Current Date

Search
Close this search box.
Search
Close this search box.

കലാപങ്ങളും ഇന്ത്യന്‍ പോലീസും

വര്‍ഗീയ കലാപങ്ങളെക്കുറിച്ചും ഇന്ത്യന്‍ പോലീസിനെക്കുറിച്ചും 17 വര്‍ഷം മുമ്പ് ഒരു പുസ്തകം പുറത്തിറങ്ങിയിരുന്നു. ഇംഗ്ലീഷിലും ഉര്‍ദുവിലും ഹിന്ദിയിലും പ്രസിദ്ധീകരിക്കപ്പെട്ട ആ പുസ്തകം വലിയ ചര്‍ച്ചയാവുകയുണ്ടായി. അതിന്റെ രചയിതാവ് വിഭൂതി നാരായണ്‍ രായ് ഒരു സീനിയര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. ഒരു വര്‍ഷം നീണ്ട പഠനത്തിനും അന്വേഷണത്തിനും ശേഷമാണ് ഇന്ത്യന്‍ പോലീസിന്റെ നിരുത്തരവാദപരമായ സമീപനത്തെക്കുറിച്ചും വര്‍ഗീയ കലാപങ്ങളില്‍ പോലീസ് സേന വഹിക്കുന്ന പങ്കിനെക്കുറിച്ചും ആധികാരിക വിവരങ്ങള്‍ സഹിതം അദ്ദേഹം ആ രേഖ രാഷ്ട്രത്തിന്റെ മുമ്പാകെ വെച്ചത്. യഥാര്‍ഥത്തില്‍ ഒരു പുസ്തകമെഴുതുകയായിരുന്നില്ല അദ്ദേഹത്തിന്റെ ലക്ഷ്യം. പോലീസ് സംവിധാനത്തില്‍ എന്ത് നടക്കുന്നു എന്ന് ഉത്തരവാദപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്‍മാരെയും അധികാരികളെയും രേഖാമൂലം അറിയിക്കുക മാത്രമായിരുന്നു അദ്ദേഹം. പോലീസ് സംവിധാനത്തെ എങ്ങനെ നവീകരിക്കാമെന്നും അതില്‍ വിശദീകരിച്ചിരുന്നു. പക്ഷേ പോലീസ് വകുപ്പ് ഈ റിപ്പോര്‍ട്ട ഒട്ടും ഗൗനിച്ചതേയില്ല. അതിനാലാണ് തന്റെ പഠനം പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായത്. ടീസ്റ്റ സെറ്റല്‍വാദ് തന്റെയൊരു വിശകലനത്തില്‍ ഈ റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നുണ്ട് (ദ ഹിന്ദു, ഫെബ്രുവരി 20). ഈയിടെ ധൂല(മഹാരാഷ്ട്ര)യില്‍ നടന്ന വര്‍ഗീയകലാപത്തിന്റെ പശ്ചാത്തലത്തിലാണ് ടീസ്റ്റ ഈ ലേഖനം എഴുതിയിരിക്കുന്നത്. ധൂലയില്‍ നടന്നത് മുസ്‌ലിംകള്‍ക്കെതിരിലുള്ള ഒരു ഏകപക്ഷീയ പോലീസ് ആക്ഷനായിരുന്നു. ആ പോലീസ് അതിക്രമങ്ങളുടെ നേര്‍ചിത്രങ്ങള്‍ മൊബൈല്‍ ക്യാമറകള്‍ പിടിച്ചെടുത്തിട്ടുണ്ട്. പക്ഷേ ആ ചിത്രങ്ങള്‍ക്ക് മീഡിയ യാതൊരു പ്രാധാന്യവും നല്‍കുകയുണ്ടായില്ല.
മുഴുവന്‍ പോലീസ് സംവിധാനത്തെയും ചോദ്യം ചെയ്യുകയാണ് ടീസ്റ്റ തന്റെ ലേഖനത്തില്‍. വിഭൂതി നാരായണ്‍ റായിയുമായി താന്‍ 1995-ല്‍ സുദീര്‍ഘ അഭിമുഖം നടത്തിയിരുന്നതായും അത് 30-ല്‍ പരം പ്രസിദ്ധീകരണങ്ങളില്‍ അച്ചടിച്ചു വന്നിരുന്നതായും അവര്‍ അനുസ്മരിക്കുന്നു. തന്റെ നിരീക്ഷണാനുഭവങ്ങളുടെ പിന്‍ബലത്തില്‍ റായ് പറയുന്നത്, കലാപ സന്ദര്‍ഭങ്ങളില്‍ ഭൂരിപക്ഷ സമുദായത്തില്‍ നിന്നുള്ള കലാപകാരികള്‍ പോലീസിനെ തങ്ങളുടെ സംരക്ഷകരും സുഹൃത്തുക്കളുമായി കാണുന്നു എന്നാണ്. റായിയുടെ പുസ്തകം പുറത്ത് വന്നു, ഞാന്‍ നടത്തിയ അഭിമുഖം ചര്‍ച്ച ചെയ്യപ്പെട്ടു, എന്നിട്ടും പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഒരു നടപടിയും സ്വീകരിച്ചില്ല എന്നാണ് ടീസ്റ്റ പറയുന്നത്. എന്നാല്‍, ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിന്റെ സ്ഥാപകനും അതിന്റെ മുന്‍ തലവനുമായ കെ.