Current Date

Search
Close this search box.
Search
Close this search box.

അറിയപ്പെടാത്ത കൃഷ്ണയ്യര്‍

എല്ലാ പലചരക്ക് കച്ചവടക്കാരേയുംപോലെ കൊയിലാണ്ടി മാര്‍ക്കറ്റ് റോഡിലെ കുഞ്ഞമ്മദ്ക്കയും കോഴിക്കോട് വലിയങ്ങാടിയിലെ മൊത്തക്കച്ചവടക്കാരില്‍ നിന്നായിരുന്നു ചരക്കെടുത്തുവന്നത്. സ്ഥിരം പാര്‍ട്ടിയായതുകൊണ്ട് ഈ ഇടപാടില്‍  റൊക്കം പണം കൊടുക്കാതെ നിശ്ചയിക്കുന്ന ഗഡുവിന്ന് കൃത്യമായി കണക്ക്തീര്‍ക്കുന്നവര്‍ക്ക് സ്വാഭാവികമായി  ഇളവുകളുമുണ്ടാകും അവധിതെറ്റിയാല്‍ എല്ലാ ഇളവുകളും അവസാനിപ്പിച്ച് അവരുടെ കരിമ്പട്ടികയില്‍ ചേര്‍ക്കുകയും ചെയ്യും. ഇത് ചില്ലറക്കച്ചവടക്കാരനെ സാരമായി ബാധിക്കുകയും ഭാവിയില്‍ അവര്‍ക്ക് പ്രയാസമായിത്തീരുകയും ചെയ്യും. ബാങ്ക് ഇടപാടുകളുണ്ടെങ്കിലും തത്വത്തില്‍ ഇത് ഇന്നും തുടര്‍ന്നുവരുന്നു.

കുഞ്ഞമ്മദ്ക്ക വലിയങ്ങാടിയിലെ ഗുജറാത്തി മൊത്തക്കച്ചവടക്കാരന്ന് പണം എത്തിക്കാനുള്ള അവസാന ദിവസമായിരുന്നു. ഇന്നേവരെ അവധിയൊന്നും തെറ്റിച്ചിട്ടില്ല. ഉടനെ കോഴിക്കോട്ടെത്തണം. തളിപ്പറമ്പ്-കോഴിക്കോട് ബസ്സ് മാത്രമേ ആ കാലത്ത് കോഴിക്കോട്-കൊയിലാണ്ടി റൂട്ടില്‍ കൃത്യമായി ഓടിയിരുന്നുള്ളു. പകല്‍ 11 മണിയായിട്ടും ഒരു ബസ്സും കിട്ടിയില്ല. ബദ്ധപ്പെട്ട് ടൗണിലെ പോസ്റ്റാപ്പിസിനു മുമ്പില്‍ വടക്കുനിന്ന് വരുന്ന വാഹനങ്ങള്‍ക്കെല്ലാം അയാള്‍ കൈകാണിച്ചുകൊണ്ടിരുന്നു. അവസാനം ഒരു വെള്ള അമ്പാസിഡര്‍കാര്‍ മുമ്പോട്ട്‌പോയി ബ്രേക്കിട്ട് പിറകോട്ട് വന്നു. കുഞ്ഞമ്മദ്ക്ക ഞെട്ടി. വല്ല വലിയ ഉദ്യോഗസ്ഥന്മാരുടെ കാറായിരിക്കുമോ. അബദ്ധമായോ അയാള്‍ പേടിച്ച് അടുത്ത ഹോട്ടലിനകത്തേക്ക് ഓടിക്കയറി. പിറകോട്ട്‌വന്ന കാറിലെ ഡ്രൈവര്‍ ഇറങ്ങിവന്ന് അയാളെ വിളിച്ചുകൊണ്ടുവന്നു. കാറിനകത്ത് പിന്‍സീറ്റിലുണ്ടായിരുന്നയാള്‍ചോദിച്ചു: ‘നിങ്ങള്‍ക്കെവിടെയാണ് പോകേണ്ടത്?’
‘അറിയാതെ കൈകാണിച്ചുപോയതാണ്. അര്‍ജന്റായി കോഴിക്കോട്ടെത്തേണ്ടിയിരുന്നു.’
‘സാരമില്ല. കയറി ഇരിക്കൂ.’  കുഞ്ഞമ്മദ്ക്ക അച്ചടക്കത്തോടെ കയറിയിരുന്നു. കാര്‍ കോഴിക്കോട് മാനാഞ്ചിറ ജങ്ഷനിലെത്തിയപ്പോള്‍ പിന്‍സീറ്റിലുണ്ടായിരുന്നയാള്‍: ‘നിങ്ങള്‍ക്കെവിടെയാണ് ഇറങ്ങേണ്ടത്?””ഇവിടെ മതി.” എന്നു പറഞ്ഞ് അയാള്‍ ഉടനെ ഇറങ്ങി വലിയങ്ങാടിയിലേക്ക് ഓടി.

വിവരം കൊയിലാണ്ടിയില്‍ അധികമാരും അറിഞ്ഞിരുന്നില്ല. മൂന്നാം ദിവസം പകല്‍ 3 മണിക്ക് കൊയിലാണ്ടി ടൗണിന്റെ നടുക്ക് തെക്കുനിന്ന് ഒരു വെള്ള അംബാസിഡര്‍ കാര്‍ വന്നുനിന്നു. കൈയില്‍ ഒരു പൊതിയുമായി ഡ്രൈവര്‍ പുറത്തിറങ്ങി. രണ്ടുദിവസം മുമ്പ് വണ്ടിക്ക് കൈകാട്ടി കയറിയ ആളെ അന്വേഷിച്ചു. കുഞ്ഞമ്മദ്ക്കാനെ ഏല്‍പിക്കാനായി ഒരു കടലാസ്‌പൊതി അവിടെ കൂടിയ ഏതാനും സഖാക്കളെ ഏല്‍പിച്ചു. കോഴിക്കോട് ഇറങ്ങുമ്പോള്‍ കുഞ്ഞമ്മദ്ക്ക ചെരുപ്പ് കാറിനകത്ത് മറന്നുപോയിരുന്നു. കാലം 1958-ലാണ് സംഭവം. ഐക്യകേരളരൂപീകരണത്തില്‍ നിയമ, ആഭ്യന്തര, ജയില്‍ വകുപ്പുകളുടെ മന്ത്രിയായ വി.ആര്‍. കൃഷ്ണയ്യര്‍ തലശ്ശേരിയില്‍നിന്ന് സ്വന്തം കാറില്‍ തിരുവനന്തപുരത്തേക്ക് പോകുമ്പോഴയിരുന്നു സംഭവം. കൊയിലാണ്ടിയിലെ അന്നത്തെ കുട്ടിസഖാക്കള്‍ പിന്നീട് വിളിച്ചുകൂവി : ”ഏത് മന്ത്രിയുണ്ടെടാ ഇങ്ങിനെ ചെരിപ്പ് തിരികെ കൊടുത്തയക്കാന്‍, കൃഷ്ണയ്യരല്ലാതെ.” കൃഷ്ണയ്യര്‍ സ്വതന്ത്രനായാണ് അസംബ്ലിയിലേക്ക് ജയിച്ചത്.

Related Articles