Current Date

Search
Close this search box.
Search
Close this search box.

അര്‍ഥനകള്‍ ആവര്‍ത്തിക്കുമ്പോള്‍

dua-prayer.jpg

“എനിക്കൊരു രണ്ടായിരം രൂപയുടെ വായ്പ കിട്ടിയാല്‍ നന്നായിരുന്നു.”

“നന്നായിരുന്നു എന്നത് ശരി തന്നെ. പക്ഷെ എന്റെ കയ്യില്‍ വേണ്ടേ തരണമെങ്കില്‍'”
“ഒരായിരം കിട്ടിയാലും തല്‍ക്കാലം ഒപ്പിക്കാമായിരുന്നു.”
“ഒരു അഞ്ഞൂറ്…”
“ഇല്ലെന്ന് പറഞ്ഞാല്‍ അതങ്ങ് വിശ്വസിച്ചാല്‍ പോരേ? കുത്തികുത്തി ചോദിക്കണോ?”

ജീവിത പുസ്തകത്തില്‍ എന്ന് പറിച്ചെടുത്ത ഒരു താളില്‍ നിന്നാണ് നിങ്ങള്‍ വായിച്ച ഈ ചോദ്യങ്ങളും മറുപടികളും. സമ്പന്നനായ പരിചിതനോട് ഒരു ദരിദ്രന്റെ പ്രതീക്ഷാ നിര്‍ഭരവും ദയനീവുമായ ചോദ്യമാണിത്. രണ്ടോ മൂന്നോ മാസം കഴിഞ്ഞ് അയാള്‍ക്ക് ഇതേ സമ്പന്നന്റെ അടുത്ത് വീണ്ടും ഇതേ ചോദ്യവുമായി വരേണ്ടി വന്നു. സമ്പന്നന്റെ മറുപടിയില്‍ മാറ്റമില്ല. പക്ഷെ മനോഭാവത്തില്‍ മാറ്റം. ചോദ്യ കര്‍ത്താവിനോട് വെറുപ്പും ദേഷ്യവും കൂടുന്നു എന്ന മാറ്റം. നാം കൊടുത്ത് ശീലമുള്ളവരാണെങ്കിലും ആവര്‍ത്തിച്ചു കൊണ്ടുള്ള ചോദ്യം വെറുപ്പാണ് നമ്മിലുണ്ടാക്കുക. എന്നാല്‍ ഇതേ ചോദ്യം അനേകം തവണ അല്ലാഹുവിനോടാണ് ചോദിക്കുന്നതെങ്കില്‍ നമ്മോടവന് സ്‌നേഹം കൂടുകയാണ് ചെയ്യുക.
‘ അല്ലാഹുവേ, എനിക്ക് കുറച്ച് പണം കടം തരാന്‍ ആരുടെയെങ്കിലും മനസ്സില്‍ നീ തോന്നിപ്പിക്കേണമേ.’
ചോദ്യങ്ങള്‍ ആവര്‍ത്തിക്കേണ്ടി വരുന്നത് രണ്ട് കാരണങ്ങള്‍ കൊണ്ടായിരിക്കുമല്ലോ.
ഒന്ന്, അത് ലഭിക്കാഞ്ഞിട്ട്. രണ്ട്, ലഭിച്ചിട്ടും ഇനിയും ലഭിച്ചു കൊണ്ടേ ഇരിക്കണമെന്ന ആഗ്രഹം കൊണ്ട്.
രണ്ട് തരത്തിലുള്ള ചോദ്യവും അല്ലാഹുവിനിഷ്ടമാണ്. കൂടുതല്‍ ഇഷ്ടം ഒന്നും കൊടുക്കാതിരുന്നിട്ടും എന്നോട് തന്നെ വീണ്ടും വീണ്ടും ചോദിക്കുന്നതില്‍ എന്റെ അടിമക്ക് മടുപ്പില്ലല്ലോ, നിരാശയില്ലല്ലോ അവന്ന് എന്നില്‍ പ്രതീക്ഷയാണല്ലോ ഇപ്പോഴുള്ളത് എന്നെല്ലാമാണ് അല്ലാഹു വിചാരിക്കുക. അല്ലാഹുവെ കുറിച്ച്  ഈ നല്ല വിചാരം വേണമെന്നാണ് പ്രവാചനകന്മാരിലൂടെ അല്ലാഹു പഠിപ്പിച്ചത്.
ആളും അര്‍ഥവും ആധിപത്യവുമുള്ള പ്രവാചകനായിരുന്നു അയ്യൂബ് (അ). കഠിനമായ രോഗം വന്നു. ദീര്‍ഘകാലം കഷ്ടപ്പെട്ടു. സമ്പത്തു നശിച്ചു. പലരും അദ്ദേഹത്തെ കൈവെടിഞ്ഞു. പക്ഷെ പ്രാര്‍ഥന ഫലിക്കാത്തതില്‍ ഒരു വെറുപ്പും അദ്ദേഹത്തിന്റെ മനസ്സിലുദിച്ചില്ല. അദ്ദേഹം പ്രാര്‍ഥിച്ചു കൊണ്ടിരുന്നത് ഇങ്ങനെയായിരുന്നു
