Current Date

Search
Close this search box.
Search
Close this search box.

ഗസ്സയുടെ പുനര്‍നിര്‍മാണവും പ്രതിരോധത്തിന്റെ മുനയൊടിക്കലും

ഗസ്സ പുനര്‍നിര്‍മാണ സമ്മേളനം നമ്മെയെല്ലാം വളരെ സന്തോഷിപ്പിക്കുന്നു. പ്രസ്തുത സമ്മേളനത്തിന്റെ ഉള്ളടക്കമായി വന്ന കാര്യങ്ങള്‍ കൂടി നാം അറിയേണ്ടതുണ്ട്. പുനര്‍നിര്‍മാണത്തിന്റെ വിലയായി ആവശ്യപ്പെടുന്നത് പ്രതിരോധത്തിന്റെ കഴുത്താണ്. എന്നാല്‍ ആരും ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടില്ല. എന്നാല്‍ അവിടെ നടന്ന ഔദ്യോഗിക പ്രസംഗങ്ങള്‍ അതിന്റെ സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അവിടെ നടന്ന പ്രസംഗങ്ങളെ സൂക്ഷ്മായി വിലയിരുത്തുമ്പോള്‍ മനസ്സിലാകുന്ന ഒന്നാണത്.

മൂന്ന് അടിസ്ഥാനങ്ങളിലൂന്നിയായിരുന്നു അവിടത്തെ സംസാരങ്ങള്‍. ഫലസ്തീനും ഇസ്രയേലിനും ഇടയില്‍ ശാശ്വതമായ ഒരു വെടിനിര്‍ത്തല്‍ ഉണ്ടാക്കുക, സമാധാന ചര്‍ച്ചകളിലൂടെ ഇരുകക്ഷികള്‍ക്കുമിടയില്‍ രമ്യമായ പരിഹാരം കണ്ടെത്തുക, ഗസ്സയുടെ മുഴുവന്‍ മേഖലകളും റാമല്ലയിലെ ഭരണകൂടത്തിന്റെ പൂര്‍ണമായ നിയന്ത്രണത്തില്‍ വരുത്തുക എന്നിവയാണവ. മൂന്ന് കാര്യങ്ങളുടെ വിശദാംശങ്ങളിലേക്ക് കടക്കുന്നതിന് മുമ്പ് ഇസ്രയേലിന്റെ കഴിഞ്ഞ ഗസ്സ ആക്രമണത്തിന് ശേഷം കഴിഞ്ഞ ആഗസ്റ്റ് 26-ന് ഉണ്ടാക്കിയ വെടിനിര്‍ത്തലിന് മുമ്പും ശേഷമുള്ള ഇസ്രയേലിന്റെ നിലപാടുകളും ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ പ്രസ്താവനകളും ഓര്‍മപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. ഫതഹ് – ഹമാസ് അനുരഞ്ജനം നടന്നപ്പോള്‍ അതിനെതിരെ ശക്തമായ പ്രസ്താവനകളുമായി രംഗത്ത് വരികയും അനുരഞ്ജന സര്‍ക്കാറിനെ ബഹിഷ്‌കരിക്കുകയുമായിരുന്നു നെതന്യാഹു ചെയ്തത്. ഗസ്സയില്‍ നിന്നുള്ള ഭരണകൂടത്തിലെ അംഗങ്ങളെ തങ്ങളുടെ മണ്ണിലൂടെ കടന്ന് പോകാനോ വെസ്റ്റ് ബാങ്കില്‍ നിന്ന് ഗസ്സയില്‍ പോകാനോ അവര്‍ക്ക് അനുവാദം നല്‍കിയിരുന്നില്ല. ഫലസ്തീനികള്‍ പ്രതിരോധത്തിന്റെ ആയുധം ഉപേക്ഷിച്ചാലല്ലാതെ വെടിനിര്‍ത്തല്‍ കരാറുണ്ടാക്കില്ലെന്നും ഗസ്സയുടെ പുനര്‍നിര്‍മാണം നടത്തില്ലെന്നും ആക്രമണ സമയത്തും പലതവണ നെതന്യാഹു പറഞ്ഞു. (51 ദിവസം നീണ്ടു നിന്ന യുദ്ധത്തില്‍ ഇസ്രയേലിനെ പ്രതിരോധ ആയുധങ്ങള്‍ ഏറെ അസ്വസ്ഥപ്പെടുത്തിയിരുന്നു)

ഇസ്രയേല്‍ ഈ നിബന്ധന നിരന്തരം ആവര്‍ത്തിച്ചിരുന്നുവെങ്കിലും യാതൊരു പ്രഖ്യാപനവുമില്ലാതെ പെട്ടന്നൊരു നാളില്‍ തങ്ങളുടെ നിലപാടില്‍ അയവ് വരുത്തുന്നതാണ് നാം കാണുന്നത്. പ്രധാനമന്ത്രിക്ക് ഗസ്സ സന്ദര്‍ശനത്തിന് അവര്‍ അനുമതി നല്‍കി. അപ്രകാരം ഉഭയകക്ഷി കരാറിലും പ്രതിരാധത്തിന്റെ ആയുധം ഉപേക്ഷിക്കണമെന്ന നിലപാടില്‍ ശാഠ്യം പിടിച്ചില്ല.

