Current Date

Search
Close this search box.
Search
Close this search box.

ഉത്തരാഖണ്ഡും ഗുജറാത്തും

ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെന്ന പോലെ ഇവിടെ ഇന്ത്യയിലും പ്രകൃതി ദുരന്തങ്ങള്‍ ഇടക്കിടെ സന്ദര്‍ശനം നടത്തുന്നു. ഭൂമികുലുക്കങ്ങള്‍, കൊടുങ്കാറ്റുകള്‍, ചുഴലിക്കാറ്റുകള്‍, മേഘസ്‌ഫോടനങ്ങള്‍, ഉരുള്‍പൊട്ടലുകള്‍, മഞ്ഞുമലകള്‍ തകര്‍ന്നുവീഴല്‍… ദുരന്തങ്ങളുടെ പട്ടിക നീളുന്നു. വെള്ളപ്പൊക്കവും കൊടുങ്കാറ്റും മേഘസ്‌ഫോടനവും ചിലയിടങ്ങളില്‍ വര്‍ഷാവര്‍ഷം സംഭവിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ കഴിഞ്ഞ ജൂണ്‍ മധ്യത്തില്‍, ഒരുകാലത്ത് ഉത്തര്‍പ്രദേശിന്റെ ഹിമാലയന്‍ താഴ്‌വരയായ ഉത്തരാഖണ്ഡില്‍ സംഭവിച്ചത് അപൂര്‍വമായ ദുരന്തമാണെന്ന് തന്നെ പറയണം. ജനമനസ്സുകളെ കുറെകാലം ഈ ദുരന്തം വേട്ടയാടാതിരിക്കില്ല.

ദുരന്തത്തിനിരയായ തീര്‍ഥാടകരും മറ്റും ചാനലുകളോട് പറഞ്ഞത് കരളലിയിക്കുന്ന കഥകളാണ്. സ്വത്തും ജീവിതമാര്‍ഗങ്ങളുമെല്ലാം തകര്‍ക്കപ്പെട്ടിരിക്കുന്നു. ഉറ്റവരും ഉടയവരുമായ ഒരുപാടാളുകളുടെ ജീവന്‍ ദുരന്തം കവര്‍ന്നെടുത്തു. കുത്തിയൊലിച്ച് വരുന്ന മലവെള്ളം സ്വന്തം മക്കളെയും സ്വന്തക്കാരെയും വാ പിളര്‍ന്ന് വിഴുങ്ങുന്നത് നിസ്സഹായരായി നോക്കിനില്‍ക്കാനേ അവര്‍ക്ക് കഴിഞ്ഞുള്ളൂ. ജീവന്‍ ബാക്കിയായ ഈ മനുഷ്യര്‍ തങ്ങളുടെ ഭാവിജീവിതത്തെക്കുറിച്ച വളരെ ആശങ്കയിലാണ്. മരണത്തിന്റെ താഴ്‌വരയില്‍ തിന്നാനോ കുടിക്കാനോ ഇല്ലാതെ അഞ്ച് ദിവസമാണ് അവര്‍ കഴിച്ചു കൂട്ടിയത്. വിശന്ന് പൊരിയുന്ന കുഞ്ഞുങ്ങളുടെ കരച്ചില്‍ ഹൃദയഭേദകം. ഇനിയും ഏതു നിമിഷവും മലയിടിഞ്ഞ് വെള്ളം കുത്തിയൊലിച്ച് വരാമെന്ന ഭീഷണി നിലനില്‍ക്കുന്നു.

