Current Date

Search
Close this search box.
Search
Close this search box.

കൊന്ന പാപം തിന്നാല്‍ തീരും

സസ്യാഹാരികളില്‍ പലരും അവരുടെ അഹാരരീതിയുടെ പിന്നിലെ പ്രചോദനമായി അഹിംസയെ ചുണ്ടിക്കാട്ടാറുണ്ട്. പ്രാണികളോടുള്ള കരുണ, സമസൃഷ്ടികളോടുള്ള ദയ, അഹിംസ എന്നിവ കാരണമാണ് അവയെ കൊല്ലാനും, അവയുടെ മാംസം ഭക്ഷിക്കാനും ഇഷ്ടപ്പൊടാത്തത്. ഇതേ സസ്യാഹാരികള്‍ തന്നെ വളര്‍ത്തുമൃഗങ്ങളോട് ക്രൂരതകള്‍ കാണിക്കുന്നു. കൊല്ലാക്കൊല എന്ന് അതിനേ വിശേഷിപ്പിക്കാം. കൊല്ലുന്നുമില്ല, തിന്നുന്നുമില്ല. ബാക്കിയെല്ലാമുണ്ട്. അവയോട് അയിത്തവും വെറുപ്പുംകാണിക്കുന്നു. ഈ ക്രൂരതകളേക്കാള്‍ ഭേദം അതിനെ കൊല്ലുകയും തിന്നുകയും ചെയ്യുകയാണെന്ന് സംശയമില്ല.

മൃഗങ്ങളെ ഭക്ഷിക്കാതിരിക്കുന്നതു കൊണ്ട് മാത്രം അഹിംസ പൂര്‍ത്തീകരിക്കപ്പെടില്ല നാം നമ്മുടെ ജീവിതങ്ങളില്‍ മറ്റു മനുഷ്യരെയെന്നപോലെ നിരന്തരം മൃഗങ്ങളെയും അഭിമുഖീകരിക്കുന്നു. ഈ അഭിമുഖീകരണം, സന്ധിക്കല്‍, ഓരോ മനുഷ്യന്റെയും സംസ്‌കാരത്തിന്റെ ഒരു കണ്ണാടിയാണ്. തെരുവുനായയുടേയും വളര്‍ത്തുനായയുടേയും മുമ്പില്‍, വഴിയിലെ പശുവിന്റെ, കൂട്ടിലെ തത്തയുടെ, അണ്ണാന്റെ, മുയലിന്റെ, തേനീച്ചയുടെ, ചിത്രശലഭത്തിന്റെ മുമ്പില്‍ മനുഷ്യന്‍ എങ്ങിനെ പ്രതികരിക്കുന്നുവെന്നത് അവന്റെ ആന്തരിക സംസ്‌കാരത്തിന്റെ ഒരു സുപ്രധാന മാനദണ്ഡമാണ്. മൃഗങ്ങളെ തിന്നാതിരുന്നാല്‍ മാത്രം മനുഷ്യന്‍ ശ്രേഷ്ഠനാകുന്നില്ല. അവരും നമ്മളും ഒരേ വലയിലാണ് ഇണക്കപ്പെട്ടിട്ടുള്ളത് എന്ന അറിവോടെ അവയുടെ മുമ്പില്‍ സൗഹൃദത്തോടെയും സമസൃഷ്ടി ബഹുമാനത്തോടെയും നില്‍ക്കാന്‍ കഴിയണം.

തെക്കേ ഇന്ത്യയിലെ സസ്യാഹാരികള്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന ഒരു ഉല്‍പന്നമാണ് പട്ട്. പട്ട് അവരുടെ ശരീരാലങ്കാരത്തിന്റെ പോലും ഒരു ഭാഗമാണ്. പട്ടുനൂല്‍ പുഴുവിന്റെ കൂടാണ് പട്ടുനിര്‍മാണത്തിനുള്ള അസംസ്‌കൃതപദാര്‍ത്ഥം. പട്ടുനൂല്‍പ്പുഴു വെറും ഒരു പുഴുവാണ്. അതും ഒരു ജീവിയാണ്. ഒരു പ്രാണിയാണ്, എത്ര പട്ടുനൂല്‍പ്പുഴുക്കള്‍ മരിക്കണം ഒരു പട്ടുസാരി ഉണ്ടാവണമെങ്കില്‍? ഓരോ പട്ടുസാരിയിലേക്കും നെയ്ത്തുകാരന്റെ അധ്വാനത്തേക്കാള്‍ പതിന്മടങ്ങ് പരിശ്രമം അനേകായിരം പുഴുക്കള്‍ ദാനം ചെയ്യുന്നു. അവസാനം സ്വന്തം ജീവനും. പട്ടുസാരിയുടുത്ത് ആഹ്ലാദിക്കുന്ന സസ്യാഹാരികള്‍ തങ്ങള്‍ ചുമക്കുന്ന ഈ പ്രേതാത്മാക്കളെപ്പറ്റി ചിന്തിക്കാന്‍ വഴിയുണ്ടോ?

