Current Date

Search
Close this search box.
Search
Close this search box.

ഉമ്ര് ഖള്വാഉം നേര്‍ച്ചപ്പഞ്ചസാരയും

muslim-india.jpg

പള്ളിക്കടുത്തുള്ള വിറക് പുരയില്‍, അടുപ്പിന് മുകളില്‍ ഉറപ്പിച്ചിരിക്കുന്ന വലിയ ചെമ്പ് പാത്രത്തില്‍നിന്ന് പുറത്തേക്ക് ഒരു ടാപ്പ് വെച്ചിട്ടുണ്ട്. ഹൗള്വിനടുത്തുള്ള പാത്രങ്ങളില്‍ ചെമ്പ് പാത്രത്തില്‍നിന്ന് ചൂട് വെള്ളമെടുത്താണ്, സുബ്ഹിക്കും മഗ്‌രിബിനും ഇഷാഇനും, തണുപ്പ് കാലമാണെങ്കില്‍ അഞ്ച്‌നേരവും, വിശ്വാസികള്‍ അംഗശുദ്ധി വരുത്തുക.

ആദില്‍ സാബ് പുലര്‍ച്ചെ നാല് മണിക്ക് തന്നെ എത്തിയിരിക്കുന്നു. രാത്രി പോകുന്നതിന് മുമ്പ് വെള്ളം ചൂടാക്കാനുള്ള കാര്യങ്ങളൊക്കെ ആദില്‍ സാബ് ചെയ്യും. എന്നാലും കാലത്ത് വന്ന് ചൂട് പാകപ്പെടുത്തണം. ചൂട് കുറഞ്ഞാലും കൂടിയാലും നമസ്‌കരിക്കാന്‍ വരുന്നവര്‍ ഉമ്മാക്ക് വിളിക്കും. പുലര്‍ച്ചെ തന്നെ അത് കേള്‍ക്കാതിരിക്കാനാണ് ആദില്‍ ശ്രദ്ധിക്കുന്നത്.

ചാമരാജ് നഗറിലെ മസ്ജിദുല്‍ അഅ്‌ലായിലെ മുക്രിയാണ് ആദില്‍ സാബ്. പള്ളിയോട് ചേര്‍ന്ന ഒരു കൊച്ചുമുറിയിലാണ് ഞാന്‍ താമസം. റൂമിന് പുറത്തിറങ്ങിയാല്‍ നീളത്തിലുള്ള വരാന്തയും ഹൗള്വും പള്ളിയും. വന്നാ വന്നു എന്നാണ് പള്ളി ഇമാമിന്റെ അവസ്ഥ. അതിനാല്‍ മിക്ക നേരങ്ങളിലും ആദില്‍ സാബിനാണ് ഇമാമിന്റെ പണിയും. കാലത്ത് പള്ളി സെക്രട്ടറി വന്നാല്‍, പോകുന്നത് വരെ അവിടെ ചുറ്റിപ്പറ്റി നില്‍ക്കലും, ചായ, ഫോട്ടോകോപ്പി തുടങ്ങിയവയൊക്കെ ആദില്‍ സാബിന്റെ ജോലിയില്‍ പെട്ടതാണ്.

ഇവിടുത്തെ മുസ്‌ലിംകളുടെ കാര്യങ്ങള്‍ പലതും അടുത്തറിയാന്‍ പള്ളിവാസം ഉപകാരപ്പെട്ടു. മിക്കവരും ദരിദ്രരാണ്. മുപ്പതിനായിരം രൂപ ചെലവഴിച്ചാണ് ആദില്‍ സാബ് വീട് പണിതിരിക്കുന്നത്. വീട്ടുചെലവുകള്‍ ഒത്തുപോകാത്തതിനാല്‍ ഭാര്യ ബീഡി തെറുക്കുന്നുണ്ട്. കുളി മുതലായ കാര്യങ്ങളില്‍ വളരെ പിശുക്കരാണ്. കുളി നിര്‍ബന്ധമല്ലെങ്കില്‍ വെള്ളിയാഴ്ച മാത്രമാണ് ആദില്‍ സാബ് കുളിക്കുന്നത്. ഒരാഴ്ചയായി ധരിച്ചിരിക്കുന്ന ജുബ്ബയും പാന്റ്‌സും ബനിയനും അലക്കുന്നതും അന്ന് തന്നെ.  

