Current Date

Search
Close this search box.
Search
Close this search box.

എ. പി. ജെ അബ്ദുല്‍ കലാം പറഞ്ഞത്…

‘മറക്കരുത്, പൊറുക്കരുത്’ നിലപാട് സ്വീകരിക്കണം ഭീകരവാദത്തിന്റെ വിഷയത്തില്‍ എന്നാണ് ഡോ. എ. പി. ജെ അബ്ദുല്‍ കലാമിന്റെ വീക്ഷണം. ഇസ്രായേലും അമേരിക്കയും സ്വീകരിക്കുന്ന അതേ നിലപാട് തന്നെ. ഭീകരന്‍മാര്‍ക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ചാണ് ഈ രണ്ട് രാഷ്ട്രങ്ങളും അവരുടെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കിയിരിക്കുന്നത്. ഇന്ത്യയും അതേ നിലപാട് സ്വീകരിക്കണം. ഇതാണ് കലാമിന്റെ വാദം. എന്നു മാത്രമല്ല, ഈ രാഷ്ട്രങ്ങളും ഇന്ത്യയും ചേര്‍ന്ന് ഭീകരതയുടെ ഭീഷണി നേരിടാന്‍ സംയുക്തമായി ഒരു ടാസ്‌ക് ഫോഴ്‌സിനെ തയാറാക്കണമെന്നും അദ്ദേഹം പറഞ്ഞിരിക്കുന്നു. തങ്ങളോട് ശത്രുത പുലര്‍ത്തുന്ന രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഭീകര കേന്ദ്രങ്ങളെയാണ് അമേരിക്കയും ഇസ്രയേലും ആക്രമിക്കാറുള്ളതെന്നും അത്തരം ഓപറേഷനുകള്‍ പൊതുവെ വിജയകരമാണെന്നും അദ്ദേഹം കുട്ടിച്ചേര്‍ക്കുന്നു. അതിനാല്‍ ഇന്ത്യയും ഇതേ നിലപാട് സ്വീകരിക്കണം. ഇങ്ങനെ കടുത്ത നിലപാട് സ്വീകരിക്കുക വഴി അമേരിക്കക്കും ഇസ്രയേലിനും അവരുടെ നാട്ടിലെ ജനങ്ങളെ വലിയ തോതില്‍ രക്ഷിക്കാന്‍ പറ്റി. കഴിഞ്ഞ ജനുവരി 25-ന് ആര്‍. എന്‍ കാവോ അനുസ്മരണ പ്രഭാഷണം നിര്‍വഹിക്കവെയാണ് അദ്ദേഹം ഈ അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയത്. രഹസ്യാന്വേഷണ വിഭാഗമായ ‘റോ'(റിസര്‍ച്ച് ആന്റ് അനാലിസിസ് വിംഗ്) ആണ് പരിപാടി സംഘടിപ്പിച്ചത്. ‘റോ’ സ്ഥാപക അംഗങ്ങളില്‍ ഒരാളായിരുന്നു ആര്‍.എന്‍ കാവോ.