എഫ് റുസ്തംജി, ഡി.ഐ.ജി പദ്മ റോഷ തുടങ്ങിയ ഉത്തരവാദപ്പെട്ട പലരും റിപ്പോര്‍ട്ട് ഗൗരവപൂര്‍വം പരിഗണിക്കാന്‍ തയാറാവുകയുണ്ടായി. പോലീസ് സേനയിലെ വര്‍ഗീയതയും ജാതീയതയും ഗുരുതരമായി കണ്ടില്ലെങ്കില്‍ അത് രാജ്യത്തെ വളരെ അപകടരമായ നിലയില്‍ കൊണ്ടെത്തിക്കുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. ടി. വി ചാനലുകളുടെ മുന്‍ഗണനകളെയും ടീസ്റ്റ നിശിതമായി വിമര്‍ശിക്കുന്നുണ്ട്.
എന്തുകൊണ്ടാണ് നമ്മുടെ പോലീസ് സേന ഇങ്ങനെ ആയിപ്പോയത്? ടീസ്റ്റയുടെ അന്വേഷണം ഈ ചോദ്യത്തില്‍ പരിമിതമാണ്. പക്ഷേ ഇതിനേക്കാളൊക്കെ വൈപുല്യമുള്ളതാണ് യഥാര്‍ഥ ചോദ്യം. പോലീസല്ലാത്ത ബാക്കി വകുപ്പുകളൊക്കെ നേരെ ചൊവ്വെ തന്നെയാണോ നടക്കുന്നത്? ഈ ചോദ്യം നമ്മെ സ്വാതന്ത്ര്യ സമര കാലത്തേക്ക് നയിക്കും. ഇന്ത്യ സ്വാതന്ത്ര്യം പ്രാപിക്കുന്നതിന് മുമ്പ് തന്നെ ഒരു പ്രത്യേക മനസ്ഥിതി ഇവിടെ രൂപം കൊണ്ട് കഴിഞ്ഞിട്ടുണ്ടായിരുന്നു. ഈ മനഃസ്ഥിതിയാണ് ഇന്ത്യാ വിഭജനത്തിലേക്ക് വഴിവെച്ചത്. എന്നാല്‍ വിഭജനത്തിന്റെ സകല ഉത്തരവാദിത്വവും മുസ്‌ലികളുടെ ചുമലില്‍ കെട്ടിവെക്കുകയാണുണ്ടായത്. മുസ്‌ലിംകള്‍ കുടുതലുള്ള കുറെയധികം പ്രദേശങ്ങള്‍ ഇന്ത്യന്‍ യുനിയനിയനില്‍ നിന്ന് വിട്ട്‌പോയി. ഇന്ത്യയില്‍ തന്നെ നില്‍ക്കാന്‍ തീരുമാനിച്ച മുസ്‌ലിംകളുടെ കാര്യത്തില്‍ വളരെ ആലോചിച്ചുറപ്പിച്ച, എന്നാല്‍, അലിഖിതമായ ഒരു നയം സ്വീകരിക്കുകയാണുണ്ടായത്. ഭരണഘടന പ്രകാരം ഇന്ത്യ മതേതര ജനാധിപത്യ രാജ്യമാണ്, അതിന്റെ പരിധിയില്‍ ജീവിക്കുന്ന ഓരോ പൗരനും തുല്യാവകാശമാണുള്ളത്. പക്ഷേ ജീവിത യാഥാര്‍ഥ്യങ്ങള്‍ തീര്‍ത്തും വ്യത്യസ്തമായ ഒരു ചിത്രമാണ് നല്‍കുന്നത്. ഒരു പ്രത്യേക മനഃസ്ഥിതി സൃഷ്ടിച്ച് വിടാനുള്ള അവസരം മലര്‍ക്കെ തുറന്നു കൊടുക്കുകയായിരുന്നു. മതസമൂഹങ്ങള്‍ക്കെതിരെ വിദ്വേഷം വളര്‍ത്താനുതകുംവിധം സര്‍ക്കാര്‍ മെഷിനറികള്‍ക്ക് രൂപമാറ്റം സംഭവിച്ചു. ചില സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും സംഘടനകളും അതിനു വേണ്ട സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്തു. ഇങ്ങനെയെല്ലാം വളരെ ആസുത്രിതമായി നിര്‍മിച്ചെടുത്ത ആ പ്രത്യേക മനോഭാവമാണ് ഇവിടങ്ങളിലെല്ലാം പ്രവര്‍ത്തന ക്ഷമമാകുന്നതെന്ന് തിരിച്ചറിയണം. അപ്പോള്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിനെക്കുറിച്ചല്ല യഥാര്‍ഥ ചോദ്യം ഉന്നയിക്കേണ്ടത്, രാഷ്ടസ്വഭാവത്തെക്കുറിച്ച് തന്നെയാണ്. ടീസ്റ്റ സെറ്റല്‍വാദ്, വിഭൂതി നാരായണ്‍ റായ് പോലുള്ളവര്‍ ഈ അടിസ്ഥാന ചോദ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കും എന്നാണ് നാം പ്രതീക്ഷിക്കുന്നത്.
(ദഅ്‌വത്ത് ത്രൈദിനം, 04-03-2013)

വിവ: അശ്‌റഫ് കീഴുപറമ്പ്

Related Articles