Current Date

Search
Close this search box.
Search
Close this search box.

ഇംഗ്ലണ്ടില്‍ ശിക്ഷയേറ്റു വാങ്ങിയ യുവാക്കള്‍

‘കുറ്റകൃത്യം’ ആസൂത്രണം ചെയ്തതിന് ഇംഗ്ലണ്ടിലെ ഒരു കോടതി ആറ് മുസ്‌ലിം യുവാക്കള്‍ക്ക് പത്തൊമ്പതര വര്‍ഷം തടവുശിക്ഷ വിധിക്കുകയുണ്ടായി. ബ്രിട്ടീഷ് മാധ്യമങ്ങളും പോലീസും നല്‍കുന്ന കഥയുടെ സാരം ഇങ്ങനെ: കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇസ്‌ലാം-മുസ്‌ലിം വിരുദ്ധ ഗ്രൂപ്പായ ഇംഗ്ലീഷ് ഡിഫന്‍സ് ലീഗ് യോര്‍ക്ക്‌ഷെയറിലെ ഡ്യൂസ്ബറിയില്‍ ഒരു യോഗം സംഘടിപ്പിച്ചു. മുസ്‌ലിംകള്‍ ധാരാളാമായി പാര്‍ക്കുന്ന സ്ഥലമാണിത്. അവിടത്തുകാരെ ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരെ തിരിച്ച് വിടുക എന്നതായിരുന്നു യോഗത്തിന്റെ ലക്ഷ്യം. ഈ വിവരം ബ്രിമിംഗ്ഹാമിലെത്തിയപ്പോള്‍ അവിടത്തെ ആറു ചെറുപ്പക്കാര്‍ പലതരം ആയുധങ്ങളുമായി ഡ്യൂസ്ബറിയില്‍ എത്തി. പക്ഷെ അപ്പോഴേക്കും യോഗം പിരിച്ച് വിട്ടിരുന്നു. പങ്കെടുത്തവര്‍ പിരിഞ്ഞ്‌പോവുകയും ചെയ്തിരുന്നു. അങ്ങനെ ആ ചെറുപ്പക്കാര്‍ തിരിച്ച് ബ്രിമിംഗ്ഹാമിലേക്ക് തന്നെ പുറപ്പെട്ടു. വഴിമധ്യേ പോലീസ് അവരുടെ വാഹനം തടഞ്ഞ് നിര്‍ത്തുകയും രജിസ്‌ട്രേഷന്‍ കടലാസുകളും മറ്റും ആവശ്യപ്പെടുകയും ചെയ്തു. രേഖകള്‍ ഹാജരാക്കാനാവാതെ യുവസംഘം പരുങ്ങിയപ്പോള്‍ പോലീസ് വാഹനം പരിശോധന നടത്തി. അപ്പോഴതാ വാഹനത്തില്‍ തോക്കുകള്‍, വാളുകള്‍, കത്തികള്‍, പൈപ്പ് ബോംബുകള്‍, പിന്നെ ‘ജിഹാദി-പ്രത്യയശാസ്ത്ര’ സാഹിത്യവും. അപ്പോഴേക്കും പോലീസിന് യുവാക്കളുടെ ആസൂത്രണത്തെക്കുറിച്ച് നല്ല പിടിപാടായിക്കഴിഞ്ഞിരുന്നു. പോലീസ് അവരെ അറസ്റ്റ് ചെയ്യുകയും കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. അങ്ങനെ കഴിഞ്ഞ ജൂണ്‍ ആറിന് അവര്‍ക്കുള്ള ജയില്‍ ശിക്ഷ പ്രഖ്യാപിക്കപ്പെട്ടു.

ഫര്‍റൂഖ് ധോണ്ടി എന്ന രാഷ്ട്രീയ നിരീക്ഷകന്‍ ഈ സംഭവം തന്റെയൊരു ലേഖനത്തില്‍ വിശകലനം ചെയ്തിട്ടുണ്ട് (ദ ഹിന്ദുസ്ഥാന്‍ ടൈംസ്, ജൂണ്‍ 19). അദ്ദേഹം ‘ജിഹാദി’ ഗ്രൂപ്പിനെയും ഇംഗ്ലീഷ് ഡിഫന്‍സ് ലീഗിനെയും ഒരു പോലെ കശക്കുകയും പരിഹസിക്കുകയും ചെയ്യുന്നുണ്ട്. ഫര്‍റൂഖ് ധോണ്ടി ഇംഗ്ലണ്ടിലാണ് താമസമെങ്കിലും ഇന്ത്യന്‍ മീഡിയയുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്. അദ്ദേഹം പാര്‍സി വിഭാഗക്കാരനായിരിക്കാനാണ് സാധ്യത. ഇംഗ്ലീഷ് ഡിഫന്‍സ് ലീഗിന് പൊതുപിന്തുണയോ ‘ജിഹാദി’ ഗ്രൂപ്പുകള്‍ക്ക് ബ്രിട്ടീഷ് മുസ്‌ലിംകളുടെ പിന്തുണയോ ഇല്ലെന്ന് അദ്ദേഹം പറയുന്നു. പക്ഷേ, ‘ജിഹാദി’കളെക്കുറിച്ച്  പറയുമ്പോള്‍ മീഡിയ പ്രോപഗണ്ടയില്‍ നിന്ന് ഉയര്‍ന്ന് നില്‍ക്കാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല. യഥാര്‍ഥ വിവരങ്ങള്‍ വെച്ചല്ല എഴുത്ത് എന്നര്‍ഥം.

