Current Date

Search
Close this search box.
Search
Close this search box.

കാല് പിടിക്കരുത്, കൈ പിടിച്ചാല്‍ മതി

hold-hand3c.jpg

നായ്ക്കള്‍ വാഴാത്ത ഒരു നാട്ടിലായിരുന്നു എന്റെ ജനനം. ആ നാട്ടിലെ ഏഴ് വര്‍ഷങ്ങളിലെ ജീവിതത്തിനിടയില്‍, വെറും രണ്ട് തവണ മാത്രമാണ് അതിനെ കണ്ടതായി ഓര്‍ക്കുന്നത്. അന്നാട്ടുകാരെ ബാധിച്ചിരുന്ന ഫോബിയ എന്നെയും പിടികൂടിയിരുന്നു എന്ന് പറയേണ്ടതില്ലല്ലോ. ഏഴാം വയസ്സില്‍ നായ്ക്കള്‍ക്ക് അയിത്തമില്ലാത്ത ഒരു നാട്ടിലെത്തിപ്പെട്ടു. എങ്ങോട്ടെങ്കിലും പുറപ്പെട്ടാല്‍ വഴിക്ക് ഒരു പട്ടിയെങ്കിലും എതിരെ വരാതിരിക്കില്ല. അന്നാട്ടുകാര്‍ക്ക് അവയൊരു വിഷയമേ അല്ല! എന്റെ കാര്യമോ?

ബാല്യകാലത്തെ പേടിസ്വപ്‌നങ്ങളിലൊന്നായിരുന്നു ഈ ജീവികള്‍. ഇതിന് പ്രത്യേകിച്ചെന്തെങ്കിലും പരിഹാരം ഉണ്ടായിരുന്നില്ല. ആ ജീവി എതിരെ വരുമ്പോള്‍, അതിനെ കണ്ടില്ലെന്ന് നടിച്ച്, ഞാനീ നാട്ടുകാരനേയല്ല എന്ന ഭാവത്തോടെ, ഭയന്നു വിറച്ച്, എങ്ങനെയെങ്കിലും അപ്പുറം കടന്നുകിട്ടണമെന്നേ ഉണ്ടായിരുന്നുള്ളൂ. അതെന്നെ കാണാനിടവരല്ലേ എന്ന പ്രാര്‍ത്ഥനയും മനസ്സിലുണ്ടാവും. ചില മന്ത്രങ്ങളൊക്കെ ഉരുവിട്ടെന്നും വരാം. അത്രക്കുണ്ടായിരുന്നു അവറ്റകളോടുള്ള ഭയം.

ഇത്രയൊക്കെ ഭയപ്പാടോടെയാണ് അതിനെ കണ്ടിരുന്നതെങ്കിലും, ഒരിക്കല്‍ പോലും അതിന്റെ കടിയേല്‍ക്കാനിടവന്നില്ല എന്ന് പ്രത്യേകം പറയട്ടെ. മറിച്ച്, മനുഷ്യ രൂപത്തില്‍ ജന്മമെടുത്ത ചില ജീവികളുടെ മണപ്പിക്കലും, നക്കലും, മാന്തലുമൊക്കെ അനുഭവിക്കാന്‍  ഇടവരികയും ചെയ്തു. മദ്രസയിലേക്കും, സ്‌കൂളിലേക്കും, കടകളിലേക്കും മറ്റുമുള്ള നടത്തത്തിനിടയിലെല്ലാം ഈ ജീവികളെ നേരിടേണ്ടിവന്നു. ചിലര്‍ കൈവെള്ളയില്‍ ചൊറിഞ്ഞു. ചിലര്‍ തോളത്ത് കൈയിട്ട് സ്വകാര്യം പറഞ്ഞു. ചിലര്‍ നേര്‍ക്കുനേരെ പരാതിയും പറഞ്ഞു – നിന്നെ ഒന്നിനും കിട്ടുന്നില്ലല്ലോ എന്ന്.

പേയിളകിയ ഒന്നിന്റെ അക്രമണത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട കാര്യം ഇന്നും ഞെട്ടലോടെ മാത്രമേ ഓര്‍ക്കാനാവുന്നുള്ളൂ. ഒരു നാള്‍ സന്ധ്യാവേളയില്‍ അല്‍പം ദൂരെയുള്ള കടയിലേക്ക് പോകേണ്ടിവന്നു. ഈ നേരത്തെ നടത്തം അപകടകരമാണെന്ന് മനസ്സ് പറയുന്നുണ്ട്. പക്ഷേ, പോകാതെ വയ്യ. തിരിച്ച് വരുന്ന വഴി ഒരെണ്ണം പിറകെ കൂടി. വിജനമായ ഒരിടത്ത് അതെന്നെ പിടിച്ചു. പണിതുകൊണ്ടിരുന്ന ഒരു വീട്ടിലേക്ക് എന്നെ പിടിച്ച് കൊണ്ടുപോകാന്‍ അത് ശ്രമിച്ചുതുടങ്ങി. അയല്‍വാസിയായ ഒരു യുവാവിന്റെ രൂപത്തില്‍ ദൈവസഹായം എനിക്കെത്തിയതിനാല്‍ അന്ന് ഞാന്‍ രക്ഷപ്പെട്ടു.

