Current Date

Search
Close this search box.
Search
Close this search box.

കുരക്കാന്‍ മറക്കുന്ന കാവല്‍ നായ്ക്കള്‍

നിലവിലെ ലോകക്രമത്തില്‍ ഏറ്റവും കരുത്തുറ്റതും മെച്ചപ്പെട്ടതുമായ ഭരണമാണ്  ജനാധിപത്യം. ഈ ജനാധിപത്യത്തെ താങ്ങിനിര്‍ത്തുന്നതില്‍ മുഖ്യപങ്കുവഹിക്കുന്നത് ജനാധിപത്യത്തിന്റെ നാലാം തൂണെന്നറിയപ്പെടുന്ന മാധ്യമങ്ങളാണ്. ജനാധിപത്യത്തിന്റെ കാവല്‍ നായകള്‍ എന്നാണ് പൊതുവെ മാധ്യമങ്ങളറിയപ്പെടുന്നതുതന്നെ. സ്വാതന്ത്ര്യാനന്തരകാലം മുതല്‍ ഈ കാവല്‍ നായകള്‍ കുരച്ചുതന്നെയാണ് ജനാധിപത്യം പുഷ്ടിപ്പെടുത്തിയതും. അന്നൊക്കെ സാമ്രാജ്യത്വത്തോടും കൊളോണിയസത്തോടും നെറികേടുകളോടും കലഹിക്കുകയായിരുന്നു മാധ്യമധര്‍മം.  എന്നാല്‍ സാമ്രാജ്യത്വം ശക്തി പ്രാപിക്കുന്നതിനനുസരിച്ച് മാധ്യമങ്ങളിലെ അനീതിക്കെതിരെയുള്ള പടവെട്ടല്‍ നേര്‍ത്തുനേര്‍ത്ത് അരികുചേരുന്ന അവസ്ഥയിലെത്തി. വാര്‍ത്തകള്‍ ജനങ്ങളിലേക്കെത്തിക്കുക എന്ന മാധ്യമധര്‍മത്തിനപ്പുറം വാര്‍ത്തകള്‍ പടച്ചുണ്ടാക്കലായി പിന്നീട് ഒരുകാലത്ത് എണ്ണം പറഞ്ഞ മാധ്യമങ്ങളിലേതടക്കം പണി.

അങ്ങനെയാണ് ജ്യൂഡീഷ്യറിക്കു മുന്നേ പൗരനുമേല്‍ ന്യായവിധികള്‍ നടത്താന്‍ മാധ്യമങ്ങള്‍ പണിയെടുത്തത്. ഭരണകൂടം അവര്‍ക്കിഷ്ടമില്ലാത്തവന്റെയും കിട്ടിയവന്റെയും കണ്ടവന്റെയുമൊക്കെ മേല്‍ ത്രീവവാദത്തിന്റെയും  ഭീകരവാദത്തിന്റയും മുദ്ര ചാര്‍ത്താനൊരുമ്പെടുമ്പോള്‍ പോലീസ് ഔദ്യോഗിക ഭാഷ്യങ്ങള്‍ക്കപ്പുറം സത്യാന്വേഷണത്തിന്റെ പരീക്ഷണത്തിന് പോലും മുതിരാതെയാണ്  ദൃശ്യശ്രാവ്യമാധ്യമങ്ങള്‍ ഒട്ടനേകം ചെറുപ്പക്കാരെ തീവ്രവാദികളായി സമൂഹ മധ്യേ അവതരിപ്പിച്ചത്. അതിലെ ഒരേയൊരു സത്യം ഇങ്ങനെ പത്രങ്ങള്‍ വേട്ടയാടി നശിപ്പിച്ചവര്‍ മുസ്‌ലിം ചെറുപ്പക്കാര്‍ മാത്രമായിരുന്നു എന്നതാണ്.
 
