Current Date

Search
Close this search box.
Search
Close this search box.

കണ്ണാടിയുടെ മുമ്പില്‍

mirror.jpg

കണ്ണാടി ഇടക്കിടെ നോക്കുന്നത് നന്ന്. ഇടക്കൊന്ന് പല്ലിളിക്കുക. ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ അവിടെ സ്ഥലം പിടിച്ചിട്ടുണ്ടോ, മുടി പാറിപറന്നിട്ടുണ്ടോ എന്നെല്ലാം പരിശോധിക്കാന്‍. വൃത്തിയും അഴകും അല്ലാഹു ഇഷ്ടപ്പെടുന്നു എന്നാണല്ലോ ഇസ്്‌ലാമിന്റെ അധ്യാപനം.

രൂപം നിഴലിക്കാത്ത മറ്റൊരു കണ്ണാടി കൂടി നാം നോക്കേണ്ടതുണ്ട്. സമൂഹം എന്ന കണ്ണാടി. സദാ കണ്ണാടിയോട് ചിരിച്ചാല്‍ അതില്‍ നിന്ന് നമുക്ക് പരിചിതനായി ഒരാള്‍ നമ്മോട് ചിരിക്കുമല്ലോ. കൊഞ്ഞനം കാട്ടിയാല്‍ കൊഞ്ഞനം തിരിച്ചു തരാനും കണ്ണാടിയില്‍ ഒരാളുണ്ടാവും. ഇതേ പോലെ സമൂഹമെന്ന കണ്ണാടിയോട് ചിരിച്ചാലും നമുക്ക് അവിടെ നിന്ന് ഒരു ചിരി തിരിച്ചു കിട്ടും. പക്ഷെ, ഒരു വ്യത്യാസമുണ്ട്. അത് നമ്മുടെ പ്രതിബിംബമല്ല. മറ്റുള്ളവരാണ്. ഒരു ചിരിക്ക് ഒരു നൂറു പേരെങ്കിലും തിരിച്ച് ചിരിക്കാനുണ്ടാവും. പക്ഷെ ഒരു കാര്യം ശ്രദ്ധിച്ചേ പറ്റൂ. ചിരി പ്രതീക്ഷിച്ചു കൊണ്ടാണ് ചിരിക്കുന്നതെന്ന് സമൂഹത്തിന് തോന്നരുത്. നിസ്വാര്‍ഥമായിരിക്കണം ചിരി. അപ്പോള്‍ നിങ്ങള്‍ സാമൂഹ്യസേവനകനായി മാറും.

സമൂഹത്തില്‍ ജീവിക്കണം എന്നതു കൊണ്ടുമാത്രം ഒരാള്‍ സാമൂഹ്യ ജീവിയാവില്ല. സമൂഹത്തോട് ചിരിക്കുക, സമൂഹം കരയുമ്പോള്‍ കരയുക, സമൂഹത്തിന്റെ പ്രശ്‌നങ്ങളോട് പ്രതികരിക്കുക എന്നിങ്ങനെയാവുമ്പോള്‍ മാത്രമേ മനുഷ്യന്‍ സാമൂഹ്യജീവിയാവുകയുള്ളൂ. എന്നു വെച്ചാല്‍ സമൂഹത്തെ കണ്ണാടിയായി ഉപയോഗിക്കണം.
നല്ല ഒരു സാമൂഹിക ജീവിയാകാനാണ് പ്രവാചകന്‍മാരെല്ലാം പഠിപ്പിച്ചത്. മുഹമ്മദ് നബി(സ)യുടെ ജീവിതം അതിന് മാതൃകയാണ്. വാക്കുകളെയും പ്രവൃത്തികളെയും പൊരുത്തപ്പെടുത്തി ജീവിതത്തിന്റെ എല്ലാ മേഖലകളിലും അവിടുന്ന് തിളങ്ങി നിന്നു. ഓരോ മുസ്്‌ലിമും ഒരു നല്ല അയല്‍കാരനാകണം. അവിടെ നിന്നാണ് അവന്റെ സാമൂഹിക പ്രവര്‍ത്തനം തുടങ്ങുന്നത്. നിങ്ങളില്‍ നിന്ന് നിങ്ങളുടെ അയല്‍വാസി നിര്‍ഭയനാകാത്ത കാലത്തോളം നിങ്ങളാരു സത്യവിശ്വാസികളാവുകയില്ല എന്നാണ് നബി തിരുമേനി പഠിപ്പിച്ചത്. അയല്‍ വാസി ഏത് മതക്കാരാനായാലും ശരി. എനിക്കൊരു മുസ്്‌ലിം അയല്‍വാസിയുണ്ട് എന്ന് നമ്മെ പറ്റി ഒരാള്‍ക്ക് അഭിമാനിക്കാവുന്നുവെങ്കില്‍ അതിനെക്കാള്‍ വലിയ ഒരു സാമൂഹ്യസേവകന്‍ നമ്മെ പോലെ ആരുമില്ല എന്നാണര്‍ഥം. അതേ പോലെ അഭിമാനപാത്രമായ മറ്റൊരാളൊഴികെ.

