Current Date

Search
Close this search box.
Search
Close this search box.

ടോക്കിയോ പ്രൊഫസറുടെ നായയും ഖാറൂന്‍ മുതലാളിയും!

ടോക്കിയൊവിലെ ശിബൂയ റെയില്‍വെ സ്‌റ്റേഷനില്‍ ഒരു നായയുടെ വെങ്കല പ്രതിമയുണ്ട്.  ഹചിക്കോ (Hachiko) എന്നു പേരുള്ള ഒരു നായയുടെ അനുസ്മരണാര്‍ത്ഥം 1934 ല്‍, സ്ഥാപിക്കപ്പെട്ടതാണീ പ്രതിമ.

തിരക്കേറിയ ഒരു റയില്‍വെ സ്‌റ്റേഷനില്‍, ഒരു നായക്ക് പ്രതിമയോ? സ്വാഭാവികമായും സംശയിച്ചു പോകും. പക്ഷെ, അതിന്നു പിന്നില്‍ ഒരു കഥയുണ്ട്. ടോക്കിയൊ യൂനിവേഴ്‌സിറ്റിയില്‍ അഗ്രികള്‍ച്ചര്‍ വിഭാഗം പ്രൊഫസറായിരുന്നു Eisaburo Uemo. രാവിലെ വീട്ടില്‍ നിന്നു പുറപ്പെട്ടു ശിബൂയ റയില്‍വെ സ്‌റ്റേഷനില്‍ നിന്നും തീവണ്ടി മാര്‍ഗം യൂനിവേഴ്‌സിറ്റിയിലേക്ക് പോവുകയായിരുന്നു അദ്ദേഹത്തിന്റെ പതിവ്. ഈ യാത്രയില്‍, തന്റെ വളര്‍ത്തു നായ ഹചികോയും അദ്ദേഹത്തെ അനുധാവനം ചെയ്തിരുന്നു. പ്രൊഫസര്‍ വണ്ടി കയറിയാല്‍ വൈകുന്നേരം തിരിച്ചു വരുന്നത് വരെ നായ റയില്‍വെ സ്‌റ്റേഷനില്‍ കാത്തിരിക്കുകയായിരുന്നു പതിവ്. വന്നാല്‍, അദ്ദേഹത്തെ അനുധാവനം ചെയ്തു വീട്ടിലെത്തുകയും ചെയ്യും.

പക്ഷെ, ദൗര്‍ഭാഗ്യവശാല്‍, ഒരു ദിവസം ഈ പതിവ് തെറ്റി. 1925 ലായിരുന്നു സംഭവം. പ്രൊഫസര്‍ യൂനിവേഴ്‌സിറ്റിയില്‍ വെച്ച് രോഗബാധിതനായി തീരുകയും അവിടെ തന്നെ മരണപ്പെടുകയും ചെയ്തു. കഥയറിയാത്ത ഹചിക്കൊ ബോസ്സിനെയും കാത്ത് സ്‌റ്റേഷനില്‍ തന്നെ കഴിയുകയായിരുന്നു. നിശ്ചിത സമയം കഴിഞ്ഞിട്ടും ബോസ് എത്താതിരുന്നപ്പോള്‍, വീണ്ടും കുറെ കാത്തിരുന്നു. അവസാനം, നിരാശനായി വീട്ടിലേക്ക് തിരിച്ചു. പിറ്റെ ദിവസം പ്രോഫസര്‍ പുറപ്പെടാറുണ്ടായിരുന്ന സമയത്ത് തന്നെ ഹചിക്കോ റയില്‍വെ സ്‌റ്റേഷന്‍ ലക്ഷ്യമാക്കി നടന്നു. വൈകുന്നേരം വരെ കാത്തു. സമയം കഴിഞ്ഞു വീണ്ടും വീട്ടിലേക്ക് തിരിച്ചു. ഈ പതിവ് പത്ത് വര്‍ഷത്തൊളം നീണ്ടു നിന്നു. ഇതിനിടയില്‍, സ്‌റ്റേഷനില്‍ നായ സ്ഥിരപരിചിതനായി കഴിഞ്ഞിരുന്നു. അതിന്റെ കഥ അറിയാവുന്നവര്‍, അതിനോട് അനുകമ്പ കാട്ടിയിരുന്നു. മാത്രമല്ല, 1934 ല്‍, അതിനോടുള്ള ആദര സൂചകമായി ഒരു വെങ്കല പ്രതിമ സ്‌റ്റേഷനില്‍ സ്ഥാപിക്കുകയും ചെയ്തു കഴിഞ്ഞിരുന്നു. അവസാനം, 1935 ല്‍, ഒരു ദിവസം, തന്റെ ബോസ്സിന്നു വേണ്ടിയുള്ള അനന്തമായ കാത്തിരിപ്പിന്നിടയില്‍, ഹചിക്കൊ ഈ ലോകത്തൊട് വിട പറഞ്ഞു.

