Current Date

Search
Close this search box.
Search
Close this search box.

അല്ലാഹുവിന്റെ വര്‍ണമണിയുക

allah.jpg

മനുഷ്യന്‍ അല്ലാഹുവിന്റെ സൃഷ്ടിയാണ്. പ്രപഞ്ചത്തിലെ ഇതര സൃഷ്ടികളെ പോലെ അവന് വഴങ്ങി ജീവിക്കേണ്ടവന്‍. പക്ഷെ, ഇതര സൃഷ്ടിജാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി അല്ലാഹു അവന് ജീവിതത്തില്‍ സ്വാതന്ത്ര്യത്തിന്റെ ചില മേച്ചില്‍ പുറങ്ങള്‍ നല്‍കി. (വിശുദ്ധ ഖുര്‍ആന്‍ – 76 : 2) നല്‍കപ്പെട്ട് സ്വാതന്ത്ര്യത്തിലും അല്ലാഹുവിന്റെ അടിമത്തം ഉദ്‌ഘോഷിക്കുക അവന്റെ ബാധ്യതയാണ്. അതിന്റെ സാക്ഷ്യപ്പെടുത്തലാണ് അല്ലാഹു ഒന്നാം മഹാസമ്മേളനത്തില്‍ അവരില്‍ നിന്ന് വാങ്ങിയ പ്രതിജ്ഞ. ഞാനല്ലയോ നിങ്ങളുടെ റബ്ബ് എന്ന ചോദ്യത്തിന് അതെ, ഞങ്ങള്‍ സാക്ഷ്യം വഹിച്ചിരിക്കുന്നു എന്നു പ്രഖ്യാപിച്ചവരാണ് ഭൂമിയിലെ ഓരോ മനുഷ്യനും. (അഅ്‌റാഫ് : 172)

മണ്ണില്‍ നിന്ന് സൃഷ്ടിക്കപ്പെട്ട അവന് തന്റെ നാഥന്റെ ആത്മാവിന്റെ ഭാവമാണ് നല്‍കിയിരിക്കുന്നത്. അങ്ങനെയുള്ള അവന്റെ ജീവിതം അല്ലാഹുവിന്റെ വര്‍ണത്തില്‍ ചാലിച്ചെടുക്കുക എന്നത് ഒരേ സമയം ആത്മാവിന്റെ തേട്ടവും ഭൂമിയിലെ ദൗത്യവുമായി തീരുന്നു. അല്ലാഹു പറയുന്നു: ‘അല്ലാഹുവിന്റെ വര്‍ണം സ്വീകരിക്കുക. അല്ലാഹുവിന്റെ വര്‍ണത്തെക്കാള്‍ വിശിഷ്ടമായി ആരുടെ വര്‍ണമുണ്ട്? അവനെയാണ് ഞങ്ങള്‍ വഴിപ്പെടുന്നത്.’ (അല്‍-ബഖറ: 138)

തന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് വേണ്ടി, സ്വന്തത്തില്‍ നിന്ന് ആവശ്യാനുസരണം ഉപേക്ഷിക്കാന്‍ സാധിക്കുന്ന ഒന്നല്ല അല്ലാഹുവിന്റെ ‘വര്‍ണം’. അല്ലാഹുവിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ ജീവിതത്തില്‍ നിന്ന് വേര്‍പ്പെടുത്താനാവാത്ത സ്ഥായിയായ ഗുണമാക്കി മാറ്റലാണത്. മനുഷ്യന്റെ ആത്മാവില്‍ തുടിക്കുന്ന പ്രകൃതിബോധമാണത്. ജീവിതത്തെ അല്ലാഹുവിന്റെയും അവന്റെ പ്രവാചകന്റെയും കല്‍പനകള്‍ക്കനുസരിച്ച് ക്രമപ്പെടുത്തലാണത്. ജീവിതത്തില്‍ പ്രതിസന്ധികളുടെയും പരീക്ഷണങ്ങളുടെയും പേമാരി പെയ്യുമ്പോള്‍ ഒലിച്ചു പോകുന്നതല്ല അല്ലാഹുവിന്റെ വര്‍ണം. മറിച്ച് പരീക്ഷണത്തിന്റെ ഉച്ചവെയിലില്‍ ദൈവിക പ്രാതിനിധ്യത്തിന്റെ വെള്ളിവെളിച്ചമാകലാണത്.

ചരിത്രത്തിന്റെ താരാപഥങ്ങളില്‍ അല്ലാഹുവിന്റെ വര്‍ണമണിഞ്ഞ സച്ചരിതരായ വ്യക്തിത്വങ്ങളാണ് അതില്‍ നമുക്ക് മാതൃക. ചുട്ടുപഴുത്ത മണലാര്യണ്യത്തിന്റെ കൊടും ചൂടില്‍ നെഞ്ചിലേറ്റപ്പെട്ട കരിങ്കല്‍ കഷ്ണത്തിന്റെ വേദനയിലും ബിലാല്‍(റ) അണിഞ്ഞത് അല്ലാഹുവിന്റെ വര്‍ണമായിരുന്നു. ഉരുവിട്ടത് അവന്റെ വാക്യമായിരുന്നു. അടിവയറ്റിലേക്ക് ആഴ്ന്നിറങ്ങിയ കുന്തമുനയില്‍ കിടന്നു പിടഞ്ഞപ്പോഴും സുമയ്യ(റ)യുടെ ചുടുനിശ്വാസത്തിലും ചുടുരക്തത്തിലും നിറഞ്ഞ് നിന്നത് അല്ലാഹുവിന്റെ വര്‍ണമായിരുന്നു.

ജാഹിലിയത്തിന്റെ മുഴുവന്‍ മഴവില്‍ വര്‍ണങ്ങളും വാരിയെറിഞ്ഞ് കാലം നമ്മെ മാടിവിളിച്ചു കൊണ്ടിരിക്കുകയാണിന്ന്. അവയെല്ലാം വലിച്ചെറിഞ്ഞ് അല്ലാഹുവിന്റെ വര്‍ണമണിയാനായി സത്യത്തിന്റെയും നീതിയുടെയും മാര്‍ഗത്തിലേക്ക് നമുക്ക് ഓടിയടുക്കാം.

Related Articles