Current Date

Search
Close this search box.
Search
Close this search box.

ഇലക്ഷനും കറപ്ഷനും

ഗുജറാത്ത് ഉത്തരോത്തരം പുരോഗമിക്കുകയാണെന്ന പ്രചാരണം തീര്‍ത്തും അര്‍ഥ ശൂന്യമാണെന്നും ആഫ്രിക്കയിലെ സോമാലിയയേക്കാള്‍ പരിതാപകരമാണ് അവിടത്തെ ഭക്ഷ്യലഭ്യതയെന്നും പ്രസ്‌കൗണ്‍സില്‍ ചെയര്‍മാന്‍ ജസ്റ്റീസ് മാര്‍ക്കണ്ഡേയ കട്ജു പറഞ്ഞപ്പോള്‍ പത്രപ്രവര്‍ത്തകര്‍ തിരിച്ച് ചോദിച്ചു, എങ്കില്‍ പിന്നെ എങ്ങനെയാണ് നരേന്ദ്ര മോഡി തുടര്‍ച്ചയായി മൂന്നാം തവണയും തെരഞ്ഞെടുപ്പില്‍ ജയിച്ചത്? അപ്പോള്‍ ജസ്റ്റീസ് കട്ജു പറഞ്ഞത്, ഇന്ത്യയില്‍ എങ്ങനെയാണ് പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്നും എങ്ങനെയാണ് അതില്‍ ജയിക്കുന്നതെന്നും എല്ലാവര്‍ക്കും അറിയാമല്ലോ എന്നാണ്. കഴിഞ്ഞ ഡിസംബര്‍ 23-ന് ദല്‍ഹിയില്‍ പത്രലേഖകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 2002-ലെ ഗോധ്ര റെയില്‍വെ സ്റ്റേഷനിലെ തീവെപ്പ് സംഭവത്തിന് ശേഷം ഉണ്ടായ കലാപം മോഡിയുടെ മുഖത്തുണ്ടാക്കിയ ആഴത്തിലുള്ള കറ ഒരിക്കലും മാഞ്ഞുപോകില്ലെന്നും അദ്ദേഹം പറഞ്ഞു (ഏഷ്യന്‍ ഏജ്, 2012 ഡിസംബര്‍ 24). ഇതിനെ അപേക്ഷിച്ച് നോക്കുമ്പോള്‍ ബി ജെ പിയിലെ ശിവരാജ് ചൗഹാന്‍ ഭരിക്കുന്ന മധ്യപ്രദേശ് ഭേദമാണെന്നും കട്ജു പറഞ്ഞു.

തെരഞ്ഞെടുപ്പ്(അഴിമതി) രീതികളെക്കുറിച്ച് കട്ജു വിശദീകരിക്കുകയുണ്ടായില്ല. നടപ്പിലുള്ള രീതി സൂചിപ്പിക്കുക മാത്രമായിരുന്നു അദ്ദേഹം. ഇപ്പോഴിതാ പ്രമുഖ സാമൂഹിക പ്രവര്‍ത്തകയായ ശബ്‌നം ഹാഷ്മി അവരുടെ അനുഭവത്തിന്റെയും നിരീക്ഷണത്തിന്റെയും അടിസ്ഥാനത്തില്‍ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ തോതിലുള്ള അഴിമതിയും ക്രമക്കേടുകളും നടന്നതായി ആരോപിക്കുന്നു. ഇന്‍ക്വിലാബ് ദിനപത്രത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം (2012, ഡിസംബര്‍ 29), ഗുജറാത്തില്‍ അസംബ്ലി തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് ശബ്‌നം ഹാഷ്മി അവിടെ ഉണ്ടായിരുന്നു. ഗുജറാത്തിലെ പാവപ്പെട്ട തൊഴിലാളികള്‍ക്കിടയിലായിരുന്നു അവരുടെ പ്രവര്‍ത്തനം. ന്യൂനപക്ഷ വിഭാഗത്തില്‍ പെടുന്ന അവശര്‍ക്ക് വേണ്ടിയും അവര്‍ രാപ്പകല്‍ ഭേദമില്ലാതെ അധ്വാനിച്ചു. തെരഞ്ഞെടുപ്പില്‍ നല്ല റിസള്‍ട്ട് ഉണ്ടാവുമെന്ന് തന്നെ അവര്‍ പ്രതീക്ഷിച്ചു. പക്ഷേ ഗുജറാത്തിലെ വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കടുത്ത നിരാശയാണ് സമ്മാനിച്ചത്. തെരഞ്ഞെടുപ്പ് സമയത്ത് ധാരാളക്കണക്കിന് അമേരിക്കന്‍ നയതന്ത്ര പ്രതിനിധികളും പത്രപ്രവര്‍ത്തകരും എന്തിനാണ് ഗുജറാത്തില്‍ വന്നതെന്നും അവര്‍ ചോദിച്ചു. മോഡി വിജയത്തില്‍ വലിയൊരു അന്താരാഷ്ട്ര ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് ഇത് നല്‍കുന്ന സൂചന. ഗുജറാത്ത് തെരഞ്ഞെടുപ്പിലെ ക്രമക്കേടുകളെക്കുറിച്ച് ഇപ്പോള്‍ തന്നെ അന്വേഷണം നടത്തിയില്ലെങ്കില്‍ ഇതേ വിദേശശക്തികള്‍ തന്നെ 2014-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മോഡിയെ പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാട്ടുമെന്നും ശബ്‌നം താക്കീത് നല്‍കി. ഇക്കാര്യത്തില്‍ കേന്ദ്ര ഗവണ്‍മെന്റ് പുലര്‍ത്തുന്ന മൗനത്തിലും ശബ്‌നം വളരെ ഖിന്നയാണ്. ഇതില്‍ പ്രതിഷേധിച്ച് യു.പി.എ യുടെ എല്ലാ കമ്മിറ്റികളില്‍ നിന്നും അവര്‍ രാജിവെക്കുകയുണ്ടായി.

