Current Date

Search
Close this search box.
Search
Close this search box.

അല്‍അസ്ഹറും മതേതരത്വവും

AZHAR.jpg

അല്‍അസ്ഹര്‍ ചരിത്രത്തിലുടനീളം ഇസ്‌ലാമിനും ശരീഅത്തിനും അറബി വിജ്ഞാന-സാഹിത്യങ്ങള്‍ക്കും മേല്‍ വിശ്വസ്തനായ കാവല്‍ക്കാരനായാണ് നിലകൊണ്ടിട്ടുള്ളത്. ഇസ്‌ലാമിക നാടുകള്‍ക്ക് നേരെയുള്ള സായുധവും ചിന്താപരവുമായ ആക്രമണങ്ങളെ ചെറുക്കാന്‍ അതിര്‍ത്തികളില്‍ നിലയുറപ്പിച്ച കാവല്‍ ഭടന്മാരാണവര്‍. ആധുനിക പാശ്ചാത്യ സാമ്രാജ്യത്വ വിപ്ലവത്തിന്റെ ഭാഗമായി ഉടലെടുത്ത മതേതരത്വം പൗരസ്ത്യ നാടുകളില്‍ മതത്തെയും രാഷ്ട്രത്തെയും തമ്മില്‍ വേര്‍തിരിക്കാന്‍ കച്ചകെട്ടിയിറങ്ങിയപ്പോള്‍ അത് ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങള്‍ക്ക് കോട്ടംതട്ടിക്കുന്നതാണെന്ന പരാമര്‍ശവുമായി രംഗത്തുവന്നത് അസ്ഹര്‍ പണ്ഡിതന്മാരായിരുന്നു.

പ്രമുഖ അസ്ഹര്‍ പണ്ഡിതന്‍ ശൈഖ് ജാദുല്‍ഹഖ് അലി ജാദുഅല്‍ഹഖ് ഈ സാഹചര്യത്തില്‍ പറഞ്ഞതിങ്ങനെയാണ്: സാമൂഹിക പ്രസ്ഥാനങ്ങളില്‍ നിന്നും ഭരണകാര്യങ്ങളില്‍ നിന്നും ഈ ലോകത്തുനിന്നുതന്നെയും മതത്തെ വേര്‍പെടുത്താന്‍ ആവശ്യപ്പെടുന്ന ഒരു പാശ്ചാത്യ തത്വസംഹിതയാണ് മതേതരത്വം. വിശ്വാസ കാര്യങ്ങളും അരാധനാചിഹ്നങ്ങളും ഇതില്‍നിന്ന് ഒഴിവാണ്. ഇത് തികച്ചും ഭൗതികമായ തത്വവും പിഴച്ച ചിന്തയുമാണ്. പാശ്ചാത്യ സാഹചര്യങ്ങളുടെ ഫലമായി പിറവികൊണ്ട ഒന്നാണ് മതേതരത്വം. ആത്മീയ കാര്യങ്ങളിലും സ്വര്‍ഗരാജ്യത്തിനും മാത്രം മുഖ്യ പ്രാധാന്യം നല്‍കാന്‍ ആവശ്യപ്പെടുന്ന ഇതൊരു ആത്മീയ സന്ദേശമാണെന്നാണ് ക്രൈസ്തവരുടെ വാദം. രാഷ്ട്രകാര്യങ്ങളിലും ഭൗതിക നേതൃത്വങ്ങളിലും സഭ ഇടപെടുന്നത് ‘ സീസര്‍ക്കുള്ളത് സീസര്‍ക്കും ദൈവത്തിനുള്ളത് ദൈവത്തിനും’ എന്ന അവരുടെ അടിസ്ഥാന തത്വത്തിന് വിരുദ്ധമാണ്. വ്യക്തിയുടെ ബന്ധം സൃഷ്ടാവില്‍ മാത്രം പരിമിതപ്പെടുത്തി ക്രൈസ്തവതയെ പള്ളിയുടെ അകത്തളത്തിലേക്ക് തിരിച്ചുവിടാന്‍ മതേതരത്വം വന്നപ്പോള്‍ അവരതിന് അനുമതി നല്‍കി. എന്നാല്‍ ക്രൈസ്തവതയെ സംബന്ധിച്ചിടുത്തോളം അവരുടെ പരിധികള്‍ ലംഘിച്ച പാശ്ചാത്യ ക്രിസ്തീയ സഭയുടെ തെറ്റ് തിരുത്തുക എന്ന ഉത്തരവാദിത്വമായിരുന്നു മതേതരത്വത്തിനുണ്ടായിരുന്നത്.

