Current Date

Search
Close this search box.
Search
Close this search box.

ആരുടേതായിരുന്നു ആ ‘സിം’?

കഴിഞ്ഞ ഏപ്രില്‍ 17-ന് ബംഗളുരിലെ ബി.ജെ.പി ഓഫീസിന് മുമ്പില്‍ ബോംബ് സ്‌ഫോടനം നടത്താന്‍ ആരുടെ സിം കാര്‍ഡാണ് ഉപയോഗിച്ചത് എന്നറിയുമോ? കര്‍ണാടക-കേരള അതിര്‍ത്തിയില്‍ താമസിക്കുന്ന ഒരു ആര്‍.എസ്.എസ് നേതാവിന്റേതാണ് ആ സിം കാര്‍ഡ്. ബംഗളുരു പോലിസ് തന്നെ വെളിപ്പെടുത്തിയതാണ് ഈ വിവരം. പക്ഷേ, ദയവ് ചെയ്ത് ഇതു വെച്ച് ഒരു തീര്‍പ്പില്‍ എത്തരുത്. തുടര്‍ന്ന് വരുന്ന ഈ വാര്‍ത്ത കൂടി വായിക്കുക: ‘സ്‌ഫോടനത്തിന്റെ തൊട്ടുമുമ്പ് ഈ സിം കാര്‍ഡും ഫോണും മോഷ്ടിക്കപ്പെടുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. കിച്ചന്‍ ബുഹാരി എന്നയാളാണ് അത് മോഷ്ടിച്ചത്. അയാള്‍ തന്നെയാണ് സ്‌ഫോടനം നടത്തിയതും. ഈ സിം കാര്‍ഡല്ലാതെ പതിനഞ്ചോളം സിം കാര്‍ഡുകളും ഇയാളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. അവയും മോഷ്ടിച്ചവ തന്നെ.’ ഫോണ്‍ മോഷ്ടിക്കപ്പെട്ടതാണെങ്കില്‍ സംഘ് പരിവാര്‍ നേതാവ് അക്കാര്യം പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ടോ എന്നതാണല്ലോ അടുത്ത ചോദ്യം. ഉടനെയതാ പോലീസ് അക്കാര്യം ചോദിക്കാന്‍ ആ സംഘ് നേതാവിനെ തേടിപ്പോകുന്നു. ആ, അത് അങ്ങനെത്തന്നെയാണത്രെ. മോഷ്ടിക്കപ്പെട്ടതാണെന്ന് സംഘ്‌നേതാവ് പറഞ്ഞതും അതൊരു വേദസത്യം പോലെ അംഗീകരിച്ച് പോലീസ് തിരിച്ചു പോരുകയും ചെയ്തു. സംശയത്തിന്റെ നാലയത്തൊന്നും ഇനി ആ നേതാവ് ഉണ്ടാവില്ല. ഈ നേതാവ് ആരാണെന്ന് പറയാനും പോലീസ് തയാറല്ല (ദ ഹിന്ദു, മെയ് 11). ഈ കേസില്‍ ബൂഹാരിയെ കൂടാതെ വേറെയും മുസ്‌ലിംകളെ പോലീസ് പിടികൂടിയിട്ടുണ്ട്.

