Current Date

Search
Close this search box.
Search
Close this search box.

കാരുണ്യത്തിന്റെ അപാരത

കണ്ണുതുറപ്പിക്കുന്ന തെളിവുകള്‍ എന്നാണ് അല്ലാഹു ഖുര്‍ആനിന്നു നല്‍കിയ വിശേഷണങ്ങളിലൊന്ന്. അതു പാരായണം ചെയ്യല്‍, കേട്ടാല്‍ നിശ്ശബ്ദത പാലിക്കല്‍, അര്‍ഥം ഗ്രഹിക്കല്‍ എല്ലാം പ്രതിഫലാര്‍ഹമാണ് എന്ന് മുസ്‌ലിംകള്‍ക്കെല്ലാവര്‍ക്കുമറിയാം. അതിന്റെ അവതരണമാസമായ റമദാനില്‍ മനുഷ്യര്‍ ചെയ്യേണ്ട പ്രധാനകര്‍മം ആ വചനങ്ങളുടെ ഉടമയെ വ്യക്തമായി മനസ്സിലാക്കലാണ്. അല്ലാഹു സ്വര്‍ഗം സൃഷ്ടിച്ചപോലെ നരകവും സൃഷ്ടിച്ചിട്ടുണ്ട്. പക്ഷേ, നരകത്തിലേക്ക് അവന്‍ മനുഷ്യരെ ക്ഷണിക്കുന്നില്ല. ക്ഷണിക്കുന്നത് സ്വര്‍ഗത്തിലേക്കു മാത്രമാണ്. ‘അല്ലാഹു ശാന്തിയുടെ ഭവനത്തിലേക്ക് ക്ഷണിക്കുന്നു, അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേരായ പാതയിലേക്ക് നയിക്കുകയും ചെയ്യുന്നു’ (10 : 25)

സ്വര്‍ഗത്തിലെത്താനുള്ള എല്ലാ സൗകര്യങ്ങളും അല്ലാഹു മനുഷ്യര്‍ക്ക് ചെയ്തുകൊടുക്കുന്നു. ഒന്നാമതായി തെറ്റുകള്‍ മനുഷ്യസഹജമായി കണ്ട് അതിന്റെ ശിക്ഷ ഒന്നിന് ഒന്നുമാത്രം എന്ന്, പരിമിതമാക്കിയിരിക്കുന്നു. നന്മക്ക് ഒന്നിന് ചുരുങ്ങിയത് പത്ത് എന്ന നിലക്കാണ് പ്രതിഫലം നല്‍കുക. ആത്മാര്‍ഥമായി പശ്ചാത്തപിച്ചാല്‍ തെറ്റുകള്‍ പൊറുത്തുകൊടുക്കുക; ഇതെല്ലാമാണ് വിശ്വാസികളെ സ്വര്‍ഗത്തിലെത്തിക്കാന്‍ അല്ലാഹു നല്‍കുന്ന ഇളവുകള്‍. ‘വല്ലവനും ഒരു നന്മ കൊണ്ടുവന്നാല്‍ അവന്ന് അതിന്റെ പതിന്മടങ്ങ് ലഭിക്കുന്നതാണ്. വല്ലവനും ഒരു തിന്മ കൊണ്ടുവന്നാല്‍ അതിനു തുല്യമായ പ്രതിഫലം മാത്രമേ അവന്ന് നല്‍കപ്പെടുകയുള്ളൂ. അവരോട് യാതൊരു അനീതിയും കാണിക്കപ്പെടുകയില്ല.'(6 :160)

ശിക്ഷക്ക് ശിക്ഷയെന്നല്ല അല്ലാഹു പറഞ്ഞതെന്നത് ശ്രദ്ധേയമാണ്, തിന്മയുടെ പ്രതിഫലം എന്നാണ്. അതിനോട് ചേര്‍ത്തുപറഞ്ഞത് ആരോടും ഒട്ടും അനീതി ചെയ്യുകയില്ലെന്നും, അപ്പോള്‍ പാപി ശിക്ഷിക്കപ്പെടുന്നത് അവന്‍ അല്ലാഹു വെച്ചുനീട്ടിയ കാരുണ്യം തള്ളിക്കളഞ്ഞ് തിന്മയുടെ പാത തെരഞ്ഞെടുത്തതുകൊണ്ടാണ്. അതിനാല്‍ അവനെ ശിക്ഷിക്കുക എന്നത് കാരുണ്യത്തിന് എതിരല്ല. എടുത്ത ജോലിക്കുള്ള കൂലി മാത്രമാണത്.

