Current Date

Search
Close this search box.
Search
Close this search box.

‘എന്റെ സന്തോഷ കുടുംബം ‘

happy-family.jpg

മക്കള്‍ സ്വയം പര്യാപ്തരായാല്‍ ഞാന്‍ ജനിച്ചു വളര്‍ന്ന നാട്ടിലേക്ക് വീട്ടുവളപ്പിലേക്ക് ഞാന്‍ ഒരു കുഞ്ഞു വീടുവെച്ച് പാര്‍ക്കുമെന്ന് കുട്ടികളോട് സ്വപ്നം പോലെ എന്നും പറയാറുണ്ട്…
പിച്ചവച്ച നാടും മണ്ണും അത്രമേല്‍ പ്രിയപ്പെട്ടതാകുന്നതെന്തുകൊണ്ടെന്ന് അറിയില്ല… ഞാന്‍ അവിടെയാണ് കിടക്കുന്നതെന്ന പോലെ.. എന്നെ അവിടെയെവിടേയോ മറന്നുവെച്ച പോലൊരു തേടലാണ്… വീട് തിരിച്ച് വിളിക്കുന്ന പോലെ ഒരു വെമ്പല്‍… അവിടം വിട്ട ശേഷം സ്വസ്ഥത എന്തെന്ന് അറിഞ്ഞിട്ടില്ലാത്തപോലൊരു തോന്നല്‍…

ആണ്‍ലോകത്തെ പെണ്ണിടങ്ങളുടെ ഇടുക്കം കൂടുതല്‍ മുറുക്കം തരുന്നു… നാടിന്റെ സംസ്‌ക്കാരമനുസരിച്ച് പെണ്ണു വിവാഹത്തോടെ ഇടവും വീടും നഷ്ടപ്പെട്ട പരദേശിയാവുന്നല്ലൊ അധികവും. ആണ്‍ജീവിതങ്ങളും ഏറെക്കുറേ അതുപോലെ തന്നെയാണെങ്കിലും…

പെണ്ണിന്റെ ലോകം വിവാഹത്തോടെ കൂടുതല്‍ കൂടുതല്‍ ഇടുങ്ങുന്നതിന്റെ ശ്വാസം മുട്ടല്‍ തരണം ചെയ്യാന്‍ സാധിക്കാതെ മനസ്സ് കൈവിടുന്നവര്‍ അനവധി നിരവധിയാണെന്നത് പച്ച പരമാര്‍ത്ഥം..

My Happy Family സിനിമയുടെ ഉള്ളടക്കം ഇങ്ങനെ: പാട്രിയാര്‍ക്കിയല്‍ കുടുംബ വ്യവസ്ഥയ്ക്കകത്ത് പാരമ്പര്യ മാമൂലുകളില്‍ പെട്ട് ശ്വാസം മുട്ടുന്ന അമ്മക്കിളി, വീട്(തടവ്) ചാടി മറ്റൊരു വീട്ടിലേക്ക് താമസം മാറുന്നു.. വിവാഹശേഷം മറന്നു വെച്ച തന്റെ അഭിരുചികള്‍ പുതിയ അന്തരീക്ഷത്തില്‍ വീണ്ടും മുളപൊട്ടുന്നു. അന്നേവരെ മറ്റുള്ളവരെ സന്തോഷിപ്പിച്ചും തൃപ്തിപ്പെടുത്തിയും ജീവിച്ചു ജീവിച്ചു ഉരുകി ഒലിച്ചിരുന്ന അവര്‍ മാറി താമസിച്ച് മറന്നുപോയ തന്നിലേക്ക്, തന്റെ സ്വത്വത്തിലേക്ക് തിരിച്ച് ചേക്കേറിയ പോലെ ജീവിക്കാന്‍ ശ്രമിക്കുന്നു.. എന്നാല്‍ എത്ര ആശ്വസിക്കാന്‍ ശ്രമിക്കുമ്പോഴും, മക്കളും മാതാപിതാക്കളും സഹോദരനും ഭര്‍ത്താവും അവരെ നിഴലു പോലെവിടാതെ പിന്തുടരുന്നു…

പ്രശ്‌നങ്ങളായും സന്തോഷമായും കുടുംബ ശ്രേണിയെ ഭേദിക്കാനാകാതെ ബന്ധങ്ങളുടെ ശ്വാസം മുട്ടലില്‍ പിടയുകയെന്നത് തന്നെയാണ് ജീവിതത്തിന്റെ അര്‍ത്ഥമെന്നോണം കഥാപാത്രങ്ങള്‍ ജീവിച്ചു കൊണ്ടുമിരിക്കുന്നു…

കുടുംബം എന്ന സങ്കീര്‍ണ്ണതയെ ഇനിയും എത്ര തരത്തിലൊക്കെ ആവിഷ്‌കരിക്കാനുള്ള സാധ്യതകളെ ഫിക്ഷന്റെ കൂടുതുറന്ന് ഇനിയും ഇനിയും അത്രമേല്‍ പറക്കാന്‍ അനുവദിക്കട്ടേയെന്ന് ആശിച്ചുകൊണ്ട്…

‘കുടുംബ ബന്ധനം’ കാഞ്ചനകൂട്ടിലാണെന്ന് കണ്ട് സപ്ത സംതൃപ്തിയും രേഖപ്പെടുത്തി ഒപ്പ് വെക്കുന്നു…

 

Related Articles