ആദില്‍ സാബ് കയ്യിലൊരു താവീസ് കെട്ടിയിട്ടുണ്ട്. പുലര്‍ച്ചെ സൈക്കിളില്‍ പള്ളിയിലേക്ക് വരുമ്പോള്‍, പിറകിലാരോ ഇരിക്കുന്നു! ഭയപ്പെട്ട് തിരിഞ്ഞ് നോക്കി. ആരുമില്ല! അല്‍പം വേഗത്തില്‍ സൈക്കിള്‍ ചവിട്ടി. പിന്നെയുമതാ, പിറകിലാരോ ഇരിക്കുന്നു! തിരിഞ്ഞുനോക്കുമ്പോള്‍ മറഞ്ഞു കളയുകയും ചെയ്യുന്നു! പിറകിലിരുന്ന് ഭയപ്പെടുത്തുന്ന ആ അജ്ഞാതനെ തുരത്താനായി ഒരു സിദ്ധന്‍ നല്‍കിയതാണ് കയ്യിലെ താവീസ്.

സ്ത്രീധനമെന്ന പതിവില്ല. കിട്ടണമെന്ന് ചിലര്‍ക്കെങ്കിലും ആശയും ഇല്ലാതില്ല. പക്ഷേ, ആ നാട്ടിലെ പെണ്ണുകെട്ടിന് സ്ത്രീധനം കിട്ടാനൊരു വഴിയുമില്ല. അടുത്ത മുറിയില്‍ താമസിക്കുന്ന ചെറുപ്പക്കാരന്‍ ഒരു ദിവസം എന്നെ വീട്ടിലേക്ക് ക്ഷണിച്ചുകൊണ്ടുപോയി. ഭക്ഷണത്തിനിടെ അവന്റെ ഉമ്മയുടെ ഒരപേക്ഷ. ഇസ്‌കൊ ഏക് ലഡ്കി ദിലാഓ! ഇവനൊരു പെണ്ണിനെ കൊടുക്കണമെന്ന്! കാര്യം പടികിട്ടാതെ ഞാന്‍ അല്പമൊന്ന് ആലോചിച്ചു. ഇതെന്നോട് പറയാനെന്ത് കാരണം?

കഥകളൊക്കെ പിന്നീടാണറിഞ്ഞത്. കോഴിക്കോട്, വയനാട്, നിലമ്പൂര്‍ മുതലായ സ്ഥലങ്ങളില്‍ നിന്നും പെണ്ണ്‌കെട്ടിയിരിക്കുന്നു ഇന്നാട്ടുകാരില്‍ ചിലര്‍. അല്‍പം പണത്തിന് വേണ്ടി. പലരുടെയും രണ്ടാം വിവാഹമാണ്. പല പെണ്‍കുട്ടികളുടെയും അവസ്ഥ ദയനീയമായിരുന്നു. ഇവിടെ വന്ന് മക്കളുടെ അവസ്ഥ കണ്ട ചില പിതാക്കന്മാര്‍ മലയാളികളുടെ പെട്ടിക്കടകള്‍ക്കരികിലിരുന്ന് പകല്‍ മുഴുവന്‍ കരഞ്ഞു. കരളലിവില്ലാത്ത ക്രൂരന്മാരായാണ് ഇവിടുത്തെ മുസ്‌ലിംകളില്‍ മിക്കവരെയും കാണാനായത്.

മറ്റൊരു പള്ളിയിലെ ഇമാമിനെ പരിചയപ്പെടാനിടയായി. കേരളത്തില്‍ നിന്ന് കച്ചവടത്തിനായി എത്തിപ്പെട്ടതാണെന്നറിഞ്ഞ ഉടനെ അദ്ദേഹം എന്നെ ചേര്‍ത്ത്പിടിച്ച് ഒരുപദേശം തന്നു. ഒരാള്‍ക്കും ഒരു ചില്ലിക്കാശ് പോലും കൊടുത്തേക്കല്ലേ എന്ന്. കാര്യം അങ്ങനെയാണെങ്കില്‍, എന്റെ കാശ് പോയല്ലോ ഇമാം സാബ്, എന്ന് മനസ്സില്‍ പറയാനേ എനിക്കാവുമായിരുന്നുള്ളൂ. ഉപദേശം സത്യമായിരുന്നു. കാശ് പോയിക്കിട്ടി.

