Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാം ഭാരതീയ പ്രമാണങ്ങളില്‍

ISLAM-INDIA.jpg

”നിശ്ചയമായും എല്ലാ സമൂഹങ്ങളിലേക്കും നാം ദൈവദൂതന്മാരെ നിയോഗിച്ചിട്ടുണ്ട്.”(16:36)
”ഒരു മുന്നറിയിപ്പുകാരന്‍ വന്നുപോയിട്ടല്ലാത്ത ഒരു ജനസമൂഹവുമില്ല.'(35:24) എന്നിങ്ങനെ എല്ലാ ജനതയിലേക്കും പ്രവാചകന്മാരെ നിയോഗിച്ചിട്ടുണ്ടെന്ന കാര്യം വിശുദ്ധ ഖുര്‍ആനിലൂടെ ദൈവം അറിയിക്കുന്നുണ്ട്.

ഈ പറഞ്ഞതിനര്‍ഥം ഇന്ത്യയിലും പ്രവാചകന്മാര്‍ ഉണ്ടായിട്ടുണ്ട് എന്നാണ്. സ്വാഭാവികമായും അവരെല്ലാം ജനങ്ങളെ പഠിപ്പിച്ചത് ഇസ്‌ലാം (ദൈവത്തിനുള്ള സമര്‍പ്പണം) ആയിരിക്കും. അതുകൊണ്ടാണ് ഭാരതീയ വേദങ്ങളിലും മറ്റുമായി ഇസ്‌ലാമികാധ്യാപനങ്ങള്‍ കാണാന്‍ കഴിയുന്നത്.

ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസങ്ങളില്‍ ഒന്നാമത്തേതായ ഏകദൈവത്വവുമായി ബന്ധപ്പെട്ട് ധാരാളം വേദവാക്യങ്ങള്‍ കാണാം.
”ഏകം സദ്വിപ്രാ ബഹുദാ വദന്തി” = ഒന്നിനെത്തന്നെ വിദ്വാന്മാര്‍ പലതായി പറയുന്നു. (ഋഗ്വേദം 1: 164: 46)
‘അജ ഏക പാത്” = ജനിക്കാത്ത ഏക രക്ഷകന്‍ (യജുര്‍വേദം 34-53)
”അകായം” = ശരീര രഹിതന്‍ (യജുര്‍വേദം: 40-8)
‘കണ്ണിനു കാഴ്ച നല്‍കിയതും എന്നാല്‍ കണ്ണുകൊണ്ടു കാണാന്‍ കഴിയാത്തതുമായ ശക്തിയേതോ അതാണ് ബ്രഹ്മം(ദൈവം).” (കേനോപനിഷത് 1:7)
ഈ വാക്യങ്ങളെല്ലാം ഇസ്‌ലാം പഠിപ്പിക്കുന്ന ദൈവവിശ്വാസത്തിനാണ് അടിവരയിടുന്നത്.

ഇസ്‌ലാമിന്റെ രണ്ടാമത്തെ അടിസ്ഥാന വിശ്വാസമായ പ്രവാചകത്വവുമായി ബന്ധപ്പെട്ടും പ്രമാണസാക്ഷ്യങ്ങളുണ്ട്. ദൈവത്തില്‍ നിന്ന് ദിവ്യവെളിപാടുകള്‍ ലഭിച്ചവരാണ് പ്രവാചകന്മാര്‍. ആ വെളിപാടുകളുടെ സമാഹാരമാണ് വേദഗ്രന്ഥങ്ങള്‍ എന്നാണ് ഖുര്‍ആനിന്റെ അധ്യാപനം.

ഭാരതീയ വേദങ്ങള്‍ക്ക് ‘ശ്രുതി’ എന്ന പേരുവന്നത് ‘ദൈവത്തില്‍ നിന്ന് കേട്ടത്’ എന്ന അര്‍ത്ഥത്തിലാണ്. മാത്രമല്ല തപോധതരായ മഹര്‍ഷിമാര്‍ ഈശ്വരനില്‍ നിന്ന് വേദം ദര്‍ശിക്കുകയും ശ്രവിക്കുകയും ചെയ്തതിനാലാണ് ആ മഹര്‍ഷിമാരെ ‘മന്ത്രദ്രഷ്ടാക്കള്‍’ എന്നു പറയുന്നത് (ഹിന്ദുധര്‍മ്മ പരിചയം pg:16). ഇതും പ്രവാചകത്വത്തിനാണ് അടിവരയിടുന്നത്.