രണ്ടുപേര്‍ തമ്മിലടിക്കുമ്പോള്‍ അതു നോക്കിച്ചിരിക്കാന്‍ പലരുമുണ്ടാകും. അതില്‍ ഇടപെട്ട് അവരെ രണ്ടുവഴിക്കാക്കുന്നവര്‍ ചുരുങ്ങും. അതില്‍ ഇടപെടണം. അവരിലൊരാള്‍ നമ്മുടെ ശത്രുവാണെങ്കിലും തീര്‍പ്പുകല്‍പ്പിക്കുമ്പോള്‍ അവന്റെ ശത്രുത നമ്മെ സ്വാധീനിക്കരുത്. പ്രശ്‌നം പഠിച്ച്, നീതി ആരുടെ പക്ഷത്താണോ അതിന്നനുകൂലമായി പ്രതികരിക്കണം. എങ്കില്‍ അവര്‍ക്കും അതിനു സാക്ഷികളായവര്‍ക്കും നാം പ്രിയപ്പെട്ടവനും ബഹുമാന്യനുമാകും. അങ്ങനെ ചെയ്യുമ്പോള്‍ നമ്മള്‍ കണ്ണാടിയോട് ചിരിച്ചു എന്നു പറയാം.

ഒരാള്‍ സമൂഹത്തില്‍ നിന്ന് എത്രയോ വിദൂരമായ സ്ഥലത്താണ് ജീവിക്കുന്നതെങ്കിലും ആ സമൂഹത്തിലെ ഒരംഗമായി തുടരാന്‍ അയാള്‍ക്ക് കഴിഞ്ഞെന്നു പറയാം. അതാണ് എഴുത്തും പ്രസംഗവും ഫോണ്‍വിളികളും. എത്രയെത്ര ഗള്‍ഫുവാസികളാണ് മലയാളമണ്ണില്‍ സത്യവിശ്വാസികളായിട്ട്! പരിചിതരുടെയും ബന്ധുക്കളുടെയും വിവരങ്ങളറിയാനും പരിഹാരം നിര്‍ദ്ദേശിക്കാനും അവര്‍ സമയം കണ്ടെത്തും. നമ്മുടെ അയല്‍കാരന്റെ പ്രയാസങ്ങള്‍ നാം അറിയാതിരിക്കുകയും ഗള്‍ഫിലുള്ളവന്‍ അറിയുകയും ചെയ്യുന്ന അവസ്ഥയാണുള്ളതെങ്കില്‍ നാം സമൂഹത്തിന്ന് പറ്റിയവരല്ല. ഈ രീതിയില്‍ നമ്മുടെ ഓരോ ചെയ്തിയും നാം തന്നെ വിലയിരുത്തണം. നമുക്ക് നാം തന്നെ മാര്‍ക്കിടണം. അതു ഒരു കണ്ണാടി നോട്ടം തന്നെയാണ്. 

 

Related Articles