അനുരഞ്ജന സര്‍ക്കാറിനോടുള്ള ബഹിഷ്‌കരണം അവസാനിപ്പിച്ച് അതിനെ അംഗീകരിക്കാന്‍ തയ്യാറായത് അമേരിക്കയുടെ ഉപദേശം മാനിച്ചാണെന്നും, ചില രഹസ്യ ധാരണകളുടെ അടിസ്ഥാനത്തിലാണതെന്നും പറയപ്പെടുന്നുണ്ട്. പ്രതിരോധ ആയുധം ഇല്ലാതാക്കുകയെന്ന തങ്ങളുടെ ആവശ്യത്തെ കുറിച്ച് ഇസ്രയേല്‍ മൗനം അവലംബിച്ചതിനെ കുറിച്ച് ആരും നമുക്ക് വിശദീകരിച്ചു തരുന്നില്ല. എന്നാല്‍ ഒക്ടാബര്‍ 12-ന് കെയ്‌റോയില്‍ ചേര്‍ന്ന ഗസ്സ പുനര്‍നിര്‍മാണ സമ്മേളത്തില്‍ കേട്ട വാക്കുകള്‍ അത്തരം ചോദ്യങ്ങള്‍ക്കുള്ള മറുപടി മണക്കുന്നതാണ്.

ചെറുത്ത് നില്‍പും ധീരതയും പുതിയ കണ്ടുപിടുത്തങ്ങളും കൊണ്ട് ഗസ്സയുടെ ശക്തിയില്‍ വന്ന മാറ്റം ഇല്ലായിരുന്നുവെങ്കില്‍ ഇങ്ങനെ ഒരു സമ്മേളനം തന്നെ നടക്കില്ലായിരിക്കാം. എന്നാല്‍ ഈ പശ്ചാത്തലത്തെയോ ഫലസ്തീന്‍ വിഷയം ഇല്ലാതാക്കാനും തുടച്ചു നീക്കാനുമുള്ള ശക്തമായ ശ്രമങ്ങള്‍ക്കിടയിലും അതിനെ സജീവമാക്കുന്ന ഫലസ്തീന്‍ ജനതയുടെ ചെറുത്തുനില്‍പ്പിനെയോ കുറിച്ച് യാതൊരു സൂചനയും സമ്മേളനത്തിലെ സംസാരങ്ങളില്‍ വന്നില്ല. അതേസമയം ശാശ്വത വെടിനിര്‍ത്തലിനെയും അത് ഇരുകക്ഷികളും പാലിക്കേണ്ടതിന്റെ അനിവാര്യതയെയും കുറിച്ചാണവര്‍ വാചാലരാകുന്നത്. പരിഹാരത്തിനുള്ള ചര്‍ച്ചകള്‍ എല്ലായ്‌പ്പോഴും വിഷയം നീട്ടികൊണ്ടുപോകുന്നതിനും അതില്‍ അലംഭാവം കാണിക്കുന്നതിനുമുള്ള ഒന്നായിരുന്നുവെന്നത് എല്ലാവര്‍ക്കും അറിയാമെന്നതാണ് ആശ്ചര്യകരം. അതിലൂടെ ഇസ്രയേലിന് ജൂതവല്‍കരണവും കുടിയേറ്റത്തിന്റെ വ്യാപനവും ശക്തമാക്കുന്നതിന് സൗജന്യമായി ഒരു അവധി കൂടി ലഭിക്കുന്നു. മാത്രമല്ല കവര്‍ന്നെടുക്കപ്പെട്ട തങ്ങളുടെ അവകാശം നേടിയെടുക്കാനുള്ള അടിയുറച്ച പോരാട്ടം വിജയത്തിന്റെ വക്കിലെത്തി നില്‍ക്കുമ്പോഴായിരുന്നു ഇത്തരം സംസാരങ്ങള്‍.