ഇസ്‌ലാമിന്റെ മൂന്നാമത്തെ അടിസ്ഥാന വിശ്വാസമായ പരലോകത്തെ സംബന്ധിച്ച് ധാരാളം പ്രമാണങ്ങളുണ്ട്.
”എല്ലാ ആഗ്രഹങ്ങളും പൂര്‍ണമാക്കുന്ന അല്ലയോ ഭഗവാനേ, അങ്ങില്‍ നിന്നും ഏറ്റവും വലിയ ദാനം ലഭിക്കാന്‍ അങ്ങയെ ഞങ്ങള്‍ സന്തോഷിപ്പിക്കുന്നു. ജ്ഞാനത്തിനായും ഭൂമിയില്‍ ശാന്തിയുണ്ടാക്കാനായും പരലോകത്ത് ശാന്തിയുണ്ടാക്കാനായും ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു.” (സാമവേദം-ആഗ്നേയകാണ്ഡം: 93)

ഇവ കൂടാതെ ഭാരതീയ സംസ്‌കാരത്തില്‍ പൊതുവില്‍ ഇല്ലാത്തതും ഇസ്‌ലാമിക സംസ്‌കാരത്തിലുള്ളതുമായ വിവിധ മാതൃകകള്‍ ഭാരതീയ പ്രമാണങ്ങളില്‍ കാണാം.

►വിഗ്രഹ സംബന്ധമായി യജുര്‍വേദം പറയുന്നു: ”ന തസ്യ പ്രതിമാ അസ്തി” (32:3) = ജഗത്തിലെല്ലാം വ്യാപിച്ചിരിക്കുന്ന നിരാകരനായ ആ പരമാത്മാവിന്റെ പ്രതിമ-പരിണാമം, സാദൃശ്യം അഥവാ വിഗ്രഹം ഇല്ല (സ്വാമി ദയാനന്ദ സരസ്വതി, സത്യാര്‍ഥ പ്രകാശം, pg:253). ഇതിന്റെ വിശദീകരണത്തില്‍ ദയാനന്ദ സരസ്വതി പറയുന്നു: ”എന്നാല്‍ ഈശ്വരന്റെ സ്ഥാനം മറ്റൊന്നിനു നല്‍കി പൂജിക്കരുതെന്നുള്ള വിധിയും വിഗ്രഹാരാധന തീര്‍ത്തും പാടില്ലെന്ന നിഷേധവും ഉണ്ട്.”

►”ത്വമേകം വരണ്യം ത്വമേകം ശരണ്യം
    ത്വമേകം ജഗത്കാരണം വിശ്വരൂപം” = നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ ശരണം തേടുന്നു. ലോകോത്പത്തിക്കു കാരണം നീ തന്നെ. നീ വിശ്വരൂപം. ബൃഹദാരണ്യകോപനിഷത്തിലെ ഇതേ പ്രാര്‍ത്ഥനയാണ് ഖുര്‍ആനിലെ ഒന്നാം അധ്യായത്തിലെ 5-ാം വാക്യത്തിലുള്ളത്. മുസ്‌ലിംകള്‍ ഓരോ നമസ്‌കാരത്തിലും ഇത് ചൊല്ലുന്നു.

►ദിവസത്തിന്റെ വ്യത്യസ്തഘട്ടങ്ങള്‍ കൂടിച്ചേരുന്ന സമയത്തുള്ള ‘സന്ധ്യാവന്ദനം’ എന്ന ഈശ്വര പ്രാര്‍ത്ഥനയെപ്പറ്റി വേദങ്ങള്‍, ഇതിഹാസം, പുരാണം എന്നിവയില്‍ പറയുന്നുണ്ട്. ശ്രീരാമന്‍, ശ്രീകൃഷ്ണന്‍, ശിവന്‍ മുതലായവര്‍ ഇത് നിര്‍വഹിച്ചിരുന്നു (ഹൈന്ദവ വിജ്ഞാനകോശം, വി. ബാലകൃഷ്ണന്‍, ഡോ. ആര്‍. ലീലാദേവി, ആര്‍ഷാ ശ്രീ പബ്ലിഷിംഗ്, തിരുവനന്തപുരം. pg 1410)
പ്രഭാത-പ്രദോഷങ്ങളോട് അനുബന്ധിച്ചുള്ള ഈശ്വരാരാധന ഇസ്‌ലാം നിര്‍ബന്ധമാക്കിയതാണ്. (ഖുര്‍ആന്‍: 76: 25)