ലോകത്ത് തീവ്രതയുടെയും ഭീകരതയുടെയും അതിക്രമങ്ങള്‍ ഒരുപാടുണ്ടായിട്ടുണ്ട്. കൊല്ലപ്പെട്ട നിരപരാധികളുടെയും നശിപ്പിക്കപ്പെട്ട വസ്തുക്കളുടെയും കണക്കുകള്‍ ചിന്തക്കും കഴ്ചക്കും അപ്പുറമാണ്. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങള്‍ കണ്ട് ഞെട്ടിത്തരിച്ചതാണ് ലോക മനസ്സാക്ഷി. എടുത്തുപറയാന്‍ ഒട്ടറെ യുദ്ധങ്ങളും അതിക്രമങ്ങളും നാശങ്ങളും ചരിത്രത്തില്‍ വായിച്ചിട്ടുണ്ട്. ഇതൊക്കെയും മനുശ്യരാശിയോടുള്ള യുദ്ധം തന്നെയായിരുന്നു. ചരിത്ര പഠനമെന്നത് യുദ്ധത്തെയും കീഴടക്കലിന്റെയും കൊലയുടെയും കൂടി അധ്യായങ്ങളായിരുന്നു. പക്ഷേ അതിന് കാരണക്കാരായവരെ ചരിത്രം ഏതെങ്കിലും മതത്തോട് പങ്കുചേര്‍ത്ത് പറഞ്ഞിട്ടില്ലായിരുന്നു. അതിനോരോന്നിനും ന്യായീകരണ രാഷ്ട്രീയങ്ങളും പറയാനുണ്ടായിരുന്നു. കാലങ്ങള്‍ക്കിപ്പുറം കാരണമെന്തായാലും അതിക്രമങ്ങളെ മതത്തിന്റെ പേരില്‍ വരവ്‌വെക്കപ്പെട്ടു. അതും ഇസ്‌ലാമിന്റെ പേരില്‍ മാത്രം. അങ്ങനെ എവിടെയും സ്‌ഫോടനവും അക്രമവും ഉണ്ടായാല്‍ നമ്മുടെ പോലീസ് രഹസ്യാന്വേഷണ സംഘങ്ങള്‍ മുസ്‌ലിം ചെറുപ്പക്കാരെയന്വേഷിച്ചുപാഞ്ഞു. അവര്‍ക്കത് അംഗീകാരത്തിന്റെ മുദ്ര നെഞ്ചിലണിയാനുള്ള പരക്കം പാച്ചിലുകളായിരിക്കാം. പക്ഷേ സത്യത്തിനുപിന്നാലെ തൂലികയും ക്യാമറയുമായി പയേണ്ട മാധ്യമപ്രവര്‍ത്തകനും പാഞ്ഞത് അവരുടെ പിന്നാലെ മാത്രം. ന്യൂസ് റൂമിന്റെ അങ്ങേത്തലക്കും ഇങ്ങേത്തലക്കും ആളെയിരുത്തി മുസ്‌ലിം ചെറുപ്പക്കാരന്റെ തീവ്രവാദ ബന്ധം ആരായലായി പിന്നെയുള്ള പണി. ചര്‍ച്ചകളുടെ പരമ്പര. ഉത്തരേന്ത്യയിലെ അഭ്യസ്ഥരായ ചെറുപ്പക്കാരെ മാത്രമല്ല, സഹിഷ്ണുത കേരളത്തിലെ ചെറുപ്പക്കാരെയും  കോടതിക്കു മുമ്പേ തീവ്രവാദിയായി സമൂഹത്തില്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ പത്രങ്ങള്‍ വിജയിച്ചു. അവന്‍ ജനിച്ച വീടും വളര്‍ന്ന നാടും പഠിച്ച സ്‌കൂളും ജോലിസ്ഥലവും തീവ്രവാദകേന്ദ്രങ്ങളാക്കുന്നതില്‍ മുഖ്യധാര പത്രങ്ങള്‍ മത്സരിച്ചതു നാം കണ്ടു. മുഹ്‌സിനെന്ന ചെറുപ്പക്കാരനെയും ഹുബ്ബാളി ഗൂഡോലോചനാക്കേസിലെ  യഹ്‌യ അടക്കമുള്ള പ്രതികളെയും ഇങ്ങനെ മാധ്യമങ്ങള്‍ വേട്ടയാടിയതായിരുന്നു. മുഹ്‌സിന്‍ നിരപരാധിയെന്നു പറഞ്ഞുകോടതി വിട്ടയച്ചു. ഇപ്പോഴിതാ ഏഴുവര്‍ഷത്തെ വിചാരണക്കൊടുവില്‍ ഹുബ്ബാളി സെഷന്‍സ് കോടതി യഹ്‌യ അടക്കം ഇതില്‍ ഉള്‍പ്പെട്ട 17 പ്രതികളെയും നിരുപാധികം വെറുതെ വിട്ടിരിക്കുന്നു. പ്രതികള്‍ക്കെതിരെയുള്ള കുറ്റങ്ങള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് പറഞ്ഞ ജഡ്ജി വ്യക്തമായ തെളിവുകളുടെ അഭാവത്തില്‍ കേസിലെ പ്രതികളെ വെറുതെ വിടാന്‍ ഉത്തരവിട്ടു.

