Current Date

Search
Close this search box.
Search
Close this search box.

ഇതൊരു സമ്മേളന റിപ്പോര്‍ട്ടാണ്!

”ഭീകരതക്ക് പുതിയ താവളമൊരുങ്ങുന്നു…. നേപ്പാളിലെ കൊച്ചു നഗരത്തില്‍ ഒത്തുകൂടിയ അഞ്ച് ലക്ഷം പേര്‍ ഇന്ത്യക്കെതിരെ പുതിയൊരു ആക്രമണമുണ്ടാകുമെന്ന ഭീതി ജനിപ്പിക്കുന്നു… ഉത്തര്‍പ്രദേശ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള തെക്കന്‍ നേപ്പാളിലെ കൃഷ്ണനഗര്‍ നഗരത്തിലാണ് സമ്മേളനം…. ഇന്ത്യ, നേപ്പാള്‍, ബ്രിട്ടന്‍, സുഊദി അറേബ്യ, മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നായി ഈ ‘ഇജ്തിമാ’ഇല്‍ അഞ്ച് ലക്ഷം പേര്‍ പങ്കെടുത്തത് എല്ലാവരെയും അമ്പരപ്പിച്ചിട്ടുണ്ട്… പ്രത്യേകിച്ച മക്കയിലെ ഹറംശരീഫിലെ മുഫ്തി ഡോ. വസീഉല്ല അബ്ബാസ് അതില്‍ പങ്കെടുത്തത്… ഈ സമ്മേളനം വളരെ പെട്ടെന്ന് സംഘടിപ്പിച്ചത്‌കൊണ്ട് എന്ത് ചെയ്യണമെന്നറിയാതെ അമ്പരന്ന അവസ്ഥയിലായിരുന്നു ഇന്ത്യന്‍ വൃത്തങ്ങള്‍….. ഇതുപോലുള്ള സമ്മേളനങ്ങളിലേക്ക് പാക്ഭീകരര്‍ക്ക് എളുപ്പം നുഴഞ്ഞ് കയറാവുന്നതേയുള്ളൂ… ആയുധങ്ങളും മയക്കുമരുന്നുകളും വ്യാജകറന്‍സികളും പാകിസ്ഥാനില്‍ നിന്ന് നേപ്പാള്‍ വഴി ഇന്ത്യയിലേക്ക് കടത്താനാവും… സശസ്ത്ര സീമാ ബലിലെ (Armed Border Force) ഒരു മുന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ‘നേപ്പാള്‍ എന്ന ഹിന്ദുരാജ്യം സെക്യുലര്‍ രാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ടത് മുതല്‍ അവിടെ ഇസ്‌ലാമിക മത കാര്യപ്രവര്‍ത്തനങ്ങളില്‍ വലിയ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്’…. ബി.ജെ.പി എം.പി ആദിത്യ നാഥും ഇതിനെതിരെ ശബ്ദമുയര്‍ത്തുകയുണ്ടായി…. മുന്‍ ഹിസ്ബുല്‍ മുജാഹിദീന്‍ അംഗം ലിയാഖത്ത് ഷാ ഈ വഴിയാണ് ഇന്ത്യയിലേക്ക് വന്നത്…. ഇസ്‌ലാമിക ഭീകരര്‍ നേപ്പാള്‍ വഴി ഇന്ത്യയിലേക്ക് വന്നതിന്റെയും തിരിച്ച് പോയതിന്റെയും വലിയൊരു ചരിത്രമുണ്ട്… റോ (റിസര്‍ച്ച് ആന്റ് അനാലിസിസ് വിംഗ്) ഇത് സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്….”