►”വിശ്വസിച്ചവരേ, നിങ്ങള്‍ക്ക് നോമ്പ് നിര്‍ബന്ധമാക്കിയിരിക്കുന്നു. നിങ്ങളുടെ മുമ്പുണ്ടായിരുന്നവര്‍ക്ക് നിര്‍ബന്ധമാക്കിയിരുന്ന പോലെ തന്നെ.” (2:183) എന്ന ഖുര്‍ആന്‍ വാക്യം മുഹമ്മദ് നബിക്ക് മുമ്പുണ്ടായിരുന്ന സമൂഹങ്ങളിലും നോമ്പ്(വ്രതം) നിര്‍ബന്ധമായിരുന്നു എന്ന കാര്യമാണ് വ്യക്തമാക്കുന്നത്. തിങ്കളാഴ്ച വ്രതം, വ്യാഴാഴ്ച വ്രതം പോലെ പലവിധം വ്രതങ്ങളെ പറ്റി ഭാരതീയ പ്രമാണങ്ങളിലുണ്ട്.

►മുസ്‌ലിം ചര്യയായ ചേലാകര്‍മത്തെ(സുന്നത്ത്) സംബന്ധിച്ച് ശ്രീ കുറുപ്പുംവീട്ടില്‍ കെ.എന്‍ ഗോപാലപിള്ളയുടെ ‘കേരളമഹാചരിത്രം’ രണ്ടാം ഭാഗത്തില്‍ പറയുന്നു:
”ലോകത്തിലെ എല്ലാ പ്രാചീന സമുദായങ്ങളും ആചരിച്ചു പോരുന്ന ഒരു ആചാരമാകുന്നു ‘ലിംഗശാസ്ത്രം’……കേരളത്തില്‍ നായന്മാരുടെ ഇടയില്‍ പുരാതനകാലങ്ങളില്‍ ഈ ആചാരം നടപ്പുണ്ടായിരുന്നു……ഇതിന് ചേലാകര്‍മ്മം എന്നും പേരുണ്ട്. ആണ്‍കുട്ടികളെ കൗപീനം ധരിപ്പിക്കുന്നതിന്റെ പ്രാരംഭകര്‍മ്മമായിട്ടാണ് ഈ ശസ്ത്രക്രിയ നടത്തിപ്പോന്നത്. തന്നിമിത്തം ഈ ക്രിയക്ക് ‘ചേലാകര്‍മം’ എന്ന് പേര്‍ സിദ്ധിച്ചു. (pg 54, 55 – 1949-ല്‍ തിരുവനന്തപുരം റെഡ്യാര്‍ പ്രസ് ആന്റ് ബുക്ക് ഡിപ്പോ പ്രസിദ്ധീകരിച്ചത്)

►”മൂത്രം ഒഴിച്ചാല്‍ ഒരു പ്രാവശ്യം മണ്ണുകൂട്ടി ലിംഗം കഴുകണം” എന്ന് മനുസ്മൃതി 5:136-ല്‍ കാണാം. അതിന്റെ വ്യാഖ്യാനത്തില്‍ സിദ്ധിനാഥാനന്ദ സ്വാമി പറയുന്നു: ”ഇക്കാലത്ത് മൂത്രമൊഴിച്ചാല്‍ ശൗചമേ ഇല്ല; ജലമെങ്കിലും ഉപയോഗിക്കേണ്ടതാണ്.”

►ജലത്തിലും പ്രാണികള്‍ പാര്‍ക്കുന്ന മടകളിലും മൂത്രമൊഴിക്കരുതെന്നും നടന്നുകൊണ്ടോ നിന്നുകൊണ്ടോ പാടില്ലെന്നും മനുസ്മൃതി 4:46, 47 ശ്ലോകങ്ങളില്‍ കാണാം. ഇതിനു സമാനമായ പ്രവാചകമൊഴികളുണ്ട്.

►സ്ത്രീ നഗ്നതയെ നോക്കരുതെന്ന ഖുര്‍ആനിലെ (24:30) വിധി മനുസ്മൃതി 4:53-ല്‍ കാണാം.

