Current Date

Search
Close this search box.
Search
Close this search box.

ചങ്ങാതീ, ഏതാണ് യഥാര്‍ത്ഥ ദുശ്ശീലം !

food.jpg

വെള്ളിമാടുകുന്നിലെ ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസിന്റെ ഓഫീസില്‍ ജോലിയിലായിരിക്കെ എറണാകുളത്തെ ഒരു സഹോദരി കാണാന്‍ വന്നു. അവരുടെ മാസികക്ക് അഭിമുഖം നടത്തലായിരുന്നു ഉദ്ദേശ്യം. ഉച്ച ഭക്ഷണത്തിനു സമയമായപ്പോള്‍ ഞാന്‍ അവരെ ഡൈനിംഗ് ഹാളിലേക്ക് ക്ഷണിച്ചു. ഉടനെ അവര്‍ പറഞ്ഞു: ‘നിങ്ങള്‍ മാംസഭുക്കുകളല്ലേ? ഞാന്‍ പൂര്‍ണമായും സസ്യഭുക്കാണ്. ‘ഒന്നു നിര്‍ത്തിയ ശേഷം അവര്‍ പറഞ്ഞു: ‘മാംസ ഭക്ഷണം മനുഷ്യരെ ക്രൂരന്മാരാക്കും’.
ഞാന്‍ ശാന്തമായി ചോദിച്ചു: ‘ഇറച്ചി കഴിക്കുന്നവരുടെ മാംസദാഹം അതിലൂടെ ശമിക്കുകയല്ലേ ചെയ്യുക? സസ്യഭുക്കുകളല്ലേ കൂടുതല്‍ മാംസ ദാഹികളാവുക? അതുകൊണ്ടായിരിക്കില്ലേ പൂര്‍ണ സസ്യഭുക്കായിരുന്ന ഹിറ്റ്‌ലര്‍ കാലം കണ്ട ഏറ്റവും ക്രൂരനായ കൊലയാളിയും യുദ്ധക്കൊതിയനുമായി മാറിയത്? ഇന്ത്യയിലെ ഏറ്റവും മഹാനായ നേതാവ് ഗാന്ധിജിയെ കൊന്നത് സസ്യഭുക്കായ ഗോഡ്‌സെയല്ലേ?
കടമ്മനിട്ടയുടെ ‘ഗുജറാത്ത്’ അനുഭവങ്ങളിലും ഇതിനു സമാനമായ ഒരു കഥയുണ്ട്. അദ്ദേഹം എഴുതുന്നു:
‘ താങ്കള്‍ സസ്യഭുക്കാണോ ? ‘ അയാള്‍ ചോദിച്ചു.
‘ അങ്ങനെയൊന്നുമില്ല ‘. ഞാന്‍ പറഞ്ഞു.
‘ താങ്കളോ’ ?- ഞാന്‍ ചോദിച്ചു.
‘ ഞങ്ങള്‍ വൈഷ്ണവ ജനത. ശുദ്ധ സസ്യഭുക്കുകളാണ് .’ തെല്ലൊരഭിമാനത്തോടെ അയാള്‍ പറഞ്ഞു.
‘ നിങ്ങളില്‍ ചില പുല്ലു തീനികള്‍ പൂര്‍ണ്ണ ഗര്‍ഭിണിയുടെ വയറു കീറി കുട്ടിയെ വെളിയിലെടുത്ത് വെട്ടി നുറുക്കി തിന്നതോ? തള്ളയെയും. ‘പെട്ടെന്ന് ചോദിച്ചുപോയി. ഒരു വികൃത ജന്തുവായി രൂപം മാറിയ അയാള്‍ കൊലപ്പല്ലുകള്‍ കാട്ടി പുരികത്തില്‍ വില്ലു കുലച്ചു കൊണ്ട് എന്റെ നേരെ മുരണ്ടു, ‘ ക്യാ ‘