ജനങ്ങള്‍ വെള്ളിയാഴ്ച ആവേശത്തോടെ പള്ളിയിലെത്തും. ഒന്നര മണിക്കൂറോളം നീളുന്ന ഉറുദു പ്രസംഗം, സുന്നത്ത് നമസ്‌കാരം (നാല് റകഅത്തുകള്‍ വീതം ആവും പോലെ), ബാങ്ക്, ഇഖാമത്ത്, ഏതാനും വാചകങ്ങളില്‍ അറബി ഖുതുബ, ജുമുഅഃ എന്നതാണ് രീതി. ജുമുഅഃ നമസ്‌കാരത്തിന് വരുന്നവരില്‍ ചിലര്‍ നൂറ് ഗ്രാമോളം വരുന്ന ഒരു പഞ്ചസാരപ്പൊതി പള്ളിയുടെ ഒരു ജനല്‍പ്പടിയില്‍ വെക്കുന്നത് കണ്ടു. എന്തെങ്കിലും കാര്യസാധ്യത്തിനായുള്ള നേര്‍ച്ചയാണത്രെ അത്. ആദില്‍ സാബ് അതെടുത്ത് ഒരു ചാക്കിലിടും. ചാക്ക് നിറയാറായിരിക്കുന്നു! കഴിഞ്ഞ ഒരു വര്‍ഷത്തെ സ്റ്റോക്കാണ്. ശഅബാന്‍ 14 രാത്രിയാണ് ഈ പഞ്ചസാര ഉപകാരപ്പെടുക.

ശഅബാന്‍ 14ന് പള്ളിയും, തെരുവുകളും, സാധിക്കുന്നവര്‍ വീടുകളും, വര്‍ണ്ണക്കടലാസുകളും മിന്നുന്ന ബള്‍ബുകളുമൊക്കെയായി അലങ്കരിക്കും. പുതിയ വസ്ത്രങ്ങളണിയും. നല്ല ഭക്ഷണമുണ്ടാക്കും. മൊത്തത്തില്‍ പെരുന്നാള്‍ പോലെയുണ്ടാവും. അന്ന് രാത്രി നിസ്‌കാരത്തിന്റെ രാത്രിയാണ്. ഒരുവര്‍ഷമായി നഷ്ടപ്പെട്ടുപോയ നമസ്‌കാരങ്ങളൊന്നാകെ കടം വീട്ടുന്ന രാത്രി. ഉമ്ര് ഖള്വാ എന്നാണ് പേര്. ഏതാണ്ടെല്ലാവരും അന്ന് പള്ളിയിലെത്തും. പുലരും വരെ ഉറക്കമൊഴിഞ്ഞ് നമസ്‌കാരമാണ്. ഇടക്കൊന്ന് ഉന്മേഷവാരാകാനായി ചായയും പലഹാരങ്ങളുമുണ്ടാവും. അന്നത്തെ ചായക്ക് ഉപയോഗിക്കുന്നത് ചാക്കിലുള്ള നേര്‍ച്ചപ്പഞ്ചസാരയാണ്. ബര്‍ക്കത്തുള്ള പഞ്ചസാര!

രാത്രി മുഴുവന്‍ ഉറക്കമൊഴിഞ്ഞത് കാരണം സുബ്ഹി നമസ്‌കാരമാവുമ്പോഴേക്കും പള്ളി കാലിയായി! ശാന്തം സുന്ദരം! അടുത്ത ശഅബാന്‍ 14 ന് രാത്രി, ഇന്‍ഷാ-അല്ലാഹ്, എന്നതാണ് രീതി. റമദ്വാന്‍ 27നും കാണാനിടവന്നു, ഇത്‌പോലൊരത്ഭുതം. അന്നത്തെ രാത്രി നമസ്‌കാരത്തോടെ റമദ്വാന്‍ തന്നെ തീര്‍ന്നത്‌പോലെയായി.

