Current Date

Search
Close this search box.
Search
Close this search box.

കെജ്‌രിവാളിന്റെ ‘ആം ആദ്മി’

തന്റെ രാഷ്ട്രീയ സംഘടനയായ ‘ആം ആദ്മി പാര്‍ട്ടി’യുടെ പ്രഖ്യാപനം നിര്‍വഹിച്ചുകൊണ്ട് അരവിന്ദ് കെജ് രിവാള്‍ നടത്തിയ അവകാശവാദങ്ങള്‍ ഇതൊക്കെയായിരുന്നു: പൊതുതെരഞ്ഞെടുപ്പിലൂടെ തന്റെ പാര്‍ട്ടി അധികാരത്തില്‍ വരികയാണെങ്കില്‍ ആറ് മാസം കൊണ്ട് അഴിമതിക്കാരായ മുഴുവന്‍  രാഷ്ട്രീയക്കാര്‍ക്കെതിരെയും നടപടിയെടുക്കും. അവരെ ന്യായമായ രീതിയില്‍ ശിക്ഷിക്കും. പതിനഞ്ച് ദിവസം കൊണ്ട് അഴിമതി വിരുദ്ധ ലോക്പാല്‍ ബില്‍ പാസ്സാക്കും. സി.ബി.ഐയെ സ്വതന്ത്രസ്വഭാവമുള്ള സ്ഥാപനമാക്കും. ഇങ്ങനെ ഇന്ത്യന്‍ സമൂഹത്തെ അഴിമതിയുടെ നീരാളിപ്പിടിത്തത്തില്‍ നിന്ന് മോചിപ്പിച്ച ശേഷം ഓരോ പൗരന്റെയും അടിസ്ഥാനാവശ്യങ്ങള്‍ നിര്‍വഹിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. കെജ് രിവാളിന്റെ വാക്കുകള്‍:’രാജ്യം മുഴുക്കെ, താഴെ തട്ട് മുതല്‍ക്ക് മുകള്‍ തട്ട് വരെ, അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുന്നു. ഗവണ്‍മെന്റ് ഓഫീസുകളില്‍ കൈക്കൂലി സര്‍വസാധാരണം. ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് സാധാരണക്കാരെയാണ്. ഇത് രാജ്യത്ത് നിരന്തരം പുതിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.’ ഹമാര നേതാ കൈസാ ഹോ, ആം ആദ്മി ജൈസാ ഹോ(നമ്മുടെ നേതാവ് എങ്ങനെയോ അങ്ങനെത്തന്നെ പൗരന്‍മാരും) എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് നവമ്പര്‍ 26 ന് സംഘടിപ്പിച്ച പൊതുപരിപാടിയില്‍ പങ്കെടുത്ത് അദ്ദേഹം പറഞ്ഞു:’ഈ പാര്‍ട്ടി അധികാരത്തില്‍ എത്തിയാല്‍ യഥാര്‍ഥ അധികാരം സാധാരണക്കാരന്റെ കൈയിലായിരിക്കും..’ ഒരു കാര്യത്തില്‍ ആര്‍ക്കും സംശയമില്ല, ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന പാര്‍ട്ടി പ്രഖ്യാപന പരിപാടിയില്‍ വളരെയധികം ആവേശവും വീറും കാണാനുണ്ടായിരുന്നു.
കെജ്‌രിവാള്‍ വളരെ പ്രശസ്തനായ ഒരു സാമൂഹിക പ്രവര്‍ത്തകനാണ്. രണ്ട് വര്‍ഷം മുമ്പാണ് അദ്ദേഹം മഹാരാഷ്ട്രയിലെ സാമൂഹിക പ്രവര്‍ത്തകനായ അന്ന ഹസാരയുമായി ചേര്‍ന്ന് രാജ്യമൊട്ടാകെ അഴിമതി വിരുദ്ധ സമരത്തിന് രൂപം നല്‍കിയത്. പിന്നീട് സമരം എങ്ങനെ സംഘടിപ്പിക്കണം എന്ന കാര്യത്തില്‍ ഇവര്‍ക്കിടയില്‍ അഭിപ്രായഭിന്നത് ഉടലെടുത്തു. അഭിപ്രായഭിന്നതയുടെ ഒരു കാരണം, സമരം കോണ്‍ഗ്രസിനെയും കേന്ദ്രഗവണ്‍മെന്റിനെയും മാത്രം ടാര്‍ഗറ്റ് ചെയ്യുന്നു എന്നതായിരുന്നു. ബി.ജെ.പിയോട് മൃദുസമീപനം സ്വീകരിക്കുന്നു എന്നും പരാതി ഉയര്‍ന്നു. ആര്‍.എസ്.എസും ബി.ജെ.പിയും ഈ സംഘത്തെ പരസ്യമായി പിന്തുണച്ച് രംഗത്ത് വരികയും ചെയ്തു. മൊത്തം അഴിമതി വിരുദ്ധ സമരത്തിന്റെയും ആനുകൂല്യം ബി.