കുരീപ്പുഴ ശ്രീകുമാറും ഇതുപോലൊന്ന് കുറിച്ചിട്ടുണ്ട്.
‘ ഞാന്‍ സമ്പൂര്‍ണ്ണ സസ്യഭുക്കല്ല. എന്നാലും ഞാന്‍ അന്യമതസ്ഥകളെ ബലാല്‍സംഘം ചെയ്യുകയോ അമ്മ വയറ്റിലുറങ്ങിയ കണ്ണുതുറക്കാ കണ്‍മണിയെ ശൂലത്തില്‍ കുത്തി തീയിലെറിയുകയോ ചെയ്തിട്ടില്ല. അപ്പോള്‍ ചങ്ങാതീ , യഥാര്‍ത്ഥ ദുശ്ശീലമെന്താണ് ?
നമ്മുടെ നാട്ടില്‍ ചിലര്‍ അവകാശപ്പെടുന്നു. ഞങ്ങള്‍ സസ്യഭുക്കുകളാണ്. ഒരൊറ്റ ജീവിയെയും ഹനിക്കാത്തവരാണ്. മാംസഭുക്കുകള്‍ക്ക് ഞങ്ങളെ പോലെ കാരുണ്യമുള്ളവരാകാന്‍ സാധ്യമല്ല. അവര്‍ പ്രകൃത്യാ തന്നെ ക്രൂരന്മാരായിരിക്കും.
ഇന്ത്യയിലും ലോകത്തിന്റെ ഇതര ഭാഗങ്ങളിലുമുള്ള അനുഭവം ഈ അവകാശത്തെ തീര്‍ത്തും നിരാകരിക്കുന്നു. ഉപര്യുക്ത സംഭവങ്ങള്‍ തന്നെ അതിന് സാക്ഷിയാണ്. അതോടൊപ്പം സസ്യഭുക്കുകള്‍ ജീവനെ ഹനിക്കുന്നില്ലെന്ന വാദം തീര്‍ത്തും തെറ്റാണ്. മുരിങ്ങ ഇതള്‍ പൊട്ടിക്കുന്നവരും ചീരയുടെ ഇല നുള്ളുന്നവരും ജീവനുള്ള സസ്യങ്ങളുടെ ഭാഗം മുറിച്ചെടുത്ത് അവയെ വേദനിപ്പിക്കുകയല്ലേ ചെയ്യുന്നത് ? ശരീരത്തില്‍ മുറിവുണ്ടായി പഴുത്താല്‍ അതിലെ അണുക്കളെ മരുന്നുപയോഗിച്ച് കൊല്ലാത്ത ആരുണ്ട്? വയറ്റില്‍ കൃമികളുണ്ടായാല്‍ മരുന്നു കഴിച്ച് അവയെ നശിപ്പിക്കുകയല്ലേ എല്ലാവരും ചെയ്യുന്നത്? കട്ടിലിലെ മൂട്ടയെ കൊല്ലാത്തവരും കൊതുകുകള്‍ മുട്ടയിടുന്ന മലിന ജലത്തില്‍ മരുന്നടിച്ച് അവയെ നശിപ്പിക്കാത്താവരുമായി ആരുണ്ട്? അതിനാല്‍ മനുഷ്യന് അനിവാര്യമായത്ര ഇതര ജീവജാലങ്ങളെ ഹനിക്കാമെന്ന് അംഗീകരിക്കലാണ് ബുദ്ധിപരമായ സത്യസന്ധത. തങ്ങള്‍ ഒന്നിനെയും ഹനിക്കുകയോ വേദനിപ്പിക്കുകയോ ചെയ്യുന്നില്ലെന്ന സസ്യഭുക്കുകളുടെ അവകാശവാദം തീര്‍ത്തും വ്യാജമാണെന്നര്‍ത്ഥം.