ദുരന്തങ്ങള്‍ക്ക് എത്രയോ കാതങ്ങള്‍ അകലെ താമസിക്കുന്നവര്‍ക്ക് ഇരകളുടെ ദുരന്തത്തിന്റെ വ്യാപ്തിയോ അവരുടെ മാനസികാവസ്ഥയോ സങ്കല്‍പ്പിക്കാന്‍ പോലുമാവില്ല. ജാതിപീഡനങ്ങളേല്‍ക്കുന്നവര്‍ക്കും വര്‍ഗീയ കലാപങ്ങളില്‍ സര്‍വതും നഷ്ടപ്പെടുന്നവര്‍ക്കും പ്രകൃതിദുരന്തത്തിനിരയായവരുടെ കഷ്ടപ്പാടുകള്‍ ഏറെക്കുറെ മനസ്സിലാവും. ടി.വി ചാനലുകളില്‍ ഈ ദൃശ്യങ്ങള്‍ കണ്ടുകൊണ്ടിരുന്നപ്പോള്‍ എന്റെ ചിന്ത പന്ത്രണ്ട് വര്‍ഷം പിറകോട്ട് പോയി. ഗുജറാത്തില്‍ ഗോധ്ര തീവണ്ടി സംഭവത്തിന് ശേഷമുണ്ടായ കലാപത്തില്‍ സകലതും നഷ്ടപ്പെട്ട ഇരകളുടെ ആ സങ്കടങ്ങളിലേക്ക്. വ്യത്യാസം ഒന്നേയുള്ളൂ. ഉത്തരാഖണ്ഡിലേത് പ്രകൃതിദുരന്തമാണ്. ഒരാളുടെയും നിയന്ത്രണത്തിലല്ല അത്തരം കാര്യങ്ങള്‍. ഗുജറാത്തിലേതാവട്ടെ, മനുഷ്യവേഷമണിഞ്ഞ വേട്ടമൃഗങ്ങള്‍ സൃഷ്ടിച്ചതായിരുന്നു. ഗുജറാത്ത് ദുരന്തമാണ് കുറെകൂടി ഭീകരം എന്ന് പറയണം. കാരണം അവിടെ ദുരന്തത്തിന്നിരകളായ സ്ത്രീകള്‍ ലൈംഗികമായി ആക്രമിക്കപ്പെട്ടു. കുഞ്ഞുങ്ങളെ ജീവനോടെ തീയിലേക്ക് എടുത്തെറിഞ്ഞു. ഭക്ഷ്യവസ്തുക്കള്‍ നശിപ്പിക്കപ്പെട്ടു.

മാന്യന്മാര്‍ ഈ രണ്ട് ദുരന്തത്തിലെയും ഇരകളോട് ആത്മാര്‍ഥമായും അനുഭാവം പുലര്‍ത്തുന്നവരായിരിക്കും. ആ ദുരന്താനുഭവങ്ങള്‍ അവര്‍ പങ്കു വെക്കും. ഇനിയൊരിക്കലും ഇത്തരമൊന്ന് ഉണ്ടാവരുതരുതേ എന്ന് ആഗ്രഹിക്കും. ഗുജറാത്ത് കലാപത്തിന്റെ ഇരകള്‍ക്ക് നീതി കിട്ടാന്‍ വേണ്ടി യത്‌നിക്കും. ഉത്തരാഖണ്ഡിലെ ദുരന്തത്തിന് ഒരു പ്രധാന കാരണം പ്രകൃതിയിലെ മനുഷ്യന്റെ ഇടപെടലാണെന്ന് വ്യക്തമായിട്ടിട്ടുണ്ട്. മാനം മുട്ടെ നിര്‍മിച്ച കൂറ്റന്‍ ബില്‍ഡിംഗുകള്‍, ധാരാളമായി മരങ്ങള്‍ മുറിച്ച് മാറ്റിയത്, കാലാവസ്ഥ മാറ്റിമറിക്കാന്‍ നടത്തുന്ന ശാസ്ത്രീയ പരീക്ഷണങ്ങള്‍ ഇതൊക്കെ ദുരന്തത്തിന് നിലമൊരുക്കുന്നുണ്ട്. പക്ഷേ പ്രകൃതി പ്രകൃതി തന്നെയാണെന്ന കാര്യം ആരും മറന്ന് പോകരുത്. നിങ്ങളുടെ പ്രവൃത്തിക്കെതിരെ രൗദ്രഭാവത്തോടെ അത് തിരിച്ചടിക്കുക തന്നെ ചെയ്യും. പ്രപഞ്ച സൃഷ്ടാവായ ദൈവത്തിന്റെ പൂര്‍ണ നിയന്ത്രണത്തിലാണ് ഈ ശക്തികളൊക്കെയും തന്നെ. അവന് അവന്റേതായ നീതിയും പ്രകൃതി തത്ത്വങ്ങളുമുണ്ട്. മനുഷ്യന്റെ നിയന്ത്രണം വിട്ട ജീവിതരീതികളാണ്- ലൈംഗികാരജകത്വം, അധാര്‍മികത, മനുഷ്യന്‍ മനുഷ്യനെ അടിച്ചമര്‍ത്തല്‍ തുടങ്ങിയവ- പ്രകൃതിദുരന്തങ്ങള്‍ക്ക് നിമിത്തമാവുന്നതെന്ന് ഇന്ന് ഏറെക്കുറെ എല്ലാ മതങ്ങളിലെയും പണ്ഡിതന്മാര്‍ തിരിച്ചറിയുന്നുണ്ട്. ഉത്തരാഖണ്ഡ് പ്രശ്‌നം ചര്‍ച്ച ചെയ്യുമ്പോഴും ഇത്തരം ആഴത്തിലുള്ള ബോധ്യങ്ങള്‍ ഉണ്ടാവണം.
(ദഅ്‌വത്ത് ത്രൈദിനം 28-6-2013)

വിവ : അശ്‌റഫ് കീഴുപറമ്പ്‌

Related Articles