Current Date

Search
Close this search box.
Search
Close this search box.

ആരാണ് മുസ്‌ലിം?

praying-man.jpg

മുസ്‌ലിംകള്‍ സ്വര്‍ഗാവകാശികളാണെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്. എന്നാല്‍ ആരാണ് മുസ്‌ലിം? ഒരുപക്ഷേ ലോകചരിത്രത്തില്‍ ഇത്രയധികം തെറ്റിധരിക്കപ്പെട്ട മറ്റൊരു നാമമില്ല. ആരാണ് മനുഷ്യന്‍ എന്ന ചോദ്യത്തിന്റെ ഉത്തരത്തില്‍ നിന്നു കൊണ്ടു വേണം ആരാണ് മുസ്‌ലിം എന്ന ചോദ്യത്തിനുത്തരം കാണാന്‍. മനുഷ്യനാര് എന്ന ചോദ്യത്തിനുള്ള ഉത്തരം ഖുര്‍ആനില്‍ ദൈവം പറയുന്നത് ഇതാണ്:

‘മനുഷ്യരേ, നിങ്ങളെ നാം ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമാണ് സൃഷ്ടിച്ചത്.’ (49: 13) ഒരൊറ്റ സ്രഷ്ടാവിന്റെ സൃഷ്ടികളും ഒരേ മാതാപിതാക്കളുടെ മക്കളുമാണ് മനുഷ്യരെന്നര്‍ഥം. ബൈബിള്‍ പറയുന്നതും ആദം-ഹവ്വ ദമ്പതികളുടെ മക്കളാണ് മനുഷ്യര്‍ എന്നാണ്. ആധുനിക ശാസ്ത്രത്തിന്റെ കണ്ടെത്തലുകളും മാനവകുലം വംശപരമായി ഒന്നാണെന്ന യാഥാര്‍ഥ്യത്തിനടിവരയിടുന്നതായി കാണാം:

‘എല്ലാ മനുഷ്യരും ജനിതകമായി തുല്യരാണെന്ന സന്ദേശവുമായി മനുഷ്യ ജനിതകരേഖയുടെ ആദ്യ ചിത്രം ശാസ്ത്രജ്ഞന്‍മാര്‍ പുറത്തുവിട്ടു. വാഷിംഗടണ്‍, ലണ്ടന്‍, ബര്‍ലിന്‍, പാരീസ്, ടോക്കിയോ എന്നിവിടങ്ങളില്‍ ജീനോം പദ്ധതിയില്‍ അംഗങ്ങളായ ശാസ്ത്രജ്ഞരാണ് പത്രസമ്മേളനത്തില്‍ ഒരേ സമയം ഈ പ്രഖ്യാപനം നടത്തിയത്… എല്ലാ മനുഷ്യരും ജനിതകമായി ആഫ്രിക്കക്കാരാണെന്നും വംശീയ വ്യത്യാസം മനുഷ്യനിര്‍മിതമായ വെറും സങ്കല്‍പമാണെന്നുമുള്ള പ്രഖ്യാപനം കൂടിയാണ് മനുഷ്യ ജനിതക രേഖ.’ (മാതൃഭൂമി, 2001 ഫെബ്രുവരി 13) ഈ പറഞ്ഞതിനര്‍ഥം മാനവസമൂഹം അടിസ്ഥാനപരമായി ഒരൊറ്റ തറവാട്ടുകാരാണ് എന്നാണ്. ഈ യാഥാര്‍ഥ്യത്തെ വെളിപ്പെടുത്തിക്കൊണ്ട് ഖുര്‍ആന്‍ വീണ്ടും പറയുന്നു:

‘ആദിയില്‍ മനുഷ്യരെല്ലാം ഒരൊറ്റ സമുദായമായിരുന്നു. പിന്നീടവര്‍ ഭിന്നിച്ചു പോയി.’ (10: 9) ചുരുക്കത്തില്‍ ഒരു കുടുംബത്തില്‍ നിന്നു വളര്‍ന്നു വികസിച്ചു വന്ന മാനവ സമൂഹമാണ് ഇന്ന് വിവിധ മത-ജാതി വിഭാഗങ്ങളായി കാണപ്പെടുന്നത്. ഈ വസ്തുത ഓര്‍മപ്പെടുത്തി, വ്യതിചലിച്ചു ഭിന്നിച്ചു പോയ മനുഷ്യരെ യഥാര്‍ഥ പാരമ്പര്യത്തിലേക്ക് അഥവാ തറവാട്ടിലേക്ക് തിരിച്ചു വിളിക്കുകയായിരുന്നു പ്രവാചകന്‍മാര്‍. പ്രവാചകന്‍മാരുടെ വിളിക്കുത്തരം നല്‍കി സ്രഷ്ടാവായ ദൈവത്തിന് വഴിപ്പെട്ട് ജീവിക്കാന്‍ സന്നദ്ധരാവുന്നവരാരോ അവരത്രെ മുസ്‌ലിംകള്‍. ‘മുസ്‌ലിം’ എന്ന പദത്തിനര്‍ഥം ‘അനുസരിക്കുന്നവന്‍’& എന്നാണ്. സ്രഷ്ടാവായ ദൈവത്തെ അറിഞ്ഞ് അവന്റെ വിധിവിലക്കുകള്‍ അനുസരിക്കുന്നവനാണ് മുസ്‌ലിം; അങ്ങനെയുള്ളവര്‍ മാത്രമാണ് മുസ്‌ലിംകള്‍. അന്ത്യപ്രവാചകന്‍ നിയോഗിതനായത് അറേബ്യയിലായതിനാലാണ് അദ്ദേഹത്തിന്റെ അനുയായികള്‍ മുസ്‌ലിംകള്‍ എന്നറിയപ്പെട്ടത്. മുഴുവന്‍ പ്രവാചകന്‍മാരുടെ അനുയായികളും ‘മുസ്‌ലിംകള്‍’ ആയിരുന്നു എന്ന് ഖുര്‍ആന്‍ പറയുന്നതായി കാണാം: ‘… നിങ്ങളുടെ പിതാവായ ഇബ്‌റാഹീമിന്റെ പാത പിന്തുടരുക. പണ്ടേ തന്നെ ദൈവം നിങ്ങളെ മുസ്‌ലിംകള്‍ (അനുസരിക്കുന്നവര്‍) എന്നു വിളിച്ചിരിക്കുന്നു. ഈ ഖുര്‍ആനിലും അതു തന്നെയാണ് നിങ്ങളുടെ വിളിപ്പേര്..’ (22: 78) ഇതിന്നര്‍ഥം അനറബി പ്രവാചകന്‍മാരുടെ അനുയായികളേയും മുസ്‌ലിം എന്ന അറബി പദം കൊണ്ട് വിളിച്ചു എന്നല്ല. മുസ്‌ലിം എന്നത് ഒരു നിലപാടിന്റെ പേരാണ്; ജാതിപ്പേരല്ല. മുസ്‌ലിമിന്റെ മകനായി ജനിച്ചു എന്നതു കൊണ്ടു മാത്രം മുസ്‌ലിം ആവുകയില്ല; കമ്മ്യൂണിസ്റ്റുകാരന്റെ മകനായതിനാല്‍ മാത്രം ഒരാള്‍ കമ്മ്യൂണിസ്റ്റാവുകയില്ലെന്ന പോലെ. മുസ്‌ലിം ആയ നൂഹ് നബിയുടെ മകന്‍ മുസ്‌ലിം ആയിരുന്നില്ല. മുസ്‌ലിമായ ഇബ്‌റാഹീം നബിയുടെ പിതാവും മുസ്‌ലിമായിരുന്നില്ല. മുസ്‌ലിമായ മുഹമ്മദ് നബിയുടെ പിതൃവ്യന്‍ മുസ്‌ലിം ആയിരുന്നില്ല. മുസ്‌ലിംകള്‍ എന്നത് പെറ്റുപെരുകി ഉണ്ടാവുന്ന ഒരു ‘ജാതി സമുദായമല്ല’; ഒരു ആദര്‍ശ സമൂഹമാണ്. ജനനം മുസ്‌ലിം ആകുന്നതിനുള്ള മുന്നുപാധിയല്ല. വിശ്വാസവും കര്‍മവുമാണ് ഒരാളെ മുസ്‌ലിമാക്കുന്നത്. അതുകൊണ്ടാണ് ഖുര്‍ആന്‍ ഇങ്ങനെ താക്കീത് ചെയ്തത്:

‘സത്യവിശ്വാസികളേ, നിങ്ങള്‍ ദൈവത്തെ സൂക്ഷിക്കേണ്ട വിധം സൂക്ഷിക്കുക. മുസ്‌ലിംകളായിക്കൊണ്ടല്ലാതെ നിങ്ങള്‍ മരിക്കരുത്.’ (3: 102) ഖുര്‍ആന്‍ വിഭാവന ചെയ്യുന്ന ‘മുസ്‌ലിം’ എന്ന പദവി ബോധപൂര്‍വം നിലനിര്‍ത്തിപ്പോന്നില്ലെങ്കില്‍ നഷ്ടപ്പെട്ടു പോകും എന്നാണീ പറഞ്ഞതിനര്‍ഥം. അത് ജന്മം കൊണ്ട് കിട്ടുന്ന ഒരു ജാതിപ്പേരല്ല; വിശ്വാസം കൊണ്ടും കര്‍മം കൊണ്ടും നിലനിര്‍ത്തിപ്പോരേണ്ട ഒരു ഉന്നത പദവിയാണ്. വിശ്വാസം കൊണ്ടും കര്‍മം കൊണ്ടും പ്രസ്തുത പദവി നിലനിര്‍ത്തിപ്പോരുന്നവരെ ഖുര്‍ആന്‍ പറഞ്ഞതിതാണ്:
‘ജനങ്ങള്‍ക്കു വേണ്ടി നിയോഗിക്കപ്പെട്ട ഉത്തമ സമൂഹമാണ് നിങ്ങള്‍. നിങ്ങള്‍ നന്മ കല്‍പിക്കുന്നു. തിന്മ വിരോധിക്കുന്നു. ദൈവത്തില്‍ വിശ്വസിക്കുന്നു.’ (3: 110)

പിന്‍കുറി: വിശ്വാസികള്‍ക്ക് മാതൃകയായി ഖുര്‍ആന്‍ ഉദാഹരിച്ച രണ്ട് സ്ത്രീകളില്‍ ഒരാള്‍, ലോകം കണ്ട കൊടിയ അക്രമിയായ ഫറോവയുടെ ഭാര്യ ആസിയ, മറ്റൊരാള്‍ യേശുവിന്റെ മാതാവ് മര്‍യം. നിഷേധികള്‍ക്ക് മാതൃകയായി ഖുര്‍ആന്‍ പറഞ്ഞ രണ്ട് സ്ത്രീകള്‍ മഹാന്‍മാരായ രണ്ട് പ്രവാചകന്‍മാരുടെ ഭാര്യമാരാണ്; നൂഹ് നബിയുടെയും ലുത്വ് നബിയുടെയും ഭാര്യമാര്‍!

നരകം
ആരാണ് സ്വര്‍ഗാവകാശി?

Related Articles