Current Date

Search
Close this search box.
Search
Close this search box.

ഇങ്ങനെയും ആശുപത്രി നടത്താം

 ദക്ഷിണ ദില്ലിയില്‍ അഞ്ച് ലക്ഷത്തിലേറെ മുസ്‌ലിംകള്‍ തിങ്ങി താമസിക്കുന്ന പ്രദേശമാണ് അബുല്‍ഫസല്‍ എന്‍ക്ലേവ്. മഹാഭൂരിപക്ഷവും സാധുക്കളും സാധാരണക്കാരും അധിവസിക്കുന്ന ഈ പ്രദേശത്ത് വിദ്യാഭ്യാസ-ചികിത്സാ സൗകര്യങ്ങള്‍ കുറവും, ഉള്ളവ തന്നെ ചിലവ് കൂടിയതുമാണ്. ചുരുങ്ങിയ ചിലവില്‍ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഹ്യുമന്‍ വെല്‍ഫെയര്‍ ട്രസ്റ്റ് നിര്‍മ്മിച്ച അല്‍ശിഫ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍, ചികിത്സ വ്യാപാരവും വ്യവസായവുമായി മാറിയ ഇക്കാലത്ത് എടുത്തോതാവുന്ന മഹനീയ സേവനമാണ് നിര്‍വ്വഹിച്ചു വരുന്നത്. വിഷന്‍ 2016 പദ്ധതി പ്രകാരം 17000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ നിര്‍മ്മിക്കപ്പെട്ട ഈ ആശുപത്രി ദല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത് 2011 നവംബര്‍ ഇരുപതിനാണ് ഉദ്ഘാടനം ചെയ്തത്. എന്നാല്‍ ജനങ്ങളുടെ നിരന്തര സമ്മര്‍ദ്ദം കാരണം നാല് മാസം മുമ്പുതന്നെ ഒ. പി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചിരുന്നു. വൃത്തിയിലും വെടിപ്പിലും മികച്ച് നില്‍ക്കുന്ന ആശുപത്രിയുടെ നിലവാരം തന്റെ എല്ലാ പ്രതീക്ഷകളെയും തെറ്റിച്ചതായി പ്രഖ്യാപിച്ച ഷീലാ ദീക്ഷിത്, ഉദ്ഘാടനത്തിന് വരാതിരിക്കാന്‍ ഏറെ സമ്മര്‍ദ്ദമുണ്ടായിരുന്നതായും വെളിപ്പെടുത്തി. അവര്‍ പ്രത്യേക താല്‍പര്യമെടുത്ത് ഇരുപത്തിമൂന്നു ലക്ഷം രൂപയുടെ ധനസഹായവും പിന്നീട് നല്‍കി.

