Current Date

Search
Close this search box.
Search
Close this search box.

കാറല്‍ മാര്‍ക്‌സും തൃശൂരിലെ കച്ചവടക്കാരനും

കാറല്‍ മാര്‍ക്‌സ് കാലം കണ്ട മഹാനായ ചിന്തകനും ദാര്‍ശനികനും തികഞ്ഞ ഭൗതികവാദിയുമാണല്ലോ. മ്യൂഷ് എന്ന ഓമനപ്പേരിലറിയപ്പടുന്ന മകന്‍ എഡ്ഗാറിന്റെ മരണ വേളയില്‍ അദ്ദേഹം അത്യധികം അസ്വസ്ഥനായി. മരണച്ചടങ്ങുകളില്‍ സംബന്ധിച്ച ലീ ബെന്‍നെറ്റ് അന്നത്തെ മാര്‍ക്‌സിന്റെ അവസ്ഥ ഇങ്ങനെ വിശദീകരിക്കുന്നു. ‘ഇതൊരു നഷ്ടമല്ല. ലക്ഷണമാണെന്നായിരുന്നു ആശ്വാസവുമായെത്തിയവരോട് മാര്‍ക്‌സ് പറഞ്ഞത്. മകനെ അടക്കം ചെയ്ത ശവപേടകം കുഴിയലിറക്കുമ്പോള്‍ മാര്‍ക്‌സ് അതിലേക്ക് എടുത്തു ചാടുമെന്ന് ഞാന്‍ ഭയന്നു. അതു തടുക്കാനായി ഞാന്‍ അദ്ദേഹത്തിന്റെ അടുക്കല്‍ തന്നെ ഉണ്ടായിരുന്നു’.

ഭാര്യ ജെന്നി മരണപ്പെട്ടപ്പോഴും ഏറെ അസ്വസ്ഥനായ മാര്‍ക്‌സ് ആശ്വാസം കണ്ടെത്തിയത് മദ്യത്തിലായിരുന്നു. മേരി ഗബ്രിയേല്‍ എഴുതിയ ലവ് ആന്റ് കാപ്പിറ്റല്‍ എന്ന അറുനൂറിലേറെ പേജുള്ള ബൃഹദ്ഗ്രന്ഥത്തെ അവലംബിച്ച് എസ്. ജയചന്ദ്രന്‍ നായര്‍ എഴുതുന്നു. ‘അവസാനത്തില്‍ സ്‌നേഹിതന്‍മാരായ ലിബന്‍ നെറ്റും അയാളുടെ സഹോദരന്‍ ബ്രൂണിയുമൊത്ത് ഓക്‌സ്‌ഫെഡ് സ്ട്രീറ്റുമുതല്‍ ഹാംസ്റ്റെറോഡു വരെയുള്ള പബ്ബുകളിലെല്ലാം കയറിയിറങ്ങി മദ്യപാനം നടത്തി ബഹളമുണ്ടാക്കുന്നതില്‍ മാര്‍ക്‌സ് പങ്കാളിയായി. മടങ്ങുമ്പോള്‍ നിരത്തിലെ കല്ലുകളിളക്കി തെരുവുവിളക്കുകളിലെറിയാനും അവര്‍ തയാറായി. (മാതൃഭൂമി ആഴ്ചപ്പതിപ്പ് 2013 മാര്‍ച്ച് 3-9)

മാര്‍ക്‌സിന്റെ മക്കളും അതിവേഗം അസ്വസ്ഥരാകുന്നവരായിരുന്നു. മൂന്നു പെണ്‍മക്കളില്‍ രണ്ടുപേരും ആത്മഹത്യ ചെയ്യുകയാണുണ്ടായത്. എന്റെ ഒരു ജീവിതാനുഭവം ഇതിനോട് ചേര്‍ത്തു വെക്കട്ടെ. തൃശൂരിലെ ഒരു വ്യാപാരകുടുംബത്തിലെ അഞ്ച് അംഗങ്ങള്‍ സേലത്തുണ്ടായ ഒരു വാഹനാപകടത്തില്‍ ഒരൊറ്റ ദിവസം മരണമടഞ്ഞു. ആ കുടുംബ നാഥനെ ആശ്വസിപ്പിക്കാനെത്തിയ എന്നോട് അദ്ദേഹം പറഞ്ഞതിങ്ങനെ. ‘അല്ലാഹു തന്ന കുട്ടികളെ അവന്‍ തിരിച്ചെടുത്തു. അല്ലാഹു അനുഗ്രഹിച്ചെങ്കില്‍ സ്വര്‍ഗത്തില്‍ വെച്ച് കണ്ടുമുട്ടാം. താങ്കള്‍ പ്രാര്‍ത്ഥിക്കുമല്ലോ’.

മഹാനായ മാര്‍ക്‌സ് പരാജയപ്പെട്ടിടത്ത് വളരെ സാധാരണക്കാരനായ ഒരു കച്ചവടക്കാരന്‍ മഹത്തായ വിജയം കൈവരിച്ചതെന്തുകൊണ്ടെന്നു വളരെ വ്യക്തം. ദൃഢമായ പരലോക വിശ്വാസം തന്നെ.

Related Articles