Current Date

Search
Close this search box.
Search
Close this search box.

ആരോഗ്യം, മനശ്ശാസ്ത്രം പിന്നെ ലൈംഗികതയും

Tranquility-Motherhood-Fath.jpg

മൂന്ന് കാര്യങ്ങളാണ് ചില മാഗസിനുകളുടെ മുഖ്യ വിഷയങ്ങള്‍. ആരോഗ്യം, മനശ്ശാസ്ത്രം പിന്നെ ലൈംഗികതയും. മൂന്നിലുമുള്ള ഇടപെടലുകള്‍ ഇക്കാര്യങ്ങളില്‍ ആളുകള്‍ക്കുള്ള സമ്മര്‍ദ്ദങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ മാത്രമേ ഉതകുന്നുള്ളൂ താനും. എന്തെന്നാല്‍ കച്ചവട സാധ്യതകള്‍ മുന്നില്‍ വെച്ചുകൊണ്ടുള്ള പൊലിപ്പിക്കലുകളാണ് എല്ലാം.

എന്തായാലും പരസ്യമായി മുലയൂട്ടലും പരസ്യമായി അപ്പിയിടലും ഒന്നല്ല. ഇത്തരം ഉപരിപ്ലവവാദങ്ങളൊക്കെ മുന്നോട്ട് കൊണ്ടു വരുന്നതെന്തിനാണെന്ന് മനസ്സിലാവുന്നില്ല. പരസ്യമായി ജെട്ടിയിട്ട് നടക്കണം, പരസ്യമായി മൂത്രമൊഴിക്കണം എന്നൊക്കെ പറഞ്ഞ് പരിഹസിച്ചു കൊണ്ടാണോ ഒരു കാര്യത്തെ വിമര്‍ശിക്കുക?

എനിക്ക് തോന്നിയിട്ടുള്ള കാര്യം പറയാം. കുഞ്ഞ് തൊണ്ട പൊട്ടിക്കരഞ്ഞാലും ആള്‍ക്കാരുടെ മുന്നില്‍ വെച്ച് മറ പിടിച്ചു കൊണ്ടു പോലും മുലയൂട്ടാന്‍ തയ്യാറാകാത്ത എത്രയോ അമ്മമാരെ കണ്ടിട്ടുണ്ട്. എന്തോ, അതവരുടെ ശീലമാണ്. ശീലിച്ചു പോന്ന സദാചാര നിഷ്ഠയുടെ വൈകല്യവുമാവാം. ശീലമായാലും സദാചാരമായാലും അത്ര ആശാസ്യമല്ല അത്.

എന്നാല്‍ ട്രെയിനിലും ബസ് സ്റ്റാന്റിലും ഹോട്ടലിലും തിയറ്ററിലുമൊക്കെ കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടുന്ന അമ്മമാരെയും ധാരാളം കാണാം. ഒരു സദാചാരപ്പോലീസും അതില്‍ ഇടപെടാറില്ല. തന്നെയുമല്ല, എത്ര കടുത്ത ഞരമ്പുരോഗിയായ പൂവാലനും അന്നേരം ഒളിഞ്ഞോ തെളിഞ്ഞോ അവരെ നോക്കാറുമില്ല.

ആളുകളെ മുഴുവന്‍ ഞരമ്പു രോഗികളായി ചിത്രീകരിക്കുന്ന തരത്തില്‍ ഇക്കാര്യത്തില്‍ ഒരു കാമ്പെയിനിന്റെ അനിവാര്യത എന്തായാലും ബോധ്യപ്പെട്ടിട്ടില്ല.

എന്നാല്‍ ഇവിടെ പ്രശ്‌നം മുലയൂട്ടലല്ല, മുലയാണ് എന്നാണ് മൊത്തത്തില്‍ വിശകലനം ചെയ്യുമ്പോള്‍ തോന്നുന്നത്. വനിതാ മാസികയില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നതും അതു തന്നെ. അത്തരമൊരു പ്രദര്‍ശനം കാണുമ്പോള്‍ പലരും നോക്കും. ഒളിഞ്ഞല്ല, തെളിഞ്ഞു തന്നെ. തുറിച്ചും തറപ്പിച്ചും നോക്കും. അതില്‍ അസ്വസ്ഥതയില്ലാത്തവര്‍ എങ്ങനെയും മുലയൂട്ടട്ടെ. എല്ലാ അസ്വാസ്ഥ്യങ്ങളും അവസാനിപ്പിക്കാന്‍ വേണ്ടി കാംപെയിന്‍ നടത്തുന്നതില്‍ അര്‍ത്ഥമൊന്നുമില്ലല്ലോ.

അല്‍പം മുന്നേ ഒരു കാമ്പസില്‍ പ്രസിദ്ധീകൃതമായ മുലമാഗസിനുമായി ബന്ധപ്പെട്ട് ഞാന്‍ പോസ്റ്റിയിരുന്ന കുറിപ്പിലെ ഒരു ഭാഗം ഉദ്ധരിക്കാം:

‘മാതൃത്വത്തിന്റെ അടയാളമാണ് മുല. എന്നാല്‍ അത് തന്നെ ലൈംഗികമായ ആകര്‍ഷണവുമാണ്. ഇത് വികലമനസ്സുകളുടെ നൃശംസതയെയല്ല, ലൈംഗികതയുടെ പവിത്രതയെയാണ് സൂചിപ്പിക്കുന്നത്. ഈ പവിത്രതയെ കേവലം അശ്ലീലമാക്കി മാറ്റുന്നത് ചില മനോഭാവങ്ങളും പ്രദര്‍ശനാത്മകത്വം ഉള്‍പ്പെടെ ചില പ്രവര്‍ത്തനങ്ങളുമാണ്. മാഗസിനില്‍ നിറച്ചു വെച്ച മുലച്ചിത്രങ്ങളും മുലവചനങ്ങളും വായനക്കാരനില്‍ ഉല്‍പാദിപ്പിക്കുന്ന വികാരം മാതൃത്വത്തിന്റേത് മാത്രമായിരിക്കുമെന്ന് മാഗസിന്റെ ശില്‍പികള്‍ തന്നെ അവരുടെ തന്നെ മനസ്സാക്ഷിയോട് സത്യം ചെയ്യുമെങ്കില്‍ ഞാന്‍ എന്റെ വിമര്‍ശം പിന്‍വലിക്കാം.

അതവിടെയും നിന്നില്ല. കഴിഞ്ഞ ദിവസം കണ്ട ഫേസ് ബുക് പോസ്റ്റില്‍ സംഗതി മുലയില്‍ നിന്നും മേലോട്ട് (അതോ താഴോട്ടോ?) പോയി. പോസ്റ്ററിന്മേല്‍ അരക്കെട്ടിന് താഴെയുള്ളതിന്റെ ഗ്രാമ്യപദം വലുതായെഴുതിവെച്ചിരിക്കുന്നു. അത് പിറവിയുടെ കവാടമാണത്രേ. അതുകൊണ്ടതിനെ പവിത്രമായി കാണണമത്രേ. അല്ല ചങ്ങായ്മാരേ, പിന്നെ ഈ ലൈംഗികത എന്നു വെച്ചാല്‍ എന്താണ്? അതിന് പവിത്രത ഇല്ല എന്നും നിങ്ങള്‍ക്ക് വാദമുണ്ടോ?

 

Related Articles