സെക്രട്ടറി പോയിക്കഴിഞ്ഞാല്‍ ഉച്ചവരെ ആദില്‍ സാബിന് ഒഴിവ് സമയം കിട്ടും. ഞാനുമായി വലിയ ദാര്‍ശനിക ചര്‍ച്ചകളാണ് പിന്നത്തെ പരിപാടി. മട്ടന്‍ ഷോപ്പിലെ അസിസ്റ്റന്റ് പയ്യന്‍ ഇടക്ക് വരും. ജുബ്ബയും തൊപ്പിയുമില്ലാതെ അവനെ കണ്ടിരുന്നില്ല. ആടിനെ അറുക്കുന്നത് ആദില്‍ സാബാണ്. ഞായറാഴ്ചകളിലെ അരക്കിലോ മട്ടനാണ് അതിന് പ്രതിഫലം.

അതിനിടെ അസിസ്റ്റന്റ് പയ്യന്‍ മൂന്ന് ദിവസത്തേക്ക് തബ്‌ലീഗ് ജമാഅത്തുകാരുടെ കൂടെ പോയി. തിരിച്ചുവന്നപ്പോള്‍ ആദില്‍ സാബ് അവനോട് ചോദിച്ചു. മൂന്ന് ദിവസം പോയിട്ട് നീയെന്താ പഠിച്ചത്? അഭിമാനത്തോടെ പയ്യന്‍ പറഞ്ഞതിങ്ങനെ. ലാ-ഇലാഹ-ഇല്ലല്ലാഹ്, മുഹമ്മദു റസൂലുല്ലാഹ്!

അറവു കഴിഞ്ഞ് വന്ന ആദിലും ഞാനും മറ്റൊരാളുമായി പിന്നീട് നടന്ന നീണ്ട ചര്‍ച്ചകള്‍, മൂന്നാമന് കാര്യങ്ങളൊക്കെ ഏതാണ്ട് മനസ്സിലായി എന്ന തരത്തിലാണ് തീര്‍ന്നത്. അദ്ദേഹം ആലോചനാമഗ്നനായി കാണപ്പെട്ടു. എന്നിട്ടെന്നോട് പറഞ്ഞു. നിങ്ങള്‍ പറഞ്ഞത് മുഴുവന്‍ ശരിയാണ്! എത്ര പേരാണ് നിന്ന് മൂത്രമൊഴിക്കുന്നത്!

വെള്ളിയാഴ്ച ഉറുദു പ്രസംഗത്തിനിടെ ബാംഗ്ലൂരിലെ ഒരു പള്ളിയിലെ ഇമാം സാബ് സംശയം ചോദിച്ചത് ഈയടുത്താണ്. തലയില്‍ തൊപ്പിയുമില്ല കൊപ്പിയുമില്ല, അങ്ങനേ കയറി വരുന്നത് കാണുന്നു. ഇവരൊക്കെ മുസ്‌ലിംകള്‍ തന്നെയാണോ ആവോ! ആര്‍ക്കറിയാം! അടുത്തിരിക്കുന്ന ബീഹാറുകാരന്‍ ഇത് കേട്ട് തൊപ്പിയില്ലാത്ത എന്നെ നോക്കുകയാണ്. അയാള്‍ക്ക് ഒരു കാതില്‍ കമ്മലും തലയില്‍ തൊപ്പിയുമുണ്ട്.

1995 ലാണെന്ന് തോന്നുന്നു – നോമ്പ് 29 കഴിഞ്ഞു. പിറ്റേന്ന് പെരുന്നാളാണെന്ന് ശ്രുതിയുണ്ട്. പക്ഷേ, സുബ്ഹി നമസ്‌കാരം കഴിഞ്ഞപ്പോള്‍ പള്ളി ഇമാമിന്റെ അറിയിപ്പുണ്ടായി. ഇന്നല്ല, നാളെയാണ് പെരുന്നാള്‍. പക്ഷേ, ഇന്ന് നോമ്പെടുക്കുന്നത് ഹറാമാണ്!

