Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാം തീവ്രതക്കും ജീര്‍ണതക്കും മധ്യേ

Balanced-life.jpg

ജീവിതത്തിന്റെ സര്‍വ്വ മേഖലകളിലും ഇസ്‌ലാമിന് വിധിവിലക്കുകളും മാര്‍ഗനിര്‍ദ്ദേശങ്ങളുമുണ്ട്. അവിടെയെല്ലാം നീതിപൂര്‍വ്വം വര്‍ത്തിക്കുന്നത് കൊണ്ടാണ് സമഗ്രതയോടൊപ്പം ഇസ്‌ലാം സന്തുലിതവുമാകുന്നത്. നിയമനിര്‍ദ്ദേശങ്ങള്‍ ഓരോന്നിനും അല്ലാഹുവും റസൂലും എന്തു പ്രാധാന്യം നല്‍കിയോ അതേ അളവില്‍ തന്നെ അത് കാത്തുസൂക്ഷിക്കുമ്പോഴേ സന്തുലിതത്വം പുലരുകയുള്ളു.

വ്യക്തി സംസ്‌കരണം, സമൂഹത്തിന്റെ സംവിധാനം, രാഷ്ട്രത്തിന്റെ നിര്‍മാണം തുടങ്ങിയ മനുഷ്യജീവിതത്തിന്റെ സര്‍വ്വ തലങ്ങളെയും ‘ചേരുംപടി ചേര്‍ത്തു’ കൊണ്ടുള്ള ഒരു ജീവിതരീതി പ്രായോഗികതലത്തില്‍ തന്നെ ഇസ്‌ലാം ലോകത്തിന് കാഴ്ചവെച്ചിട്ടുണ്ട്. നൂറ്റാണ്ടുകളോളം ലോകം ഭരിച്ച ഇസ്‌ലാം അപ്പോഴെല്ലാം മത-രാഷ്ട്ര, മത-ശാസ്ത്ര, മത- കലാ സമന്വയ സൗന്ദര്യമാണ് ലോകത്തെ അഭ്യസിപ്പിച്ചത്. ബാഗ്ദാദും ദമസ്‌കസും കെയ്‌റോയും കോര്‍ദോവയും ഗ്രാനഡയും അതിന്റെ നിദാനങ്ങളാണ്.

മുഹമ്മദ് നബി(സ)യുടെ പ്രാര്‍ത്ഥന തന്നെ ‘നാഥാ എനിക്ക് നീ ഈ ലോകത്തും പരലോകത്തും നന്‍മ നല്‍കേണമേ’ എന്നായിരുന്നു. ‘എന്റെ ഭാര്യാ സന്താനങ്ങളെക്കൊണ്ട് എനിക്ക് നീകണ്‍കുളിര്‍മ നല്‍കേണമേ’ എന്നും അവിടുന്നു പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. അപ്പോഴെല്ലാം നമ്മെ ഭരിക്കേണ്ടത് അതുല്ല്യമായ മൂല്യബോധവും ധര്‍മനിഷ്ഠയും ആയിരിക്കണമെന്നും (വജഅല്‍നാ ലില്‍ മുത്തഖീന ഇമാമാ) വിശുദ്ധ ഖുര്‍ആന്‍ നിബന്ധന വെച്ചു.

ആദര്‍ശദാര്‍ഢ്യത ഇസ്‌ലാം അതിന്റെ അനുയായികളോട് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ അനുഷ്ഠാനങ്ങളിലെ തീ വ്രതയും സ്വഭാവങ്ങളിലെ കാര്‍ക്കശ്യവും അത് നിരാകരിക്കുന്നു. സമീപനങ്ങളില്‍ അങ്ങേയറ്റത്തെ സ്‌നേഹവായ്പും കരുണാര്‍ദ്രതയും ഇസ്‌ലാം ആജ്ഞാപിക്കുന്നു. സദാ മാനവികത ഉയര്‍ത്തിപ്പിടിക്കാനും അതിനു വേണ്ടി ജാതി-മത-രാഷ്ട്രീയങ്ങള്‍ക്കതീതമായി മാനവികത കൊടിയടയാളമാക്കാനും ഇസ്‌ലാം ആഹ്വാനം ചെയ്യുന്നു. (വിശുദ്ധ ഖുര്‍ആന്‍ കാഴ്ചവെക്കുന്നത് ഒരു തരം ‘മതേതര മത’മാണെന്ന് നിരവധിചിന്തകന്‍മാര്‍ നിരൂപിച്ചത് അതുകൊണ്ടാണ്)