അല്ലാഹുവെയും അവന്റെ തിരുദൂതനെയും അനുസരിക്കുന്നവര്‍ക്കുള്ള പ്രത്യേക കാരുണ്യവും പാരിതോഷികവുമാണ് മുകളില്‍ പറഞ്ഞ ഒന്നിന് പത്ത് എന്ന പ്രതിഫലം. സത്യവിശ്വാസത്തെ, ശുദ്ധമായ ഏകദൈവവിശ്വാസത്തെ, അതുപഠിപ്പിക്കാന്‍ നിയോഗിക്കപ്പെട്ട പ്രവാചകന്മാരോടുള്ള അനുസരണത്തെ അല്ലാഹു പരമപ്രധാനമായി കാണുന്നു. അതുകൊണ്ടാണ് ചെയ്ത ജോലിക്ക് വര്‍ധിച്ച തോതില്‍ പ്രതിഫലം വാഗ്ദാനം ചെയ്യുന്നത്, പ്രതിഫലം പത്തുമടങ്ങില്‍ ഒതുങ്ങുകയില്ല എന്ന് താഴെ പറയുന്ന സൂക്തത്തില്‍ നിന്നു ഗ്രഹിക്കാം.

‘അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരു ധാന്യമണിയോടാകുന്നു. അതു ഏഴു കതിരുകകള്‍ ഉല്‍പാദിപ്പിച്ചു. ഓരോ കതിരിലും നൂറു ധാന്യമണിയും. അല്ലാഹു താനുദ്ദേശിക്കുന്നവര്‍ക്ക് ഇരട്ടിയായി നല്‍കുന്നു. അല്ലാഹു വിപുലമായ കഴിവുള്ളവനും (എല്ലാം) അറിയുന്നവനുമാകുന്നു.(2 : 261)
എഴുന്നൂറ് മടങ്ങാണ് ദാനത്തിന്നു പ്രതിഫലം. ലോകത്തുള്ള ഒരു മതവും ദാനധര്‍മത്തെ ഇത്രയധികം പ്രോല്‍സാഹിപ്പിച്ചിട്ടില്ല എന്നു പറയുമ്പോള്‍ അത് ഇതര മതങ്ങളെ ഇകഴ്ത്തലോ ഇസ്‌ലാമിനെക്കുറിച്ച് പൊള്ളയായ അവകാശവാദം ഉന്നയിക്കലോ അല്ല. ദാനധര്‍മത്തിനുള്ള കല്‍പ്പന ഏട്ടില്‍ നിന്ന് നാട്ടിലേക്കിറങ്ങിയതിന്റെ ഉദാഹരണങ്ങള്‍ റമദാന്‍ മാസത്തില്‍ എവിടെയും കാണാം. ദരിദ്രര്‍ക്ക് ഒരു മാസം ഭക്ഷിക്കാനുള്ള കിറ്റുകള്‍ വരെ നല്‍കുന്നവരുണ്ട്. ലക്ഷങ്ങളുടെ കറന്‍സി സകാത്ത് കമ്മറ്റിയെ ഏല്‍പ്പിക്കുന്നവരുമുണ്ട്. അയല്‍വാസിക്ക് അവന്റെ മതം ഏതെന്ന് നോക്കാതെ ഭക്ഷണം നല്‍കാറുണ്ട്. അഗതികള്‍ക്ക് ഭക്ഷണം കൊടുക്കാതിരിക്കല്‍ നരക പ്രവേശനത്തിന് കാരണമാകുമെന്ന് ഖുര്‍ആന്‍ പറയുന്നു.