ദേവഗൗഡയാണ് മുഖ്യമന്ത്രി. ഇന്ന് കോണ്‍ഗ്രസ് മന്ത്രിയായ റോഷന്‍ ബേഗ് അന്നത്തെ ജനതാദള്‍ മന്ത്രിസഭയിലെ അഭ്യന്തര സഹമന്ത്രിയാണ്. അദ്ദേഹത്തിന്റെതായിരുന്നു, മാസപ്പിറവി കണ്ടെങ്കിലും പെരുന്നാളില്ല എന്ന തീരുമാനം. സെക്യൂരിറ്റി മുന്നൊരുക്കങ്ങളൊന്നും തീര്‍ന്നില്ല എന്നതായിരുന്നത്രെ കാരണം! അതേ വര്‍ഷം വലിയ പെരുന്നാളിനും പണി കിട്ടി. മന്ത്രിയല്ല, ഉരുക്കള്‍ മുഴുവനെത്തിയില്ല എന്ന് പറഞ്ഞ് കലാപത്തിനിറങ്ങിയ അറവുകാരായിരുന്നു വലിയപെരുന്നാള്‍ മാറ്റിവെക്കാനുള്ള കാരണക്കാര്‍.

കേരളത്തിലെ ജനങ്ങള്‍ക്ക് പരിചിതമല്ലാത്ത ചില കഥകള്‍ പറയാമെന്ന് കരുതിയാണ് ഇത്രയും പറഞ്ഞത്. ദേശവ്യത്യാസമനുസരിച്ച് കഥകളില്‍ ചെറിയ മാറ്റം വരുമെന്നേയുള്ളൂ. ജനങ്ങള്‍ മതാചാരങ്ങളെന്ന നിലയില്‍ എന്തൊക്കെയോ ചെയ്യുന്നുണ്ട്. വലിയവരെന്നോ ചെറിയവരെന്നോ, പണ്ഡിതനെന്നോ പാമരനെന്നോ, ധനികനെന്നോ ദരിദ്രനെന്നോ, ശക്തനെന്നോ ദുര്‍ബലനെന്നോ വ്യത്യാസങ്ങളൊന്നുമില്ലാതെ, വേണ്ടത് പോലെ കൂട്ടിയും കുറച്ചുമൊക്കെ അങ്ങനെയൊരു പോക്കാണ്.

ആത്മാര്‍ത്ഥതയുടെ കുറവ് മാത്രമല്ല, ദീനിന്റെ കാര്യങ്ങളിലുള്ള അജ്ഞതയും പ്രശ്‌നങ്ങളുടെ കാരണമാണ്. ഈ ബദവി അറബികള്‍ നിഷേധത്തിലും കാപട്യത്തിലും കൊടിയവരാകുന്നു, അല്ലാഹു അവന്റെ ദൂതന്ന് അവതരിപ്പിച്ചിട്ടുള്ള ഈ ദീനിന്റെ നിയമങ്ങളെ സംബന്ധിച്ച് അജ്ഞരായിരിക്കാന്‍ ഏറെ സാധ്യതയുള്ളവരുമാകുന്നു, എന്ന് മദീനയുടെ പരിസരവാസികളായ ഗ്രാമീണരെ കുറിച്ച് പറഞ്ഞത് പോലെ. (9:97) അന്നത്തെ ബദവി അറബികളുടെ വിശ്വാസക്കുറവും അജ്ഞതയും ഇസ്‌ലാമിക സമൂഹത്തില്‍ വലിയ കുഴപ്പങ്ങള്‍ക്ക് കാരണമായി. പക്ഷേ, പ്രവാചക സഹവാസം ലഭിച്ച മഹാന്മാരുടെ നേതൃത്വം അന്നുണ്ടായിരുന്നു. നമ്മുടെ അവസ്ഥയോ!

പയ്യന് ലാ-ഇലാഹ-ഇല്ലല്ലാഹ്, മുഹമ്മദു-ര്‍റസൂലുല്ലാഹ് എന്ന് പഠിപ്പിച്ചു കൊടുത്തവര്‍ അവനെപോലെയുള്ള ആളുകള്‍ തന്നെയായിരുന്നു. തങ്ങള്‍ക്കുള്ള അല്‍പം അറിവ് പകര്‍ന്നു നല്‍കുകയാണ് അവര്‍ ചെയ്യുന്നത്. ദീനിന്റെ കാര്യങ്ങളില്‍ ആഴത്തില്‍ അറിവില്ലാത്തതിന്റെ ദോഷം അതിനുണ്ട് താനും.