ഹചിക്കൊയുടെ കഥ വായിക്കുമ്പോള്‍, ഖുര്‍ആനും ബൈബിളും പഠിച്ചവരുടെ ഹൃദയാന്തരത്തിലേക്ക് ഓടിയെത്തുന്ന മറ്റൊരു കഥയുണ്ട്. ഒരു മഹാ കോടീശ്വരന്റെ കഥ. ഇയാളുടെ പേര്‍ ഖാറൂന്‍ അഥവാ കോറഹ് (korah). പ്രവാചകനായ മൂസയുടെ പിതൃവ്യപുത്രന്‍. പക്ഷെ, മൂസയെ നിര്‍മൂലനം ചെയ്യുന്നതില്‍ ഫിര്‍ഔന്റെ വലം കൈയായി പ്രവര്‍ത്തിച്ചയാള്‍. ഇയാളുടെ സമ്പത്തിന്റെ ആധിക്യത്തെ കുറിച്ച് അല്ലാഹു പറയുന്നു: ‘തന്റെ ഖജനാവുകള്‍ ശക്തന്‍മാരായ ഒരു സംഘത്തിനുപോലും ഭാരമാകാന്‍ തക്കവണ്ണമുള്ള നിക്ഷേപങ്ങള്‍ നാം അവന് നല്‍കിയിരുന്നു.’ (28: 76)

ഈ ഖജനാവുകളുടെ താക്കോലുകള്‍ വഹിക്കാന്‍ തന്നെ മുന്നൂറ് കൊവര്‍ കഴുതകള്‍ വേണ്ടി വന്നിരുന്നുവെന്നാണ് ജൂത സ്രോതസ്സുകള്‍ പറയുന്നത്. ഇയാളുടെ സൗഭാഗ്യങ്ങള്‍ കണ്ട് കണ്ണുകള്‍ മഞ്ഞളിച്ച ഭൗതിക പ്രേമികള്‍ പറഞ്ഞു: ‘ഖാറൂന് ലഭിച്ചത് പോലുള്ളത് ഞങ്ങള്‍ക്കുമുണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ. തീര്‍ച്ചയായും അവന്‍ വലിയ
ഭാഗ്യമുള്ളവന്‍ തന്നെ!’ (28: 79)