തമിഴ്‌നാട്ടില്‍നിന്ന് പാലക്കാടന്‍ ചുരത്തിലൂടെയും കമ്പം മേട്ടിലൂടെയും കേരളത്തിലേക്ക് നടന്നുവരുന്ന കൊലയ്ക്ക് വിധിക്കപ്പെട്ട അനേകായിരം കാലികള്‍ ആരേയും അസ്വസ്ഥനാക്കുന്ന കാഴ്ചയാണ്. വര്‍ഷങ്ങള്‍ നീളെ യജമാനന്മാര്‍ക്കുവേണ്ടി. പണിയെടുത്തശേഷം, മരിക്കാനായി ഭികര യാത്ര! ദാഹിച്ചും, വിശന്നു വലഞ്ഞും, അടിയും, ഏറും, വാഹനങ്ങള്‍ ഉരസിയും, മരണത്തിലേക്ക് നൂറുകണക്കിന് മൈലുകള്‍ താണ്ടി നടക്കന്നു. ഈ കാലികളെ മരണത്തിന്റെ നീണ്ടതും ക്രൂരവുമായ പാതയിലേക്ക് നടത്തിവിടുന്നത് സസ്യാഹാരികളാണ്. ഗോവധം നിരോധിച്ച സംസ്ഥാനങ്ങള്‍ ഗോക്കളെ കൊലയ്ക്ക് കൊടുത്ത് പണം വാങ്ങി വധം മലയാളികളെ എല്‍പിക്കുന്നു. കൊല്ലാന്‍ വിട്ടുകൊടുക്കുന്നത് കൊലയല്ലല്ലോ! ആഹാരമല്ല പ്രശ്‌നം കാരുണ്യമാണ് പ്രശ്‌നം. കൊല്ലാതിരുന്നാല്‍ മാത്രം കാരുണ്യമാവുന്നില്ല. ഇതര സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് തെളിക്കുന്ന കാലികളോട് ദയകാണിക്കാമായിരുന്നു. അവയെ അവിടെത്തന്നെ കൊല്ലുകയും തിന്നാനാളുണ്ടെങ്കില്‍ തിന്നുകയും അല്ലെങ്കില്‍ മാംസം പുറത്തേക്കയക്കുകയുമായിരുന്നു വേണ്ടത്.

മക്കാ വിജയവേളയില്‍ പ്രവാചകന്‍ അറേബ്യയിലെ അന്നത്തെ ഏറ്റവും വലിയ സേനാസന്നാഹത്തോടെ മക്കയില്‍നിന്ന് മദീനയിലേക്ക് മാര്‍ച്ച് ചെയ്തപ്പോള്‍ വഴിയില്‍ ഒരു പട്ടി അതിന്റെ കുഞ്ഞുങ്ങള്‍ക്ക് മുലകൊടുത്തു കൊണ്ടിരിക്കുന്നത് ശ്രദ്ധയില്‍പെട്ടു. ഉടനെ ആ പട്ടിക്കും കുഞ്ഞുങ്ങള്‍ക്കും ഒരു ശല്യവുമുണ്ടാകാതിരിക്കാന്‍ ജുഐല്‍ ഇബ്‌നു സുറാഖ എന്ന സഹാബിയെ കാവല്‍ നിറുത്തിയ സംഭവം ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ചിരിക്കുന്നു. ഒരു പൂച്ചയെ ഭക്ഷണം കൊടുക്കാതെ കെട്ടിയിട്ട് പട്ടിണിക്കിരയാക്കിയ സ്ത്രീയെ ക്കുറിച്ചറിഞ്ഞ പ്രവാചകന്‍ ദുഷ്ടയായ ആ സ്ത്രീ നരകാവകാശിയാണെന്ന് പ്രഖ്യാപിച്ച ഹദീസും പ്രസിദ്ധമാണ്.

Related Articles