ഇത്തരം ജീവികളെ മറ്റ് നാടുകളിലും പിന്നീട് കാണാനിടയായി. കുട്ടി സുന്ദരന്മാരെ ശമ്പളം നല്‍കി കൂടെ പാര്‍പ്പിക്കുന്ന മുതലാളിമാരും, നേതാക്കന്മാരും, സുന്ദരക്കുട്ടികളെ ഇവരുടെ അടുത്തെത്തിക്കുന്ന പിമ്പുകളും ഉണ്ടെന്ന് മനസ്സിലായി. ഭീകരവും അവിശ്വസനീയവുമായ സംഭവങ്ങള്‍ പലതുമറിഞ്ഞു. ബലാല്‍ക്കാരം ചെയ്യപ്പെട്ട ബാലന്‍ അബോധാവസ്ഥയിലായതും, മെരുങ്ങിക്കിട്ടാത്ത കുട്ടിയെ കുടുക്കിയിട്ടുണ്ടെന്ന വിവരമറിഞ്ഞ്, ഇഷാ നമസ്‌കാരാനന്തരം ആളുകള്‍ അങ്ങോട്ടേക്ക് ഓടിപ്പോയതും, അങ്ങനെ പലതും.

നാട്ടുകാര്‍ക്ക് എല്ലാമറിയാം. പക്ഷേ, ഇവര്‍ക്ക് സമുദായത്തിലുള്ള മാന്യതക്ക് ഒരു കുറവും വന്നില്ല. നേതാക്കന്മാര്‍ക്ക് അനുയായികള്‍ ഇല്ലാതായില്ല. പണ്ഡിതന്മാരൊന്നും അവരെ താക്കീത് ചെയ്തില്ല. ഖുത്ബകളില്‍ അവര്‍ക്കെതിരെ ഒന്നും പറഞ്ഞില്ല. അവരുടെ സാന്നിദ്ധ്യമുള്ള സഭകളില്‍ ജനം കൂട്ടംകൂടിനിന്നു. ആരും അവരെ ബഹിഷ്‌കരിച്ചില്ല. അവരുമായുള്ള സാമിപ്യം ജനം ഒരലങ്കാരമായി കരുതി. ഈ ജീവികളോടോ അവരുടെ നീചകര്‍മ്മങ്ങളോടോ വെറുപ്പ് കാണിക്കുന്ന ഒരാളെയും എനിക്ക് കാണാനായില്ല. ഇത്തരം നീചകര്‍മ്മങ്ങളോട് മുസ്‌ലിം സമൂഹം കാണിക്കുന്ന ഉദാരമനസ്‌കത ഇന്നും എനിക്കൊരത്ഭുതമാണ്.

അല്‍പം മാറിനിന്ന് എന്റെ സമുദായത്തെ നോക്കിക്കാണുമ്പോള്‍, അത്ഭുതം വര്‍ദ്ധിക്കുന്നു. ഒരു വ്യവസ്ഥ പാലിക്കപ്പെടുകയാണെങ്കില്‍, എന്തും ഹലാലാണ്, ഹറാമായതൊന്നുമില്ല! കള്ളന്‍ കയറിയാലും, എല്ലാം കൊണ്ടുപോകാനിടവന്നാലും, ആ കള്ളനെ കാണാനിടവരല്ലേ എന്ന് ഇളയുമ്മ ആഗ്രഹിച്ചത് പോലെയുള്ള ഒരു വ്യവസ്ഥയാണത്. ഭാര്യയോ ഭര്‍ത്താവോ മക്കളോ സ്വന്തക്കാരോ തിന്മകളെന്തൊക്കെ ചെയ്യാനിടവന്നാലും, നാട്ടുകാരാരും, അടുത്ത ബന്ധുക്കള്‍ വിശേഷിച്ചും, അറിയാനിടവരല്ലേ എന്നതാണാ വ്യവസ്ഥ!

നിങ്ങള്‍ നമസ്‌കരിക്കുന്നു, വ്രതമനുഷ്ടിക്കുന്നു, മൂത്രമൊഴിച്ചാല്‍ കഴുകുന്നു, പരസ്പരം കാണുമ്പോള്‍ സലാം പറയുന്നു, പര്‍ദ്ദ ധരിക്കുന്നു, പള്ളികളും മദ്രസകളും പരിപാലിക്കുന്നു, അറുത്തതിനെ മാത്രം ഭക്ഷിക്കുന്നു, മയ്യിത്ത് പരിപാലനം നടത്തുന്നു. തിന്മകളോട് പ്രത്യേകിച്ചൊരു വെറുപ്പും കാണുന്നുമില്ല. ഈമാനിന് യാതൊരു ഭംഗവും വന്നിട്ടുമില്ല!

