Current Date

Search
Close this search box.
Search
Close this search box.

അനൗണ്‍സ്‌മെന്റ് വാഹനങ്ങള്‍ക്ക് പ്രിയം പള്ളികളോട്

loudspeaker.jpg

റോഡ് വക്കിലെ ജുമുഅത്ത് പള്ളിയില്‍ അസ്വര്‍ നമസ്‌കരിച്ചുകൊണ്ടിരിക്കെയാണ് ഒരനൗണ്‍സ്‌മെന്റ് വാഹനം അതിലെ കടന്നു പോയത്. ഘനഗംഭീരവും എന്നാല്‍ കര്‍ണ്ണകഠോരവുമായ ശബ്ദം. മോയിന്‍കുട്ടി വൈദ്യരുടെ കവിതകളെ അനുസ്മരിപ്പിക്കുന്ന വാക്കുകള്‍. ശബ്ദതാരാവലിയുടെയോ മറ്റോ സഹായമില്ലാതെ മനസ്സിലാക്കാന്‍ കഴിയാത്ത വാചക കസര്‍ത്തുകള്‍. പരിസരം പിടിച്ചു കുലുക്കുന്ന ഇരമ്പല്‍. നമസ്‌കരിച്ചു കൊണ്ടിരുന്നവരുടെ ഹൃദയസാന്നിധ്യം മാത്രമല്ല സ്വയം ബോധം പോലും പമ്പ കടന്നു. സുജൂദിലായിരുന്നവര്‍ ഇമാമിന്റെ ശബ്ദം കേള്‍ക്കാന്‍ കഴിയാതെ അതേ നില തുടര്‍ന്നു. മന്ദം മന്ദം പള്ളിയുടെ മുമ്പില്‍ നിന്ന് ഈ സാധനം കടന്നുപോയപ്പോള്‍ ചെറിയൊരാശ്വാസം. പക്ഷെ, നിമിഷങ്ങള്‍ക്കകം ദൗത്യം നിര്‍വഹിക്കാന്‍ അത് തിരിച്ചു വന്നു. പലപ്പോഴും ഈ കുറിപ്പുകാരന് അനുഭവിക്കേണ്ടി വന്നതാണിത്.
 
എന്തിനായിരിക്കും ഇവരിങ്ങനെ ചെയ്യുന്നതെന്ന് ചിന്തിച്ചപ്പോഴാണ് ഒരു കാര്യം പിടി കിട്ടിയത്. അങ്ങാടികളിലോ റോഡുവക്കിലോ ഇത്തരം അനൗണ്‍സ്‌മെന്റുകള്‍ ഇപ്പോള്‍ ആരും ശ്രദ്ധിക്കാറില്ല. വാഹനം കടന്നു പോകുന്ന പരിസരങ്ങളിലും ആരും അത് തിരിഞ്ഞു നോക്കാറില്ല. കാരണം, അങ്ങനെയാണെങ്കില്‍ അവര്‍ക്ക് മറ്റൊന്നിന്നും സമയമുണ്ടാകില്ലല്ലോ. മനുഷ്യനെ വഴിപിഴപ്പിക്കുമെന്ന് അല്ലാഹുവിനോട് ശപഥം ചെയ്ത് സ്വര്‍ഗ്ഗത്തില്‍ നിന്ന് പുറത്തിറങ്ങിയ പിശാച് ഇത് നല്ലൊരവസരമായി കണ്ടു. അവന്‍ ഈ അനൗണ്‍സര്‍മാരെ സമീപിച്ചു. ഭക്തിപാരവശ്യത്തോടെ അവരെ ഉണര്‍ത്തി. നാം ചെയ്യുന്നത് മഹത്തായൊരു കാര്യമാണ്. ദീന്‍ വളര്‍ത്തുകയാണല്ലോ നമ്മുടെ ലക്ഷ്യം. ഇപ്പോഴത്തെ നമ്മുടെ അനൗണ്‍സ്‌മെന്റുകള്‍ യാതൊരു ഫലവും കാണുന്നില്ലല്ലോ. അതിനാല്‍ അത് പ്രയോജനകരമാക്കുന്ന ഒരു മാര്‍ഗ്ഗം കണ്ടെത്തേണ്ടതുണ്ട്. മനുഷ്യര്‍ എല്ലാ കോലാഹലങ്ങളില്‍ നിന്നും വിരമിച്ചു നിശ്ശബ്ദരായി കഴിയുന്ന സമയം നമസ്‌കാരവേളയില്‍ മാത്രമാണല്ലോ. അതിനാല്‍ ആ സമയം നമുക്ക് കൂടുതല്‍ പ്രയോജനപ്പെടുത്താം. പ്രത്യേകിച്ചും റോഡുവക്കിലെ പള്ളികളുടെയും ക്ഷേത്രങ്ങളുടെയും മുന്നിലെത്തുമ്പോള്‍ അനൗണ്‍സ്‌മെന്റിന് ഊന്നല്‍ കൊടുക്കാം. നാം അവരെ ക്ഷണിക്കുന്നത് തെമ്മാടിത്തത്തിലേക്കല്ല, അധാര്‍മികതയിലേക്കല്ല. പ്രത്യുത, കൂടുതല്‍ ദൈവഭക്തിക്ക് സഹായകമായ കാര്യത്തിലേക്കാണല്ലോ. ലക്ഷ്യം മാര്‍ഗത്തെ ന്യായീകരിക്കുമല്ലോ.
 
സത്യം പറഞ്ഞാല്‍, സംഘാടകരോ, അവരെ നയിക്കുന്ന നേതൃത്വമോ ഇക്കാര്യം ശ്രദ്ധിച്ചില്ല. അതോ, എന്തോ ഒരശ്രദ്ധ അല്ലാഹു അവരില്‍ ഇട്ടുകൊടുത്തുവോ. പലപ്പോഴും, ഈയുള്ളവന്റെ നമസ്‌കാരം തകരാറിലാക്കിയത്, മതത്തിന്റെ പേരിലുള്ള സംഘടനകള്‍ക്ക് കീഴില്‍ നടക്കുന്ന അനൗണ്‍സ്‌മെന്റുകളായിരുന്നുവെന്നത് അതാണ് വിളിച്ചോതുന്നത്.
 
ഈ സന്ദര്‍ഭത്തില്‍, ഇസ്‌ലാമികാദര്‍ശങ്ങളോട് ആത്മാര്‍ത്ഥത പുലര്‍ത്തുന്നവര്‍ക്ക് ഇക്കാര്യത്തില്‍ ചിലത് ചെയ്യാനുണ്ട്. ഏതെങ്കിലുമൊരു ഇസ്‌ലാമിക സംഘടനയില്‍ അംഗത്വമോ, വിധേയത്വമോ ഇല്ലാത്ത ഒരു മുസ്‌ലിമും ഇന്നില്ലെന്നത് വ്യക്തം. ഇവര്‍ക്ക് തങ്ങളുടെ സംഘടനാ നേതൃത്വവുമായി ബന്ധപ്പെട്ട് ഈ ദുഷ്പ്രവണത മുളയിലേ നുള്ളിക്കളയാന്‍ കഴിയുമെന്ന് തന്നെയാണ് നമ്മുടെ വിശ്വാസം.

Related Articles