കര്‍ണാടക പോലീസിന്റെ ഈ കള്ളക്കളി എത്ര മുസ്‌ലിം നേതാക്കള്‍ ശ്രദ്ധിച്ചിട്ടുണ്ട് എന്നെനിക്കറിയില്ല. കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം ബി.ജെ.പിക്ക് അനുകൂലമാകാന്‍ ബോംബ് സ്‌ഫോടനം നടത്തിയ യഥാര്‍ഥ കുറ്റവാളികളെ സംരക്ഷിക്കുകയാണ് പോലീസെന്ന് സുതരാം വ്യക്തമായിരുന്നു. ഇന്ത്യന്‍ പോലീസിനത്  പുത്തരിയല്ല. ഇതൊക്കെ ഒരു സ്ഥിരം ഏര്‍പ്പാടാണ്. വാരണസി നദിക്കരയില്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ബോംബ്‌സ്‌ഫോടനം ഉണ്ടായപ്പോള്‍ ഈ കുറ്റകൃത്യം ചെയ്തുവെന്ന് സമ്മതിച്ച രണ്ട് പേരെ പോലീസ് പിടികൂടിയിരുന്നു. മഹാരാഷ്ടയില്‍ വെച്ചാണ് അവരെ അറസ്റ്റ് ചെയ്തത്. അവര്‍ മുസ്‌ലിംകളായിരുന്നില്ല. തങ്ങളുടെ കംമ്പ്യൂട്ടര്‍ ആരോ ഹാക്ക് ചെയ്തതാണെന്നോ മറ്റോ ഒരു പ്രസ്താവന അവരങ്ങ് നടത്തി. പോലീസ് ആ പ്രസ്താവന അപ്പടി സത്യമായി അംഗീകരിച്ച് അവരെ വെറുതെ വിടുകയും ചെയ്തു. അവരെ ചോദ്യം ചെയ്യാനൊന്നും നിന്നില്ല. 2008-ല്‍ ബോംബുണ്ടാക്കുന്നതിനിടക്ക് കാണ്‍പൂരിലെ ഒരു വീട്ടില്‍ വെച്ച് ഏതാനും പേര്‍ കൊല്ലപ്പെട്ടു. അവരാരും മുസ്‌ലിംകളായിരുന്നില്ല. ആ സ്ഥലത്ത് നിന്ന് ആരെയെങ്കിലും അറസ്റ്റ് ചെയ്‌തോ എന്ന് ചോദിച്ചപ്പോള്‍ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്റെ മറുപടി ഇങ്ങനെയായിരുന്നു: ‘ആരും ഉത്തരവാദിത്വം ഏറ്റെടുക്കാത്ത സ്ഥിതിക്ക് എങ്ങനെയാണ് ഒരാളെ അറസ്റ്റ് ചെയ്യുക?’ അതിന് മുമ്പ് നന്ദേഡിലും ഇതേ സംഭവമുണ്ടായി. അപ്പോഴും പോലീസിന്റെ നിലപാട് ഇത് തന്നെയായിരുന്നു. യഥാര്‍ഥ പ്രതികളുടെ അടുത്ത് പോലീസ് അന്വേഷിച്ചെത്തുമെങ്കിലും അവരെയങ്ങ് വെറുതെ വിടും, എന്നിട്ട് തങ്ങളുടെ ‘ഇഷ്ട പ്രതികളുടെ’ പിന്നാലെ പോകും.

മുസ്‌ലിം യുവാക്കളെ കള്ളക്കേസുകളില്‍ കുടുക്കുന്നതില്‍ മുസ്‌ലിം നേതൃത്വം വളരെ അസ്വസ്ഥരാണെന്നത് സത്യം തന്നെ. പോലീസ് നടപടികളിലും അവര്‍ക്ക് ആശങ്കയുണ്ട്. അവര്‍ പ്രതിഷേധ പ്രകടനങ്ങളും സമ്മേളനങ്ങളും സംഘടിപ്പിക്കുകയും നെടുങ്കന്‍ പ്രസ്താവനകളിറക്കുകയും ചെയ്യുന്നു. പക്ഷേ ഈ ഇളക്കങ്ങളൊക്കെയും മേലോടം മാത്രം. അധികാരികളുടെ സമീപനങ്ങളിലോ നടപടികളിലോ ഒരു മാറ്റവും ദൃശ്യമല്ല. മുസ്‌ലിം നേതൃത്വം ഇതേക്കുറിച്ച് ബോധവാന്മാരായിരുന്നെങ്കില്‍!
(ദഅ്‌വത്ത് ത്രൈദിനം, 19-5-2013)

വിവ : അശ്‌റഫ് കീഴുപറമ്പ്‌

Related Articles