Current Date

Search
Close this search box.
Search
Close this search box.

ഖുര്‍ആന്‍ പറയുന്ന നദ്‌റും കേരളീയ നേര്‍ച്ചകളും

urus-nercha.jpg

ഇസ്‌ലാമിക സാങ്കേതിക സംജ്ഞകള്‍ക്ക് തുല്യമായ പല പദങ്ങളും മലയാള ഭാഷയിലില്ല. തൗഹീദ്, ഇബാദത്ത്, സ്വലാത്ത്, തഖ്‌വ, തവക്കുല്‍, ഇഹ്‌സാന്‍ എന്നിങ്ങനെ ഉദാഹരണങ്ങള്‍ നിരവധി. ഇതില്‍ പെട്ട ഒന്നാണ് ‘നദ്ര്‍’. സത്യവിശ്വാസികള്‍ അല്ലാഹുവിനു മാത്രം സമര്‍പ്പിക്കുന്ന ഒരു തരം പ്രതിജ്ഞക്കാണ് ഖുര്‍ആന്‍ ‘നദ്ര്‍ ‘ എന്നു പ്രയോഗിച്ചത്. ചില ഖുര്‍ആന്‍ പരിഭാഷകളില്‍ ‘നദ്‌റി’ന് ഒറ്റവാക്കില്‍ ‘നേര്‍ച്ച’ എന്നര്‍ത്ഥം നല്‍കിയിട്ടുണ്ടെങ്കിലും നമ്മുടെ നാട്ടില്‍ വ്യാപകമായി കണ്ടുവരുന്ന ‘നേര്‍ച്ചകള്‍ ”ഈ ‘നദ്‌റുകള്‍’ അല്ല.

ഹൈന്ദവ സഹോദരങ്ങള്‍ തങ്ങളുടെ ബഹു ദൈവങ്ങള്‍ക്ക് വഴിപാടുകള്‍ അര്‍പ്പിക്കുന്നതിനെ സൂചിപ്പിക്കുന്നതായിരുന്നു ‘നേര്‍ച്ച’എന്ന പദം. ഇത് മുസ്‌ലിംകളിലേക്ക് നുഴഞ്ഞുകയറുകയും ക്രമേണ സമുദായത്തില്‍ വേര് പിടിക്കുകയും ചെയ്തു. (ഇക്കാര്യം കൃത്യമായി മനസ്സിലാവാന്‍ ചാവടിയന്തിരത്തെ ഉദാഹരിക്കാം. മുസ്‌ലിംകള്‍ ചാവാറില്ല; മരിക്കാറേ ഉള്ളു. പക്ഷെ എന്നിട്ടും നാം ഇന്ന് ‘ചാവടിയന്തിരം’ കഴിക്കുകയും ‘ചാവിന്റ ചോര്‍’ തിന്നുകയും ചെയ്യുന്നു!! ‘താങ്കളുടെ ഉപ്പ ചത്തോ?’ എന്ന് നാം ചോദിക്കാറില്ലല്ലോ. എന്നാല്‍ ‘ഉപ്പാടെ ചാവടിയന്തിരം കഴിഞ്ഞോ?’ എന്ന് ചോദിക്കാന്‍ നമുക്ക് മടിയില്ല!)

ചാവടിയന്തിരത്തേക്കാള്‍ സമുദായത്തെ നാശത്തിലേക്ക് തള്ളിവിട്ടത് നേര്‍ച്ചകള്‍ ആയിരുന്നു. കാരണം ‘ചാവ്’ ശുദ്ധമായ ഇസ്‌ലാമികാചാരത്തിന്റെ മേഖലയിലാണ് അട്ടിമറി നടത്തിയതെങ്കില്‍ ‘നേര്‍ച്ച’കള്‍ നമ്മുടെ വിശ്വാസത്തിന്റെ അടിവേരുകള്‍ക്കാണ് കത്തി വെച്ചത്. എത്രത്തോളമെന്നാല്‍ സത്യവിശ്വാസികളുടെ ഒരൊറ്റ ‘നേര്‍ച്ചക്കാരന്‍’ അല്ലാഹു മാത്രമാണെന്ന് ഖുര്‍ആന്‍ പ്രഖ്യാപിക്കുമ്പോള്‍ (അല്‍ബഖറ, അല്‍ഇന്‍സാന്‍) സമുദായം പറയുന്നത് ഞങ്ങള്‍ക്ക് അനേകം’നേര്‍ച്ചക്കാര്‍’ ഉണ്ടെന്നാണ്!

ഇതു സംബന്ധിച്ചു പഠനം നടത്തിയ പ്രസിദ്ധ ചരിത്രകാരന്‍ എം.ഗംഗാധരന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: ‘നേര്‍ച്ച എന്നറിയപ്പെടുന്ന അനുഷ്ഠാനം പുണ്യാത്മാക്കളെ ആരാധിക്കുന്ന ബഹുവിധ രൂപങ്ങളിലൊന്നാണ്. നേര്‍ച്ച എന്ന പദം തന്നെ നോക്കുക. നേര്‍ എന്ന ദ്രാവിഡ മൂലത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ ഒരു വാക്കാണത്.

വേലകള്‍, പൂരങ്ങള്‍ പോലുള്ളവയെ മാതൃകയാക്കി ഉണ്ടാക്കിയവയാണ് നേര്‍ച്ചകള്‍. അനിസ്‌ലാമികമായ ഉത്സവങ്ങളുടെ മുസ്‌ലിം ആഘോഷങ്ങള്‍. നേര്‍ച്ചകള്‍ വേലകളുടെയും പൂരങ്ങളുടെയും ഇസ്‌ലാമിക രൂപങ്ങളാണ്. കൂട്ടായി നേര്‍ച്ചയെ സംബന്ധിച്ചിടത്തോളം ഇത് പ്രത്യേകിച്ചും ശരിയാണ്. അലങ്കരിച്ച ആനപ്പുറത്ത് ബഹുവര്‍ണങ്ങളിലുള്ള അലങ്കാരക്കുടകള്‍, എഴുന്നള്ളത്ത്, കരിമരുന്ന്.. കൂട്ടായ് നേര്‍ച്ചയെ ‘ഇസ്‌ലാമിക പൂര’മായി ചിത്രീകരിക്കാന്‍ മാത്രം സുദൃഢമാണ് രണ്ടും തമ്മിലുള്ള സാമ്യം.’*
—–
* മാപ്പിള പഠനങ്ങള്‍, എം.ഗംഗാധരന്‍.

Related Articles