കുറച്ച് കാലമായി ഇസ്‌ലാംവിരുദ്ധ വികാരം വളരെയേറെ ശക്തിപ്പെട്ടിരിക്കുകയാണ് ബ്രിട്ടനില്‍. ബോസ്റ്റണ്‍ മാരത്തോണില്‍ ബോംബ് വെച്ചതും ഇംഗ്ലണ്ടില്‍ ഒരു ബ്രിട്ടീഷ് പോലീസുകാരനെ വധിച്ചതുമാണ് ഇതിന് കാരണമായിത്തീര്‍ന്നിരിക്കുന്നത്. രണ്ടും മുസ്‌ലിംകളാണ് ചെയ്തത് എന്നാണ് ആരോപണം. വിശദമായ അന്വേഷണം ആവശ്യമുള്ളതാണ് ഈ രണ്ട് സംഭവങ്ങളും. സാഹചര്യത്തെളിവുകള്‍ വെച്ചുനോക്കിയാല്‍ ബോസ്റ്റണ്‍ സംഭവത്തിന് പിന്നില്‍ ഇസ്‌ലാംവിരുദ്ധശക്തികളാണ് എന്നാണ് ബോധ്യമാവുക.

ബ്രിട്ടനില്‍ ഇസ്‌ലാമിന് സ്വീകാര്യതയേറുന്നത് വലതുപക്ഷ ക്രിസ്ത്യന്‍ വിഭാഗങ്ങളെ വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നുണ്ടന്നാണ് മനസ്സിലാവുന്നത്. അവരുടെ പ്രതിനിധാനമാണ് ഇംഗ്ലീഷ് ഡിഫന്‍സ് ലീഗ്. അവരുടെ ആക്ടിവിസമെല്ലാം തന്നെ മുസ്‌ലിംകളെ ദ്രോഹിക്കുന്ന തരത്തിലുള്ളതും ഇസ്‌ലാമിനെക്കുറിച്ച് ബ്രിട്ടീഷ് പൗരന്മാരില്‍ ഭയം ജനിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതുമാണ്. ഇത്തരം പ്രോപഗണ്ടകള്‍ നിരന്തരം ഉണ്ടായിട്ടും ഒട്ടേറെ ബ്രിട്ടീഷുകാര്‍ ഇസ്‌ലാമിലേക്ക് ആകര്‍ഷിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. ബ്രിട്ടീഷ് ഏജന്‍സികള്‍ തന്നെ പറയുന്നത്, ഇംഗ്ലണ്ടിലെ രണ്ടാമത്തെ വലിയ മതമായി ഇസ്‌ലാം വളര്‍ന്നുകഴിഞ്ഞുവെന്നാണ്. മുസ്‌ലിംകള്‍ക്കെതിരില്‍ നിരന്തരം ഭീകരത ആരോപിച്ച് നോക്കിയിട്ടും അതൊന്നും ബ്രിട്ടീഷുകാരെ ഇസ്‌ലാം ആശ്ലേഷിക്കുന്നതില്‍ നിന്ന് തടയുന്നില്ല. അതിനാല്‍ ഫര്‍റൂഖ് ധോണ്ടിയെപ്പോലുള്ള നിരീക്ഷകര്‍ ഇസ്‌ലാംവിരുദ്ധ പ്രോപഗണ്ടയുടെ ഭാഗമായി നില്‍ക്കാതെ യാഥാര്‍ഥ്യമെന്തെന്നറിയാന്‍ നിഷ്പക്ഷമായി ശ്രമിക്കേണ്ടിയിരിക്കുന്നു.
(ദഅ്‌വത്ത് ത്രൈദിനം, 26-6-2013)

വിവ : അശ്‌റഫ് കീഴുപറമ്പ്‌

Related Articles