Current Date

Search
Close this search box.
Search
Close this search box.

ജനാധിപത്യത്തിന്റെ ദൗര്‍ബല്യമല്ലേ ഇത്..

രാജ്യത്തിന്റൈ പൊതു ബോധം സാമുദായികവും ജാതീയവുമായി മാറുമ്പോള്‍ ജനാധിപത്യം ക്രൂരവും നീതി രഹിതവും മാനവിക വിരുദ്ധവുമായിത്തീരുമെന്നതിന്റെ പ്രകടമായ തെളിവാണ് അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ അനുഭവം. കര്‍ണാടക ആഭ്യന്തര മന്ത്രിയുള്‍പ്പടെ അവിടത്തെ ഭരണാധികാരികള്‍ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെല്ലാമറിയാം മഅ്ദനി തീര്‍ത്തും നിരപരാധിയാണെന്ന്. സംശയമുണ്ടെങ്കില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളോട് ഫോണ്‍ ചെയ്ത് ചോദിച്ചാല്‍ മതി, മഅ്ദനിക്കെതിരെയുള്ള കേസുകള്‍ കെട്ടിച്ചമച്ചവയാണെന്ന് ഇവിടത്തെ സാമാന്യ ബോധമുള്ളവര്‍ക്കെല്ലാമറിയാം. നിരവധി തവണ അക്കാര്യം ചാനലുകളിലൂടെയും ചര്‍ച്ചകളിലൂടെയും വിശദീകരിക്കപ്പെട്ടതാണ്.  കോയമ്പത്തൂര്‍ ജയിലില്‍ നിന്ന് മോചിതനായ ശേഷം മഅ്ദനി പോലീസ് കാവലിലും സംരക്ഷണത്തിലുമായിരുന്നു. ഒറ്റക്കാലു മാത്രമുള്ള രോഗിയായ മഅ്ദനി പോലീസിനെ കബളിപ്പിച്ച് കൊടകിലെ ഇഞ്ചിത്തോട്ടത്തില്‍ പോയി ഗൂഢാലോചനയില്‍ പങ്കാളിയായി എന്ന പ്രചാരണവും ആരോപണവും പടു വിഢിപോലും വിശ്വസിക്കുകയില്ല. അതിനാല്‍ കേസിനെക്കുറിച്ച് എന്തെങ്കിലും അറിയാവുന്ന ഏതു കേരളീയനും അത് കര്‍ണാടക സര്‍ക്കാര്‍ കെട്ടിച്ചമച്ചതാണെന്ന് ദൃഢബോധ്യമുണ്ട്. അതോടൊപ്പം മഅ്ദനി മൂന്ന് വര്‍ഷമായി ജയിലില്‍ കഴിയുന്നു. മാരകമായ ഒട്ടേറെ രോഗങ്ങള്‍ അദ്ദേഹത്തെ കാര്‍ന്ന് തിന്നു കൊണ്ടിരിക്കുന്നു. കണ്ണിന്റെ കാഴ്ച ശക്തിപോലും നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്നു. പ്രമേഹം ഏറിയും കുറഞ്ഞും കൊണ്ടിരിക്കുന്നു. ഒരു വേള മഅ്ദനി ഇപ്പോഴും ജീവിച്ചിരിക്കുന്നത് അദ്ദേഹത്തിന്റെ അത്യസാധാരണ മായ ഇഛാശക്തി കൊണ്ടും ദൈവവിധി വന്നെത്താത്തിനാലുമായിരിക്കാം. എന്നിട്ടും മുഖ്യദാരാ രാഷ്ട്രീയ പാര്‍ട്ടികളൊന്നും പ്രശ്‌നത്തിലിടപെടാത്തത് അത് രാഷ്ട്രീയ നേട്ടത്തേക്കാള്‍ കോട്ടമാണുണ്ടാക്കുക എന്നതിനാലാണ്. കര്‍ണാടകയുടേതു പോലെ തന്നെ കേരളത്തിന്റെയും പൊതു ബോധം വര്‍ഗീയവും ജാതീയവുമായി മാറിയിരിക്കുന്നു. വമ്പിച്ച സാമുദായി ദ്രുവീകരണമാണ് ഇവിടെ നടന്ന് കൊണ്ടിരിക്കുന്നത്. അതിനാല്‍ മഅ്ദനിയുടെ പക്ഷത്ത് നില്‍ക്കുന്നതും അദ്ദേഹത്തെ പിന്തുണക്കുന്നതും അദ്ദേഹത്തിന്റെ മോചനത്തിനായി ശബ്ദിക്കുന്നതും വോട്ടുകള്‍ കുറക്കുകയാണ് ചെയ്യുക; കൂട്ടുകയല്ലെന്ന് രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും ഭരണാധികാരികളും മനസിലാക്കുന്നു.

കര്‍ണാടകയിലെ കോണ്‍ഗ്രസ് ബി.ജെ.പിയേക്കാള്‍ വര്‍ഗീയമാണെന്ന് വിശ്വസിക്കാനാകുന്നില്ല. അവിടത്തെ കോണ്‍ഗ്രസ് കഴിഞ്ഞ അസംബ്ലി തെരെഞ്ഞടുപ്പില്‍ വിജയിച്ചതുതന്നെ മുസ്‌ലിം സംഘടനകളുടെ കൂട്ടായ പിന്തുണയും വോട്ടും വാങ്ങിയാണ്. എന്നിട്ടും മഅ്ദനിക്കെതിരെ കോടതിയില്‍ ബി.ജെ.പി സര്‍ക്കാരിനേക്കാള്‍ അപകടകരവും കെട്ടിച്ചമച്ചതുമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. സത്യം പറയാന്‍ ധൈര്യമില്ലെന്നര്‍ത്ഥം.

വര്‍ഗീയതയും സാമുദായികതയും ജാതീയതയും പൊതു ബോധമായി മാറുകയും സാമുദായിക ദ്രുവീകരണം സംഭവിക്കുകയും ചെയ്താല്‍ രാഷ്ട്രീയ പാര്‍ട്ടികളോ ഭരണ കൂടമോ ഭൂരിപക്ഷ സമുദായത്തിന്റെ താല്‍പര്യത്തിനെതിരായ നിലപാട് സ്വീകരിക്കുകയില്ല. അവര്‍ക്ക് അനിഷ്ടകരമായ ഒരു സമീപനവും സ്വീകരിക്കുകയില്ല. അപ്പോള്‍ ന്യൂനപക്ഷങ്ങളുടെ സമസ്താവകാശങ്ങളും കവര്‍ന്നെടുക്കപ്പെടും. കടുത്ത നീതി നിഷേധത്തിനും വിവേചനത്തിനും അവര്‍ ഇരയാകും. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ദൗര്‍ബല്യമാണ് ഇപ്പോള്‍ നമ്മുടെ നാട്ടില്‍ നടന്ന് കൊണ്ടിരിക്കുന്നത്. ഭൂരിപക്ഷ സമുദായങ്ങള്‍ക്ക് നീതിബോധവും മൂല്യനിഷ്ടയും കൂടി നഷ്ടപ്പെട്ടാല്‍ എന്താണ് സംഭവിക്കുക എന്നതിന്റെ നേര്‍സാക്ഷ്യമാണ് മഅ്ദനി.

Related Articles