Current Date

Search
Close this search box.
Search
Close this search box.

ആകാശ യാത്രയിലെ ലഹരി സേവ

plane-tr.jpg

ഈയിടെ ദോഹയില്‍ നിന്നും നാട്ടിലേക്കുള്ള വിമാനയാത്രയിലെ അനുഭവവും അതോടനുബന്ധിച്ച ചില ചിന്തകളും പങ്കുവെയ്ക്കട്ടെ. യാത്രക്കാര്‍ എല്ലാവരും ഇരിപ്പിടങ്ങളില്‍ സ്ഥാനം പിടിച്ചതിനു ശേഷം സേവന സന്നദ്ധരായ ആകാശ സുന്ദരികള്‍ അങ്ങുമിങ്ങും ഓടിക്കിതക്കുന്നു. സുരക്ഷാ സംവിധാനങ്ങളുടെ മുന്നറിയിപ്പുകള്‍ കഴിയുന്നതോടെ ആകാശ പാതയിലേയ്ക്ക് വിമാനം ഇരച്ചു പൊന്തുന്നു. കൃത്യമായ ദിശയില്‍ വിമാനം പറന്നുയര്‍ന്നു ശാന്തമാകുന്നതോടെ സുന്ദരികള്‍ വീണ്ടും സേവനക്കളത്തിലിറങ്ങുന്നു. തുടര്‍ന്ന് സ്വീകരണ മര്യാദയുടെ പ്രാഥമിക ദൗത്യം തുടങ്ങുകയായി. വിവിധ തരത്തിലും രുചിയിലുമുള്ള ശീതള പാനീയങ്ങളും നിര്‍ദോഷകരമെന്ന വ്യാജേന സല്‍കരിക്കുന്ന ലഹരിയും ഇക്കൂട്ടത്തില്‍ വിളമ്പും. ഈ ആദ്യ വിരുന്നൂട്ടിലൂടെ യാത്രക്കാരിലെ ലഹരിപ്രിയര്‍ തിരിച്ചറിയപ്പെടുകയും ഇത്തരക്കാരുടെ ആവശ്യമനുസരിച്ച് മദ്യ കച്ചവടം ആയാസരഹിതമാക്കാനും സാധിക്കുന്നുണ്ടാകാം. ജിവിതത്തില്‍ ഒരിക്കല്‍ പോലും ലഹരി നുകരാത്ത ചില നിഷ്‌കളങ്കര്‍ വെറുതെ കിട്ടുന്ന ലഹരി പാനീയം തെരഞ്ഞെടുക്കുന്ന സാധ്യത ദൗര്‍ഭാഗ്യകരമെന്നേ പറയാനാകൂ.

അടുത്ത ഘട്ടം കച്ചവടമാണ്. ഇവിടെ മദ്യം ഉപയോഗിക്കുന്നവരുടെ സ്വാതന്ത്ര്യം പോലെ ഉപയോഗിക്കാത്തവരുടെ സ്വാതന്ത്ര്യം വില കല്‍പിക്കപ്പെടുന്നില്ല. അന്തര്‍ദേശീയമായാല്‍ നെറികേടിനാണ് കൂടുതല്‍ നിയമപരമായ ആനുകൂല്യം എന്നത് അലിഖിത നിയമമായിരിക്കുന്നതായി പലപ്പോഴും അനുഭവപ്പെട്ടിട്ടുണ്ട്.

തൊട്ടടുത്ത യാത്രികന് ആദ്യ പാതി മോന്തുമ്പോഴേക്കും താളം പിഴക്കുന്നുണ്ടായിരുന്നു. ഒരു തരം ഗോഷ്ടികള്‍, അപശബ്ദങ്ങള്‍, ഇടക്ക് സ്തുതികളും സ്‌ത്രോതങ്ങളും, അക്ഷമയോടെയുള്ള അടക്കഅനക്കങ്ങളും. ശരിക്കും പൊറുതിമുട്ടിയ നിമിഷങ്ങള്‍. ഇതു പോലൊരു യാത്ര മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. ഇതൊക്കെയായിട്ടും വിളമ്പിക്കൊടുക്കുന്നതില്‍ ഒരു കുറവും വരുത്തരുതെന്ന വാശിയോടെയുള്ള സുന്ദരികളുടെ സേവന നിരതയാണ് ശരിക്കും അസ്വസ്ഥനാക്കിയത്. ഒടുവില്‍ ഞാന്‍ പറഞ്ഞു. മദ്യപിക്കാത്തവര്‍ക്കും ചില അവകാശങ്ങളൊക്കെയുണ്ട്. രണ്ട് പേരേയും പര്‍ഗണിക്കാനെന്ന പോലെയുള്ള ഇളി മാത്രമായിരുന്നു മറുപടി. അഭിപ്രായങ്ങള്‍ കുറിക്കാനുണ്ടെന്നു പറഞ്ഞപ്പോള്‍ കടലാസും പേനയും തന്നു. അതില്‍ യാത്രാ ദുരിതം ഹൃസ്വമായി കുറിച്ചു കൊടുത്തപ്പോള്‍ മാത്രമാണ് മദ്യം വിളമ്പല്‍ നിര്‍ത്തിയത്.

അന്തര്‍ദേശീയ സേവനത്തിന്റെ ഭാഗമാണ് വിമാനങ്ങളില്‍ ലഹരി വിളമ്പുന്നത്. അവസരോചിതമായി അനുചിതമായ ചില നിയന്ത്രണങ്ങള്‍ ജീവനക്കാര്‍ എടുക്കാറുണ്ട്. താങ്കളുടെ അഭിപ്രായത്തെ മാനിക്കുന്നു. എന്നൊക്കെയുള്ള ഒരു ഈമെയില്‍ മറുപടി വിമാന കമ്പനി അയച്ചു തന്നിട്ടുണ്ട്. പുകവലി ഘട്ടം ഘട്ടമായി നിയന്ത്രിച്ചതു പോലെ ഒരു തുടക്കം ലഹരിയുടെ കാര്യത്തിലും ആകാം. ഇത്തരത്തില്‍ വിമാനക്കമ്പനികള്‍ ചിന്തിച്ചെങ്കില്‍ എന്നാശിച്ചു പോകുന്നു. ആകാശത്ത് ലഹരി സദ്യ ഒരുക്കുന്ന ഈ കലാപരിപാടിക്ക് കടിഞ്ഞാണിടാന്‍ ശബ്ദിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Related Articles