Current Date

Search
Close this search box.
Search
Close this search box.

ആര്‍.എസ്.എസിന്റെ കപട മതേതരത്വം

ആര്‍.എസ്.എസ് എന്ന് നമ്മളൊക്കെ അറിയുന്ന ‘രാഷ്ട്രീയ സ്വയംസേവക് സംഘം’ രാജ്യത്ത് വളരെ വ്യവസ്ഥാപിതമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു സംഘടനയാണ്. ചിലപ്പോള്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ എന്‍.ജി.ഒയും ആര്‍.എസ്.എസ് ആയിരിക്കും. ഇന്ത്യക്ക് പുറത്തും വിപുലമായ സ്വാധീനമണ്ഡലം സംഘടനക്കുണ്ട്. 1925-ല്‍ നാഗ്പൂരില്‍ വെച്ച് ഒരു ചെറിയ ഗ്രൂപ്പായാണ് ആര്‍.എസ്.എസ് പ്രവര്‍ത്തനമാരംഭിക്കുന്നത്. ആരംഭകാലത്ത് രാഷ്ട്രസംബന്ധിയായ ലക്ഷ്യങ്ങളൊന്നും ഇല്ലാതിരുന്ന ഇവര്‍ ക്രമേണ അവരുടെ അജണ്ട നിര്‍ണ്ണയിക്കുകയായിരുന്നു. അടിസ്ഥാനപരമായി ഇതൊരു സവര്‍ണ്ണാധിപത്യമുള്ള സംഘടനയാണ്. സവര്‍ണ്ണതാല്‍പ്പര്യങ്ങളും ചിന്തകളുമാണ് ഭാരതത്തെ നയിക്കേണ്ടത് എന്നാണ് ഇവര്‍ മുന്നോട്ടുവെക്കുന്ന ആശയം. ഹിന്ദുധര്‍മ്മത്തിന്റെ വിവക്ഷയും അര്‍ത്ഥതലങ്ങളും ഇവര്‍ സ്വയം വിശദീകരിക്കുകയാണ് ചെയ്യുന്നത്. ഭൂമിയെ ഒരു പൂജാവസ്തുവായി കണ്ട് ദൈവികപരിവേഷം നല്‍കി ഭാരതമാതാവെന്ന് വിളിക്കുന്നു. ഹിന്ദുധര്‍മ്മത്തിന്റെ ഭാഗമായി ചാതുര്‍വര്‍ണ്യ വ്യവസ്ഥ സ്ഥാപിക്കപ്പെടണമെന്ന് ഇവര്‍ പറയാതെ പറയുന്നു. സമൂഹത്തിലെ ഉച്ചനീചത്വങ്ങള്‍ക്ക് വേണ്ടി വാദിക്കുന്ന ഈ സംഘടന അധസ്ഥിത ജനവിഭാഗങ്ങളെ വളരെ അവജ്ഞയോടെയാണ് കാണുന്നത്. സ്വാതന്ത്ര്യാനന്തരം ഡോ.അംബേദ്കര്‍ നിലകൊണ്ടതും ഈ അധസ്ഥിത വര്‍ഗങ്ങള്‍ക്ക് വേണ്ടിയായിരുന്നു. അതുകൊണ്ട് തന്നെ ഈ വിഭാഗങ്ങളെ അന്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി മതന്യൂനപക്ഷങ്ങളെ കൂടി തങ്ങളുടെ ശത്രുപക്ഷത്ത് നിര്‍ത്തുകയും സ്വാതന്ത്ര്യാനന്തരം അവരുടെ എല്ലാവിധ അവകാശങ്ങള്‍ക്കും തുരങ്കം വെക്കുന്ന തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു.
 
പക്ഷേ, സംവരണം ഇവര്‍ക്ക് ഒരു തലവേദനയാവുന്നതാണ് നാം കാണുന്നത്. ബിഹാര്‍ അത് ചെയ്തുകാണിച്ചത് നമ്മുടെ സമീപകാലാനുഭവമാണല്ലോ. പിന്നാക്ക-ദളിത് ജനവിഭാഗങ്ങളുടെ ഉയര്‍ച്ചയെ ബീഫ് കൊണ്ടോ പാകിസ്താന്‍ കൊണ്ടോ കപടദേശീയത കൊണ്ടോ അവര്‍ക്ക് തടഞ്ഞു നിര്‍ത്താനായില്ല. ഈ അപ്രതീക്ഷിത തിരിച്ചടിയെ സംഘ്പരിവാര്‍ നേതൃത്വം എങ്ങനെ കാണുന്നുവെന്നോ ഇനി എന്താണ് അവര്‍ ചെയ്യാന്‍ പോകുന്നതെന്നോ കാത്തിരുന്നു കാണണം. എന്നാല്‍ തങ്ങളുടെ അണികളുടെയും അനുഭാവികളുടെയും സംഘശക്തിയെ നേതൃത്വം വളരെ നിഷേധാത്മകമായാണ് ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്. സംഘി നേതാക്കളും അണികളും കാഴ്ചവെക്കുന്ന ഐക്യവും സമര്‍പണമനസ്സും മൂല്യങ്ങളും മനുഷ്യസേവനവും ആരിലും അസൂയയുണ്ടാക്കുന്ന തരത്തിലാണ്. പല വിഭാഗക്കാരിലും ഈ സംഘടന അവരുടെ ‘സ്തുത്യര്‍ഹമായ’ സേവനങ്ങള്‍ കാഴ്ചവെക്കുന്നു. എണ്ണിയാലൊടുങ്ങാത്തത്ര പോഷകസംഘടനകള്‍ രൂപീകരിച്ച് ഗ്രാമ-ഗ്രാമാന്തരങ്ങളിലും ഗിരിശൃംഗങ്ങളിലും ഘോരവനങ്ങളിലും അഹോരാത്രം സേവനപ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുന്ന ഒരു പ്രസ്ഥാനം.  സംസാരത്തിലും പ്രഭാഷണങ്ങളിലും എന്തൊരു നൈര്‍മല്യം. മനുഷ്യസേവനത്തിനായി ഉഴിഞ്ഞുവെക്കപ്പെട്ട ഒരു പ്രസ്ഥാനം. വലിയ വലിയ നേതാക്കള്‍ പോലും ചെറിയ ചെറിയ കാര്യങ്ങളില്‍ ഏര്‍പെടുന്നതില്‍ ലജ്ജ കാണിക്കാത്ത ഒരു മഹനീയമാതൃക. അഴുക്കുചാലുകള്‍ മുതല്‍ വൃത്തിഹീനമായ റോഡുകള്‍ വരെ അവരാണ് വെടിപ്പാക്കുന്നത്. നാട്ടിലോ വീട്ടിലോ എന്ത് ദുരന്തമുണ്ടായാലും വിളിപ്പാടകലെ ഓടിയെത്തുന്ന സമര്‍പ്പിത ജീവിതങ്ങള്‍. ഇന്ത്യന്‍ മതേതരത്വത്തെ കാവി പൂശി സംഘി ഭരണകൂടം നടത്തുന്ന പൊറാട്ടുനാടകം തുടരുകയാണ്.

വിവ: അനസ് പടന്ന

Related Articles