ഒരു പത്രറിപ്പോര്‍ട്ടിന്റെ സംക്ഷിപ്തമാണ് മേല്‍ കൊടുത്തത്. റിപ്പോര്‍ട്ടിന്റെ മുഴുവന്‍ രൂപം ഇതിനേക്കാള്‍ ഭീകരമാണ്. ആര്‍.എസ്.എസ്സിന്റെ മുഖപത്രമായ ഓര്‍ഗനൈസറില്‍ ആവും ഇത് വന്നിട്ടുണ്ടാവുക എന്നാണ് നാം കരുതുക. സംഘപരിവാര്‍ പത്രങ്ങളാണ് സാധാരണ ഈ രീതിയില്‍ എഴുതാറുള്ളത്. സംഘ് വായനക്കാരല്ലാതെ മറ്റാരും അത് ശ്രദ്ധിക്കാന്‍ പോകാറുമില്ല. പക്ഷേ ഇത് അച്ചടിച്ച് വന്നിരിക്കുന്നത് ഒരു മുഖ്യധാരാ ഇംഗ്ലീഷ് പത്രത്തിലാണ്, ഹിന്ദുസ്ഥാന്‍ ടൈംസില്‍ (ഏപ്രില്‍ 28). പത്രത്തിന്റെ വനിതാ റിപ്പോര്‍ട്ടര്‍ റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത് ലക്‌നൗവില്‍ ഇരുന്നുകൊണ്ട്! തീര്‍ത്തും നിരുത്തരവാദപരവും വായനക്കാരെ വഴിതെറ്റിക്കുന്നതുമായ റിപ്പോര്‍ട്ടാണിത്. ഇവിടെ പരാമര്‍ശിക്കപ്പെട്ട സമ്മേളനം യഥാര്‍ഥത്തില്‍ ഒരു അന്താരാഷ്ട്ര ദഅ്‌വ-വിദ്യാഭ്യാസ സമ്മേളനമായിരുന്നു. നേപ്പാളിലെ ജന്തനഗറിലുള്ള പ്രശസ്ത അഹലെ ഹദീസ് സ്ഥാപനമായ ജാമിഅ സിറാജുല്‍ ഉലൂം സലഫിയ്യ ആണ് അത് സംഘടിപ്പിച്ചത്. ‘അഹ്‌ലെ ഹദീസ് തീവ്ര പക്ഷക്കാര്‍’ ആണ് സമ്മേളനത്തില്‍ പങ്കെടുത്തത് എന്നതാണ് റിപ്പോര്‍ട്ടറുടെ അധിക്ഷേപത്തിന് കാരണമായിരിക്കുന്നത്. ഈ സമ്മേളനത്തില്‍ അര ലക്ഷം പേര്‍ മാത്രമാണ് പങ്കെടുത്തത്, റിപ്പോര്‍ട്ടറുടെ ഭാഷയില്‍ അത് അഞ്ച് ലക്ഷമാണ്. മുസ്‌ലിംകളല്ലാത്ത പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ടായിരുന്നു. അതിനെക്കുറിച്ചും തെറ്റിദ്ധാരണ ഉണ്ടാക്കുന്ന മോശമായ പരാമര്‍ശമാണ് റിപ്പോര്‍ട്ടര്‍ നടത്തിയിരിക്കുന്നത്.

നുണകളില്‍ വിദ്വേഷവും കൂടി കലര്‍ത്തി എങ്ങനെ റിപ്പോര്‍ട്ട് ഉണ്ടാക്കാമെന്നതിന്റെ മികച്ച ഉദാഹരണമാണ് ഈ ഹിന്ദുസ്ഥാന്‍ ടൈംസ് ഐറ്റം. വായനക്കാരനെ തെറ്റിദ്ധരിപ്പിക്കാനും പ്രകോപിപ്പിക്കാനും റിപ്പോര്‍ട്ടിലുടനീളം ശ്രമിച്ച് കാണുന്നു. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും അവരുടെ സ്ഥാപനങ്ങളെയും കരിവാരിത്തേക്കാന്‍ വര്‍ഷങ്ങളായി നടന്ന് വരുന്ന ശ്രമങ്ങളുടെ ഭാഗമായേ അതിനെ കാണാനാവൂ. വനിതാ റിപ്പോര്‍ട്ടറുടെ വിവരക്കേടു കൊണ്ട് സംഭവിച്ചതാകാം എന്നൊന്നും പറഞ്ഞൊഴിയാന്‍ ഇക്കാലത്ത് നിവൃത്തിയില്ല. ഇതൊരു വിഭാഗത്തെ പിശാച്‌വല്‍ക്കരിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവരുടെ ആസൂത്രിത വേല തന്നെയാണ്. കള്ളങ്ങള്‍ കുത്തിനിറച്ച ഇത്തരം റിപ്പോര്‍ട്ടുകള്‍ വരുമ്പോള്‍ അതിന്റെ നിജസ്ഥിതി എന്ത് എന്ന് അന്വേഷിക്കാന്‍ ഹിന്ദുസ്ഥാന്‍ ടൈംസിന് ബാധ്യതയുണ്ട്. അല്ലാത്ത പക്ഷം അതവരുടെ പ്രതിഛായയെ തന്നെയാണ് ബാധിക്കുക.
(ദഅ്‌വത്ത് ത്രൈദിനം 1-5-2013)

വിവ : അശ്റഫ് കീഴുപറമ്പ്

Related Articles