എന്നാല്‍ ഇസ്‌ലാമിന്റെ അവസ്ഥ അതല്ല. വിശ്വാസം, നിയമം, നാഗരികത, ധാര്‍മികത തുടങ്ങി ദീനിനും ദുനിയാവിനും ഇഹത്തിനും പരത്തിനും അനിയോജ്യമായ സമഗ്രദര്‍ശനമാണ് ഇസ്‌ലാം. അതിനാല്‍ ഇസ്‌ലാം ഭരണാധികാരിയെ ദൈവിക വര്‍ണംപൂശുന്നു. മാനുഷിക ഭരണത്തെ ഇസ്‌ലാമിക നിയമസംഹികളെകൊണ്ട് വ്യവസ്ഥപ്പെടുത്തുന്നു. രാഷ്ട്രീയത്തില്‍നിന്നും ഭരണകാര്യങ്ങളില്‍നിന്നും ഇസ്‌ലാം വിട്ടുനില്‍കണമെന്ന മതേതരത്വത്തിന്റെ ആവശ്യം ഒരു കാല്‍ മുറിച്ചുകളയുന്നതിന് തുല്ല്യമാണ്. അതെല്ലെങ്കില്‍ ശ്വാസകോശങ്ങളിലൊന്ന് നിശ്ചലമാക്കുന്നതിന് സമമാണ്. വേദഗ്രന്ഥത്തിലെ ചില സൂക്തങ്ങളുടെ നിഷേധവും വിശ്വാസത്തിലുള്ള ന്യൂനതയുമാണത്. ഇസ്‌ലാമിക ലോകത്ത് പ്രശ്‌നങ്ങളല്ല, പരിഹാരമാണ് മതേതരത്വം, എന്ന പേരില്‍ സമകാലിക ഇസ്‌ലാമിക ലോകത്ത് മതേതരത്വം നടത്തിക്കൊണ്ടിരിക്കുന്ന ആഹ്വാനത്തിന്റെ മാര്‍ഗഭ്രംശം വെളിപ്പെടുകയാണിവിടെ.

അല്‍അസ്ഹറിന്റെ വിവിധ സ്വാതന്ത്ര്യങ്ങള്‍ തിരിച്ചുപിടിക്കുന്നതില്‍ ഏറെ പരിശ്രമിച്ച, സത്യത്തിനുവേണ്ടി ക്ഷമയവലംബിച്ചും സത്യങ്ങള്‍ വിളിച്ചോതിയും ദുനിയാവിലെ വിഭവങ്ങളോട് വിരക്തിപൂണ്ടും അടുയുറച്ചുനിന്ന, വിധിപറയുന്നതിലും ഫത്‌വ കൊടുക്കുന്നതിലും സദാ വ്യാപൃതനായ അല്‍അസ്ഹര്‍ പണ്ഡിതന്‍ എഴുതിയതാണിത്.

അല്‍അസ്ഹര്‍ സര്‍വകലാശാലയില്‍നിന്ന് പഠനം പൂര്‍ത്തിയാക്കി ജര്‍മനിയില്‍നിന്ന് ഡോക്ടറേറ്റ് നേടിയ പണ്ഡിതനാണ് ശൈഖ് മുഹമ്മദ് അല്‍ബഹ്‌യ്. വഖ്ഫ് മന്ത്രാലയത്തിന്റെയും പിന്നീട് അസ്ഹറിന്റെയും നേതൃത്വത്തില്‍വന്നു. ചിന്തയുടെയും എഴുത്തിന്റെയും മേഖലയില്‍ അഭിമാനകരമായ സ്ഥാനം വഹിച്ച ഇദ്ദേഹം മതേതരത്വത്തെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്: വിശ്വാസത്തിന്റെ എല്ലാ രൂപത്തെയും ആരാധനാകര്‍മങ്ങളെയും നിരാകരിക്കുന്ന തത്വങ്ങളുടെയും നിയമങ്ങളുടെയും വ്യവസ്ഥയാണ് മതേതരത്വം. ഇസ്‌ലാമിന്റെ സാന്നിദ്ധ്യത്തില്‍ മതേതരത്വത്തിന് സ്ഥാനമില്ല. മതേതരത്വത്തിന്റെ സാന്നിദ്ധ്യത്തില്‍ ഇസ്‌ലാമിനും. സങ്കല്‍പാധിഷ്ഠിതമായ പരിഹാരം മാത്രമാണ് മതേതരത്വം. യാഥാര്‍ത്ഥ്യമുള്ളതോ പ്രായോഗികമോ ആയ പരിഹാരമല്ല. ഇസ്‌ലാമിലെ ഭരണകൂടം ദൈവീകമല്ല, മാനുഷികമാണ്. വിമര്‍ശനക്ക് വിധേയമാക്കാനും കൂടിയാലോചന നടത്താനും അപ്പീലുകള്‍ സമര്‍പ്പിക്കാനും അതില്‍ അവസരമുണ്ട്. തെറ്റുകളും പിഴവുകളും സംഭവിച്ചേക്കാവുന്ന മാനുഷികമായ ഭരണകൂടം മാത്രമാണത്.

