉണര്‍വ് പ്രകടമായി.

ലേഖകന്റെ അഭിപ്രായത്തില്‍, ബാബരി മസ്ജിദ് പൊളിക്കപ്പെടാതിരുന്നെങ്കില്‍ പള്ളിക്കെതിരെ രാഷ്ട്രീയ പ്രചാരണങ്ങള്‍ തുടര്‍ന്നുകൊണ്ട് ഭാരതീയ ജനതാ പാര്‍ട്ടിക്ക് കൂടുതല്‍ ജനപിന്തുണ നേടിയെടുക്കാന്‍ കഴിയുമായിരുന്നു. മുസ്‌ലിംകളാവട്ടെ പതിവ് പോലെ അവരുടെ സുരക്ഷയെ സംബന്ധിച്ച വേവലാതികളില്‍ കാലം കഴിക്കേണ്ടി വരികയും ചെയ്‌തേനെ. 1992 ഡിസംബര്‍ ആറിന് നടന്ന ഗുണ്ടായിസം കേവലം ഒരു പള്ളി തകര്‍ക്കുകയാണോ അതല്ല ഹിന്ദുത്വ ശക്തികളുടെ മോഹങ്ങളെ എന്നന്നേക്കുമായി തല്ലിത്തകര്‍ക്കുകയാണോ ചെയ്തത് എന്ന ചോദ്യമാണ് ലേഖകന്‍ ഉയര്‍ത്തുന്നത്. ഇത് ഹിന്ദുത്വ ശക്തികള്‍ അന്വേഷിക്കേണ്ട കാര്യമാണ്. അതേസമയം ബാബരി തകര്‍ക്കപ്പെട്ടതിന് ശേഷമുള്ള ഇന്ത്യന്‍ മുസ്‌ലിംകളുടെ ഉണര്‍വിനെക്കുറിച്ച് പറഞ്ഞത് ഏറെക്കുറെ ശരിയാണെന്നും കാണാന്‍ കഴിയും. മുസ്‌ലിംകള്‍ അവരുടെ മത-സാമൂഹിക സ്വത്വം തിരിച്ചറിയാന്‍ തുടങ്ങിയത് മുഖ്യമായും ഈ സംഭവത്തിന് ശേഷമാണ്. തല്ലുകിട്ടുമ്പോള്‍ മാത്രം ഉണരുന്ന സമുദായം എന്ന് വിശേഷിപ്പക്കാമെന്ന് തോന്നുന്നു. ഇത്‌പോലുള്ള വേറെയും സംഭവങ്ങള്‍ ഇന്ത്യന്‍ മുസ്ലിംകളുടെ ചരിത്രത്തില്‍ നിന്ന് ഉദ്ധരിക്കാന്‍ സാധിക്കും. ഷാ ബാനു കേസ് വന്നപ്പോഴാണ് തൊള്ളായിരത്തി എണ്‍പതുകളില്‍ ശരീഅത്തനുസരിച്ചുള്ള കുടുംബ നിയമങ്ങള്‍ സംരക്ഷിക്കുന്നതിന് മുസ്‌ലിം സമുദായം ഒന്നടങ്കം ഒരേ പ്ലാറ്റുഫോമില്‍ ഒന്നിച്ചത്. പക്ഷെ, ആദര്‍ശപരമായി വ്യതിരിക്തത പുലര്‍ത്തുന്ന സമുദായമെന്ന നിലക്ക് പുലര്‍ത്തേണ്ട രീതിയല്ല ഇത്. ഈ ആര്‍ജവവും ചടുലതയും ഏതവസ്ഥയിലും, ഏത് സന്ദര്‍ഭത്തിലും സമുദായം പുലര്‍ത്തിയിരിക്കണം.