വീടുകളുടെ വിസ്താരവും അലങ്കാരങ്ങളും കൂടിക്കൂടി വരുന്നു. ഒരു വീട്ടില്‍ ഒരടുക്കള മതിയാവാതെ വന്നിരിക്കുന്നു. ആഘോഷങ്ങളുടെയും വിഭവങ്ങളുടെയും എണ്ണം വര്‍ദ്ധിച്ച് കൊണ്ടേയിരിക്കുന്നു. സിനിമക്കാരും കോമഡിക്കാരും കളിക്കാരും പാട്ടുകാരും ഏറ്റവും പ്രിയപ്പെട്ടവരായിരിക്കുന്നു. ഒന്ന് മടുക്കുമ്പോള്‍ മറ്റൊന്നായി കളിവിനോദങ്ങള്‍ വിരല്‍ത്തുമ്പിലായിരിക്കുന്നു. പര്‍ദ്ദ ധരിച്ച സ്ത്രീകളെ കൂട്ടിയിടിക്കാതെ നഗരങ്ങളില്‍ യാത്ര അസാധ്യമായിരിക്കുന്നു.

ആശുപത്രിക്കാരും ഡോക്ടര്‍മാരും സ്‌കൂളുകാരും കോളേജുകാരും മത്സ്യ-മാംസ വില്പനക്കാരും വസ്ത്ര വ്യാപാരികളും സൂപ്പര്‍ മാര്‍ക്കറ്റുകാരും റിയല്‍ എസ്റ്റേറ്റുകാരും മരുന്ന് വില്പനക്കാരും – അങ്ങനെ പലരും ചേര്‍ന്ന കച്ചവടക്കാര്‍ പുതിയ തന്ത്രങ്ങള്‍ മെനഞ്ഞുകൊണ്ടേയിരിക്കുന്നു. ഇലക്ട്രീഷ്യന്‍ മുതല്‍ അധ്യാപകര്‍ വരെ തങ്ങള്‍ക്ക് യാതൊരവകാശവുമില്ലാത്ത ലാഭവിഹിതത്തിന് വ്യവസ്ഥചെയ്ത് കച്ചവടങ്ങളുറപ്പിക്കുന്നു. വിദ്യാഭ്യാസത്തിനും കച്ചവടത്തിനും വാഹനത്തിനും ഭവനത്തിനും പലിശക്കടം വാങ്ങാമെന്നായിരിക്കുന്നു. ആത്മീയ യാത്രകള്‍ മാത്രമല്ല, പള്ളി നിര്‍മ്മാണവും അനാഥരുടെ സംരക്ഷണവുമെല്ലാം ധനസമ്പാദന മാര്‍ഗങ്ങളാക്കിയിരിക്കുന്നു. സ്വവര്‍ഗരതി മാത്രമല്ല, മദ്യവും പലിശയും വ്യഭിചാരവും കൈക്കൂലിയും കള്ളക്കച്ചവടവും കൊലപാതകവും, അങ്ങനെ പലതും, തിന്മകളല്ലാതായി മാറിയോ? സദുപദേശം നല്‍കുന്നതിന് പോലും നിങ്ങള്‍ കാശുറപ്പിക്കുന്നുവല്ലോ മഹാപാപികളേ! ഏറ്റവുമധികം സമ്പാദിക്കുന്നവനാണോ, മുസ്‌ലിംകളേ, നിങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും ഉത്തമന്‍?

വിശ്വസിക്കുകയും സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യുകയും, പരസ്പരം സത്യവും സഹനവും ഉപദേശിക്കുകയും ചെയ്യാത്തവരെല്ലാം നഷ്ടത്തിലാണെന്ന് അല്ലാഹു سبحانه وتعالى പറഞ്ഞതും, തിന്മ കണ്ടാല്‍ കൈകൊണ്ട്, അതിനാവുന്നില്ലെങ്കില്‍ നാവ് കൊണ്ട് തടയണമെന്ന് റസൂലുല്ലാഹി  കല്‍പിച്ചതും നിങ്ങളറിയില്ലേ? അതിനും സാധിക്കുന്നില്ലെങ്കില്‍, തിന്മയോട് അസഹനീയമായ വെറുപ്പുണ്ടാവണമെന്നും, അതില്ലാത്തവന്‍ വിശ്വാസിയല്ലെന്നും? തിന്മകള്‍ക്ക് തടയിടാത്ത സമൂഹത്തെ അല്ലാഹു سبحانه وتعالى കൈവിടുമെന്നും, അവരെ ശിക്ഷകള്‍ ബാധിക്കുമെന്നും?

ശിക്ഷകളുടെ കാര്‍മേഘങ്ങള്‍ ചക്രവാളങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. എന്നിട്ടും, കരയുകയും, പശ്ചാത്തപിച്ച് മടങ്ങുകയും, കര്‍മ്മങ്ങള്‍ നന്നാക്കുകയും ചെയ്യുന്നതിന് പകരം, നിങ്ങള്‍ കൂടുതല്‍ കൂടുതല്‍ ചിരിക്കുകയാണല്ലോ!

Related Articles