Current Date

Search
Close this search box.
Search
Close this search box.

ഒരു ചാനലിന്റെ അവകാശവാദവും അതിന്റെ പ്രവര്‍ത്തന ശൈലിയും

‘സീന്യൂസ്’-ഒരുപക്ഷേ ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന സ്വകാര്യ ടി.വി ചാനല്‍ ഇതായിരിക്കും. അതിപ്പോഴും അവകാശപ്പെടുന്നത് അത് മറ്റെല്ലാ ചാനലുകളില്‍നിന്നും വ്യത്യസ്തമാണെന്നാണ്. സംഭവങ്ങളെ ഒട്ടും സെന്‍സേഷനലാവാതെ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും വാര്‍ത്തകള്‍ക്ക് ഒരു തരത്തിലുള്ള നിറവുംകൊടുക്കാറില്ലെന്നും അവകാശവാദങ്ങള്‍ തുടരുന്നു. കഴിഞ്ഞ ഫെബ്രുവരി 21 ന് ഹൈദരാബാദ് സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുമ്പോഴും അവകാശവാദത്തിന് മാറ്റമൊന്നുമില്ല. അത് സംബന്ധമായി അവര്‍ കൊടുത്തുകൊണ്ടിരിക്കുന്ന വാര്‍ത്തകളുടെ നിറവും മണവും ധ്വനിയുമൊക്കെ അറിയാന്‍ അന്നേ ദിവസം രാത്രി അവര്‍ കൊടുത്ത വാര്‍ത്തയുടെ രത്‌നച്ചുരുക്കം നോക്കിയാല്‍ മതി. അതിങ്ങനെ വായിക്കാം: ‘ഭീകരത രാജ്യത്ത് ആഴത്തില്‍ വേരോടിയിട്ടുണ്ടെന്ന് ഈ സ്‌ഫോടനങ്ങള്‍ അര്‍ഥശങ്കക്കിടയില്ലാത്ത വിധം തെളിയിക്കുന്നു. വിദേശങ്ങളില്‍ ഈ സ്‌ഫോടനങ്ങള്‍ക്ക് ബന്ധങ്ങളുണ്ട്. പാകിസ്താന്‍, ദുബൈ, രിയാദ് എന്നീ കേന്ദ്രങ്ങളില്‍ നിന്ന് ഇത്തരം സ്‌ഫോടനങ്ങള്‍ നടത്താന്‍ ഫണ്ട് വരുന്നുണ്ട്. ഒരു പ്രത്യേക ഐഡിയോളജി പ്രചരിപ്പിക്കുകയാണ് ലക്ഷ്യം…. ഈ സ്‌ഫോടനങ്ങള്‍ നടത്താന്‍ അകത്ത് നിന്നും സഹായം ആവശ്യമാണ്. ലശ്കറെ തൈ്വബ, ജൈശേ മുഹമ്മദ്, ഇന്ത്യന്‍ മുജാഹിദീന്‍ തുടങ്ങിയ ഗ്രുപ്പുകള്‍ വളരെ സജീവമാണ് ഇവിടെ. പാകിസ്താന്‍ നമ്മുടെ രണ്ട് ജവാന്‍മാരെ തലയറുത്ത് കൊന്നപ്പോള്‍ ലശ്ക്‌റെ ത്വയ്യിബയുടെയും ജൈശേ മുഹമ്മദിന്റെയും ആളുകള്‍ അവിടെ സന്നിഹിതരായിരുന്നു.’
സകല ചാനലകള്‍ക്കും ഇതേ വര്‍ണ്ണം തന്നെയായിരുന്നു. മറ്റുള്ള ചാനലുകള്‍ക്ക് ഇങ്ങനെ പരിശുദ്ധമാണെന്ന നാട്യമൊന്നും ഉണ്ടായിരുന്നില്ല. അതുണ്ടായിരുന്നത് സീന്യുസിനായിരുന്നു. പക്ഷേ കള്ള വാര്‍ത്ത ചമക്കുന്നതിലും സെന്‍സേഷനല്‍ ‘കണ്ടെത്തലുകള്‍’ നടത്തുന്നതിലും കുറെ വ്യാജ പേരുകള്‍ പുറത്ത് വിട്ട് ഒരു പ്രത്യേക മതസമൂഹത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതിലും ആ ചാനല്‍ മറ്റാരേക്കാളും മുന്നിട്ട് നിന്നു. ചാനലുകളായാലും പത്രങ്ങളായാലും വാര്‍ത്ത ചമക്കുന്നതില്‍ അവ മത്സരിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. ‘പത്രപ്രവര്‍ത്തനം ധീരതയാണ്’ എന്ന് മുന്‍ പേജില്‍ എഴുതിവെച്ച ഇന്ത്യന്‍ എക്‌സ്പ്രസ് എന്ന പത്രവും ഭീകര നാടകത്തിന്റെ നീണ്ട അസംബന്ധ കഥകള്‍ എഴുതുന്നതില്‍ ആരുടെയും പിറകിലായിരുന്നില്ല. ഈ പത്രം ഇത് വരെയായും ഭീകരാക്രമണങ്ങളെക്കുറിച്ച് സ്വന്തമായി ഒരു അന്വേഷണാത്മക റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടില്ല. ഈ വിഷയത്തില്‍ പോലീസിന്റെയോ രഹസ്യ ഏജന്‍സികളുടെയോ കഥകളെ ചോദ്യം ചെയ്തിട്ടുമില്ല. അതേസമയം ഈ പത്രത്തിന്റെ ലേഖകന്‍മാര്‍ രാഷ്ട്രീയ വിവാദങ്ങളും സാമ്പത്തിക കുംഭകോണങ്ങളും തലനാരിഴകീറി പരിശോധിക്കുകയും പോലിസിനെയും രഹസ്യാന്വേഷണ വിഭാഗത്തെയും മുള്‍മുനയില്‍ നിര്‍ത്തുകയും ചെയ്യുന്നു. ഭീരതയുടെ വിഷയത്തില്‍ മറ്റെന്തെങ്കിലും ആംഗിളുകള്‍ ഉണ്ടോ എന്ന് ഇതേവരെ ആ പത്രം അന്വഷിക്കുക പോലും ചെയ്തിട്ടില്ല.
എന്തിന് മീഡിയയെ മാത്രം കുറ്റം പറയണം!  ഇതുപോലുള്ള എന്ത് അതിക്രമങ്ങളുണ്ടാവുമ്പോഴും രാഷ്ട്രീയ നിരീക്ഷകരും നയതന്ത്രജ്ഞരും  മുന്‍ അംബാസഡര്‍മാരുമെല്ലാം ഒറ്റ ലൈനായി അണിനിരക്കുന്നത് കാണാം. അവര്‍ക്കും പറയാനുള്ളത് ഒരേ കഥകള്‍. അവരുടെ വീക്ഷണത്തിലും ഒരു പ്രത്യേക മതവും അതിന്റെ അനുയായികളും തന്നെയാണ് എല്ലാറ്റിനും ഉത്തരവാദി. സകലരുമിവിടെ അവരുടെ ബുദ്ധിസാമര്‍ഥ്യവും സത്യസന്ധതയും മാന്യതയും അടിയറവെക്കുകയാണ്. മറ്റു ചില ഗ്രൂപ്പുകള്‍ കൂടി സംശത്തിന്റെ നിഴലിലാണ്, അവരുടെ പങ്ക് കൂടി അന്വേഷിക്കണം എന്ന് അബദ്ധത്തില്‍ പോലും ഒരാളും പറഞ്ഞ് പോവുന്നില്ല. മുഴുവന്‍ ഭീകരകേസുകളിലും ഒരു അലിഖിത ദേശീയ നയം ഉള്ളത് പോലെയാണ് എല്ലാവരും സംസാരിക്കുന്നത്. ഇത്തരമൊരു അസാധാരണ സ്ഥിതിവിശേഷമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. വലിയ സമ്മേളനങ്ങള്‍ നടത്തി മത്സരിക്കുന്ന മുസ്‌ലിം നേതാക്കള്‍ക്ക് ഒരുപക്ഷേ ഇതൊന്നും പിടികിട്ടിയെന്ന് വരില്ല. നിശ്ശബാദരായി കഴിയുന്ന മുസ്‌ലിം പണ്ഡിതന്‍മാരും ബുദ്ധിജീവികളും ഇതെക്കുറിച്ച് ഗൗരവപൂര്‍വം ചിന്തിക്കണമെന്നാണ് പറയാനുള്ളത്. ഇന്ത്യന്‍ മുസ്‌ലികളുടെ ഭാവിയുമായി ബന്ധപ്പെട്ട സുപ്രധാന വിഷയം കൂടിയാണിത്.
മീഡിയയുടെയും രാഷ്ട്രീയ നിരീക്ഷകരുടെയും മഞ്ഞക്കണ്ണട വെച്ചുള്ള ഈ നോട്ടത്തിനിടയിലും സത്യസന്ധരായ പത്രലേഖകര്‍ ഉണ്ടെന്നതാണ് ആശ്വാസകരമായ വശം. അരവരുടെ ശബ്ദം ഇപ്പോള്‍ ദുര്‍ബലമാണ്. മുസ്‌ലിം നേതൃത്വം ഒന്നിച്ച് നീങ്ങുകയാണെങ്കില്‍ ഈ പത്രപ്രവര്‍ത്തകര്‍ പിന്തുണയുമായി വരുമെന്ന് ഉറപ്പാണ്. ഇപ്പോള്‍ മുസ്‌ലിംകള്‍ ഒരൊറ്റ ആവശ്യമാണ് ഉന്നയിക്കേണ്ടത്: ‘കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തിനിടക്ക് നടന്ന സ്‌ഫോടനങ്ങളെക്കുറിച്ച സത്യസന്ധമായ അന്വേഷണം നടത്തുക, ധവളപത്രമിറക്കുക.’
(ദഅ്‌വത്ത് ത്രൈദിനം 28-2-2013)

വിവ: അശ്റഫ് കീഴുപറമ്പ്

Related Articles