ജനറല്‍ മെഡിസിന്‍, സര്‍ജറി, ശിശുരോഗം, ഗൈനക്കോളജി, ഓര്‍തോപീഡിക്‌സ് വിഭാഗങ്ങളില്‍ നിത്യവും നൂറ് കണക്കിന് രോഗികള്‍ പരിശോധനക്കെത്തുന്നു. പരിസര പ്രദേശങ്ങളില്‍ മുന്നൂറും അതില്‍ കൂടുതലും രൂപ പരിശോധനഫീസ് വേണ്ടി വരുമ്പോള്‍ ‘അല്‍ഷിഫ’ നൂറ്റി അന്‍പത് രൂപ മാത്രമേ വാങ്ങുന്നുള്ളൂ. മൂന്നു ദിവസം വരെ പിന്നെ ഫീസില്ല. ഇവിടുത്തെ ഫാര്‍മസിയില്‍ നിന്ന് നൂറു രൂപക്ക് മരുന്നു വാങ്ങുന്ന രോഗിക്ക് പത്ത് ശതമാനം ഡിസ്‌കൗണ്ട് ലഭിക്കുന്നതിനാല്‍, പുറത്തനിന്നുള്ളവര്‍ ധാരാളമായി എത്തുന്നുണ്ട്. ഇരുപത്തിനാല്‍ മണിക്കൂറും ആംബുലന്‍സ്-ലാബ്-എമര്‍ജന്‍സി സേവനം ലഭ്യമാണ്. അത്യാവശ്യമുള്ള കേസുകളില്‍ മാത്രമേ ലാബ് പരിശോധനകള്‍ നിര്‍ദ്ദേശിക്കാറുള്ളൂ. ഹൃദയ-പ്രമേഹ-ചര്‍മ-മനോരോഗ വിദഗ്ദന്‍മാരുടെ സേവനം ലഭിക്കുന്ന സ്‌പെഷ്യാലിറ്റി ക്ലിനിക്കുകളിലെത്തുന്നവര്‍ നല്‍കേണ്ട ഫീസ് മുന്നൂറ് രൂപയാണ്. പുറത്ത് ഇതിന്റെ ഇരട്ടിയിലേറെ ഈടാക്കുന്നുണ്ട്. വൈകുന്നേരം മൂന്നു മണി തൊട്ട് ആരംഭിക്കുന്ന ഈവനിംഗ് ക്ലിനിക്കില്‍ അന്‍പത് രൂപ മാത്രമേ ഈടാക്കുന്നുള്ളൂ. വരുമാന സര്‍ട്ടിഫിക്കറ്റോ രേഖകളോ ആവശ്യപ്പെടാതെ രോഗികളുടെ വാക്ക് വിശ്വാസത്തിലെടുക്കുകയാണ് ചെയ്യുന്നത്.

പ്രവര്‍ത്തനം ആരംഭിച്ച് ഒന്നേകാല്‍ വര്‍ഷത്തിനകം പതിനെട്ട് ലക്ഷം രൂപ പാവപ്പെട്ട രോഗികള്‍ക്കായി വേറെയും നല്‍കിയിട്ടുണ്ട്. ചേലാകര്‍മ്മത്തിനു വരുന്ന കുട്ടികള്‍, ഡോക്ടറുടെ ഫീസും അനസ്‌തേഷ്യ ചാര്‍ജും മാത്രം നല്‍കിയാല്‍ മതി. 150 ബെഡ് ലക്ഷ്യമിട്ട് തുടങ്ങിയ സ്ഥാപനത്തില്‍ ഇപ്പോള്‍ 38 പേര്‍ക്ക് കിടക്കാന്‍ സൗകര്യമുണ്ട്. എ സി സൗകര്യമുള്ള വാര്‍ഡിനും റൂമിനുമെല്ലാം താരതമ്യേന കുറഞ്ഞ നിരക്കേ ഉള്ളൂ. ഇന്ത്യന്‍ മിലിട്ടറിയില്‍ നിന്നു ബ്രിഗേഡിയര്‍ ആയി റിട്ടയര്‍ ചെയ്ത സഫര്‍ അലി സാഹിബ് ആണ് ആശുപത്രിയുടെ സി ഇ ഒ ആയി സൗജന്യ സേവനമനുഷ്ഠിക്കുന്നത്. ഇസ്‌ലാമിന്റെ ആത്മാവിന് നിരക്കുന്ന രീതിയില്‍ കരുണയുടെ കണ്ണിലൂടെയാണ് ആതുര സേവനത്തെ കാണേണ്ടതെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം, ഇതിനകം 6 കോടി ചിലവഴിച്ച ആശുപത്രിയില്‍ 4 കോടിയുടെ വികസനം കൂടെ നടന്നാല്‍ ഒരുപാട് പേര്‍ക്ക് തൊഴില്‍ പരിശീലനം നടത്താനും ജീവകാരുണ്യത്തിന് വന്‍തുക ചിലവഴിക്കാനും കഴിയുമെന്ന് സൂചിപ്പിച്ചു. ‘ജനസേവനം ദൈവാരാധന’യായിക്കാണുമ്പോള്‍ ഇങ്ങിനെ ഒരുപാട് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും.

Related Articles