ചില പ്രത്യേക സന്ദര്‍ഭത്തിലാണെങ്കിലും സമുദായം ഈവിധം ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നത് സാധാരണ സംഭവമായി കാണാവതല്ല. ഇതും ഇത് പോലുള്ള ഒട്ടേറെ ദൗര്‍ബല്യങ്ങളും ഈ സമുദായത്തിന് ഉണ്ടെങ്കിലും വേറിട്ട ഒരു സ്വഭാവവിശേഷം ഈ സമുദായം പ്രദര്‍ശപ്പിക്കുന്നില്ലേ? വിഭജനാനന്തരമുള്ള വര്‍ഗീയ കലാപങ്ങളെക്കുറിച്ച് ആലോചിച്ച് നോക്കൂ. സമുദായത്തെ സാമൂഹികമായും സാമ്പത്തികമായും തകര്‍ക്കാന്‍ ഗ്രാമങ്ങളിലും നഗരങ്ങളിലും ആസൂത്രണം ചെയ്യപ്പെട്ടതായിരുന്നു ഇത്തരം കലാപങ്ങള്‍. ജീവനും സ്വത്തിനും വമ്പിച്ച നാശനഷ്ടങ്ങളുണ്ടായി. മുസ്‌ലിംകളെ അവരുടെ വിശ്വാസവും മൂല്യങ്ങളും ഉപേക്ഷിക്കാന്‍ സമ്മര്‍ദത്തിലാക്കുക എന്ന തന്ത്രമാണ് മുസ്‌ലിംവിരുദ്ധ ശക്തികള്‍ പ്രയോഗിച്ചത്. മറ്റേതൊരു സമുദായവും ഈ സമ്മര്‍ദ തന്ത്രങ്ങള്‍ക്ക് അടിപ്പെട്ട് പോകുമായിരുന്നു. പക്ഷേ ഇന്ത്യന്‍ മുസ്‌ലിംകള്‍, അവരെക്കുറിച്ച് ലക്ഷം പരാതികള്‍ നിങ്ങള്‍ക്ക് പറയാമെങ്കിലും, പ്രവാചകന്റെ പാത പിന്‍തുടര്‍ന്നുകൊണ്ട് വിശ്വാസി സമൂഹമായി നിലനിന്നു എന്ന് കാണാന്‍ കഴിയും. അവരുടെ മജ്ജയിലും മാംസത്തിലും ഈമാന്റെ ആര്‍ജവം നിലനില്‍ക്കുന്നുണ്ടായിരുന്നു. ചില പ്രത്യേക സന്ദര്‍ഭങ്ങളിലേ ആ ഗുണം പ്രകടമാവുകയുള്ളു എന്ന് മാത്രം. അതുള്ളത് കൊണ്ടാണ് ഈ സമുദായം ജീവിച്ചിരിക്കുന്നത്. വിഭജനാനന്തരം കടുത്ത പല പരീക്ഷണഘട്ടങ്ങളിലൂടെയും സമുദായം കടന്നു പോയെങ്കിലും കൂട്ടത്തോടെ ഇസ്‌ലാമിക വിശ്വാസവും സ്വത്വവും കൈവെടിയാന്‍ ഒരു പ്രദേശത്തും അവര്‍ തയാറായില്ല. ചിലയിടത്ത് പലായനങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന കാര്യം നിഷേധിക്കുന്നില്ല. ഖുര്‍ആനും സുന്നത്തും പൂര്‍ണമായി ഉള്‍ക്കൊണ്ട് ജീവിക്കാന്‍ തയ്യാറായാല്‍ ഈ സമൂഹത്തിന് എത്ര അഭിമാനകരമായി ജീവിക്കാന്‍ കഴിയുമെന്നും ആലോചിക്കുക. ഒരു പ്രതിബന്ധവും അപ്പോള്‍ അവര്‍ക്ക് പ്രശ്‌നമാവുകയില്ല.
(ദഅ്‌വത്ത് ത്രൈദിനം 13-12-2012)

വിവ: അശ്‌റഫ് കീഴുപറമ്പ്‌

Related Articles