Current Date

Search
Close this search box.
Search
Close this search box.

ആദ്യത്തെ കണ്‍മണി ആരായിരിക്കണം

ദാമ്പത്യവല്ലരിയില്‍ ഒരു കണ്‍മണി വിരിയണം. ആണായാലും പെണ്ണായാലും ശരി, ആദ്യത്തെ കണ്‍മണി ആണായിരിക്കണം, ആദ്യത്തെ കണ്‍മണി പെണ്ണായിരിക്കണം. ദമ്പതിമാരുടെ ആഗ്രഹങ്ങളാണിത്. ഇതില്‍ ഏതാണ് ശരിയായ ആഗ്രഹം?

ഒരാള്‍ക്ക് ആണ്‍കുട്ടിയാണ് പിറന്നതെങ്കില്‍ കൂട്ടുകാര്‍ പറയും – ഭാഗ്യവാന്‍, പാര്‍ട്ടി കനത്ത രീതിയില്‍ നല്‍കണം എന്ന്. മാതാപിതാക്കള്‍ അങ്ങനെ ചെയ്യുകയും ചെയ്യും. എല്ലാവരുമല്ല. ഈ ആഗ്രഹങ്ങളില്‍ ഏറ്റവും നല്ലത് ദൈവമേ നീ ഞങ്ങള്‍ക്ക് ഒരു നല്ല സന്താനത്തെ നല്‍കണേ എന്നതാണ്. ജനിക്കുന്നത് ആണായാലും പെണ്ണായാലും പറയേണ്ടത് – അല്‍ഹംദു ലില്ലാഹ് (അല്ലാഹുവേ, നിനക്കാണ് സര്‍വസ്തുതിയും) എന്നാണ്.

ഭാര്യ ഗര്‍ഭിണിയായി എന്നറിഞ്ഞപ്പോള്‍ ഈയുള്ളവന്‍ അത് ആണായിരിക്കണേ എന്ന് പ്രാര്‍ഥിച്ചു പോയി. മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ആ പ്രാര്‍ഥനയില്‍ അബദ്ധമുറങ്ങുന്നു എന്ന തോന്നലുണ്ടായി. ഉടനെ തിരുത്തി. അല്ലാഹുവേ ആണാവണം എന്നില്ല, ആകുന്നതില്‍ വിരോധവുമില്ല, ലിംഗമേതായാലും സല്‍സ്വഭാവമുള്ള സന്താനമായിരിക്കണമേ. പിറന്നത് പെണ്‍കുഞ്ഞ്. അടുത്തതും അങ്ങനെ തന്നെ. മനസ്സിന് ഒരു പ്രയാസവും തോന്നിയില്ല. നാലു പെണ്‍കുട്ടികളും ഒരാണ്‍കുട്ടിയുമാണിപ്പോള്‍. അഞ്ചു കുഞ്ഞുങ്ങള്‍ പിറന്നതില്‍ ഒരാള്‍ മരിച്ചു പോയി.

നാലാണും ഒരു പെണ്ണുമായിരുന്നെങ്കില്‍ നാലു പേരില്‍ നിന്നും വരുമാനം ലഭിക്കുമായിരുന്നു എന്ന് എന്നെപോലുള്ള രക്ഷിതാക്കള്‍ ചിന്തിക്കുന്നതില്‍ അര്‍ത്ഥമില്ല. നാല് ആണ്‍കുട്ടികളും മദ്യപാനികളായാല്‍ എന്തുചെയ്യും? ആവുകയില്ലെന്നതിന് എന്തുറപ്പ്?

ആദ്യത്തേത് ആണാകണമെന്ന വിചാരം അവരില്‍ നിന്ന് സാമ്പത്തിക നേട്ടം കിട്ടുമെന്ന ഉറപ്പു കൊണ്ടാണ്. ഭാവി നമ്മുടെ കൈകളിലല്ല. പെണ്‍കുട്ടികളെ തുടരെത്തുടരെ ലഭിക്കുമ്പോള്‍ അസ്വസ്ഥരാകേണ്ടതുമില്ല. സാമ്പത്തിക ശേഷിയില്ലാത്ത മൂന്നും നാലും അഞ്ചും പെണ്‍കുട്ടികളുള്ള, ഒരാണ്‍കുട്ടിയുമില്ലാത്ത രക്ഷിതാക്കളില്‍ എല്ലാ മക്കളെയും കെട്ടിച്ചയച്ച് സംതൃപ്തിയോടെ കഴിയുന്നവരുണ്ട്. മരുമക്കള്‍ മക്കളെ പോലെ പെരുമാറി ഭാര്യാപിതാവിനെയും മാതാവിനെയും ആണ്‍കുട്ടിയില്ലാത്തതിന്റെ വിഷമം അനുഭവപ്പെടാന്‍ അവസരം കൊടുക്കാത്തതിന്റെ ഉദാഹരണങ്ങളും സമൂഹത്തില്‍ കാണാം.