ഇതൊന്നും ഗൗനിക്കാതെ പണം സ്വന്തം ആവശ്യത്തിന്നു വേണ്ടി ധൂര്‍ത്തടിക്കുകയും ദരിദ്രര്‍ക്ക് ഒന്നും കൊടുക്കാതിരിക്കുകയും ചെയ്യുന്നവനും, ദരിദ്രരെ തെരഞ്ഞുപിടിച്ച് അവരുടെ അഭിമാനത്തിന് ക്ഷതം പറ്റാത്ത വിധം രഹസ്യമായി ദാനം ചെയ്യുന്നവനും പരലോകത്ത് സമമാകുന്നത് നീതിയല്ലല്ലോ. അപ്പോള്‍ ശിക്ഷ അനീതിയല്ല എന്ന് ചുരുക്കം.

നമ്മളില്‍ പലരെയും പോലെ സമ്പന്നനായിരുന്നില്ല നബി(സ). എന്നാല്‍ അദ്ദേഹത്തിന്റെ റമദാനിലെ ദാനപ്രക്രിയ കാറ്റിനോടാണ് ഉപമിക്കപ്പെട്ടത്. കാരുണ്യവാനായ അല്ലാഹു അവന്റെ ദാസന്‍മാരും കാരുണ്യ ശീലമുള്ളവരാകണമെന്ന് ആഗ്രഹിക്കുന്നു. അല്ലാഹുവിന്റെ കാരുണ്യം കൊണ്ടാണ് കുറ്റവാളികള്‍ വിഹരിക്കുന്ന ഈ ലോകം നശിക്കാതെ നില്‍ക്കുന്നത്. മനുഷ്യരുടെ കടുത്ത ധിക്കാരത്തിന് അപ്പപ്പോള്‍ ശിക്ഷ നല്‍കുകയാണെങ്കില്‍ മനുഷ്യര്‍ പ്രയാസപ്പെടുമായിരുന്നു. അല്ലാഹുവിന് സന്താനമാരോപിക്കുന്നത് അവന്ന് കഠിന കോപമുള്ളതായിട്ടും അവര്‍ക്ക് ഭൗതിക സൗഖ്യം നല്‍കുന്നതില്‍ അല്ലാഹു വിമുഖത കാണിക്കുന്നില്ലല്ലോ.

പരിശുദ്ധ റമദാനില്‍ വിശ്വാസികളുടെ ബാധ്യത ഖുര്‍ആനില്‍ നിന്ന് അല്ലാഹുവെന്ന പരമകാരുണികനെ ശരിയാംവണ്ണം മനസിലാക്കുക എന്നതാണ്. രണ്ടാമത് അവന്‍ നമുക്കായി അവതരിപ്പിച്ച ഖുര്‍ആന്‍ ഒരു വെളിച്ചമായി ഉപയോഗിക്കാന്‍ നമുക്കു കഴിഞ്ഞുവോ എന്ന പരിശോധനയാണ്. നമ്മുടെ ജീവിതത്തിന്റെ ഏതെല്ലാം മേഖലകളിലാണ് ഇരുട്ടുള്ളത് എന്നും, ഉണ്ടെങ്കില്‍ അത് ഈ വെളിച്ചം കൊണ്ട് ഇല്ലാതാക്കാന്‍ കഴിയും. ഖുര്‍ആനിനെ കുറിച്ച് അല്ലാഹു വെളിച്ചം എന്നുപയോഗിച്ചിട്ടുണ്ട്. ‘അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും നാം അവതരിപ്പിച്ചു തന്ന പ്രാകാശത്തിലും വിശ്വസിച്ചു കൊള്ളുക. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷമമായി അറിയുന്നവനാണ്. (വി.ഖു. 64 : 6)

