Current Date

Search
Close this search box.
Search
Close this search box.

ആദര്‍ശമാറ്റവും അമ്മയുടെ കണ്ണീരും

sad-eye39.jpg

മുഹമ്മദ് നബി(സ) യുടെ ഭാര്യ ആഇശ(റ)യുടെ അനുജത്തി അസ്മാ(റ) ഇസ്‌ലാം സ്വീകരിച്ചപ്പോള്‍ അവര്‍ക്ക് ഒരു സംശയം ഉണ്ടായി ‘അവിശ്വാസിയായ മാതാവിനോട് ഇനി എങ്ങനെ പെരുമാറണം?’ സ്വാഭാവികമായും അവര്‍ ഈ സംശയം പ്രവാചകനോട് ഉന്നയിച്ചു. അപ്പോള്‍ തിരുദൂതര്‍ പറഞ്ഞ മറുപടി ‘അവരോട് നീ ഏറ്റവും നന്നായി പെരുമാറണം’ എന്നത്രെ.

ഏതവസ്ഥയിലും മാതാപിതാക്കള്‍ക്ക് നന്മ (ബിര്‍റ്) ചെയ്യണമെന്നും അവരോട് നീരസം കലര്‍ന്ന ഒരു വാക്കു പോലും, ‘ഛെ’ എന്നു പോലും പറഞ്ഞു പോകരുതെന്നും വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇസ്‌ലാമില്‍ ഏറ്റവും പ്രധാനപ്പെട്ടതാണല്ലോ ധര്‍മ്മസമരം (ജിഹാദ്) എന്നാല്‍ ജിഹാദിന് ഇറങ്ങിപ്പുറപ്പെട്ട ഒരാളോട് പ്രവാചകന്‍ മാതാവ് ജീവിച്ചിരിപ്പുണ്ടോ എന്നന്വേഷിക്കുകയും തുടര്‍ന്ന് അവര്‍ക്ക് പരിചരണം ചെയ്യാന്‍ വേണ്ടി യുദ്ധത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കാതെ മടക്കി അയക്കുകയുണ്ടായി. അഥവാ മാതൃ സംരക്ഷണമാണ് അപ്പോഴത്തെ സാക്ഷാല്‍ ജിഹാദ് എന്നര്‍ത്ഥം.

ചുരുക്കത്തില്‍ ഇസ്‌ലാം സ്വീകരിച്ചു എന്ന കാരണത്താല്‍ ആരെങ്കിലും സ്വന്തം മാതാവിനെയോ, മാതാപിതാക്കളെയോ കണ്ണീരു കുടിപ്പിക്കുന്നുണ്ടെങ്കില്‍ അത് ഇസ്‌ലാമിനെ പറ്റി യഥാവിധി അറിയാത്തതുകൊണ്ട് മാത്രമാണ് (മാതാവ് ശിര്‍ക് ഉള്‍പ്പെടെയുള്ള തിന്മകള്‍ ചെയ്യാന്‍ പറഞ്ഞാല്‍ അനുസരിക്കേണ്ടതില്ല എന്നതു മാത്രമാണ് ഇക്കാര്യത്തിലുള്ള ഉപാധി)

അവധാനതയോടെ കാര്യങ്ങള്‍ മനസ്സിലാക്കാതെ എടുത്തു ചാടുന്ന ചില മുസ്‌ലിംകളും, സംഘടനകളും കൂടി ഇത്തരം സംഭവങ്ങളില്‍ പ്രതികളാണ്. ഇസ്‌ലാം ആശ്ലേഷിക്കാന്‍ ആഗ്രഹിക്കുന്നവരോട്, ആദര്‍ശ സ്വീകരണത്തിന്റെ പേരില്‍ രക്തബന്ധം മുറിക്കേണ്ടതില്ലെന്നും ഇസ്‌ലാം അങ്ങേയറ്റം മാനവികമാണെന്നും പറഞ്ഞ് മനസ്സിലാക്കലാണ് നമ്മുടെ കടമ. സ്വര്‍ഗം മാതാവിന്റെ കാല്‍ക്കീഴിലാണെന്ന് പഠിപ്പിക്കുന്ന ഇസ്‌ലാം, അമ്മയുടെ കണ്ണീരിന് വില കല്‍പ്പിക്കുന്നില്ലെന്ന് പറയാന്‍ പറ്റുമോ?

Related Articles