ഈ രണ്ട് പ്രമുഖ വ്യക്തിത്വങ്ങള്‍ ചൂണ്ടിക്കാട്ടിയ തെരഞ്ഞെടുപ്പ് അഴിമതിയെക്കുറിച്ച് ജനങ്ങള്‍ക്ക് സാമാന്യമായി ധാരണയുണ്ട്. ഗ്രാമങ്ങളിലും ചെറിയ പട്ടണങ്ങളിലും ജീവിക്കുന്നവര്‍ക്കറിയാം താഴെത്തട്ടില്‍ എങ്ങനെയാണ് തെരഞ്ഞെടുപ്പ പ്രക്രിയ നടക്കുന്നതെന്ന്. പക്ഷേ ലോക്‌സഭ-അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ നടക്കുന്ന ക്രമക്കേടുകളെക്കുറിച്ച് വിദഗ്ധര്‍ക്കും മാധ്യമങ്ങള്‍ക്കും മാത്രമേ ധാരണ ഉണ്ടാവുകയുള്ളൂ. ക്രമക്കേട്, തട്ടിപ്പ്, ബലാല്‍ക്കാരം ഇതൊക്കെ തെരഞ്ഞെടുപ്പുകളില്‍ സ്വാതന്ത്ര്യം കിട്ടിയ കാലം മുതല്‍ തന്നെ സ്ഥാനം പിടിച്ചിട്ടുണ്ട്. ഇന്നത്തെ ബി.ജെ.പിയുടെ ആദി രൂപമായ ജനസംഘമാണ് ഇതിനെതിരെ ശബ്ദമുയര്‍ത്തി ജനശ്രദ്ധ നേടിയത്. 1972-ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഇന്ദിരാ ഗാന്ധി തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചെന്ന് ജനസംഘം ആരോപിച്ചു. വോട്ട ചെയ്യുമ്പോള്‍ വിരലില്‍ പുരട്ടുന്ന മഷി കുറച്ച് കഴിയുമ്പോള്‍ തന്നെ മാഞ്ഞ് പോകുന്നു എന്നായിരുന്നു ഒരു ആരോപണം. ഈ വിഷയത്തില്‍ ജനസംഘം നേതാവ് ബല്‍രാജ് മാധോക്ക് ഒരു പുസ്തകം തന്നെ എഴുതിയിട്ടുണ്ട്. ഇന്നും വിരലില്‍ പുരട്ടുന്ന മഷിയുണ്ട്. പക്ഷേ ഇപ്പോള്‍ കൃത്രിമം നടത്താന്‍ ഏറ്റവും എളുപ്പം ഇലക്‌ട്രോണിക് വോട്ട് യന്ത്രം വഴിയാണ് എന്ന് പറയപ്പെടുന്നു. ഈ പരാതി നേരത്തെയും ഉയര്‍ന്നിരുന്നു. എല്ലാ മുഖ്യ രാഷ്ട്രീയ പാര്‍ട്ടികളും ഇതിന്റെ ഗുണഭോക്താക്കളായതിനാല്‍ ഇതൊരു പ്രധാന രാഷ്ട്രീയ പ്രശ്‌നമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയുന്നില്ല. ശബ്‌നം ഹാഷ്മി ആ പ്രശ്‌നം വീണ്ടും ഉയര്‍ത്തിയിരിക്കുകയാണ്. അവരതുമായി മുന്നോട്ടു പോകുമെന്ന് തന്നെയാണ് നാം പ്രതീക്ഷിക്കുന്നത്. ജസ്റ്റിസ് കട്ജുമായി ബന്ധപ്പെട്ട് ഇത് സംബന്ധമായി കൂടുതല്‍ അന്വേഷണങ്ങള്‍ അവര്‍ നടത്തുന്നത് നന്നായിരിക്കും.
(ദഅ്‌വത്ത് ത്രൈദിനം 22-01-2013)

വിവ: അശ്‌റഫ് കീഴുപറമ്പ്‌

Related Articles