ഒരു ടോര്‍ച്ച് കൈയ്യിലേന്തി ഇരുട്ടില്‍ തപ്പിത്തടഞ്ഞു നടക്കുന്നവന്‍ എത്രമാത്രം വിഡ്ഢിയാണ്. ആ വിഡ്ഢിത്തം തനിക്കുണ്ടോ എന്ന ആത്മ വിചാരണയുടെ മാസമാണ് റമാദാന്‍. വറ്റാത്ത കാരുണ്യത്തിന്റെ ഖജനാവിന്റെ ഉടമയായ അല്ലാഹു നോമ്പുകാരനോട് കാണിക്കുന്ന കാരുണ്യം മനുഷ്യര്‍ക്ക് അളക്കാന്‍ കഴിയില്ല. ജീവിത പ്രയാസം കൊണ്ടോ മറ്റ് സാഹചര്യങ്ങള്‍ കൊണ്ടോ ഖുര്‍ആന്‍ പഠിക്കാന്‍ സാധിക്കാത്തവന്‍ പ്രയാസപ്പെട്ട് ഖുര്‍ആന്‍ പാരായണം ചെയ്താല്‍ അല്ലാഹു ഇരട്ടി പ്രതിഫലം നല്‍കുമെന്ന് നബി(സ) അരുളിയതായി ബുഖാരി, മുസ്‌ലിം തുടങ്ങിയ ഗ്രന്ഥങ്ങളില്‍ കാണാം. ഏതു മാസത്തിലെ പാരായണത്തില്‍ നിന്നും ഈ പ്രതിഫലം കിട്ടും. റമദാനില്‍ എത്രയുണ്ട് എന്നു പറയേണ്ടതുമില്ല. സമ്പാദ്യങ്ങളില്‍ വെച്ചേറ്റവും ഉത്തമമാണീ ഗ്രന്ഥം എന്നും അതു നല്‍കുകയും അതിന്റെ അദ്ധ്യാപനത്തിനായി ഒരു നിരക്ഷരനെ നിയോഗിക്കുകയും ചെയ്തുതത് അല്ലാഹുവിന്റെ വലിയ അനുഗ്രഹമാണെന്ന് ഖുര്‍ആന്‍ പറയുന്നു.

‘പറയുക, അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടും കാരുണ്യം കൊണ്ടുമാണത് നിങ്ങള്‍ക്ക് ലഭിച്ചത്. അതു കൊണ്ട് അവര്‍ സന്തോഷിച്ചു കൊള്ളട്ടെ. അതാണ് അവര്‍ സമ്പാദിച്ചു കൊണ്ടിരിക്കുന്നതിനേക്കാള്‍ ഉത്തമമായിട്ടുള്ളത് ‘. (10 : 158)

തീര്‍ച്ചയായും സത്യവിശ്വാസികളില്‍ അവരില്‍ നിന്നു തന്നെയുള്ള ഒരു ദൂതനെ നിയോഗിക്കുക വഴി അല്ലാഹു മഹത്തായ അനുഗ്രഹമാണ് അവര്‍ക്ക് ചെയ്തിട്ടുള്ളത്. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് ഓതിക്കേള്‍പ്പിക്കുകയും അവര്‍ക്ക് ഗ്രന്ഥവും ജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്ന (ഒരു ദൂതനെ). അവരാകട്ടെ മുമ്പ് വ്യക്തമായ ദുര്‍മാര്‍ഗത്തിലായിരുന്നു. (3 : 164)

ഈ കാരുണ്യത്തിന്, ഉത്തമമായ സമ്പാദ്യം നമുക്കു തരുന്നതിന്, അതു വിവരിച്ചു തരാന്‍ കാരുണ്യത്തിന്റെ തിരുദൂതനെ നിയോഗിച്ചതിന്ന്, ജഗന്നിയന്താവിന് നന്ദിയര്‍പ്പിക്കാന്‍ ഈ ധന്യമുഹൂര്‍ത്തങ്ങള്‍ നമുക്കുപയോഗപ്പെടുത്താം.

Related Articles