ജെ.പി അടിച്ചെടുക്കുന്ന മട്ടിലായി കാര്യങ്ങള്‍. ഇന്ത്യയിലെ രണ്ട് വലിയ പാര്‍ട്ടികളും അഴിമതിയില്‍ ആണ്ടിരിക്കുകയാണെന്നും അതിനാല്‍ രണ്ട്് കക്ഷികള്‍ക്കെതിരെയും ശബ്ദമുയര്‍ത്തേണ്ടതുണ്ടെന്നുമാണ് കെജ്‌രിവാളിന്റെ നിലപാട്. പുതിയൊരു പാര്‍ട്ടിയുണ്ടാക്കുന്നതിന് അനുകൂലമായിരുന്നില്ല അന്ന ഹസാരെ(ബി.ജെ.പി തന്നെ മതിയല്ലോ എന്ന നിലപാട്).തെരഞ്ഞെടുപ്പ് പ്രക്രിയില്‍ നേരിട്ട് ഇടപെട്ടാലേ അഴിമതി ഉന്മൂലനം ചെയ്യാനാവൂ എന്ന നിലപാടിലായിരുന്നു കെജ്‌രിവാള്‍. ഇപ്പോള്‍ കെജ്‌രിവാളിന്റെ ഒപ്പം വേദി പങ്കിടുന്നവര്‍ ആത്മാര്‍ഥതയുള്ളവരും ദൃഢനിശ്ചയമെടുത്തവരുമാണെന്നാണ് മനസ്സിലാവുന്നത്. പ്രശസ്ത നിയമജ്ഞരായ ശാന്തിഭൂഷണ്‍,പ്രശാന്തി ഭൂഷണ്‍, മുന്‍ നാവികാസേനാ മേധാവി രാം ദാസ്, മനീഷ സിസോദിയ,ഗോപി റായ് എന്നിവര്‍ ഉദാഹരണം.
ഇത് വരെയുള്ള പ്രവര്‍ത്തനം വെച്ചു നോക്കിയാല്‍ ആം ആദ്മി പാര്‍ട്ടി സ്ഥാപകന്‍ കെജ്‌രിവാളിന്റെ ആത്മാര്‍ഥതയില്‍ സംശയിക്കേണ്ടതായി ഒന്നുമില്ല. അഴിമതിയുടെ വ്യാപ്തിയില്‍ അദ്ദേഹം വളരെ അസ്വസ്ഥനുമാണ്. എന്ത് വിലകൊടുത്തും അഴിമതി ഉന്മൂലനം ചെയ്യണമെന്നും അദ്ദേഹം പ്രഖ്യാപിക്കുന്നു. അതേസമയം അദ്ദേഹം വളരെ വൈകാരികമായി പ്രതികരിക്കുന്നുമുണ്ട്. ചിലപ്പോള്‍ കടുത്ത വാക്കുകള്‍ പ്രയോഗിക്കുന്നു. പക്ഷെ തന്റെ ദൗത്യത്തിലുള്ള പ്രതിബദ്ധത അദ്ദേഹം എന്നും പ്രകടിപ്പിച്ച പോന്നിട്ടുണ്ട്്. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അമീര്‍ മൗലാനാ ജലാലുദ്ദീന്‍ ഉമരിയുമായി ഡല്‍ഹിയിലെ ജമാഅത്ത് ആസ്ഥാനത്ത് വെച്ച നടത്തിയ ഒരു കൂടിക്കാഴ്ച കെജ്‌രിവാളിനെ ഓര്‍മിപ്പിക്കുകയാണ്. ജമാഅത്ത് അമീറുമായി ഒരു കൂടിക്കാഴ്ചക്ക് എത്തിയതായിരുന്ന കെജ്‌രിവാളും സംഘവും. അമീര്‍ അദ്ദേഹത്തോട് പറഞ്ഞു, ദൈവത്തെക്കുറിച്ചും പരലോകത്തെക്കുറിച്ചുമുള്ള ചിന്ത ജനമനസ്സുകളില്‍ രൂഢമൂലമാക്കിയാലല്ലാതെ ഈ അഴിമതി നിര്‍മാര്‍ജന യത്‌നങ്ങളൊന്നും വിജയിക്കാന്‍ പോകുന്നില്ല.’താങ്കള്‍ പറഞ്ഞ സംഗതി ഇപ്പോള്‍ ഞങ്ങളുടെ അജണ്ടയിലില്ല. അതെക്കുറിച്ച ഞങ്ങള്‍ പിന്നീട് ആലോചിക്കാം. ഇതെക്കുറിച്ച് കൂടുതല്‍ മാര്‍ഗനിര്‍ദേശം കിട്ടാന്‍ ഞങ്ങള്‍ നിങ്ങളെ വീണ്ടും സന്ദര്‍ശിച്ചു എന്നും വരാം. ‘കെജ്‌രിവാള്‍ ഈ പ്രസ്ഥാനത്തിന്റെ ജീവാത്മാവും പരമാത്മാവും ഒക്കെ ആയത്‌കൊണ്ട് ഇതെക്കുറിച്ച് ഗൗരവത്തില്‍ ആലോചിക്കണമെന്നാണ് നമുക്ക് ആവശ്യപ്പെടാനുള്ളത്. വളരെ ഭാരിച്ച ഒരു കര്‍ത്തവ്യം തന്നെയായിരിക്കുമത്. പക്ഷെ അക്കാര്യത്തിലെങ്ങാന്‍ വിജയിച്ചാല്‍ അത് തന്നെയായിരിക്കും അഴിമതി തടയാനുള്ള ഏറ്റവും എളുപ്പമുള്ള വഴി.
(ദഅ്‌വത്ത് ത്രൈദിനം 4-12-2012)

വിവ: അശ്‌റഫ് കീഴുപറമ്പ്

Related Articles