Current Date

Search
Close this search box.
Search
Close this search box.

കുറ്റം ഇലയുടേത് മാത്രമല്ല!

ഇല മുള്ളില്‍ വീണാലും മുള്ള് ഇലയില്‍ വീണാലും കേട് ഇലക്കുതന്നെ എന്ന് മുമ്പുള്ളവര്‍ പറഞ്ഞത് അന്നും ഇന്നും പരമാര്‍ഥം തന്നെ. സ്‌കൂളിലെ ഏറ്റവും സുന്ദരിയായ കൂട്ടുകാരി ഒരിക്കല്‍ ക്ലാസ്സിലിരുന്ന് ആരും കാണാതെ കണ്ണീര്‍ തുടക്കുന്നത് കണ്ടപ്പോള്‍ ചെന്ന് കാര്യമന്വേഷിച്ചു. അവള്‍ പരിഭവിച്ചത് എന്റെ സൗന്ദര്യം എനിക്ക് ശാപമാണ് എന്ന് പറഞ്ഞുകൊണ്ടായിരുന്നു. മാതാപിതാക്കള്‍ വിദേശത്തായതിനാല്‍ വല്യുമ്മയോടും വല്യുപ്പയോടുമൊപ്പം താമസിച്ചായിരുന്നു അവള്‍ പഠിച്ചിരുന്നത്. കുടുംബവീടുകള്‍ സന്ദര്‍ശിച്ചിരുന്നതും അവരോടൊപ്പമായിരുന്നു. അങ്ങനെയൊരു കുടുംബവീട്ടില്‍ നിന്നായിരുന്നു അന്നവള്‍ ക്ലാസ്സിലേക്ക് വന്നത്. തലേന്ന് രാത്രി തന്നെ ഒരാള്‍ ഉറങ്ങാന്‍ സമ്മതിക്കാതെ എന്തൊക്കെയോ ചെയ്‌തെന്ന് പറഞ്ഞ് അന്നത്തെ ആ എട്ടാം ക്ലാസ്സുകാരി കരഞ്ഞപ്പോള്‍ കരയേണ്ട എന്നു മാത്രം ഞാന്‍ പറഞ്ഞു. വെളുത്ത് സുന്ദരിയായ കൊലുന്നനെയുള്ള ഒരുവളെ തെരഞ്ഞുപിടിച്ച് കല്യാണം കഴിച്ച പിതാവുകൂടിയായ ഒരാളായിരുന്നു അതിനുത്തരവാദി എന്നു മനസ്സിലായപ്പോഴാണ് ആദ്യമായി ആണ്‍വര്‍ഗത്തെ സൂക്ഷിച്ചേ പറ്റൂ എന്നു പഠിച്ചത്. അന്നുമുതല്‍ മീഡിയകളില്‍ വരുന്ന ഓരോ വാര്‍ത്തകളില്‍ നിന്നും ഓരോ പുതിയ കാര്യങ്ങള്‍ പറിച്ചുകൊണ്ടേയിരിക്കുന്നു.

എനിക്ക് സഹോദരന്മാരായി ആരുമില്ലാത്തതിനാല്‍ ആണ്‍കുട്ടികളുടെ ഉത്തരവാദിത്തങ്ങള്‍ പലതും തലയിലെടുത്തുവെക്കേണ്ടി വന്നിട്ടുണ്ട്. എപ്പോഴെങ്കിലും ഹോസ്റ്റലില്‍ നിന്ന് രാത്രിയാണ് നാട്ടില്‍ ബസ്സിറങ്ങുന്നതെങ്കില്‍ ഒരുപാട് കണ്ണുകള്‍ പിറകിലുണ്ടാകും. കൃത്യമായി അറിഞ്ഞിട്ടും ചിലരെല്ലാം വന്ന് എന്താ വൈകിയതെന്ന് വെറുതെ ചോദിക്കും. ഓട്ടോ കാത്തുനില്‍ക്കുമ്പോള്‍ കസിന്‍സ് ആരെങ്കിലുമുണ്ടെങ്കില്‍ മാത്രം സമാധാനിക്കാം. അപ്പോഴെല്ലാം ആലോചിക്കാറുണ്ട്, ഇവരെയൊന്നും ആരും ചോദ്യം ചെയ്യുന്നില്ലല്ലോ, പിന്നെ അവര്‍ ആണായതുകൊണ്ടായിരിക്കുമെന്ന് വിചാരിക്കും. എന്നാലും പെണ്ണ് ആത്യാവശ്യത്തിനായാലും ആവശ്യത്തിനായാലും പുറത്തിറങ്ങിയാല്‍ വീട്ടുകാരേക്കാള്‍ ആശങ്ക നാട്ടുകാര്‍ക്കെന്തിനാണ്?