ജനങ്ങളെല്ലാവരും ദീന്‍ പഠിക്കുന്നതില്‍ തത്പരരാവണമെന്നില്ല. താത്പര്യമുള്ളവര്‍ ധാരാളമുണ്ട് താനും. അവര്‍ക്ക് ഒഴിവുള്ളപ്പോള്‍ അവരെ പഠിപ്പിക്കാനും, അവരുടെ സംശയങ്ങള്‍ ദൂരീകരിക്കാനും മറ്റും അറിവുള്ളവരെ ലഭിക്കുന്നില്ല. ചില ഖത്തീബുമാരെ ജനങ്ങള്‍ ഇഷ്ടപ്പെടുകയും അവരില്‍നിന്ന് പഠിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. എന്നാല്‍ അവരില്‍ പലരും അന്നാട്ടുകാരല്ല. ജനങ്ങള്‍ക്കവരെ ലഭിക്കുന്നില്ല. കോഴിക്കോട്ടുകാര്‍ കാഞ്ഞങ്ങാടേക്കും കണ്ണൂരുകാര്‍ കോഴിക്കോട്ടേക്കും ഖുതുബ പറയാനായി ഓടുന്നതെന്തിനാണ്? സ്വന്തം നാടുകളില്‍, തങ്ങളെ അറിയാവുന്നവരുടെ ഇടയില്‍, അവരോടൊത്ത് ഇടപഴകി ജീവിച്ച്, അവരെ പഠിപ്പിക്കാനും സംസ്‌കരിക്കാനും എന്താണൊരു മാര്‍ഗം?

ഭൂമിയില്‍ ശാന്തരായി ചരിക്കുന്ന മലക്കുകളാണുള്ളതെങ്കില്‍, തീര്‍ച്ചയായും നാം ആകാശത്തുനിന്ന് മലക്കിനെത്തന്നെ അവര്‍ക്ക് ദൈവദൂതനായി അയക്കുമായിരുന്നു. (17:95) ഇവിടെയുള്ളത് മനുഷ്യരായത് കൊണ്ടാണല്ലോ മനുഷ്യരെത്തന്നെ ദൂതന്മാരായി അയച്ചത്. ഒരാളെ പഠിപ്പിച്ച് സംസ്‌കരിച്ചെടുക്കുന്നത് എത്രമാത്രം പരിശ്രമം ആവശ്യപ്പെടുന്ന ജോലിയാണ്. സി.ഡി.യും യൂ ട്യൂബും വാരികയും പുസ്തകവും ആ ജോലി നിറവേറ്റുമോ?

സത്യവിശ്വാസികള്‍ ഒന്നടങ്കം യുദ്ധത്തിനു പുറപ്പെടേണ്ടിയിരുന്നില്ല. അവരില്‍ ഓരോ വിഭാഗത്തില്‍നിന്നും ഒരു സംഘം ദീനില്‍ പാണ്ഡിത്യം നേടാന്‍ പോകാത്തതെന്തുകൊണ്ട്? സ്വന്തം സമൂഹത്തിലേക്കു തിരിച്ചുവന്നാല്‍ അവര്‍ക്ക് ഉദ്‌ബോധനം നല്‍കാനും അതുവഴി അവര്‍ തിന്മകളെക്കുറിച്ച് കരുതലുള്ളവരാകാനും. (9:122)

ഇസ്‌ലാമിക കോളേജുകളില്‍നിന്ന് പഠിച്ചിറങ്ങുന്നവരൊക്കെ എവിടെയാണ്? ദീനില്‍ പാണ്ഡിത്യം നേടിയ ഒരു സംഘം സ്വന്തം സമൂഹത്തിലേക്ക് തിരിച്ചുവന്ന് ഉദ്‌ബോധനം നല്‍കാന്‍ തയ്യാറാവാതെ, ഉദ്യാഗങ്ങള്‍ തേടി പോയതെന്ത്?

Related Articles