ആവശ്യനിര്‍വ്വഹണത്തിന് ഭീകരവാദത്തിന്റെ ആസുരമാര്‍ഗങ്ങളോ, ആര്‍ക്കും കണ്ണുരുട്ടി കീഴ്‌പ്പെടുത്താവുന്ന ജീര്‍ണയുടെ അലസ നിലപാടുകളോ അത് അംഗീകരിക്കുന്നില്ല. നിലവിലുള്ള വ്യവസ്ഥിതികളില്‍ ഒതുങ്ങി നിന്നുകൊണ്ടു തന്നെ സമാധാനപരമായ ആശയ പ്രചാരണം ഇസ്‌ലാം പഠിപ്പിക്കുന്നു. കാരണം അത് മുസ്‌ലിംകളുടെ കുത്തകയല്ല; മനുഷ്യസമൂഹത്തിന്റെ സ്വത്താണ്.

അപൂര്‍ണമായ സന്യാസമോ, പൂര്‍ണമായ ഭൗതികതയോ ഇസ്‌ലാം അംഗീകരിക്കുന്നില്ല. വഴിപിഴച്ച ഒരൊറ്റ ആത്മീയ രൂപങ്ങളെയോ ആള്‍ ദൈവങ്ങളെയോ മുഹമ്മദ് പ്രവാചകന്‍ സമ്മതിക്കുന്നില്ല. ധര്‍മനിഷ്ഠമായ സമര പോരാട്ടങ്ങളാണ് അവിടുത്തെ ആത്മീയതയെ അടയാളപ്പെടുത്തിയത്. അതുകൊണ്ടാണ് അന്ത്യപ്രവാചകന്‍ ‘രാഷ്ട്രീയത്തില്‍ ആത്മീയ കലാപം നടത്തി’ എന്നു പറയപ്പെടുന്നത്.

ഹിറാ ഗഹ്വരത്തിന്റെ ഏകാന്തതയിലെ ആത്മീയ മൗനത്തെ ജീവിതത്തിലുടനീളമുള്ളവിപ്ലവപ്പോരാട്ടങ്ങളുമായി പ്രവാചകന്‍ സമന്വയിപ്പിച്ചു. അടിമത്തമ്പുകളില്‍ നിന്ന് ബിലാലുമാരെയും അജ്ഞാതമായ ദാരിദ്ര്യത്തിന്റെ പര്യായങ്ങളില്‍ നിന്ന് അബൂദര്‍റുമാരെയും അവിടുന്ന് വിമോചിപ്പിച്ചു. സാമ്രാജ്യത്വവും ഫാഷിസവും കൊടികുത്തി വാഴുന്ന വര്‍ത്തമാനത്തില്‍ പ്രമാണങ്ങളുടെ അക്ഷര വായനകള്‍ ചെറുപ്പക്കാര്‍ക്കിടയില്‍ ഒറ്റപ്പെടലിന്റെ പ്രമാണബദ്ധമല്ലാത്ത ആത്മീയതയും ഒപ്പം ഭീകര ചിന്തകളും പിറവിയെടുക്കാന്‍ കാരണമായിത്തീരുമെന്ന് സമകാലിക പരിസരം നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. അതു കൊണ്ടു കൂടി ഇസ്‌ലാമിന്റെ ആരോഗ്യകരമായ സന്തുലിത ചിന്ത ഉയര്‍ത്തിപ്പിടിക്കാന്‍ മറ്റേത് കാലത്തേക്കാളും ഇന്ന് നാം കടപ്പെട്ടിരിക്കുന്നു.

Related Articles