മനുഷ്യന്റെ ശരീര ഘടന മിശ്രഭുക്കിന്റേതാണ്. അവന് സസ്യഭുക്കുകളായ മുയലുകളുടേതു പോലുള്ള പരന്ന പല്ലുകളുണ്ട്. നരി, സിംഹം പോലുള്ള മാംസഭുക്കുകളുടേതു പോലുള്ള കൂര്‍ത്ത പല്ലുകളുമുണ്ട്. ദഹനാവയവങ്ങളും മിശ്രഭുക്കിന്റേതു തന്നെ. ഇസ്ലാം ഈ യാഥാര്‍ത്ഥ്യം അംഗീകരിച്ചു പ്രകൃതി വിഭവങ്ങളെയും ജീവജാലങ്ങളെയും അത്യാവശ്യത്തിനുപയോഗിക്കാമെന്ന് വിധിക്കുന്നു. എന്നാല്‍ അനാവശ്യമായി ഒന്നിനെയും ഹനിക്കുകയോ നശിപ്പിക്കുകയോ അരുത്. ജീവജാലങ്ങളോട് പരമാവധി കാരുണ്യം കാണിക്കണം. മൃഗങ്ങളെ അറുക്കുമ്പോള്‍ പോലും അവയോട് ക്രൂരത അരുത്. കത്തിക്ക് മൂര്‍ച്ചകൂട്ടി പെട്ടെന്ന് അറുത്ത് കരുണ കാണിക്കണം. പട്ടിക്ക് ദാഹം തീര്‍ക്കാന്‍ വെള്ളം കൊടുക്കുന്നത് പുണ്യകര്‍മമാണെന്നും പൂച്ചയെ കെട്ടിയിട്ട് പട്ടിണിക്കിടുന്നത് പാപമാണെന്നും പഠിപ്പിക്കുന്നു. കടിക്കാന്‍ വരുന്ന പാമ്പിനെ കൊല്ലാം. പക്ഷേ, മാളത്തിലേക്ക് പോകുന്ന പാമ്പിനെ കൊല്ലരുത്. പഴം കിട്ടാന്‍ മാവിനു നേരെ കല്ലെറിയാം. പക്ഷെ, പഴമില്ലാത്ത മരത്തെ കല്ലെറിയരുത്. ഇങ്ങനെ വ്യാജവാദങ്ങളുപേക്ഷിച്ച് സത്യസന്ധമായ സമീപനം സ്വീകരിക്കുകയും പ്രകൃതിയിലെ മലകളോടും മരങ്ങളോടുമുള്‍പ്പടെ എല്ലാറ്റിനോടും കാരുണ്യ പൂര്‍ണ്ണമായ സമീപനം സ്വീകരിക്കുകയുമാണ് വേണ്ടത്.
ഇതേക്കുറിച്ചാണ് മലയാളത്തിലെ ശ്രദ്ധേയനായ എഴുത്തുകാരനിങ്ങനെ പറഞ്ഞത്. ‘ കൊല്ലുന്നതിന് മുമ്പ് ജന്തുക്കള്‍ക്കു പോലും വെള്ളം കൊടുക്കുന്ന പതിവുണ്ട്. കരിങ്കല്ലിനെപ്പോലും ആര്‍ദ്രമാക്കുന്ന കരുണയുടെ മഹാസാന്നിദ്ധ്യം കശാപ്പു ശാലകളില്‍ പോലും നിലനില്‍ക്കുന്നു.
മനുഷ്യന്‍ മനുഷ്യനെ കൊല്ലുമ്പോഴാണ് കാരുണ്യത്തിന്റെ അംശലേശം പോലും കാണപ്പെടാത്തത്. മരണവെപ്രാളത്തില്‍ ദാഹജലത്തിനു തുറന്ന വായയിലേക്ക് മൂത്രമൊഴിച്ച ഹീന ജന്തുക്കളെപ്പോലും ആധുനിക ലോകത്തിനു കാണേണ്ടി വന്നതാണല്ലോ. അതിനാല്‍ കുരീപ്പുഴയുടെ ചോദ്യം ഏറെ പ്രസക്തമാണ്. ‘ ചങ്ങാതീ, യഥാര്‍ത്ഥ ദുശ്ശീലമെന്താണ് ?’

Related Articles