കൂടുതുല്‍ ആണ്‍കുട്ടികള്‍ ഉണ്ടാവുകയും അവര്‍ സമ്പന്നരാവുകയും ചെയ്തിട്ടും മാതാപിതാക്കള്‍ക്ക് മനശാന്തി ലഭിക്കാത്ത അനുഭവവും ഉണ്ട്. അതിനാല്‍ ആദ്യത്തെ കുഞ്ഞ് ആണാകണം എന്ന് ആഗ്രഹിക്കുന്നവരും പ്രാര്‍ഥിക്കുന്നവരും അതില്‍ മറിച്ചൊരു പ്രാര്‍ഥനയുണ്ടെന്ന് ഓര്‍ക്കണം. ആദ്യത്തെ കുഞ്ഞ് പെണ്ണാകരുതേ എന്ന്. ഇത് അപകടകരമായ ഒരാഗ്രഹമല്ലേ? അതെ, ഒന്നോ രണ്ടോ പെണ്‍കുട്ടികള്‍ ജനിച്ച ശേഷം ഒരാണ്‍കുഞ്ഞിന് വേണ്ടി പ്രാര്‍ഥിക്കുന്നതില്‍ ന്യായമുണ്ട്. ചിലര്‍ക്ക് അല്ലാഹു ആണ്‍കുട്ടികളെ മാത്രം നല്‍കുന്നു, ചിലര്‍ക്ക് പെണ്‍കുട്ടികളെ മാത്രവും. മറ്റു ചിലര്‍ക്ക് ആണിനെയും പെണ്ണിനെയും ഇടകലര്‍ത്തിയും നല്‍കുന്നു എന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. അതൊക്കെ അല്ലാഹുവിന്റെ തീരുമാനമാണ്. നമ്മുടെ കടമ ലഭിച്ച കുട്ടികളുടെ പേരില്‍ അല്ലാഹുവിന് നന്ദിയര്‍പ്പിക്കുകയും അവരെ നല്ലവരായി വളര്‍ത്തുകയും ചെയ്യുക എന്നതാണ്.

തുടര്‍ച്ചയായി പെണ്‍കുട്ടികള്‍ ജനിക്കുമ്പോള്‍ അവരുടെ മാതാവിനോട് ചിലര്‍ക്ക് ഒരു അവഗണന തോന്നാറുണ്ട്. വളരെ മോശപ്പെട്ട ഒരു ചിന്തയാണത്. ‘അവള് പ്രസവിക്കുന്നതെല്ലാം പെണ്ണാ’ എന്ന അഭിപ്രായം പാസ്സാക്കും ചിലര്‍. അത് നൊന്തുപെറ്റ ആ മാതാവിന്റെ കരളില്‍ കുത്തലാണ്. ഞാന്‍ പെണ്‍കുട്ടികളെ മാത്രമേ പ്രസവിക്കുകയുള്ളൂ എന്ന് അവള്‍ വാശി പിടിച്ചതു കൊണ്ടല്ലല്ലോ ഇങ്ങനെ സംഭവിച്ചത്. വാശി പിടിച്ചാലോ തീരുമാനിച്ചാലെ നടക്കുന്ന കാര്യമല്ല താനും അത്. എല്ലാം പെണ്‍കുട്ടികളായതിന്റെ പേരില്‍ വല്ല മനപ്രയാസവുമുണ്ടെങ്കില്‍ അവരെ ഈ നബിവചനം കൊണ്ട് സന്തോഷിപ്പിക്കുക. മൂന്ന് പെണ്‍മക്കളെ ലഭിക്കുകയും അവരെ വളര്‍ത്തി സംസ്‌കാര സമ്പന്നരാക്കുകയും ചെയ്തവന്ന് സ്വര്‍ഗമുണ്ടെന്ന്. എന്താണ് പെണ്‍കുട്ടികളെ വളര്‍ത്തുന്ന പിതാവിന് ഈ പദവി ലഭിക്കാന്‍ കാരണം? അത് വലിയ ത്യാഗമാണ്. എട്ടിലെ ഒമ്പതിലോ പഠിക്കുന്ന പെണ്‍കുട്ടി വൈകുന്നേരം പത്തു മിനുട്ട് വൈകിയാല്‍ മാതാപിതാക്കള്‍ക്ക് അസ്വസ്ഥതയായി. ആണ്‍കുട്ടി രണ്ടു മണിക്കൂര്‍ വൈകിയാലും അസ്വസ്ഥതയുണ്ടാവില്ല. അവന്‍ എങ്ങനെയെങ്കിലും എത്തിക്കൊള്ളും എന്ന് സമാധാനിക്കും.

പെണ്‍കുട്ടികള്‍ അധികമുള്ള രക്ഷിതാക്കള്‍ക്ക് സ്‌കൂള്‍ അവധിക്കാലത്ത് വലിയ സന്തോഷമായിരിക്കും. അവരെല്ലാവരും മക്കളുമായി വരും. മക്കളും പേരക്കുട്ടികളുമായി വീട് നിറയും. ആണ്‍കുട്ടികള്‍ ഓരോരുത്തരായി വീടുവെച്ച് പോകും. അവര്‍ക്ക് ഈ രീതിയില്‍ വരാന്‍ കഴിഞ്ഞെന്ന് വരില്ല. എന്നാലും സഹോദരിമാര്‍ വന്നെന്നറിഞ്ഞാല്‍ അവരും കുടുംബ സമ്മേതമെത്തും. തറവാട്ടിലെ വിഭവങ്ങളാര്‍ക്കും പ്രശ്‌നമേയല്ല. കൂടിയിരുന്ന് സ്‌നേഹം കൂട്ടും. അത് ജീവിതത്തിന്റെ മധുരമാണ്. മക്കളുടെ പ്രാര്‍ഥനയാണ് മാതാപിതാക്കളുടെ മരണാനന്തര സമ്പത്ത്. ആണ്‍കുട്ടികളിലൂടെയും പെണ്‍കുട്ടികളിലൂടെയും അത് ലഭിക്കും.

Related Articles