ഇങ്ങനെയൊക്കെയാണെങ്കിലും, ഇയാള്‍ക്ക് ദൈവത്തൊട് പുച്ഛമായിരുന്നു. ഈ അനുഗ്രഹങ്ങളുടെ പേരില്‍ ദൈവത്തോട് നന്ദി പ്രകാശിപ്പിക്കുന്നതിന്നു പകരം, ധിക്കാരം കാണിച്ച് അഹങ്കരിക്കുകയായിരുന്നു അയാള്‍ ചെയ്തത്. ഇതെല്ലാം തന്ന് അനുഗ്രഹിച്ച ദൈവത്തിന്റെ മാര്‍ഗത്തില്‍ അര പൈസ പോലും ചെലവൊഴിക്കാന്‍ അയാള്‍ക്ക് മനസ്സു വന്നില്ല. മാത്രമല്ല, തന്നെ നേര്‍വഴിയിലേക്ക് നയിക്കാന്‍ ദൈവ നിയുക്തനായ പിതൃവ്യ പുത്രന്‍ മൂസയെ ഇല്ലായ്മ ചെയ്യാനായി, ഇസ്രായേല്‍ ശത്രുവായ ഫിര്‍ഔനോട് തോളുരുമ്മി പ്രവര്‍ത്തിക്കുകയായിരുന്നു ഇസ്രായേല്‍ വംശക്കാരനായിരുന്ന ഇയാള്‍.  തന്റെ ജനതയില്‍ വിവേകമുള്ളവര്‍ അയാളൊട് പറഞ്ഞു നൊക്കി: നീ പുളകം കൊള്ളേണ്ട. പുളകം കൊള്ളുന്നവരെ അല്ലാഹു തീര്‍ച്ചയായും ഇഷ്ടപ്പെടുകയില്ല. അല്ലാഹു നിനക്ക് നല്‍കിയിട്ടുള്ളതിലൂടെ നീ പരലോകവിജയം തേടുക. ഐഹികജീവിതത്തില്‍ നിന്ന് നിനക്കുള്ള ഓഹരി നീ വിസ്മരിക്കുകയും വേണ്ട. അല്ലാഹു നിനക്ക് നന്മ ചെയ്തത് പോലെ നീയും നന്മ ചെയ്യുക. നീ നാട്ടില്‍ കുഴപ്പത്തിന് മുതിരരുത്. കുഴപ്പമുണ്ടാക്കുന്നവരെ അല്ലാഹു തീര്‍ച്ചയായും ഇഷ്ടപ്പെടുന്നതല്ല. (28: 76, 77)

പക്ഷെ, ഇതൊന്നും കയറുന്നതായിരുന്നില്ല അയാളുടെ തലച്ചോറ്. തനിക്കാരോടും ബാധ്യതയില്ലെന്നും, എല്ലാം തന്റെ യുക്തിയും ജ്ഞാനവും കഴിവും മുഖേന ലഭിച്ചതാണെന്നുമായിരുന്നു അയാളുടെ നിലപാട്. അനന്തര ഫലമെന്തായിരുന്നു? സംഭവം വിവരിച്ചു കൊണ്ട് ബൈബിള്‍ പറയുന്നു: ‘മൂശെ ഇവയെല്ലാം പറഞ്ഞു തീര്‍ന്ന ഉടനെ അവര്‍ക്കു താഴെ ഭൂമി പിളര്‍ന്നു. ഭൂമി വായ് പിളര്‍ന്നു അവരെയും അവരുടെ കുടുംബങ്ങളെയും കോറഹിനൊടു കൂടിയുള്ള എല്ലാ ആളുകളെയും അവരുടെ സകല സമ്പാദ്യങ്ങളൊടും കൂടി വിഴുങ്ങി കളഞ്ഞു. അങ്ങനെ അവര്‍ തങ്ങള്‍ക്കുള്ള സമസ്തവുമായി ജീവനോടെ ശ്യോലിലേക്ക് താണു. ഭൂമി അവരുടെ മേല്‍ അടഞ്ഞു. അങ്ങനെ അവര്‍ സഭാ മധ്യത്തില്‍ നിന്ന് നാമാവശേഷമായി. ചുറ്റും നിന്നിരുന്ന ഇസ്രായേല്‍കാര്‍ അവരുടെ നിലവിളി കേട്ട് , ഭൂമി നമ്മെയും വിഴുങ്ങിയേക്കും എന്നു പറഞ്ഞു ഓടിയകന്നു. (സംഖ്യ: 17: 31-37)
 
വളരെ ഹ്രസ്വമായാണ് സംഭവം ഖുര്‍ആന്‍ വിവരിക്കുന്നത്: അങ്ങനെ അവനെയും അവന്റെ ഭവനത്തേയും നാം ഭൂമിയില്‍ ആഴ്ത്തികളഞ്ഞു. (28: 81)