പ്രഭാഷണത്തെക്കുറിച്ച റിപ്പോര്‍ട്ട് ജനുവരി 26-ലെ ദിനപത്രങ്ങളിലുണ്ട്. പി. ടി. ഐയെ ഉദ്ധരിച്ചുള്ള ആ റിപ്പോര്‍ട്ട് വായിച്ചാല്‍ പ്രഭാഷണം മൊത്തത്തില്‍ ഈ ലൈനിലാണ് നീങ്ങുന്നതെന്ന് കാണാം. ഭീകരവാദം, ഭീകരവാദികള്‍ തുടങ്ങിയ സംഞ്ജകള്‍ ഭരണകൂടത്തിലെയും ‘റോ’ പോലുള്ള രഹസ്യാന്വേഷണ വിഭാഗങ്ങളിലെയും തീവ്രനിലപാടുകാര്‍ ഉപയോഗിക്കുന്ന അതേ ഭാഷയിലാണ് വന്നിരിക്കുന്നത്. ഈ പ്രഭാഷണം തയാറാക്കിയിരിക്കുന്നത് കലാം തന്നെയാണോ, അതോ അദ്ദേഹത്തിന്റെ സഹായികളാരെങ്കിലുമാണോ, അല്ലെങ്കില്‍ ‘റോ’ യിലെ ഏതെങ്കിലും ഉദ്യോഗസ്ഥനാണോ എന്നറിയില്ല. എന്തായാലും പ്രഭാഷണത്തിന്റെ ഉടമസ്ഥത ഡോ. കലാമിന് തന്നെയായിരിക്കും. ഡോ. കലാം ഒരു മിസൈല്‍ ശാസ്ത്രജ്ഞനാണ്. മിസൈല്‍ മാന്‍ എന്നാണ് അദ്ദേഹം അറിയപ്പെടുന്നതും. മിസൈലിന്റെ പണി തകര്‍ക്കുക എന്നതാണ്, നിര്‍മിക്കുകയല്ല. ഈ വിഷയത്തില്‍ അദ്ദേഹത്തിന്റെ തൊഴിലുമായി ഒത്തുപോകുന്നതാണ് അദ്ദേഹത്തിന്റെ വീക്ഷണവും. രാഷ്ട്രീയ പക്ഷപാതിത്വങ്ങളില്ലാതെ സംസാരിക്കുന്ന സമുന്നത വ്യക്തിത്വമാണ് ഡോ. കലാം. ഇന്ത്യയുടെ പ്രസിഡന്റ് ആയിരുന്ന ആള്‍. വളരെ ഉത്തരവാദിത്വത്തോടെയാണ് അദ്ദേഹം സംസാരിക്കാറുള്ളത്. ഉയര്‍ന്ന ധാര്‍മിക-നീതി ബോധം ഉണര്‍ത്തുന്ന പ്രസംഗങ്ങള്‍. പക്ഷേ ഈ പ്രസംഗത്തിലെ ആശയങ്ങള്‍ വളരെ വിചിത്രമായി തോന്നുന്നു. അദ്ദേഹത്തിന്റെ നിലക്കും വിലക്കും ഒരിക്കലും ചേരാത്ത പ്രസംഗം. ഇത്തരം സങ്കുചിത രാഷ്ട്രീയത്തില്‍ നിന്നും ഉപരിപ്ലവമായ ദേശസ്‌നേഹ വാചാടോപങ്ങളില്‍ നിന്നും ഉയര്‍ന്നു നില്‍ക്കാന്‍ അദ്ദേഹത്തിന് കഴിയേണ്ടതായിരുന്നു.

ഇനി പ്രഭാഷണം അദ്ദേഹത്തിന്റേത് തന്നെയാണെങ്കില്‍ എന്താണ് ‘ഭീകരത’ എന്ന് അദ്ദേഹം നിര്‍വചിച്ചാല്‍ നന്നായിരുന്നു. ഭീകരവൃത്തികള്‍ എന്ന് അദ്ദേഹം കരുതുന്ന ചില സംഭവങ്ങള്‍ ഉദാഹരിക്കുകയും വേണം. ഇക്കാര്യത്തില്‍ അമേരിക്കയുടെയും ഇസ്രായേലിന്റെയും അതേ നിലപാട് അദ്ദേഹം സ്വീകരിച്ച് കാണുന്നതുകൊണ്ട്, അവര്‍ നല്‍കുന്ന അതേ നിര്‍വചനം തന്നെയായിരിക്കാം അദ്ദേഹവും നല്‍കുക. സ്വതന്ത്രമായ ഒരഭിപ്രായം അദ്ദേഹത്തിന് ഉണ്ടാകാന്‍ ഇടയില്ല. 9/11 ന്റെ മറവില്‍ അമേരിക്ക ഡ്രോണ്‍ ആക്രമണത്തിലൂടെ കൊച്ചു കുട്ടികള്‍ ഉള്‍പ്പെടെയും മറ്റും നിരപരാധികളെ ഇപ്പോഴും വധിച്ചുകൊണ്ടിരിക്കുന്നു. ഭീകരരെ നേരിടാന്‍ എന്നാണ് അതിന് നല്‍കപ്പെടുന്ന ഭാഷ്യം. ഇതൊക്കെ ‘വിജയകര’വും ‘മാതൃകാപര’വും ആണെന്നാണ് ഡോ. കലാമിന്റെ പക്ഷം. അഫ്ഗാനിലും ഇറാഖിലും ഫലസ്ത്വീനിലുമായി ലക്ഷക്കണക്കിനാളുകളെയാണ് അമേരിക്കയും ഇസ്രയേലും കൊന്നുകൂട്ടിയത്. അതിപ്പോഴും തുടരുകയും ചെയ്യുന്നു. ഈ രണ്ടു ഭീകര രാഷ്ട്രങ്ങളെയും ഡോ. കലാം എപ്പോഴെങ്കിലും അപലപിച്ചതായി കാണാന്‍ കഴിഞ്ഞിട്ടില്ല. ഇതെക്കുറിച്ചൊക്കെ ഡോക്ടര്‍ സാബിനോട് സംസാരിക്കാന്‍ ആരെങ്കിലും മുന്നോട്ട് വരുമെന്ന് കരുതുന്നു.
(ദഅ്‌വത്ത് ത്രൈദിനം 4-2-2013)

വിവ: അശ്‌റഫ് കീഴുപറമ്പ്

Related Articles