Current Date

Search
Close this search box.
Search
Close this search box.

ഇങ്ങനെയും ഒരു സ്വത്ത് തര്‍ക്കം

ഇന്നലെ ഞാനെന്റെ പൈങ്ങോട്ടായി യാത്രാവേളയില്‍ വായിച്ചത് പ്രമുഖ ഉറുദു പത്രപ്രവര്‍ത്തകനും ‘ദഅ്‌വത്തി’ന്റെ എഡിറ്ററുമായിരുന്ന മുഹമ്മദ് മുസ്‌ലിം സാഹിബിനെ സംബന്ധിച്ച് വി.എ. കബീര്‍ എഴുതിയ പുസ്തകമാണ്. അതില്‍ അടുക്കിവെച്ച മുസ്‌ലിം സാഹിബിന്റെ ജീവിതാനുഭവങ്ങളെല്ലാം വിസ്മയ ജന്യങ്ങളാണ്. എറെ ശ്രദ്ധേയമായ ഒന്നിവിടെ വായനക്കാരുമായി പങ്കുവെക്കാം. ഇന്നത്തെകാലത്തും ലോകത്തും സങ്കല്‍പിക്കാന്‍ പോലും സാധ്യമല്ലാത്ത ഒന്നാണത്.

കോണ്‍ഗ്രസ് എം.പിയും ‘ഖൗമീജംഗി’ന്റെ പത്രാധിപരുമായിരുന്ന ഹാശിം റിദ ആബിദി അതിഥിയായി മുഹമ്മദ് മുസ്‌ലിം സാഹിബിന്റെ വീട്ടില്‍ താമസിക്കവെ ഭോപാലിലെ ഒന്നിലേറെ പേര്‍ അദ്ദേഹത്തോട് മുസ്‌ലിം സാഹിബും സഹോദരന്‍ ഗയൂര്‍ സാഹിബും തമ്മിലുള്ള സ്വത്ത് തര്‍ക്കം തീര്‍ക്കാന്‍ ആവശ്യപ്പെട്ടു. അവര്‍ പറഞ്ഞു: ‘മുസ്‌ലിം സാഹിബും അദ്ദേഹത്തിന്റെ സഹോദരന്‍ ഗയൂര്‍ സാഹിബും തമ്മില്‍ ഒരു സ്വത്ത് തര്‍ക്കമുണ്ട്. താങ്കളെ മുസ്‌ലിം സാഹിബിന് വലിയ കാര്യമാണല്ലോ, താങ്കളിടപെട്ട് അതൊന്ന് തീര്‍ത്തു കൊടുക്കണം.’

സ്വത്ത് തര്‍ക്കം എന്താണെന്ന് അന്വേഷിച്ചറിഞ്ഞപ്പോള്‍ ആബിദി അത്ഭുതസ്തബ്ധനായി. മുസ്‌ലിം സാഹിബിനും ഗയൂര്‍ സാഹിബിനും കൂടി അനന്തരാവകാശമായി രണ്ടു വീടുകള്‍ കിട്ടിയിട്ടുണ്ട്. ഒന്ന് വളരെ വലിയ ബംഗ്ലാവും മറ്റൊന്ന് വളരെ ചെറുതും. ബംഗ്ലാവ് മുസ്‌ലിം സാഹിബ് എടുക്കണമെന്നാണ് ജേഷ്ഠന്‍ പറയുന്നത്. മുസ്‌ലിം സാഹിബ് മറിച്ചും. തന്റെ ഭാര്യയും കുട്ടികളുമെല്ലാം ഡല്‍ഹിയിലാണ്. വല്ലപ്പോഴുമേ ഭോപാലില്‍ വരികയുള്ളൂ. അതിനാല്‍ ചെറിയ വീട് മതിയെന്ന് അദ്ദേഹം ശഠിക്കുന്നു. എന്നാല്‍ മുസ്‌ലിം സാഹിബിന്റെ കുടുംബം ധാരാളം അംഗങ്ങളുള്ളതായതിനാല്‍ ബംഗ്ലാവ് അദ്ദേഹമെടുക്കണമെന്ന് ഗയൂര്‍ സാഹിബും നിര്‍ബന്ധം പിടിക്കുന്നു.

ആബിദിയുടെ മുമ്പിലും ഇരുവരും തങ്ങളുടെ നിലപാടില്‍ ഉറച്ചു നിന്നു. സ്വത്ത് കൂടുതല്‍ കിട്ടാനല്ല; കൂടുതലുള്ളത് സഹോദരന് നല്‍കാനാണ് ഇരുവരും താല്‍പര്യം കാണിച്ചത്. മനുഷ്യബന്ധങ്ങള്‍ വരെ കച്ചവട വല്‍കരിക്കപ്പെട്ട ഇന്നത്തെ കാലത്തും ലോകത്തും അചിന്ത്യമത്രെ ഇത്തരം സംഭവങ്ങല്‍.

Related Articles