ഇതൊക്കെ ഓര്‍ത്തുപോവുന്നത് ഗോവന്‍ ഫാക്ടറി മന്ത്രി ദീപക് ധവലികാറിന് നികിത എന്ന ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി കത്തിലൂടെ കൊടുത്ത ചുട്ട മറുപടി കണ്ടിട്ടാണ്. പവിത്രമായ ഹിന്ദു മതവിശ്വാസം മുറുകെപ്പിടിച്ചാലും നല്ല രീതിയില്‍ വസ്ത്രമണിഞ്ഞാലും സ്ത്രീ പീഡനങ്ങള്‍ ഇല്ലാതാക്കാമെന്ന മന്ത്രിയുടെ പെണ്ണുമ്പിള്ളയുടെ പറച്ചിലിനെ പിന്താങ്ങി മൂപ്പീന്നു കൂടി കടന്നുവന്നതിനാലാണ് നികിതക്ക് ഇങ്ങനെ പറയേണ്ടി വന്നത്. ‘ബഹുമാനപ്പെട്ട സമൂഹത്തിലെ കൊലകൊമ്പന്മാരെ, നിങ്ങള്‍ പറയുന്നപോലെ കുറ്റവാളിയാകാനുള്ള ഒരു സാഹചര്യവും എനിക്കുണ്ടായിരുന്നില്ല. ഞാന്‍ എന്റെ കാലുകള്‍ പുറത്ത് കാണിച്ചിരുന്നില്ല. ഞാന്‍ എന്റെ ആണ്‍ സുഹൃത്തിനൊപ്പം പുറത്ത് കറങ്ങുകയായിരുന്നില്ല. ഞാന്‍ മദ്യപിച്ചിരുന്നില്ല. എന്റ ഫോണ്‍ സുരക്ഷിതമായി എന്റെ ബാഗില്‍ തന്നെയുണ്ടായിരുന്നു. ബലാത്സംഗം ചെയ്തയാള്‍ എന്നെ വലിച്ചുകൊണ്ടുപോകുമ്പോള്‍ ഞാന്‍ അഭിസംബോധന ചെയ്തത് സഹോദരാ എന്താണ് നിങ്ങളീ ചെയ്യുന്നത് എന്നാണ്.’

നികിത ഗോവന്‍മന്തിക്കായിരുന്നു കത്തെഴുതിയതെങ്കില്‍ ലണ്ടനിലെ കുടുബവീടിനടുത്ത് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടി ഇയോണ്‍ വെല്‍സണ്‍ കത്തെഴുതിയത് തന്നെ കടന്നാക്രമിച്ച പിശാചിനു തന്നെയാണ്. സ്വതന്ത്രമായി ശ്വസിക്കാനും കാറ്റില്‍ മുടിയഴിച്ചിടാനും ഞാന്‍ ആഗ്രഹിക്കുന്നു. കാരണം അത് എനിക്ക് ശാന്തത നല്‍കുന്നു. എന്റെ കാലുകള്‍ക്കിടയില്‍ എന്താണെന്ന് മറ്റുള്ളവര്‍ ചിന്തിക്കാതെ സ്വസ്തമായി ഇരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആണുങ്ങള്‍ എന്റെ മാറിലേക്ക് നോക്കാതെ തന്നെ ഞാന്‍ അവരോട് സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നു.’

ഹിന്ദുമതത്തില്‍ വിശ്വസിച്ച പെണ്ണു മാത്രം ഉണ്ടായാല്‍ പോര. ആണും വേണം. അതുപോലെ വ്യഭിചാരത്തോട് അടുക്കരുതെന്ന പറഞ്ഞ ഇസ്‌ലാമറിയുന്ന പുരുഷനും വേണം, വാര്‍ത്തകളില്‍ പീഡിപ്പിച്ചവരും പീഡിപ്പിക്കപ്പെട്ടവരും മതവും ജാതിയും വസ്ത്രവും ഒന്നും മാനണ്ഡമാക്കിയല്ല എന്നത് ഉറപ്പാണ്. വസ്ത്രം ചിലപ്പോള്‍ വില്ലനാവാം സൗന്ദര്യവുമാവാം അതിലപ്പുറം സാഹചര്യവുമാവാം എന്നാലും പെണ്ണ് മാത്രം നന്നായാല്‍ ഇതൊന്നും തീരില്ല എന്നുറപ്പാണ്. ആണ്‍മക്കള്‍ വീട്ടില്‍ നല്ലവരായി വളരുന്നുണ്ട് എന്ന് മാതാപിതാക്കള്‍ക്കും നാട്ടുകാര്‍ക്കും ഉറപ്പിച്ചു പറയാന്‍ കഴിയുകയാണ് വേണ്ടത്.

Related Articles