Current Date

Search
Close this search box.
Search
Close this search box.

ഇഖ്‌ലാസ്വ് ആയിരിക്കണം നമ്മുടെ നിയ്യത്ത്

greatness-123.jpg

ജീവിതത്തില്‍ ചെയ്യുന്ന ചെറുതും വലുതുമായ മുഴുവന്‍ പ്രവര്‍ത്തനങ്ങളുടെയും പ്രേരകം മനസ്സിന്റെ നിയ്യത്ത് (ഉദ്ദേശ്യം) ആണ്. അതുകൊണ്ടു തന്നെ സദാ നമ്മുടെ നിയ്യത്ത് അല്ലാഹുവിന്റെ തൃപ്തി മാത്രമായിരിക്കണം്. എന്നാല്‍ ക്ഷിപ്രസാധ്യമായ ഒരു കാര്യമല്ലിത്. ‘കര്‍മം നന്നാക്കുന്നതിനേക്കാള്‍ കഠിനതരമാണ് നിയ്യത്ത് നന്നാക്കല്‍’ എന്ന് പൂര്‍വ്വസൂരികള്‍ പറഞ്ഞിട്ടുണ്ട്.

മനുഷ്യന്റെ നിയ്യത്തില്‍ അറിഞ്ഞും അറിയാതെയും പല രൂപത്തിലുള്ള മാലിന്യങ്ങളും കലരും. ശിര്‍ക്, ബിദ്അത്ത്, കുഫ്‌റ്, നിഫാഖ്, ത്വാഗൂത്ത്, ജിബ്ത്, ജാഹിലിയ്യത്ത്, പ്രശംസാമോഹം, അഹങ്കാരം, പൊങ്ങച്ചം, അസൂയ, പക, സ്വാര്‍ത്ഥത… ഇത്തരം ദുശ്ചിന്തകളെയും ഭൗതികതാല്‍പര്യങ്ങളെയും ചെറുത്തു തോല്‍പിച്ച് നിയ്യത്തിനെ അല്ലാഹുവിന്റെ തൃപ്തി മാത്രമാക്കി മനസ്സിനെ ക്രമപ്പെടുത്തുന്നതിന്റെ പേരാണ് ഇഖ്‌ലാസ്വ്. മറ്റൊരു വിധം പറഞ്ഞാല്‍ നിയ്യത്ത് തന്നെ ഇഖ്‌ലാസ് ആക്കണം. അഥവാ ഇഖ്‌ലാസ് ആയിരിക്കണം നമ്മുടെ നിയ്യത്ത്.

ഇഖ്‌ലാസ് ഇല്ലാത്ത ഒരു വിശ്വാസവും അനുസരണവും അറിവും പ്രവര്‍ത്തനവും കര്‍മവും ദാനവും സമരവും ഒന്നും അല്ലാഹു സ്വീകരിക്കുകയില്ല എന്നറിയുമ്പോഴാണ് ഇഖ്‌ലാസിന്റെ അദ്വിതീയത ബോധ്യപ്പെടുക.

‘മലിനപ്പെടുത്തുന്ന സകലതില്‍ നിന്നും ശുദ്ധമാക്കി നിലനിര്‍ത്തുക’ എന്നതാണ് ഇഖ്‌ലാസിന്റെ ഭാഷാര്‍ത്ഥം. ‘ജീവിതം മുഴുവന്‍ നിഷ്‌കളങ്കമായും ആത്മാര്‍ത്ഥമായും അല്ലാഹുവിന് മാത്രമാക്കിത്തീര്‍ക്കുക’ എന്നത്ഇഖ്‌ലാസിന്റെ സാങ്കേതികാര്‍ത്ഥവും. ‘കര്‍മങ്ങള്‍ ശരീരമാണെങ്കില്‍ ഇഖ്‌ലാസ് ആത്മാവാണ്’ എന്നത്രെ മഹദ്‌വചനം.

‘ഇഖ്‌ലാസില്ലാത്ത കര്‍മം ജീവനില്ലാത്ത സിംഹം പോലെയാണ്’ എന്ന മൗലാനാ അബുല്‍ ഹസന്‍ അലി നദ്‌വിയുടെ പ്രയോഗം വിശ്രുതമാണ്. സിംഹമാണെങ്കില്‍ പോലും ജീവനില്ലെങ്കില്‍ ഒരു ശിശു അതിനെ തട്ടിക്കളിക്കും. ഈ വീക്ഷണത്തില്‍ ഊന്നി ക്കൊണ്ട് ‘രൂപവും യാഥാര്‍ത്ഥ്യവും’ എന്ന പേരില്‍ അദ്ദേഹം ഒരു ലഘു കൃതി രചിച്ചിട്ടുണ്ട്.

സാധാരണയുള്ള സംസ്‌കരണത്തിന് ഇസ്‌ലാമില്‍ ‘സക്കി’യെന്നോ ‘സ്വാഫി’ എന്നോ ആണ് പറയുക. എന്നാല്‍ ഇഖ്‌ലാസ്, ഖാലിസ് എന്നൊക്കെ പറയുന്നത് ബോധപൂര്‍വ്വം കഠിനമായ ‘മാനസിക ജിഹാദി ‘ലൂടെ ഉദ്ദേശ്യത്തെ ശുദ്ധമാക്കുന്നതിനാണ്. സൂറത്തുല്‍ ഇഖ്‌ലാസിന് ആ പേര് വരാന്‍ കാരണം മനുഷ്യര്‍ ആരോപിക്കുന്ന എല്ലാ വിധ കലര്‍പ്പില്‍ നിന്നും പൂര്‍ണമായ വിശുദ്ധിയോടെ അല്ലാഹുവിന്റെ ഏകത്വം പ്രഖ്യാപിക്കുന്നത് കൊണ്ടത്രെ.

അന്നഹ്ല്‍ സൂക്തം 66 കാണുക: ‘കന്നുകാലികളിലും നിങ്ങള്‍ക്ക് പാഠമുണ്ട്. അവയുടെ ഉദരത്തിലെ ചാണകത്തിനും ചോരക്കുമിടയില്‍ നിന്ന്, കുടിക്കുന്നവര്‍ക്ക് ആനന്ദമുളവാക്കുന്ന ശുദ്ധമായ നറുംപാല്‍ നാം നിങ്ങളെ കുടിപ്പിക്കുന്നു’ ഇവിടെ അല്ലാഹു പ്രയോഗിച്ചത് ‘ഖാലിസ്’ എന്നത്രെ. ജീവിതത്തില്‍ ഇഖ്‌ലാസ് ഉണ്ടാക്കിയെടുക്കേണ്ടത് എങ്ങനെയാണെന്ന സൂചന ഈ വാക്യത്തിലുണ്ട്. ഇഖ്‌ലാസിനെ പറ്റി ഇത്തരം ജാഗ്രത്തായ ഉപദേശങ്ങള്‍ ധാരാളമുണ്ട് ഖുര്‍ആനില്‍.

Related Articles