പാശ്ചാത്യ മതേതരത്വം അധികാരത്തെ ലൗകികം, മതപരം എന്നിങ്ങനെ രണ്ടായി തരംതിരിച്ചിരിക്കുകയാണ്. ഇസ്‌ലാമില്‍ രണ്ട് അധികാരങ്ങളില്ല. അതുകൊണ്ട് ഇസ്‌ലാമിക നാടുകളെ പിടിച്ചടക്കാന്‍ തുനിഞ്ഞിട്ടുള്ള മതേതരത്വം ഇസ്‌ലാമിനും രാഷ്ട്രത്തിനുമിടയില്‍ വേര്‍തിരിവുണ്ടാക്കി ഭരണത്തില്‍നിന്നും ഭരണകാര്യങ്ങളില്‍നിന്നും ഇസ്‌ലാമിനെ അകറ്റിനിര്‍ത്തിക്കൊണ്ടാണ് അത് നടപ്പിലാക്കിയുരുന്നത്. ക്രമേണെ ഇസ്‌ലാമിക നാടുകളിലെ ഈ പാശ്ചാത്യ അധിനിവേഷത്തിനു കീഴില്‍ ഇസ്‌ലാമിക പൈതൃകത്തെയും ഉറവിടങ്ങളേയും അവലംബിക്കുന്നത് കുറഞ്ഞുതുടങ്ങും. സംസ്‌കാരത്തിലും നിയമനിര്‍മാണത്തിലും പഠന-ഗവേഷണ ആസൂത്രണങ്ങളിലും പാശ്ചാത്യരെ അവലംബിക്കുന്നതിലേക്കെത്തും. അങ്ങനെ മേല്‍കോയിമയുള്ളവരും ഇസ്‌ലാമിക സമൂഹത്തിന്റെ സ്വാതന്ത്ര്യം തല്ലിക്കെടുത്തുന്നവരുമായവരെ കൂടുതലായി ആശ്രയിക്കുമ്പോള്‍ ഇസ്‌ലാമിക സമൂഹങ്ങളുടെ സ്വാതന്ത്ര്യം ധുര്‍ബലപ്പെട്ടുകൊണ്ടിരിക്കും.

ഇസ്‌ലാമിക ലോകത്തെ പാശ്ചാത്യ നാഗരികതയുടെ കേന്ദ്രത്തിലേക്ക് കൂട്ടിച്ചേര്‍ക്കാനുള്ള സംവിധാനമായി അവര്‍ കണ്ട പാശ്ചാത്യ മതേതരത്വത്തെ അല്‍അസ്ഹറിന്റെ മുതിര്‍ന്ന പണ്ഡിതന്‍മാര്‍ നിഷേധിച്ചത് ഇങ്ങനെയാണ്. ഇസ്‌ലാമിക ലോകത്തിലെ ഏറ്റവും വലിയ സംസ്‌കാരിക സ്വാതന്ത്ര്യത്തിന്റെ നാഴികക്കല്ലായി ഇസ്‌ലാമിക ശരീഅത്തിനെ പ്രതിനിധീകരിക്കാന്‍ അവര്‍ക്ക്‌ സാധിച്ചു.

വിവ: ഉമര്‍ ഫാറൂഖ്‌

Related Articles