‘ നാഥാ, എനിക്കിതാ കഷ്ടപ്പാട് ബാധിച്ചിരിക്കുന്നു. നീകാരുണികരില്‍ വെച്ച് ഏറ്റവും കരുണയുള്ളവനാണല്ലോ ‘ (ഖുര്‍ആന്‍: 21:83)
സഹായം തേടല്‍ വിനയപ്രകടനവും ആരോട് തേടുന്നുവോ അവനുള്ള അംഗീകാരവുമാണ്. സഹായം ആവശ്യമുണ്ടായിട്ടും അത് ചോദിക്കാതിരിക്കല്‍ അഹങ്കാരവുമാണ്. അല്ലാഹു അത് വ്യക്തമാക്കുന്നു.
‘ നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു. നിങ്ങള്‍ എന്നോട് പ്രാര്‍ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കരിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായി കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്. തീര്‍ച്ച’
ആരുടെയും ആശ്രയമില്ലാത്ത അത്യുന്നതനായ സ്രഷ്ടാവിന്റെ മുമ്പില്‍ ആശ്രയമാവശ്യമുള്ള ഒരു എളിയ ജീവി മാത്രം എന്ന ബോധത്തോടെയാകണം പ്രാര്‍ഥിക്കേണ്ടത്. ആ മനോഭാവത്തോടെ സഹായം തേടുമ്പോഴാണ് അല്ലാഹുവിന്റെ പരിഗണന ലഭിക്കുക.
‘നബിയേ, പറയുക. നിങ്ങലുടെ പ്രാര്‍ഥനയില്ലെങ്കില്‍ എന്റെ രക്ഷിതാവ് നിങ്ങള്‍ക്ക് എന്ത് പരിഗണന നല്‍കാനാണ്?’ (25:77)
രാവും പകലും ഒരു ദിവസത്തിന്റെ ഭാഗങ്ങളെന്ന പോലെ ജീവിതത്തിന്റെ രണ്ട് ഭാഗങ്ങളാണ് സുഖവും ദു: ഖവും. രണ്ടവസരങ്ങളിലും വേണം ദൈവസ്മരണ.’
തീര്‍ച്ചയായും ഞെരുക്കത്തിന്റെ കൂടെ ഒരെളുപ്പവുമുണ്ടായിരിക്കും’ (ഖുര്‍ആന്‍: 94:7)
ബുദ്ധിമുട്ടുകള്‍ സ്ഥായിയായിരിക്കുമെന്ന നിരാശയോ സൗഖ്യം സ്ഥായിയായിരിക്കുമെന്ന് അന്ധമായ സന്തോഷമോ വെച്ചു പുലര്‍ത്താതെ അല്ലാഹുവോട് പ്രാര്‍ഥിച്ചു കൊണ്ടിരിക്കുകയും പ്രാര്‍ഥനകള്‍ക്ക് കര്‍മ്മങ്ങള്‍ കൊണ്ട് അര്‍ഥം നല്‍കുകയും വേണം. ഇത്തരത്തിലുള്ള പ്രാര്‍ഥനകള്‍ വര്‍ദ്ദിക്കും തോറും അല്ലാഹവിനും നമുക്കുമിടയിലുള്ള അകലം കുറഞ്ഞുവരും. സ്വര്‍ഗാവകാശികള്‍ക്ക് ചാരിതാര്‍ഥ്യത്തോടെ പറയാനുണ്ടാകുന്ന പ്രധാന കാര്യം ദുന്‍യാവിലെ പ്രാര്‍ഥനകളെ പറ്റിയാണ്.
തീര്‍ച്ചയായും നാം അവനോട് മുമ്പേ പ്രാര്‍ഥിക്കുന്നവരായിരുന്നു. തീര്‍ച്ചയായും അവന്‍ തന്നെയായാകുന്നു ഔദാര്യവാനും കാരുണ്യവാനും. (ഖുര്‍ആന്‍: 52: 28)
വിശ്വാസജന്യമായ പ്രാര്‍ഥന ലാഭക്കച്ചവടം തന്നെ.

Related Articles