റാമല്ല ഭരണകൂടത്തിന് കീഴിലായിരിക്കണം ഗസ്സയുടെ എല്ലാ കാര്യങ്ങളും എന്ന് പറയുമ്പോള്‍, പ്രതിരോധ ആയുധം ഉപേക്ഷിക്കണമെന്ന ഇസ്രയേല്‍ ആവശ്യത്തിനുള്ള മറുപടി അതിലുണ്ടോ എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. അതേ ഭരണകൂടത്തിന് വെസ്റ്റ്ബാങ്കിന്റെ നിയന്ത്രണം ലഭിച്ചപ്പോള്‍ അവര്‍ ചെയ്ത പ്രവര്‍ത്തനം അതിന് തെളിവാണ്. ഹമാസിന്റെയും അല്‍-ജിഹാദിന്റെയും പ്രവര്‍ത്തനങ്ങളെ മാത്രമല്ല, എല്ലാവിധ പ്രതിരോധത്തിന്റെയും കഥ കഴിച്ചു. ഫതഹിന്റെ തന്നെ സൈനിക വിംഗായ അല്‍-അഖ്‌സ ബറ്റാലിയന്‍ പോലും പിരിച്ചു വിട്ടു. അതുകൊണ്ടും മതിയാക്കാതെ ഇസ്രയേലുമായി സുരക്ഷാ സഹകരണത്തിലേര്‍പ്പെടുകയും ചെയ്തു.

തുരങ്കങ്ങളുടെയും റോക്കറ്റ് വിക്ഷേപണ കേന്ദ്രങ്ങളുടെയും ആയുധനിര്‍മാണ കേന്ദ്രങ്ങളുടെയും നിയന്ത്രണം ഫലസ്തീന്‍ അതോറിറ്റിക്കാകുന്നതിനെ കുറിച്ച് മാത്രമാണ് സംസാരം. സ്വാതന്ത്ര്യവും അതിര്‍ത്തികളും നിയമസാധുതയുമുള്ള ഒരു രാഷ്ട്രത്തിന്റെ സംരക്ഷണത്തില്‍ അവ സൂക്ഷിക്കുന്നതിനെ അംഗീകരിക്കുന്നുണ്ട്. ഓരോ മുക്കിലും മൂലയിലും ഇസ്രയേല്‍ സുരക്ഷാ വിഭാഗം കാര്യങ്ങള്‍ നിയന്ത്രിക്കുന്ന ഒരു സാങ്കല്‍പിക രാഷ്ട്രത്തിലാകുമ്പോഴാണ് നാമതിനോട് വിയോജിക്കുന്നത്. പ്രവേശനാനുമതിയും യാത്രാനുമതിയും പിന്‍വലിച്ച് ഏത് ഇസ്രയേല്‍ ഇന്റലിജന്‍സ് ഓഫീസര്‍ക്കും അതോറിറ്റി പ്രസിഡന്റിനെയോ പ്രധാനമന്ത്രിയെയോ അറസ്റ്റ് ചെയ്യാം.

ദേശീയ സര്‍ക്കാറുമായി സഹകരിച്ച്, എന്നാല്‍ അതില്‍ അലിഞ്ഞില്ലാതാവാതെ ഒരു സ്വതന്ത്ര സംവിധാനമായി പ്രതിരോധത്തെ നിലനിര്‍ത്തി അതോടൊപ്പം ഗസ്സയുടെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു ഫോര്‍മുല കണ്ടെത്തുകയെന്നതാണ് ഫലസ്തീന്‍ പ്രതിരോധവും ഭരണകൂടവും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സമയത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കാന്‍ കരാര്‍ ചെയ്യുന്നതിന് കുഴപ്പമില്ല. എന്നാല്‍ ഗസ്സക്ക് നേരെ ഇസ്രയേല്‍ ആക്രമണം നടത്തിയാല്‍ അവസാനിക്കുന്നതായിരിക്കണം ഈ നിര്‍ത്തിവെക്കല്‍. പ്രതിരോധത്തിന്റെ കഴുത്തിന് പകരമായി നല്‍കുന്ന പുനര്‍നിര്‍മാണത്തെ അംഗീകരിക്കാത്ത ഫലസ്തീന്‍ ഗ്രൂപ്പുകളുമായി ചര്‍ച്ച ചെയ്ത് ഒരു നിലപാടിലെത്തേണ്ടതുണ്ട്. ഫലസ്തീന്‍ വിഷയത്തില്‍ അവശേഷിക്കുന്ന ഏക പ്രതീക്ഷ പ്രതിരോധമാണെന്നത് പ്രത്യേകം ഓര്‍ക്കുക.

വിവ : നസീഫ്‌

Related Articles