►അന്യസ്ത്രീ പുരുഷന്മാര്‍ ഇടകലര്‍ന്നിരിക്കാന്‍ പാടില്ലെന്ന ഇസ്‌ലാമിന്റെ വിധിക്ക് സമാനമായ സംഭവം ഇതാ:
”സീതാരാമ ലക്ഷ്മണന്മാര്‍ ഭരദ്വാജ ഋഷിയുടെ ആശ്രമത്തിലെത്തിയ സമയം. നടപ്പുരീതിയനുസരിച്ച് ഋഷിമാര്‍ ഒരു സംഘമായും അവരുടെ പത്‌നിമാരും കുട്ടികളും മറ്റൊരു സംഘമായും ഇരിക്കും. ഇന്നത്തെക്കാലത്ത് നാം ചെയ്യുന്നത് പോലെ സ്ത്രീപുരുഷന്മാര്‍ ഇടകലര്‍ന്നിരിക്കാറില്ല. അവിടെ എത്തിയപ്പോള്‍ ശ്രീരാമനും ലക്ഷ്മണനും ഋഷിമാര്‍ക്കൊപ്പമിരുന്നു. സീത സ്ത്രീകള്‍ക്കൊപ്പവും.”(തപോവനം ശ്രീ സത്യസായി സച്ചരിതം, pg 150-51, സത്യസായി പബ്ലിക്കേഷന്‍ സൊസൈറ്റി, ആലുവ)

►”ലഹരിപാനത്തിനോ ചൂതുകളിക്കോ വേണ്ടിയുള്ള ദാനം തമോഗുണ പ്രധാനമത്രേ, അതിവിടെ പ്രോത്സാഹിപ്പിക്കുന്നില്ല; പ്രയോജനകരവുമല്ല. അത്തരം ദാനം പാപകര്‍മത്തിന് പ്രേരകമത്രെ” എന്ന് ഭഗവദ്ഗീത 17:22-ന് നല്‍കിയ വ്യാഖ്യാനത്തില്‍ എ.സി ഭക്തിവേദാന്ത സ്വാമി പ്രഭുപാദര്‍ പറയുന്നുണ്ട്. (ഭഗവദ്ഗീതാ യഥാരൂപം, ഭക്തിവേദാന്ത ബുക്ക് ട്രസ്റ്റ്)
മദ്യവും ചൂതാട്ടവും നിഷിദ്ധമാണെന്ന് ഖുര്‍ആനും പറഞ്ഞിട്ടുണ്ട്.

►ദൈവമാര്‍ഗത്തിലെ ധര്‍മസമരത്തില്‍ മരണപ്പെടുന്നവര്‍ സ്വര്‍ഗാവകാശികളാണെന്ന ഖുര്‍ആന്‍ വാക്യത്തിന് (2:154) അടിവരയിടുന്ന ഗീതാവാക്യമിതാ:
”മരിക്കുകില്‍ സ്വര്‍ഗമെത്താം
 ജയിച്ചാല്‍ ഭൂമി വാണിടാം
 അതിനാലെഴുന്നേല്‍ക്കണം
 യുദ്ധം ചെയ്യാനുറച്ചു നീ” (2:37)

അര്‍ജുനന് ശ്രീകൃഷ്ണന്‍ നല്‍കുന്ന ഈ ഉപദേശം ധര്‍മത്തിനു വേണ്ടിയുള്ള സമരം ഒരു ആത്മീയ പ്രവര്‍ത്തനമാണെന്നു കൂടി വ്യക്തമാക്കുന്നുണ്ട്.
ഇങ്ങനെയുള്ള വേറെയും നിരവധി അധ്യാപനങ്ങള്‍ ഭാരതീയ പ്രമാണങ്ങളില്‍ കാണാം.

പിന്‍കുറി: ”പ്രകൃതി നിയമലംഘനം അചിന്ത്യമാണ്. കാരണം, അതു പ്രപഞ്ചത്തെ തന്നെ താറുമാറാക്കും. സൗരയൂഥത്തെ തകര്‍ക്കും, സൂര്യനെയും ചന്ദ്രനെയും ഗ്രഹങ്ങളെയും കൂട്ടിമുട്ടി തകര്‍ക്കും. മനുഷ്യരുടെ കാര്യത്തില്‍, ആ നിയമം, സ്വതന്ത്രമായി താനേ അല്ല പ്രവര്‍ത്തിക്കുന്നത്. മനുഷ്യന്റെ അനുസരണത്തിലൂടെയാണ്.”(ഹൈന്ദവ വിജ്ഞാനകോശം, pg 1194). ഈ അനുസരണമാണ് ഇസ്‌ലാം.

ബൈബിളിലെ ഇസ്‌ലാം
ദൈവത്തെ ആരാധിക്കുന്നതെന്തിന്?

Related Articles