Current Date

Search
Close this search box.
Search
Close this search box.

കഞ്ചാവും ആധ്യാത്മിക ഭാവവും !

നിഗൂഢ ആധ്യാത്മിക തത്വജ്ഞാനത്തെക്കുറിച്ചു പറയുന്ന ഒരാളെ കണ്ടുമുട്ടി. വര്‍ത്തമാനങ്ങളില്‍ ഇടക്കിടെ മിസ്റ്റിസിസം, സൂഫിസം, ദിവ്യപ്രണയം, ഗീതഗോവിന്ദം, റാബിയ, മീര, റൂമി, ഓഷോ, സെന്‍ എന്നീ വാക്കുകള്‍ ഉരുവിട്ടു കൊണ്ടേയിരിക്കുന്നു. ത്വരീഖത്തുകാരനാണെന്ന് സ്വയം അവകാശപ്പെടുന്നു. ഏതു ത്വരീഖത്താണെന്നൊട്ടു പറയുന്നുമില്ല.

ആധ്യാത്മിക ഭാവത്തിലേക്ക് മനസ്സിനെ പരിവര്‍ത്തിപ്പിക്കുന്നതിന് കഞ്ചാവിന്റെ ഉപയോഗം നല്ലതാണെന്ന് അയാള്‍ വാദിക്കുന്നു. കഞ്ചാവ് അബോധത്തിന്റെ യഥാര്‍ത്ഥ പ്രകൃതത്തെ പുറത്തേക്കു കൊണ്ടു വരുന്നുവത്രേ. ഇതു പറഞ്ഞപ്പോള്‍ മറ്റൊരു കഥയാണ് ഓര്‍ത്തത്. ഹിപ്പി ജീവിതം മടുത്ത് മിസ്റ്റിസിസത്തിലേക്കു തിരിഞ്ഞ ഒരു അമേരിക്കന്‍ ശാസ്ത്രജ്ഞനുണ്ട്. അയാള്‍ ആകാശത്ത് നക്ഷത്രങ്ങളുടെ നൃത്തം കണ്ടുവത്രേ. അപ്പോള്‍ അയാള്‍ക്ക് മറ്റൊരു വെളിപാട് കൂടി കിട്ടി. ഭാരതീയ പുരാണങ്ങളില്‍ വിവരിക്കുന്ന നടരാജനൃത്തമാണത്രേ അയാള്‍ കണ്ടത്. അസ്സല്‍ ശിവതാണ്ഡവം. അതോടൊപ്പം തന്നെ അത്തരമൊരനുഭൂതി ജനിപ്പിക്കുന്ന ചില ചെടികളെപ്പറ്റിയും അയാള്‍ പറയുന്നുണ്ട്. ഇത് പരാമര്‍ശിച്ചു കൊണ്ട് മലയാളത്തില്‍ ഒരു ശാസ്ത്രലേഖകന്‍ എഴുതി, ഞങ്ങളുടെ നാട്ടിലുമുണ്ട് ചില ചെടികള്‍. അതുപയോഗിച്ചാല്‍ മനോധര്‍മമനുസരിച്ച് ശിവതാണ്ഡവമോ കുത്ത് റാത്തീബോ മാത്രമല്ല, വേണമെങ്കില്‍ കാബറേ ഡാന്‍സും കാണാം.

എന്തായാലും റാബിയയും മീരയും റൂമിയുമൊന്നും കഞ്ചാവുപയോഗിച്ചതായി എനിക്കറിയില്ല. അവര്‍ ദിവ്യപ്രണയത്തിന്റെ അനുഭൂതി അറിഞ്ഞത് ബോധത്തില്‍ തന്നെയാണ്. ഒരു പക്ഷേ ബോധത്തിനും അബോധത്തിനുമിടയിലുള്ള വൈരുദ്ധ്യങ്ങളെ ഇല്ലാതാക്കുന്നതിലായിരിക്കാം അവര്‍ വിജയം കണ്ടെത്തിയത്. പുതിയ മുക്തിപ്രസ്ഥാനങ്ങള്‍ യുവത്വത്തെയും അതിന്റെ വീര്യത്തെയും നിര്‍വീര്യമാക്കുകയാണ് ചെയ്യുന്നത്. അങ്ങനെ അവര്‍ അധീശവ്യവസ്ഥയെ സഹായിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു.

ഭക്തിയിലും ആത്മീയതയിലും മതിമറക്കണം എന്ന് നമ്മുടെ സുഹൃത്ത് ആഗ്രഹിക്കുന്നു. എന്നാല്‍ അതിനൊട്ടു സാധിക്കുന്നുമില്ല. അപ്പോള്‍പ്പിന്നെ കഞ്ചാവു തന്നെ ശരണം. സത്യത്തില്‍ ഭക്തി എന്നാല്‍ ഓര്‍മകളും ഉത്തരവാദിത്തങ്ങളുമാണ്. അല്ലാതെ വിസ്മൃതിയും ലഹരിയുമല്ല.

Related Articles