എന്നാല്‍ സംഭവത്തിന്റെ ശ്രദ്ധേയവും വൈജ്ഞാനികവുമായ വശം കൂടി ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്:  ‘അപ്പോള്‍ അല്ലാഹുവിന് പുറമെ തന്നെ സഹായിക്കുന്ന ഒരു കക്ഷിയും അവന്നുണ്ടായില്ല. അവന്‍ സ്വയം രക്ഷിക്കുന്നവരുടെ കൂട്ടത്തിലുമായില്ല. ഇന്നലെ അവന്റെ സ്ഥാനം കൊതിച്ചിരുന്നവര്‍ (ഇന്ന്) ഇപ്രകാരം പറയുന്നവരായിത്തീര്‍ന്നുഅപ്പോള്‍ അല്ലാഹുവിന് പുറമെ തന്നെ സഹായിക്കുന്ന ഒരു കക്ഷിയും അവന്നുണ്ടായില്ല. അവന്‍ സ്വയം രക്ഷിക്കുന്നവരുടെ കൂട്ടത്തിലുമായില്ല.  ഇന്നലെ അവന്റെ സ്ഥാനം കൊതിച്ചിരുന്നവര്‍ (ഇന്ന്) ഇപ്രകാരം പറയുന്നവരായിത്തീര്‍ന്നു: അഹോ! കഷ്ടം! തന്റെ ദാസന്‍മാരില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അല്ലാഹു ഉപജീവനം വിശാലമാക്കികൊടുക്കുകയും, (താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അതു) ഇടുങ്ങിയതാക്കുകയും ചെയ്യുന്നു. ഞങ്ങളോട് അല്ലാഹു ഔദാര്യം കാണിച്ചിരുന്നില്ലെങ്കില്‍ ഞങ്ങളെയും അവന്‍ ആഴ്ത്തിക്കളയുമായിരുന്നു. അഹോ, കഷ്ടം! സത്യനിഷേധികള്‍ വിജയം പ്രാപിക്കുകയില്ല. (28 : 81, 82)

ഇപ്പൊള്‍ വ്യത്യസ്തമായ രണ്ടുചിത്രങ്ങളാണ് നമുക്കു മുമ്പിലുള്ളത്. തീറ്റി പോറ്റി വളര്‍ത്തിയ ബോസ്സിനോടുള്ള കൃതജ്ഞത പ്രകാശിപ്പിക്കാനായി ജീവിതം ഉഴിഞ്ഞു വെച്ച, ഹചിക്കോ എന്ന പ്രൊഫസറുടെ നായയാണ് ഒന്ന്. തനിക്ക് വേണ്ടതിലധികം അനുഗ്രഹം നല്‍കിയ ബോസ്സിനോട് കൃതജ്ഞത കാണിക്കുന്നതിന്നു പകരം ധിക്കാരം കാണിക്കുക മാത്രമല്ല, അഹങ്കാരം നടിക്കുക പൊലും ചെയ്ത ഖാറൂന്‍ അഥവാ കോറഹ് എന്ന കോടീശ്വരനായ ഒരു മനുഷ്യനാണ് രണ്ടാമത്തേത്. അതെ, മലിനമായി കണക്കാക്കപ്പെടുന്ന ഒരു നായയും, സര്‍വോത്തമ ജീവിയായി ഗണിക്കപ്പെടുന്ന ഒരു മനുഷ്യനും! ഇരുവരുടെയും പര്യവസാനങ്ങളാണ് നാം കണ്ടത്.
അതെ, കൃതജ്ഞത ഏറ്റവും താണ മൃഗത്തെ പോലും അത്യുന്നതിയിലേക്കുയര്‍ത്തുന്നു! കൃതഘ്‌നത സര്‍വോത്തമ മനുഷ്യനെ പോലും പാതാളത്തിലേക്കാഴ്ത്തുന്നു!.

Related Articles