ഇവിടെ യഹ്‌യ എന്ന ചെറുപ്പക്കാരന്‍ ഏഴുവര്‍ഷമായിരുന്നു ജയിലറക്കുള്ളിലായത്. ഒട്ടനേകം തവണ അവന്റെ കുടുംബം അവന്‍ നിരപരാധിയാണെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷേ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളൊന്നും അത് കണ്ടതായി നടിച്ചിരുന്നില്ല. അന്ന് ഈ ചെറുപ്പക്കാരൊക്കെ തീവ്രവാദികളാണെന്ന് മഷി നിരത്തിയവരും വിളിച്ചുപറഞ്ഞവരും അവരുടെ നിരപരാധിത്വം കോടതി അംഗീകരിച്ചപ്പോള്‍ അത് കണ്ടതായിപ്പോലും നടിച്ചില്ല. ചര്‍ച്ച ചെയ്യാന്‍ ആരും ന്യൂസ് റൂമില്‍ എത്തിയതായി കണ്ടില്ല. മുഖ്യധാരയെന്നു പറയുന്ന പത്രങ്ങള്‍ക്കത് വിഷയമേ അല്ലായിരുന്നു. വാര്‍ത്തകള്‍ ഉണ്ടാക്കി മാത്രമല്ല, സ്ത്യങ്ങള്‍ മൂടി വെച്ചും തിരസ്‌കരിച്ചും ഒരു സമൂഹത്തോട് എങ്ങനെ അനീതി കാണിക്കാമെന്ന് ചില പത്രങ്ങളും ചാനലുകളും നമുക്ക് കാട്ടിത്തരുന്നുണ്ട്.

ആധുനിക കാലത്ത് മുസ്‌ലിംകള്‍ക്കെതിരെയുള്ള ആയുധങ്ങള്‍ ബോംബുകളും മിസൈലുകളുമല്ല, അക്ഷരങ്ങളാണ്. മീഡിയയിലൂടെ അതെങ്ങനെ ഭംഗിയായി അവതരിപ്പിക്കാം എന്നതാണ് സാമ്രാജ്യത്വ ഫാസിസ്റ്റ് തന്ത്രം. ആ തന്ത്രത്തെ വിജയിപ്പിച്ചെടുക്കുന്നത് പത്രദൃശ്യ മാധ്യമങ്ങളിലൂടെയാണെന്ന് മാത്രം. ജനാധിപത്യത്തിന്റെ കാവല്‍ നായകള്‍ അനാവശ്യമായി കുരക്കുമ്പോള്‍ നഷ്ടപ്പെട്ടുപോകുന്നത് ജനമനസ്സിലെ സ്‌നേഹവും പരസ്പര വിശ്വാസവും ബഹുമാനവുമൊക്കെയാണ്.

Related Articles